സ്കൂളിലെ ഒഴിവിലേയ്ക്ക് യേശുദാസിനെ ക്ഷണിക്കാൻ കത്തെഴുതിയ സഹപാഠി! 82ാം വയസിലും പാടിക്കയറുന്ന കെ.പി.എൻ പിള്ള

kpn-pillai-yesudas
SHARE

സ്കൂളിൽ പഠിക്കുമ്പോൾ ശ്രീകുമാരൻതമ്പിയുടെയും എം.ജി.രാധാകൃഷ്ണന്റെയും സഹപാഠി. സംഗീതകോളജിൽ യേശുദാസിന്റെയും രവീന്ദ്രന്റെയും സഹപാഠി. സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ളയുടെ സംഗീതയാത്ര തുടരുകയാണ്.

കോഴിക്കോട്∙ ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്ക്യകുയിലാളി’ന് ഈണം നൽകിയ സംഗീതസംവിധായകനാണ് ഹരിപ്പാട് കെ.പി.എൻ.പിള്ള. സംഗീതകോളജിൽ യേശുദാസിന്റെ സഹപാഠി. ഈ എൺപത്തിരണ്ടാംവയസിൽ ബാലുശ്ശേരിയിലെ നാട്ടിൻപുറത്ത് ഒരു പഴയ വീട്ടിൽ ഒറ്റയ്ക്കുതാമസിച്ച് ഗ്രാമീണരായ കുട്ടികൾക്കു ജാതിമത വ്യത്യാസങ്ങളില്ലാതെ സംഗീതം പഠിപ്പിക്കുകയാണ് അദ്ദേഹം. ആകാശവാണിയിലെ ശാസ്ത്രീയസംഗീതപാഠങ്ങളിലൂടെ അനേകായിരം പേരുടെ ഗുരുനാഥനായ അദ്ദേഹം കോവിഡ്കാലത്ത് സാങ്കേതികവിദ്യയുടെ മാറ്റം ഉൾക്കൊണ്ട് ശാസ്ത്രീയസംഗീത പാഠങ്ങൾ ഓൺലൈനായി പഠിപ്പിക്കുകയാണ്. പ്രായത്തിനും സാങ്കേതികവിദ്യക്കും അതീതമാണ് സംഗീതമെന്ന സത്യം ഇവിടെ പാടിത്തെളിയുകയാണ്. 

രണ്ട് ഗായകർക്ക് ഒരു കവി !

1939ൽ ചെങ്ങന്നൂരിനടുത്ത് പുലിയൂരുകാരനായ തുടപ്പാട്ട് രാഘവക്കാരണവരുടെയും ഹരിപ്പാട് കോയിക്കപ്പറമ്പിൽ ഭവാനിയമ്മയുടെയും മകനായാണ് കോയിക്കപ്പറമ്പിൽ നാരായണപ്പിള്ള ജനിച്ചത്. രണ്ടു സഹോദരിമാരും ഒരനിയനുമുണ്ട്. 

നാലാംക്ലാസിൽ പഠിക്കുമ്പോൾ പിള്ളയുടെ ക്ലാസിലെ രണ്ടുപേർ പാട്ടുകാരായിരുന്നു. അവർ പരസ്പരം മത്സരിക്കുന്നവരുമായിരുന്നു. എന്നാൽ മൂന്നാമതൊരാൾ പാട്ടെഴുത്തുകാരനായിരുന്നു. തങ്ങളോട് മത്സരിക്കാനില്ലാത്ത മൂന്നാമനുമായി രണ്ടുപേരും സൗഹൃദത്തിലുമായിരുന്നു. ഹരിപ്പാട് കെ.പി.എൻ.പിള്ളയും എം.ജി.രാധാകൃഷ്ണനുമായിരുന്നു ആ പാട്ടുകാർ. ശ്രീകുമാരൻതമ്പിയായിരുന്നു ആ കവി. ഹരിപ്പാട്ടെ വീടിനടുത്തുള്ള സംഗീതാധ്യാപിക പാർവതിക്കുട്ടിയമ്മയായിരുന്നു കെ.പി.എൻ.പിള്ളയ്ക്ക് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞുകൊടുത്തത്. നാലാംക്ലാസ് വിദ്യാർഥിയായിരിക്കെ ഒരുദിവസം സംഗീതം പഠിക്കാൻ അവരുടെ വീട്ടിലെത്തിയപ്പോൾ ‘മോൻ ഇനി പാട്ടുപഠിപ്പിക്കാൻ ഇവിടെവന്നിട്ട് കാര്യമില്ല, ടീച്ചർ എന്റെകൂടെ ആലപ്പുഴയ്ക്ക് പോരുകയാണ്’ എന്ന് ഒരാൾ പറഞ്ഞു. ടീച്ചറുടെ കല്യാണമായിരുന്നു അന്ന്. ആലപ്പുഴക്കാരനായ വരനാണ് പിള്ളയോട് സംസാരിച്ചത്. സഹപാഠിയായ പെൺകുട്ടിയുടെ ചോറ്റുപാത്രം തുറന്ന് കരിമീൻ മോഷ്ടിക്കുന്നതുപോലുള്ള കുസൃതികളിൽ തമ്പിക്കും എം.ജി.രാധാകൃഷ്ണനും പേടിയായിരുന്നു. എന്നാൽ വികൃതികൾ‍ക്ക് നേതൃത്വം കൊടുക്കാനുള്ള ധൈര്യം കെ.പിക്കുമാത്രമായിരുന്നു.

kpn-pillai-school
ചിത്രം. അബു ഹാഷിം

പഠനവും സംഗീതപഠനവും

അക്കാലത്ത് നടന്ന ഒരു സംഗീതമത്സരത്തിൽ കെ.പി.എൻ.പിള്ളയ്ക്ക് ഒന്നാംസമ്മാനം ലഭിച്ചു. രണ്ടാംസ്ഥാനം എം.ജി.രാധാകൃഷ്ണനായിരുന്നു. വിധികർത്താവായെത്തിയ ഭാഗവതർ ഹരിപ്പാട്.ജി.രാമൻകുട്ടിനായർ ഒന്നാംസ്ഥാനക്കാരനെക്കുറിച്ച് അന്വേഷിച്ചു. പാട്ടുപഠിക്കണമെന്നുണ്ടെങ്കിൽ തന്റെയടുത്തേക്ക് വരണമെന്ന് പിള്ളയോട് പറഞ്ഞു. യേശുദാസിന്റെ അച്ഛനും എം.ജി.രാധാകൃഷ്ണന്റെ അച്ഛനും ഭാഗവതർ ജി.രാമൻകുട്ടിനായരുടെ സമകാലികരായിരുന്നു. തന്നിലെ സംഗീതം കണ്ടെത്തിയത് ഭാഗവതരാണെന്നാണ് പിള്ള പറഞ്ഞത്. ഭാഗവതരുടെ വീട്ടിൽ താമസിച്ചാണ് ഹരിപ്പാട് ഗവ.ഹൈസ്കൂളിൽ പഠിച്ചത്. 15 വയസ്സുള്ളപ്പോഴാണ് ആദ്യകച്ചേരി നടത്തിയത്. പത്താംക്ലാസ് പാസായാലേ സംഗീതകോളജിൽ ചേർക്കൂവെന്ന് അച്ഛൻ പറഞ്ഞതുകൊണ്ടു മാത്രമാണ് കഷ്ടപ്പെട്ടു പഠിച്ചു പാസായത്.

1956ൽ ആദ്യത്തെ സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതമത്സരത്തിൽ രണ്ടാംസ്ഥാനം ഹരിപ്പാട് കെ.പി.എൻ.പിള്ളയ്ക്കായിരുന്നു. പിൽക്കാലത്ത് പാലക്കാട് ചിറ്റൂർ സംഗീതകോളജിൽ അധ്യാപകനായ നെയ്യാറ്റിൻകര മോഹനചന്ദ്രനായിരുന്നു ഒന്നാംസ്ഥാനം.

യേശുദാസിനൊരു കത്ത്

1957 മുതൽ 61 വരെ തിരുവനന്തപുരം സംഗീതകോളജിലെ വിദ്യാർഥിയായിരുന്നു പിള്ള. സംഗീതവിദ്വാൻ കോഴ്സിനു പ്രവേശനം ലഭിക്കാൻ വിഷമമായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാർഥികളും കുറവായിരുന്നു. ഫസ്റ്റ്ക്ലാസ് ലഭിച്ചാൽ മാത്രമേ സംഗീതവിദ്വാൻ കോഴ്സിന് പ്രവേശനം ലഭിക്കൂ. കോട്ടയം നാരായണൻ, വി.ശ്രീധരൻനായർ, ഹരിപ്പാട് കെ.പി.എൻപിള്ള എന്നിവർക്കു മാത്രമാണ് ഫസ്റ്റ്ക്ലാസുണ്ടായിരുന്നത്. പിള്ള മാത്രമാണ് സംഗീതവിദ്വാനു ചേർന്നത്. ഒരു ജൂൺ 12നാണ് സംഗീതവിദ്വാൻ കോഴ്സ് പഠിക്കാനായി യേശുദാസ് സംഗീതകോളജിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ അച്ഛന് അന്ന് ശാരീരികവിഷമതകളുണ്ടായിരുന്നു.

സംഗീതവിദ്വാൻ കോഴ്സ് പൂർത്തിയാവുന്നതിനുമുൻപ് പിള്ളയ്ക്ക് ഉദ്യോഗമണ്ഡൽ ഫാക്റ്റ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. ജോലിയിൽ ചേർന്നയുടനെ യേശുദാസിന് പിള്ള ഒരു കത്തയച്ചു. ‘സ്കൂളിൽ അടുത്തൊരു ഒഴിവുണ്ടാവുമ്പോൾ കത്തയയ്ക്കും, ദാസ് വരണം’ എന്നായിരുന്നു കത്ത്. പക്ഷേ ആ കത്ത് കയ്യിൽ കിട്ടുന്നതിനുമുൻപ് യേശുദാസ് തൃശൂരിൽ വോയ്സ് ടെസ്റ്റിനുപോയിരുന്നു. എം.ബി.ശ്രീനിവാസനാണ് വോയ്സ് ടെസ്റ്റ് നടത്തിയത്. യേശുദാസ് മലയാളസിനിമ കീഴടക്കുമെന്ന് അന്ന് എം.ബി.എസ് തന്റെ ഡയറിയിൽ എഴുതിവച്ചിരുന്നു. പിന്നീട് പിള്ള യേശുദാസിനെ കാണുന്നത് ഏറെക്കാലം കഴിഞ്ഞ് മദ്രാസിൽവച്ചാണ്. 

ഭാര്യ പാടിയ പാട്ട് !

ഉദ്യോഗമണ്ഡൽ ഫാക്ട് ഹൈസ്കൂളിലെ അധ്യാകനായിരിക്കെ അതേ സ്കൂളിലെ അധ്യാപികയായ സരോജിനിയമ്മയെയാണ് പിള്ള വിവാഹം കഴിച്ചത്. അമ്മയുടെ ബന്ധുവായിരുന്നു. ഒരു സുഹൃത്താണ് വിവാഹാലോചന കൊണ്ടുവന്നത്. 

ഒരിക്കൽ തൃശൂർ ആകാശവാണിയിൽ തൽസമയ പരിപാടി അവതരിപ്പിക്കുകയായിരുന്നു. അനൗൺസറായെത്തിയ പെൺകുട്ടി ‘ശ്രീമതി ഹരിപ്പാട് കെ.പി.എൻ.പിള്ള പാടുന്നു’ എന്നാണ് പറഞ്ഞത്. പാട്ടുപാടാനറിയാത്ത ഭാര്യ പിറ്റേദിവസം സ്കൂളിൽചെന്നപ്പോൾ ‘ടീച്ചറുടെ പാട്ട് നന്നായി’യെന്ന് സഹപ്രവർത്തകർ പറഞ്ഞുകളിയാക്കി. 

പാട്ടിന്റെ വഴി തേടി

ഫാക്റ്റ് സ്കൂളിലെ അധ്യാപകനായി ജോലി ചെയ്യുമ്പോഴും പത്രത്തിൽ കാണുന്ന ഒഴിവുകൾക്കെല്ലാം അപേക്ഷിക്കുന്ന ശീലം പിള്ളയ്ക്കുണ്ടായിരുന്നു. അങ്ങനെ ലക്നൗവിൽ ലിറ്ററസി ഹൗസിൽ ഒരു മാസത്തെ പരിശീലത്തിനു പോയി. ഗാന്ധിജിയുടെ സഹചാരിയായിരുന്ന ഫിഷറിന്റെ ഭാര്യ മിസിസ് വെൽത്തി ഫിഷറായിരുന്നു നടത്തിപ്പ്. പരിശീലനത്തിന്റെ അവസാനദിവസം പിള്ള പാടിയിരുന്നു. മധുരമണി അയ്യർ ഒരുക്കിയ പാശ്ചാത്യസംഗീതമാണ് പിള്ള അവതരിപ്പിച്ചത്. പാട്ടിനൊപ്പം തൊണ്ണൂറുകാരിയായ വെൽതി ഫിഷർ നൃത്തം ചവിട്ടി. അടുത്തദിവസം അവിടെ ജോലിക്കുചേരുന്നോയെന്ന് വെൽത്തി ഫിഷർ ചോദിച്ചു. പക്ഷേ സ്കൂളിലെ ജോലി ഉപേക്ഷിക്കാൻ കഴിയില്ലെന്ന് അറിയിച്ചു തിരികെപ്പോവുകയായിരുന്നു. കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമേ ആയിരുന്നുള്ളൂ.

∙  സ്വാമിയും തമ്പിയും സൗഹൃദവും

അക്കാലത്താണ് ശ്രീകുമാരൻതമ്പി മദിരാശിയിലേക്കു വരണമെന്നാവശ്യപ്പെട്ട് പിള്ളയ്ക്ക് കത്തയച്ചത്. അക്കാലത്ത് സംഗീത റെക്കോർഡ് കമ്പനികൾ രണ്ടുപാട്ടുകളടങ്ങിയ റെക്കോർഡുകളാണ് പുറത്തിറങ്ങിയിരുന്നത്. എച്ച്എംവിക്കുവേണ്ടി ശ്രീകുമാരൻതമ്പി  എഴുതിയ രണ്ടു ഭക്തിഗാനങ്ങൾ പാടാനാണ് മദിരാശിയിലേക്കു ക്ഷണിച്ചത്. ദക്ഷിണാമൂർത്തി സ്വാമിയാണ് സംഗീതസംവിധായകൻ.

സ്വാമി എന്തെങ്കിലും പറഞ്ഞാൽ പിള്ള തറുതല പറയുമോ എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പേടി. പാട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് അനുപല്ലവിയിൽ കെ.പി.എൻ.പിള്ള തന്റെ കയ്യിൽനിന്നെടുത്ത് ഒരു സംഗതി പാടി. സ്വാമി ഉച്ചത്തിൽ ‘കട്ട്’ വിളിച്ചു. പിള്ള സംഗതി പാടിയതുകേട്ട് പിന്നണിവാദ്യക്കാർ ‘വാഹ് വാഹ്’ പറഞ്ഞിരുന്നു. ‘കട്ട്’ പറ‍ഞ്ഞ ശേഷം സ്വാമി അവരോട് ചോദിച്ചത് ‘എന്നടാ കോഴിയെ കൂപ്പിടണമാതിരി വാ...വാ?’’.

റെക്കോർഡിങ് കഴി‍ഞ്ഞ് കാറിന്റെ പിറകിലെ സീറ്റിൽ ദക്ഷിണാമൂർത്തി സ്വാമിക്കും ശ്രീകുമാരൻതമ്പിക്കുമൊപ്പം ഇരുന്നാണ് പിള്ള മടങ്ങിയത്. ‘തമ്പിസാറേ, ഫ്രണ്ടിന് എതാവത് പിണക്കമുണ്ടാവും’ എന്നു സ്വാമി പറഞ്ഞു. ഒന്നും മിണ്ടല്ലേയെന്ന് തമ്പി ആംഗ്യം കാണിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തി കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ ‘എന്തുകൊണ്ടാണ് ആ സംഗതി പാടണ്ട’ എന്നു സ്വാമി പറഞ്ഞത് എന്നറിയണമെന്ന് പതുക്കെ പറഞ്ഞു. ‘തമ്പിസാറേ ഇതാവരുന്നൂ, ഞാൻ പറഞ്ഞില്ലേ’ എന്ന് സ്വാമി പറഞ്ഞു. ‘ധിക്കാരത്തോടെ ചോദിച്ചതല്ല സർ, തെറ്റ് തിരിച്ചറിഞ്ഞാലല്ലേ തിരുത്താൻ കഴിയൂ’ എന്ന് പിള്ള പറഞ്ഞു. ‘പ്രാർഥനാ ഗാനമല്ലേ, അതിൽ സംഗീതത്തിന് അമിതപ്രാധാന്യം വന്നാൽ കേൾവിക്കാരനായ ഭക്തന്റെ മനസ് വരികളിൽ എത്തില്ല’ എന്നു സ്വാമി വിവരിച്ചു. അനേകായിരം പാട്ടുകൾ സംഗീതസംവിധാനം നിർവഹിക്കാനുള്ള പാഠമായിരുന്നു ദക്ഷിണാമൂർത്തി സ്വാമി അന്നു പകർന്നുനൽകിയത്.

K-N-Pillai-new
ചിത്രം. അബു ഹാഷിം

ആകാശവാണിക്കാലം

1978ലാണ് അധ്യാപകജോലി രാജിവച്ച് കോഴിക്കോട് ആകാശവാണിയിൽ ചേർന്നത്. ആകാശവാണിയിൽ മ്യൂസിക് കംപോസർ, തംബുരു കം വോക്കൽ ആർടിസ്റ്റ് എന്നിങ്ങനെ രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. ആദ്യം നെടുമങ്ങാട് ശശിധരൻനായർക്കാണ് ജോലി ലഭിച്ചത്. ഒരു മാസം കഴിഞ്ഞപ്പോൾ മ്യൂസിക് കംപോസറുടെ ഒഴിവിലേക്ക് കെ.പി.എൻ.പിള്ളയ്ക്കും നിയമനം ലഭിച്ചു. കെ.പി.എൻ പിള്ള ജോലിക്കുചേരുമ്പോൾ കോന്നിയൂർ നരേന്ദ്രനാഥാണ് സ്റ്റേഷൻ ഡയറക്ടർ. മലയത്ത് അപ്പുണ്ണിയെഴുതിയ സ്വർണമുഖികൾ എന്ന ഗാനത്തോടെ ശ്രോതാക്കളുടെ മനംകവർന്നു. ആകാശവാണിക്കുവേണ്ടി പി.എസ്.നമ്പീശനെഴുതി കൃഷ്ണചന്ദ്രൻ പാടിയ ‘താമര പൂക്കുന്ന തമിഴകം’ എന്ന ലളിതഗാനം പതിറ്റാണ്ടുകളോളം യുവനോത്സവവേദികളിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ആകാശവാണിയുടെ പ്രഭാതഗീതമായി ചിട്ടപ്പെടുത്തിയ ശ്യാമളാദണ്ഡകം ഇന്നും ശ്രോതാക്കളുടെ മനസിൽ തങ്ങിനിൽക്കുന്നുണ്ട്. 1990ൽ സീനിയർ സംഗീതസംവിധായകനായി. 1997ൽ വിരമിച്ചു. 2007ൽ സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു. 

ഉയരും ഞാൻ നാടാകെ

ഏറ്റവുമടുത്ത സുഹൃത്തായ സലാംപള്ളിത്തോടാണ് 1985ൽ ഹരിപ്പാട് കെ.പി.എൻ‍.പിള്ളയെ സിനിമയിലേക്കു കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ നാടകങ്ങളിലെ ഗാനങ്ങൾ സംഗീതം നൽകിയിരുന്നു. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിന്റെ ചർച്ചകൾ മദ്രാസിലാണ് നടന്നത്. നിർമാതാവ് കുറ്റിയിൽ ബാലനോട് കെ.പി.എൻ.പിള്ളയെക്കുറിച്ച് പറഞ്ഞത് സലാം പള്ളിത്തോടാണ്. ആകാശവാണിയിലെ സഹപ്രവർത്തകനായിരുന്ന കെ.എ.കൊടുങ്ങല്ലൂരും പിന്തുണച്ചതോടെ പിള്ള സംഗീതസംവിധായകനായി. പി.ചന്ദ്രകുമാറായിരുന്നു സംവിധായകൻ.

ഒഎൻവി എഴുതിയ ഇന്ദു പൂർണേന്ദൂ എന്ന പാട്ട് യേശുദാസാണ് പാടിയത്. ആകാശവാണിയിൽ അനേകം പരിപാടികൾക്കു വി.ടി.മുരളിയെക്കൊണ്ടു പാടിച്ചിട്ടുണ്ട്. മുരളിയുടെ ശബ്ദം നാടൻസ്പർശമുള്ള പാട്ടുകൾക്ക് ഇണങ്ങുന്നതാണ്. ആദിവാസിപ്പയ്യന്റെ ചിന്തകൾക്ക് ചേരുന്ന ഈണമാണ് വേണ്ടത്. അങ്ങനെയാണ് മാതളത്തേനുണ്ണാൻ എന്ന പാട്ട് മുരളിയെക്കൊണ്ട് പാടിച്ചത്. 

ലിപ് സിങ്ക് ഇല്ലാത്ത പാട്ടാണെന്നാണ് സംവിധായകൻ പറഞ്ഞിരുന്നത്. ഈ പാട്ടിന്റെ ചിത്രീകരണം നടത്തുന്നത് കാണാൻ നിർമാതാവ് വണ്ടി അയച്ചു. വേണു നാഗവള്ളിയും മോഹൻലാലും സെറ്റിലുണ്ട്. പാട്ട് ഞാൻ പാടുന്നതു കേൾക്കണമെന്ന് മോഹൻലാൽ പറഞ്ഞു. ഇതുകേട്ടുപഠിച്ച് ലാൽ അസ്സലായി പാടി. പാട്ടു രംഗത്തിൽ മോഹൻലാൽ പാടി അഭിനയിക്കുകയാണ് ചെയ്തത്. പിന്നീട് പിസി 369, കാക്കേ കാക്കേ കൂടെവിടെ തുടങ്ങിയ അനേകം സിനിമകളിൽ സംഗീതസംവിധായകനായി.

രവീന്ദ്രസംഗീതം

സംഗീതകോളജിൽ യേശുദാസിന്റെയും പിള്ളയുടെയും ജൂനിയറായാണ് സംഗീതസംവിധായകൻ രവീന്ദ്രൻ പഠിക്കാനെത്തിയത്. പിൽക്കാലത്ത് പിള്ള ചെട്ടികുളങ്ങര ദേവിയെക്കുറിച്ചു രവീന്ദ്രനെക്കൊണ്ട് ഭക്തിഗാനം പാടിച്ചു. ഇതിന്റെ റെക്കോർഡിങ് തോപ്പുംപടിയിലെ സ്റ്റുഡിയോയിലായിരുന്നു. രവീന്ദ്രനെ കാണാൻവന്ന ആരാധകരുടെ തിരക്കുകാരണം ആദ്യദിവസം റെക്കോർഡിങ് മാറ്റിവയ്ക്കേണ്ടിവന്നു.

kpn-pillai-school2
ചിത്രം. അബു ഹാഷിം

എന്തിന് ഗ്രാമത്തിലൊതുങ്ങി?

കോഴിക്കോട് ബാലുശ്ശേരിയിലെ ഒരു പൊതുപരിപാടിക്ക് ഹരിപ്പാട് കെ.പി.എൻ.പിള്ള ദക്ഷിണാമൂർത്തിയെ കൊണ്ടുവന്നു. എന്താണ് ഉൾനാടൻ ഗ്രാമമായ ബാലുശ്ശേരിയിൽ താമസിക്കാനും സംഗീതകോളജ് തുറക്കാനും കാരണമെന്ന് ദക്ഷിണാമൂർത്തി സ്വാമി അന്നു ചോദിച്ചു. ബാലുശ്ശേരിയ്ക്ക് ചുറ്റുമുള്ള ഗ്രാമീണമേഖലയിൽ വാസനാസമ്പന്നരായ ഒരുപാട്  കുഞ്ഞുങ്ങളുണ്ട്. കോഴിക്കോട് ആകാശവാണിയിൽ സംഗീതപാഠം അവതരിപ്പിക്കുന്ന കെ.പി.എൻ.പിള്ളയെ 25 കിലോമീറ്റർ ബസ്സിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത് വന്നുകണ്ട് പഠിക്കാൻ ശേഷിയില്ലാത്തവരാണ് അവരിൽ പലരും. അവർക്കുവേണ്ടിയാണ് താനിങ്ങോട്ടുവന്നതെന്നായിരുന്നു പിള്ളയുടെ ഉത്തരം. വിരമിച്ച ശേഷം അമ്മയുടെ പേരിൽ ബാലുശ്ശേരിയിൽ ഭവാനി സംഗീതകോളജ് തുടങ്ങി.  ആകാശവാണിയിൽനിന്നു വിരമിച്ച് ആഴ്ചകൾക്കുള്ളിലാണ് ബാലുശ്ശേരിയിൽ അദ്ദേഹം സംഗീതകോളജ് തുടങ്ങിയത്.  കയ്യിൽ പണമില്ലെങ്കിലും പാടാൻ വാസനയുള്ളവരാണെങ്കിൽ വളർന്നുവരണം എന്നതാണ്  പിള്ളയുടെ ആദർശം. ബാലുശ്ശേരിയിൽ ഒരു വീട്  വാടകയ്കക്കെടുത്താണ് ഏറക്കാലമായി പിള്ള താമസിക്കുന്നത്. ശിഷ്യരാണ് ഭക്ഷണം കൊണ്ടുവരുന്നത്. അനേകായിരം ശിഷ്യൻമാരെ ഇതുവരെ പാട്ടുപഠിപ്പിച്ചിട്ടുണ്ട്. അവരിൽ പലരും സംഗീതസംവിധായകരാണ്. ചിലർ കൃഷിപ്പണിക്കാരാണ്. ചിലർ കൂലിപ്പണിക്കാരാണ്.  ഏതുസമയത്തും ഏതു ശിഷ്യനും വന്നിരുന്ന് സംഗീതം അഭ്യസിക്കാം. ബാലുശ്ശേരിയിൽ ശാസ്ത്രീയ സംഗീതം കേൾക്കാൻ അവസരമില്ലായിരുന്നു. ശിഷ്യർക്ക് എല്ലാവർക്കും ഒരുമിച്ചുവന്നിരുന്ന്  പാട്ടുകേൾക്കാനായാണ് സ്വാതിതിരുന്നാൾ സംഗീത സഭ രൂപീകരിച്ചത്.

സംഗീതപഠനവും ഓൺലൈൻ 

പ്രാരംഭപാഠങ്ങൾ അറിയാത്ത കുട്ടികൾക്ക് ഓൺലൈനായുള്ള പഠനം വെല്ലുവിളിയാണ്.താളവും ശബ്ദവും തമ്മിൽ അൽപം സമയവ്യത്യാസം വരുന്നുണ്ട്. അത്യാവശ്യം അടിസ്ഥാനപാഠങ്ങൾ അറിയുന്ന കുട്ടികൾക്ക് വിഡിയോകൾ വഴിയാണ് ക്ലാസ് നടത്തുന്നത്. അനേകം വീട്ടമ്മമാരും പഠിക്കുന്നുണ്ട്.

കുടുംബവിശേഷം

ഹരിപ്പാട് കെ.പി.എൻ.പിള്ളയും ഭാര്യ സരോജിനിയമ്മയും എറണാകുളം കൂനംതൈയിലാണ് ഇപ്പോൾ സ്ഥിരതാമസം. ബാലുശ്ശേരിയിൽനിന്ന് മാസത്തിലൊരിക്കൽ വീട്ടിൽപ്പോയി വരികയാണ് ചെയ്യുന്നത് മൃദംഗവിദ്വാൻ കൂടിയായ മകൻ ബിജു എറണാകുളത്ത് കലൂരിൽ പരസ്യക്കമ്പനി നടത്തുകയാണ്. ഭാര്യ ശാന്തി കാലടി ആശ്രമം സ്കൂളിൽ പ്ലസ്ടു സയൻസ് അധ്യാപികയാണ്. ഗായികയായ മകൾ ബിന്ദുവും ഭർത്താവ് ശങ്കറും ബഹറിനിലാണ്. പിള്ളയുടെ അനിയൻ ഉദ്യോഗമണ്ഡൽ വിക്രമൻ മുംബൈയിലെ പ്രശസ്തനായ നർത്തകനാണ്. പിള്ളയുടെ സഹോദരി സരോജത്തിന്റെ മകൾ ഗീത പദ്മകുമാർ കുച്ചിപ്പുടി നർത്തകിയും മഞ്ജുവാര്യരടക്കമുള്ളവരുടെ ഗുരുവുമാണ്. മറ്റൊരു സഹോദരി സാവിത്രി സംഗീത അധ്യാപികയായി വിരമിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA