20 മിനിറ്റിൽ കാറിലിരുന്നെഴുതിയ ഗാനം സർവകാല ഹിറ്റ്; പിന്നാലെ പാട്ടെഴുത്തി‍ൽ ഗിന്നസ് റെക്കോർഡും!

sameer-anjaan
SHARE

തൊണ്ണൂറുകൾക്കു മെലഡിയുടെ വസന്തം സമ്മാനിച്ചവയാണ് സമീറിന്റെ തൂലികയിൽ നിന്നു പിറന്ന ഗാനങ്ങളിലേറെയും. തീക്ഷ്ണ പ്രണയ, നൊമ്പരങ്ങൾ ഇഴചേർന്ന നിത്യസുരഭില ഗാനങ്ങൾ. മേം ദുനിയാ ഭുലാദൂംഗാ, തൂ മേരീ സിന്ദഗീ ഹെ (ആഷിഖി), ബഹുത് പ്യാർ കർതേ ഹെ തുംകോ സനം, മേരാ ദിൽ ഭി കിത്‌നാ പാഗൽ ഹെ, ജിയേ തോ ജിയേ കൈസേ (സാജൻ), ദിൽ ഹെ കി മാൻതാ നഹി (ദിൽ ഹെ കി മാൻതാ നഹി), സോചേംഗെ തുമെ പ്യാർ (ദീവാന), ആയേ ഹോ മേരി സിന്ദഗീ മെ തും ബഹാർ ബൻ കെ (രാജാ ഹിന്ദുസ്ഥാനി)... ഒന്നല്ല, ഒരായിരം സുന്ദര രചനകൾ. സമാനതകളില്ലാത്ത ആ പടയോട്ടം സമീർ അഞ്ജാൻ എന്ന പാട്ടെഴുത്തുകാരനെ എത്തിച്ചത് ഗിന്നസ് വേൾഡ് റെക്കോർഡ്സിലേക്കാണ്. 2015 ഡിസംബർ 15 വരെ, 650 സിനിമകളിലായി 3524 പാട്ടുകളെഴുതിയതിന് 2016 ഫെബ്രുവരി 17നാണ് ആ അപൂർവ ബഹുമതി ലഭിച്ചത്. 

ആ വരികളിൽ സ്വയംമറന്ന മഹേഷ്ഭട്ട്; പാട്ടിനു വേണ്ടി മാത്രമൊരുക്കിയ ‘ആഷിഖി’

ഹിന്ദി സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ മ്യൂസിക്കൽ ഹിറ്റുകളിലൊന്നാണ് രാഹുൽ റോയ് - അനു അഗർവാൾ എന്നീ പുതുമുഖങ്ങളെ മുഖ്യകഥാപാത്രങ്ങളാക്കി മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘ആഷിഖി’ (1990). സിനിമ നേടിയ അഭൂതപൂർവമായ വിജയത്തിനു പുറമേ, ചിത്രത്തിന്റെ മ്യൂസിക് ആൽബത്തിന്റെ വിൽപനയും സർവകാല റെക്കോർ‍ഡ് സൃഷ്ടിച്ചു. ഹിന്ദി സിനിമാ സംഗീത വ്യവസായത്തിനു തന്നെ പുത്തനുണർവു പകരുന്നതായിരുന്നു ഈ നേട്ടം. 

സത്യത്തിൽ, പാട്ടുകേട്ട് മോഹിച്ച് ആ പാട്ടുകൾക്കു വേണ്ടി മാത്രമൊരുക്കിയ സിനിമയായിരുന്നു ആഷിഖി. ഗാനരചനയിൽ ചുവടുറപ്പിക്കുന്നതിനു മുൻപ് സമീർ, സംഗീതസംവിധായക ജോഡികളായ നദീം ശ്രാവണിനൊപ്പം (നദീം അഖ്തർ സെയ്ഫി –ശ്രാവൺ കുമാർ റാത്തോഡ്) മ്യൂസിക് കമ്പനി ടി സീരീസിനു വേണ്ടി സ്വതന്ത്ര ഗാനങ്ങൾ ചെയ്തിരുന്നു. ആൽബങ്ങളായി ഇറക്കുന്നതിനു പുറമേ, ടി സീരീസ് ഉടമ ഗുൽഷൻ കുമാർ ഹിന്ദി സിനിമകൾക്ക് ആവശ്യാനുസരണം നൽകുന്നതിനായും ഇത്തരം ഗാനങ്ങളുടെ വലിയ ശേഖരം സൂക്ഷിച്ചിരുന്നു.

‘ചാഹത്’ എന്ന പേരിൽ നാലു ഗാനങ്ങൾ സമീർ– നദീം ശ്രാവൺ ടീം ഇത്തരത്തിൽ റെക്കോർഡ് ചെയ്തത് കേൾക്കാനിടയായ സംവിധായകൻ മഹേഷ്ഭട്ട് അതിന്റെ വൈകാരിക അനുഭൂതിയിൽ മതിമറക്കുകയായിരുന്നു. മേം ദുനിയാ ഭുലാദൂംഗാ തേരീ ചാഹത് മെ, അബ് തേരേ ബിൻ ജീ ലേംഗെ ഹം എന്നീ ഗാനങ്ങൾ മഹേഷ് ഭട്ടിനെ വല്ലാതെ ഭ്രമിപ്പിച്ചു. ഈ ഗാനങ്ങൾക്കായി ഒരു സിനിമ തന്നെ ഒരുക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഇവ ഉൾപ്പെടുത്താവുന്നവിധം ഒരു കഥയൊരുക്കാമെന്നും സിനിമയാക്കാമെന്നുമുള്ള നിർദേശം മഹേഷ് ഭട്ട് മുന്നോട്ടുവച്ചു. 

‘ആഷിഖി’ എന്ന പ്രോജക്ടിനു തുടക്കമായതോടെ ചിത്രത്തിനായി ഏതാനും ഗാനങ്ങൾകൂടി സമീർ എഴുതി. ബസ് ഏക് സനം ചാഹിയേ എന്ന പാട്ടാണ് ഇതിൽ ആദ്യത്തേത്. ഇതിനിടെ, പാട്ടിനു വേണ്ടി സിനിമയൊരുക്കിയാൽ സാമ്പത്തിക നഷ്ടമാകുമോ എന്ന ആശങ്കയിൽ മ്യൂസിക് ആൽബം മതി എന്നു ശഠിച്ചു നി‍ർമാതാവു കൂടിയായ ഗുൽഷൻ കുമാർ. ഷൂട്ടിങ്ങിലേക്കു കടക്കും മുൻപേ സിനിമ ഉപേക്ഷിക്കുമെന്ന സ്ഥിതി. ‘ആഷിഖി’ വിജയിക്കുമെന്നും അഥവാ പരാജയപ്പെട്ടാൽ താൻ സംവിധാനം തന്നെ ഉപേക്ഷിക്കാമെന്നും മഹേഷ് ഭട്ട് പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന്റെ മാത്രം പുറത്താണ് പിന്നീട് ആ സിനിമ യാഥാ‍ർഥ്യമായത്. Love makes life live എന്ന ടാഗ് ലൈനുമായി എത്തിയ ‘ആഷിഖി’യിലെ ഗാനങ്ങളിൽ ഏഴെണ്ണവും സമീറിന്റേതായിരുന്നു. ജാനേ ജിഗർ ജാനെ മൻ, മേം ദുനിയാ ഭുലാദൂംഗാ, ബസ് ഏക് സനം ചാഹിയേ, നസർ കെ സാമ്നെ, തൂ മേരീ സിന്ദഗീ ഹെ, അബ് തേരേ ബിൻ, മേരാ ദിൽ തേരേ ലിയേ.. എല്ലാം ഹിറ്റുകൾ.

കാർ യാത്രയ്ക്കിടെ മനസ്സിൽ തെളിഞ്ഞ ‘നസർ കെ സാമ്‌നെ’

‘ആഷിഖി’യിലെ നസർ കെ സാമ്നെ എന്ന ഗാനത്തിനാണ് സമീറിന് കരിയറിലെ ആദ്യ അവാർഡ് - ഫിലിം ഫെയർ അവാർഡ് - ലഭിച്ചത്. ആസ്വാദകർക്ക് എന്നും പ്രിയങ്കരമായ ഈ ഗാനം സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഇപ്പോഴും ഹിറ്റാണ്. വെറും 20 മിനിറ്റിൽ സമീർ എഴുതിയതാണ് പ്രണയം തുള്ളിത്തുളുമ്പുന്ന ഈ ഗാനത്തിന്റെ വരികൾ. ‌നദീമിനൊപ്പമുള്ള ഒരു കാർ യാത്രയിലായിരുന്നു അത്. ഒരു വരി മനസ്സിൽ ചുറ്റിത്തിരിയുന്നതായി സമീർ പറഞ്ഞു - ‘നസർ കെ സാമ്നെ, ജിഗർ കെ പാസ്, കോയി രഹ്താ ഹെ, വോ ഹോ തും...’ വരികൾ കേട്ടതും നദീം കാറിലിരുന്നു തന്നെ ഈണം മൂളി. ബാക്കി വരികൾ കൂടി എഴുതാൻ പറഞ്ഞു. മുംബൈ സെൻട്രലിൽ നിന്നു വർളി എത്തുമ്പോഴേക്ക് ഗാനം പൂർത്തിയായിരുന്നു.

ആഷിഖിയുടെ വിജയത്തിനു മുഖ്യകാരണം ഗാനങ്ങളുടെ ജനപ്രീതി തന്നെയായിരുന്നു. സമീർ–നദീം ശ്രാവൺ ടീമിന്റെ കൈപിടിച്ച് ഹിറ്റുകളിലേക്കു യാത്ര തുടങ്ങിയ ഗായകൻ കുമാർ സാനുവിനും ചിത്രം വൻ ബ്രേക്കായി. ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. ആഷിഖി ആൽബത്തിന്റെ 20 മില്യൺ കോപ്പികളാണു വിറ്റഴിഞ്ഞത്. കാസറ്റു കാലം കഴിഞ്ഞ് സിഡികളിലേക്കും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്കും സംഗീതം മാറിയപ്പോഴും ആഷിഖിയിലെ റൊമാന്റിക് ട്രാക്കുകൾ ജൈത്രയാത്ര തുടരുകയാണ്.  (2013ൽ മോഹിത് സൂരിയുടെ സംവിധാനത്തിൽ മഹേഷ് ഭട്ട് അവതരിപ്പിച്ച ‘ആഷിഖി 2’ഉം വലിയ വിജയം നേടിയെങ്കിലും ഇതിന് ആദ്യ ഭാഗവുമായി പ്രമേയത്തിലോ സംഗീതത്തിലോ ബന്ധമില്ല)

സാജൻ, ബേട്ട... ഹിറ്റുകളുടെ പെരുമഴ

‘ആഷിഖി’യുടെ വിജയം പാട്ടെഴുത്തി‍ൽ സമീറിന് താരപദവി സമ്മാനിച്ചു. പിന്നാലെ എത്തിയ ‘സാജൻ’ (1991) വീണ്ടും വിജയകഥയെഴുതി. ബഹുത് പ്യാർ കർതേ ഹെ തുംകോ സനം, ദേഖാ ഹെ പെഹലി ബാർ, മേരാ ദിൽ ഭി കിത്‌നാ പാഗൽ ഹെ, ജിയേ തോ ജിയേ കൈസേ, തുംസെ മിൽനേ കി തമന്നാ ഹെ, തു ഷായർ ഹെ ... കവിതയും പ്രണയവും ഇഴചേരുന്ന കഥയുടെ ആത്മാവായി ഓരോ ഗാനവും നിറഞ്ഞുനിന്നു. സ്ക്രീനിൽ സഞ്ജയ് ദത്തും സൽമാൻ ഖാനും മാധുരി ദീക്ഷിതും അണിനിരന്ന ത്രികോണ പ്രണയകഥയെ ഗാനങ്ങൾ മറ്റൊരു തലത്തിലേക്കുയർത്തി. സമീർ –നദീം ശ്രാവൺ കൂട്ടുകെട്ടിന്റെ മറ്റൊരു പൊൻതൂവലായി ചിത്രം മാറി.

1992ൽ എത്തിയ അനിൽ കപൂർ-മാധുരി ദീക്ഷിത് ചിത്രം ‘ബേട്ട’യിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ മുന്നിലെത്തി. എങ്ക ചിന്ന രാസ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ബേട്ട. തമിഴിലെ ഇളയരാജയുടെ ഈണം അനുകരിച്ച് ആനന്ദ് മിലിന്ദ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് അനുസരിച്ച് എഴുതിയതാണ് ‘ധക് ധക് കർനേ ലഗാ’ എന്ന ഡാൻസ് നമ്പർ. മാധുരി ദീക്ഷിത് സ്ക്രീനിൽ തീപടർത്തിയപ്പോൾ ഗാനവും വമ്പൻ ഹിറ്റായി. 

ഡേവിഡ് ധവാൻ– ഗോവിന്ദ ചിത്രങ്ങൾക്കായി ഒരു മാറ്റം

റൊമാന്റിക് ഗാനങ്ങളിൽ നിന്ന് ഡാൻസ് -ഐറ്റം നമ്പറുകളിലുൾപ്പെടെ പരീക്ഷണത്തിലേക്കു സമീർ നീങ്ങിയത് സംവിധായകൻ ഡേവിഡ് ധവാനുമായുള്ള കൂട്ടുകെട്ടിലൂടെയാണ്. കൂലി നമ്പർ 1 (1995) എന്ന ചിത്രത്തിലെ ‘മേം തോ രസ്തേ സേ ജാ രഹാ ഥാ’ എന്ന ഗാനം ഹിറ്റായതോടെ ഹീറോ നമ്പർ 1, ബഡേ മിയാൻ ഛോട്ടേ മിയാൻ, ആന്റി നമ്പർ 1 തുടങ്ങിയ സമാനമായ ചിത്രങ്ങൾക്കും ഇതേമട്ടിലുള്ള ഗാനങ്ങളെഴുതി. ലളിതമായ, സംഭാഷണം പോലുള്ള വരികൾ വളരെവേഗം ജനപ്രിയമായി. ആനന്ദ് മിലിന്ദിന്റെ സംഗീതത്തിൽ ‘സോനാ കിത്‌നാ സോനാ ഹെ’ (ഹീറോ നമ്പർ 1) ‘അഖിയോൻ സെ ഗോലി മാരെ’ (ദുൽഹേ രാജ) തുടങ്ങിയ ഹിറ്റുകളും ഈ കാലഘട്ടത്തിൽ പിറന്നവയാണ്. 

പുതിയ കാലത്തിലേക്ക് ‘കുഛ് കുഛ് ഹോത്താ ഹെ’യിലൂടെ

പുതുമുഖ സംവിധായകർ ബോളിവുഡിൽ വരവറിയിച്ചതോടെ സമീറും ഗാനരചനയിൽ മാറ്റങ്ങൾക്കു നിർബന്ധിതനായി. കരൺ ജോഹറിന്റെ അരങ്ങേറ്റ ചിത്രം ‘കുഛ് കുഛ് ഹോത്താ ഹെ’ (1998) യിലേക്ക് ക്ഷണമെത്തുന്നത് ഈ സമയത്താണ്. ജാവേദ് അക്‌തർ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിൻമാറിയതോടെയാണ് യഷ് ചോപ്ര സമീറിനെ വിളിച്ചത്. സമീർ എഴുതിയ ആദ്യ ടൈറ്റിൽ സോങ് തന്നെ കരൺ ജോഹർ നിഷ്കരുണം തള്ളി. കുറെക്കൂടി യൂത്ത്ഫുൾ ആകണമെന്നായിരുന്നു ആവശ്യം. അങ്ങനെ മാറ്റിയെഴുതിയ വരികളാണ് – ‘തും പാസ് ആയേ യൂം മുസ്കുരായേ..’. 

2000ൽ ഹിന്ദി ഗാനങ്ങളുടെ സ്വഭാവം പാടെ മാറിയതോടെ സമീറും പരീക്ഷണങ്ങൾക്കൊരുങ്ങി. ഇംഗ്ലിഷ് വരികളും വാക്കുകളും ചേർത്തുകൊണ്ടുള്ള ആ കോക്ടെയിൽ രീതി പിന്തുടർന്ന് എഴുതിയവയാണ് സേ ഷാവ ഷാവ, യു ആർ മൈ സോണിയ (കഭി ഖുഷി കഭി ഗം), ക്രേസി കിയാ രേ (ധൂം2), സരാ സരാ ടച്ച് മീ (റേസ്) തുടങ്ങിയവ. ധൂം ഒന്നാം ഭാഗത്തിനു വേണ്ടി ‘ധൂം മഛാലേ’ എന്ന ഹിറ്റ് ടൈറ്റിൽ ട്രാക്കും സമീർ തന്നെയാണു രചിച്ചത്. 

അഞ്ജാന്റെ മകൻ; വരാണസിയിൽ നിന്നുള്ള യാത്ര

പഴയകാല വിഖ്യാത ഗാനരചയിതാവ് അഞ്ജാൻ എന്നറിയപ്പെട്ട ലാൽജി പാണ്ഡെയുടെ മകനാണ് സമീർ. യഥാർഥ പേര് ശീത്‌ളാ പാണ്ഡെ. യുപിയിലെ വരാണസിയിൽ നിന്നെത്തി, ബാങ്കുദ്യോഗം വിട്ട് സിനിമയിലേക്കു ചേക്കേറിയ സമീറിന് ഉഷാ ഖന്നയാണ് 1983ൽ ‘ബേഖബർ’ എന്ന ചിത്രത്തിലൂടെ ആദ്യ അവസരം നൽകിയത്. സാഹിർ ലുധിയാൻവിയും മജ്‌റുഹ് സുൽത്താൻപുരിയും മുതൽ ജാവേദ് അക്‌തറും ഗുൽസാറും ആനന്ദ് ബക്ഷിയുമെല്ലാം കയ്യൊപ്പു ചാർത്തിയ ഹിന്ദി സിനിമാ ഗാനശാഖയിലേക്ക് പാട്ടെഴുത്തുകാരനായി എത്തുമ്പോൾ അടിമുടി പരിഭ്രമമായിരുന്നു സമീറിന്. സിനിമയിലെത്തി ഏഴു വർഷത്തിനു ശേഷമാണ് ആമിർ ഖാൻ നായകനായ ദിൽ (1990) എന്ന ചിത്രത്തിലൂടെ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ആനന്ദ് മിലിന്ദിന്റെ സംഗീതത്തിൽ മുജേ നീന്ദ് ന ആയേ പോലുള്ള ഗാനങ്ങൾ ജനപ്രീതി നേടിയെങ്കിലും പാട്ടെഴുത്തുകാരൻ എന്ന പദവിയിൽ അംഗീകരിക്കപ്പെട്ടത് ആഷിഖിയിലൂടെയാണ്. 

കവിയാകാതെ ഗാനരചയിതാവായ ആളാണ് താനെന്ന ബോധ്യം എപ്പോഴുമുണ്ടായിരുന്നതായി സമീർ സ്വയം വിലയിരുത്തി. അതുകൊണ്ടുതന്നെ മെലഡികളെന്നപോലെ ഡാൻസ് നമ്പറുകളുമെഴുതാൻ മടിച്ചില്ല. ഗഹനമായ തത്വങ്ങളോ വാചകക്കസർത്തുകളോ ഇല്ലാത്ത ലളിതമായ അവതരണം സാധാരണക്കാർക്കുപോലും പ്രിയങ്കരമായി. നദീം ശ്രാവണിനു പുറമേ ആനന്ദ് മിലിന്ദ്, ജതിൻ ലളിത്, അനു മാലിക് തുടങ്ങിയവർക്കൊപ്പവും സമീർ എണ്ണമറ്റ ഹിറ്റുകൾ തീർത്തു. 

സ്റ്റുഡിയോയിൽ നിന്ന് സ്റ്റുഡിയോയിലേക്ക്

ഹിന്ദി സിനിമയിലെ മ്യൂസിക്കൽ ഡീകേഡ് എന്നറിയപ്പെടുന്ന 90കളിൽ സമീറിനെപ്പോലെ തിരക്കുള്ളൊരു പാട്ടെഴുത്തുകാരനുണ്ടായിരുന്നില്ല. അക്കാലത്ത് ഇറങ്ങിയിരുന്ന രണ്ട് പാട്ടുകളിൽ ഒന്നിന്റെ രചയിതാവ് സമീർ ആയിരുന്നുവെന്നത് അതിശയോക്തിയല്ല. തിരക്കിനിടെ യാത്രകൾ ഗാനരചനയ്ക്കായി വിനിയോഗിക്കുന്നത് അദ്ദേഹത്തിനു പുതുമയായിരുന്നില്ല. ‘ഗാനരചന - സമീർ, സംഗീതം - നദീം ശ്രാവൺ’: വിവിധ് ഭാരതിയിൽ അക്കാലത്ത് ഈ പേരുകൾ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു. ഈ ക്രെഡിറ്റ് ലൈൻ കൊണ്ടുമാത്രം പണം വാരിയ സംഗീത കമ്പനികളും ഹിറ്റിലേക്കു കുതിച്ച സിനിമകളുമുണ്ട്... കുമാർ സാനു, ഉദിത് നാരായൺ, അൽക യാഗ്‌നിക്, അനുരാധ പഡ്വാൾ എന്നിവരുടെ സ്വരമാധുരിയിലായിരുന്നു ഈ ഗാനങ്ങളിലധികവും ഉയിരെടുത്തത്. 

നിത്യവിസ്മയങ്ങൾ; സർവകാല ഹിറ്റുകൾ

സമീറിന്റെ ഗാനരചനാ വഴികളിലെ എക്കാലത്തെയും ഹിറ്റുകളിൽ ചിലത്: ദിൽ ഹെ കി മാൻതാ നഹി (കുമാർ സാനു, അനുരാധ പഡ്വാൾ –ദിൽ ഹെ കി മാൻതാ നഹി), മേരാ ദിൽ ഭി കിത്‌നാ പാഗൽ ഹെ (കുമാർ സാനു, അൽക യാഗ്‌നിക് –സാജൻ), സോചേംഗെ തുമെ പ്യാർ (കുമാർ സാനു – ദീവാന), മേംനെ പ്യാർ തുമീ സെ കിയാ ഹെ (അനുരാധ, കുമാർ സാനു –ഫൂൽ ഓർ കാണ്ഡെ), ഗൂങ്കട് കി ആഡ് സെ ദിൽബർ കാ (കുമാർ സാനു, അൽക– ഹം ഹെ രാഹി പ്യാർ കെ), പർദേസി പർദേസി ജാനാ നഹി (അൽക), ആയി ഹോ മേരി സിന്ദഗി മെ തും ബഹാർ ബൻ കെ (അൽക, ഉദിത് –രാജാ ഹിന്ദുസ്ഥാനി), തുമേം അപ്നാ ബനാനേ കി കസം (കുമാർ സാനു, അനുരാധ – സഡക്), അഖിയ മിലാവോ കഭി (ഉദിത്, അൽക), കിസി ദിൻ ബനൂഗി മേ രാജാ കി റാണി (ഉദിത്, അൽക – രാജ), സജൻ ഗർ ആനാ (ഉദിത്, അൽക – ജീത്), തും ദിൽക‌ീ ധഡ്കൻ മെ (അഭിജീത്, അൽക), ദിൽനേ യേ കഹാഹെ ദിൽ സേ (ഉദിത്, കുമാർ സാനു, അൽക– ധഡ്കൻ), ആപ്കെ പ്യാർ മെ (അൽക – റാസ്), ഹം കോ സിർഫ് തുംസെ പ്യാർ ഹെ (കുമാർ സാനു, അൽക – ബർസാത്), തേരേ നാം ഹംനെ കിയാ ഹെ (ഉദിത്, അൽക –തേരേ നാം).

38 വർഷം പിന്നിടുന്ന കരിയറിൽ, എണ്ണമറ്റ ഹിറ്റുകൾ രചിച്ച സമീർ, സമീറാന എന്ന പേരിൽ കവിതകളും പുറത്തിറക്കി. എ.ആർ. റഹ്മാൻ വരെ മൂന്നു തലമുറ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചെങ്കിലും നദീം ശ്രാവണിനൊപ്പം സംഭവിച്ചതു പോലുള്ള നീണ്ടകാല കൂട്ടുകെട്ട് പിന്നീടുണ്ടായില്ല. ഗുൽഷൻ കുമാർ വധക്കേസിൽ കുറ്റാരോപിതനായതോടെ നദീം സംഗീത ജീവിതത്തിൽ നിന്ന് ഏറെക്കുറെ അകന്നുപോവുകയായിരുന്നു. ശ്രാവൺ മൂന്നു മാസം മുൻപ്, 66–ാം വയസ്സിൽ കോവിഡ് ബാധിതനായി മരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA