ADVERTISEMENT

∙ഇന്നു ശ്രീകൃഷ്ണജയന്തി. മലയാള സിനിമയിലെ പല ഭാവങ്ങളിലെ കൃഷ്ണഗാനങ്ങളിലൂടെ ഒരു പാട്ടുസഞ്ചാരം 

 

‘ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും...’ എന്നു യേശുദാസ് ആലപിക്കുമ്പോഴും ‘കേശാദിപാദം തൊഴുന്നേൻ കേശവാ...’ എന്ന് എസ്.ജാനകി പാടുമ്പോഴും ഉള്ളിൽ നിറയുന്ന പല ഭാവങ്ങളാണു നമുക്കൊക്കെ കൃഷ്ണൻ. പാടാത്തവർപോലും കണ്ണനെ കണ്ണിൽ കാണും. കണിയായി കനവിൽ സൂക്ഷിക്കും. അതാണു പാട്ടുകളുടെ ഭാവശക്തി. 

മലയാളസിനിമയിലെ കൃഷ്ണഗീതികൾക്കു പശ്ചാത്തലം ഭക്തി മാത്രമല്ല. പ്രണയവും വിരഹവും മുതൽ ഹാസ്യംവരെ ഭാവപശ്ചാത്തലമായ കൃഷ്ണപ്പാട്ടുകൾ അക്കൂട്ടത്തിലുണ്ട്. സിനിമാപ്പാട്ടിലെ കൃഷ്ണപക്ഷത്തിൽ കേൾക്കുന്ന പല ഭാവതലങ്ങളിലൂടെ ഒരു പാട്ടുതീർഥാടനമാകാം. 

 

കണികാണാൻ കണ്ണൻ 

 

കണ്ണനെ കണികാണാൻ കൊതിക്കുമ്പോഴൊക്കെ മനസ്സിലുയരുന്ന ഗാനമാണു ‘കണികാണും നേരം...’. പൂന്താനത്തിന്റെ വരികളിൽനിന്നുള്ള കടമെടുക്കലായിരുന്നു 1964 ൽ ‘ഓമനക്കുട്ടൻ’ എന്ന ചിത്രത്തിനുവേണ്ടി ദേവരാജൻ ഒരുക്കിയ ഈ ഗാനം. ശബ്ദം പി.ലീല, രേണുക ടീമിന്റേത്. ‘ചെത്തി മന്ദാരം തുളസി....’ എന്ന ഗാനത്തിൽ കൃഷ്ണനെ എങ്ങനെയൊക്കെ കണികാണണമെന്ന കവി വയലാർ രാമവർമയുടെ മോഹം കേട്ടറിയാം. 1969 ൽ ‘അടിമകൾ’ എന്ന സിനിമയ്ക്കായി ദേവരാജൻ സംഗീതം നൽകിയതാണ് ഈ ഗാനം. പി.സുശീലയുടെ ആലാപനം. ‘മൗലിയിൽ മയിൽപ്പീലി ചാർത്തിയും മഞ്ഞപ്പട്ടാംബരം ചാർത്തിയും’ കൃഷ്ണനെ കണികാണാൻ മോഹം പകരുന്നതു ഗിരീഷ് പുത്തഞ്ചേരിയുടെ ‘നന്ദന’ത്തിലെ വരികളാണ്. രവീന്ദ്രന്റെ സംഗീതത്തിൽ ചിത്രയുടെ ശബ്ദം. 

‘കേശാദിപാദം തൊഴുന്നേൻ...’ എന്ന പി.ഭാസ്കരൻ ഗാനം (സംഗീതം: ബി.എ.ചിദംബരനാഥ്) കേട്ടാൽ കണ്ണനെ ആപാദചൂഡം കണികണ്ടതായി തോന്നാതിരിക്കില്ല. അത്രയേറെ സുന്ദരമായ കൃഷ്ണവർണന. 1966 ലെ ‘പകൽക്കിനാവ്’ എന്ന ചിത്രത്തിലായിരുന്നു ഈ ഗാനം. 

‘ഗുരുവായൂർ കേശവനി’ൽ ‘ശംഖാഭിഷേകം കഴിഞ്ഞു, നവകാഭിഷേകം കഴിഞ്ഞു...’ എന്നു ഗഹനഭാവത്തിൽ പി.ഭാസ്കരൻ കൃഷ്ണനെ വർണിക്കുമ്പോൾ ‘ചെമ്പരത്തി’യിലെ ‘അമ്പാടി തന്നിലൊരുണ്ണി...’ എന്ന ഗാനത്തിൽ വയലാറിന്റെ കൃഷ്ണവർണന തീർത്തും ലളിതമായാണ്. രണ്ടു ഗാനങ്ങളുടെയും ഈണം ജി.ദേവരാജന്റേതാണ് എന്നതും ശ്രദ്ധേയം. ആദ്യത്തേതു യേശുദാസിന്റെ ശബ്ദം, രണ്ടാമത്തേതു മാധുരിയുടേതും. 

കൃഷ്ണാവതാരഭാവങ്ങളെല്ലാം വരികളാക്കി ഒ.എൻ.വി.കുറുപ്പ് എഴുതിയ ഗാനമാണ് ‘ആദിയിൽ മത്സ്യമായ് ദേവനവതരിച്ചു...’ (ചിത്രം: ശ്രീഗുരുവായൂരപ്പൻ). വി.ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസിന്റെ ശബ്ദം. 

 

കാർമുകിൽക്കണ്ണൻ 

 

കണ്ണനെന്നതു ഭക്തി മാത്രമല്ല, പ്രകൃതിയുംകൂടിയാണു പാട്ടുകളിൽ. പ്രകൃതിഭാവങ്ങളുമായി കണ്ണനെ ചേർത്തു കവികൾ എഴുതിയപ്പോഴെല്ലാം അതിൽ പ്രണയമോ വിരഹമോ ഇഴചേർന്നിരുന്നു. 

‘മഴ’യിലെ ‘വാർമുകിലേ വാനിൽ നീ വന്നുനിന്നാൽ ഓർമകളിൽ ശ്യാമവർണൻ...’ എന്ന യൂസഫലി കേച്ചേരിയുടെ വരികൾ കേൾക്കുക. എന്തൊരു സുന്ദരമായ പ്രകൃതിവർണന, അതിലേറെ ഭംഗിയുള്ള കൃഷ്ണവന്ദനം. രവീന്ദ്രന്റെ പ്രിയപ്പെട്ട ജോഗ് രാഗത്തിലെ ഈണത്തിൽ, ചിത്രയുടെ ശബ്ദത്തിൽ അതു കേട്ടിരുന്നാൽ ആരിലാണു മനസ്സിലൊരു കണ്ണന്റെ ചിത്രം തെളിയാതിരിക്കുക? 

‘ഘനശ്യാമമോഹന കൃഷ്ണ’നായി കണ്ണനെ എലുതിയതു കെ.ജയകുമാറാണ്. ചിത്രം: കിഴക്കുണരും പക്ഷി. സംഗീതം: രവീന്ദ്രൻ. ശബ്ദം ചിത്രയുടേതുതന്നെ. പി.ഭാസ്കരന്റെ ‘വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല...’ എന്ന ‘അഷ്ടപദി’യിലെ ഗാനവും പ്രകൃതിയിൽനിന്നു തൊട്ടെഴുതിയ കണ്ണന്റെ മറ്റൊരു ഭാവമാകുന്നു. വിദ്യാധരന്റെ സംഗീതം, യേശുദാസിന്റെ ശബ്ദം. 

‘ഗോവർധനഗിരി കയ്യിലുയർത്തിയ ഗോപകുമാരൻ’ ആയി കൃഷ്ണനെ വാക്കുകളിൽ വരച്ചിട്ടതു ശ്രീകുമാരൻ തമ്പിയാണ്. ‘മറുനാട്ടിൽ ഒരു മലയാളി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ സംഗീതം വി.ദക്ഷിണാമൂർത്തിയായിരുന്നു. പാടിയത് എസ്. ജാനകി. ‘മഴമുകിലൊളിവർണൻ ഗോപാലകൃഷ്ണൻ’ ആയി കണ്ണനെ സങ്കൽപിച്ചു പി.ഭാസ്കരൻ ‘ആഭിജാത്യ’ത്തിൽ എഴുതിയ ഗാനവും (സംഗീതം: എ.ടി.ഉമ്മർ, ആലാപനം: എസ്.ജാനകി) കണ്ണനെന്ന പ്രകൃതിഭാവത്തിന്റെ മറ്റൊരു സങ്കൽപം. ‘ഇന്ദീവരദളനയനാ...’ എന്നാണു ‘ശ്രീഗുരുവായൂരപ്പനി’ൽ ഒ.എൻ.വി.കുറുപ്പ് കണ്ണനെ വിളിക്കുന്നത്. ഒഎൻവിയുടെ തിരുവനന്തപുരത്തെ വീടിന്റെ പേരും ‘ഇന്ദീവരം’ എന്നുതന്നെ! ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ, യേശുദാസിന്റെ ശബ്ദമാണ് ഈ ഗാനം. 

‘നന്ദന’ത്തിലെ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ...’ എന്ന ഗാനത്തിൽ ചിത്രയുടെ നിത്യസുന്ദരശബ്ദം വീണ്ടും കൃഷ്ണഭക്തിയുടെ ഈണമാകുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും രവീന്ദ്രന്റെ സംഗീതവും. ‘ഗോപികേ ഹൃദയമൊരു വെൺശംഖുപോലെ...’, ‘ശ്രീലവസന്തം പീലിയുഴിഞ്ഞു...’ എന്നീ ഗാനങ്ങളും ‘നന്ദന’ത്തിലെ കൃഷ്ണപക്ഷ ശ്രുതികളായി. 

‘ദ്വാപരയുഗത്തിലെ ദ്വാരക’യെ പാട്ടിൽ വർണിച്ച് വയലാർ–എം.കെ.അർജുനൻ ടീമും (ചിത്രം: ഹലോ ഡാർലിങ്) ‘നീലക്കാർമുകിൽ വർണനും രാധയും മേളമോടെ കളിച്ചുരസരിച്ച’ വരികളും ഈണവുമൊരുക്കി കൈതപ്രവും (ചിത്രം: ദേശാടനം) ‘ഹരിമുരളിരവ’ത്തിൽ ‘ഹരിതവൃന്ദാവനം’ ഒരുക്കി ഗിരീഷ് പുത്തഞ്ചേരി–രവീന്ദ്രൻ ടീമും (ചിത്രം: ആറാം തമ്പുരാൻ) കണ്ണന്റെ പല ഭാവങ്ങൾ പാട്ടിൽ നിറച്ചു. 

 

കളിക്കുട്ടി കണ്ണൻ 

 

കൃഷ്ണനെന്നാൽ ഭഗവാനെങ്കിൽ, കണ്ണനെന്നാൽ കളിക്കുട്ടിയാണു ഭക്തരുടെ മനസ്സിൽ. അങ്ങനെ കണ്ണനെ കുട്ടിയായും കൂട്ടുകാരനായുമൊക്കെ സങ്കൽപിച്ചു പിറന്ന ഗാനങ്ങളേറെ. 

‘ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം...’ എന്ന ‘പകൽക്കിനാവി’ലെ ഗാനം പി.ഭാസ്കരന്റെ രചനയും ചിദംബരനാഥിന്റെ സംഗീതവും എസ്.ജാനകിയുടെ ശബ്ദവുമായിരുന്നു. കരുമാടിക്കുട്ടന്റെ വേഷം കെട്ടിയ കണ്ണനെ എത്ര ലളിതവും സുന്ദരവുമായി ഭാസ്കരൻ മാഷ് വർണിച്ചിരിക്കുന്നു! 

‘കൈനിറയെ വെണ്ണ തരാം...’ എന്ന ‘ബാബാ കല്യാണി’യിലെ പാട്ടിൽ (സംഗീതം: അലക്സ് പോൾ) അമ്മയോടുള്ള കണ്ണന്റെ കുസൃതിയാണു വയലാർ ശരത്ചന്ദ്രവർമ സൃഷ്ടിച്ച ഭാവം. എന്നാൽ, 1973 ലെ ‘ഉദയം’ എന്ന ചിത്രത്തിലെ ‘എന്റെ മകൻ കൃഷ്ണനുണ്ണി...’ എന്ന ഗാനത്തിൽ പി.ഭാസ്കരന്റെ ഭാവന അമ്മയ്ക്കു മകനോടുള്ള വാത്സല്യമാണ്. 

കൃഷ്ണനെ കളിക്കൂട്ടുകാരനായി കണ്ട് അൽപം ഹാസ്യരസം ചേർത്തു ഗിരീഷ് പുത്തഞ്ചേരി എഴുതിയതാണു ‘മിസ്റ്റർ ബട്‌ലറി’ലെ ‘രാര വേണു ഗോപാബാലാ...’ എന്ന ഗാനം. വിദ്യാസാഗറിന്റേതായിരുന്നു സംഗീതം. ‘കോലക്കുഴൽ വിളി കേട്ടോ...’ എന്ന ലോഹിതദാസിന്റെ രചനയിൽ കൃഷ്ണനും രാധയും കളിക്കൂട്ടുകാരായി മാറുന്ന ഭാവം കേൾക്കാം. എം.ജയചന്ദ്രന്റെ സംഗീതത്തിൽ വിജയ് യേശുദാസും ശ്വേതയും ചേർന്ന് ആലപിച്ച ഗാനം. ‘രാധികാ കൃഷ്ണാ രാധികാ...’ എന്ന ജയദേവകൃതി ‘മോഹിനിയാട്ടം’ എന്ന ശ്രീകുമാരൻ തമ്പി ചിത്രത്തിൽ കേട്ട കൃഷ്ണ–രാധാഭാവത്തിലെ സുന്ദരഗാനം. സംഗീതം: ജി.ദേവരാജൻ, ആലാപനം: മണ്ണൂർ രാജകുമാരനുണ്ണി. 

 

കൃപാനിധി കണ്ണൻ 

 

കൃഷ്ണകൃപയെ സംസ്കൃതവരികളിലെ ഗാനനിധിയായി യൂസഫലി കേച്ചേരി മലയാളത്തിനു സമ്മാനിച്ച ഗാനമാണു ‘കൃഷ്ണകൃപാസാഗരം...’ (ചിത്രം: സർഗം). ബോംബെ രവിയുടെ സംഗീതത്തിൽ യേശുദാസിന്റെ ആലാപനം. ‘മഴ’യിലെ ‘ഗേയം ഹരിനാമഥേയം...’ എന്നു മറ്റൊരു കൃഷ്ണവന്ദന സംസ്കൃതഗാനവും യൂസഫലി മലയാളത്തിനു സമ്മാനിച്ചു. ഈ ഗാനം അദ്ദേഹത്തെ ഗാനരചനയ്ക്കുള്ള ദേശീയ അവാർഡിനും അർഹനാക്കി. 

‘ഭഗവാൻ ഭഗവദ്ഗീതയിൽ പാടി സംഭവാമി യുഗേ യുഗേ...’ എന്നെഴുതി കൃഷ്ണാവതാരത്തെ പുതിയകാല തത്വചിന്തയുമായി ചേർത്തിണക്കിയതു ശ്രീകുമാരൻ തമ്പിയാണ്. ചിത്രം: സംഭവാമി യുഗേ യുഗേ, സംഗീതം: ബാബുരാജ്, ആലാപനം: യേശുദാസ്. 

ഗുരുവായൂരമ്പലനടയിൽ ചെന്ന്, ഗോപുരവാതിൽ തുറന്ന്, ഗോപകുമാരനെ കാണാനുള്ള ഗാനഗന്ധർവന്റെ കൃപാർഥന കൂടിയാണ് ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിലെ ‘ഗുരുവായൂരമ്പലനടയിൽ...’ എന്ന ഗാനം. വയലാറും ദേവരാജനും ചേർന്നു യേശുദാസിനുവേണ്ടി സൃഷ്ടിച്ചതെന്നും തോന്നുംവിധം ഭാവസുന്ദരമായൊരു ഗാനം. 

കൃഷ്ണാവതാരങ്ങൾപോലെ ഭാവാർദ്രമാണു കൃഷ്ണഗാനങ്ങളും. അതു വർണിച്ചു തീരുന്നേയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com