ADVERTISEMENT

എന്തൊരു തിരിച്ചുവരവാണത്! ഇനിയൊരിക്കലും ഒരുമിച്ചൊരു സംഗീതവേദിയുണ്ടാകില്ലെന്ന ശപഥമെടുത്തു പിരിഞ്ഞ് 40 വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയൊരു ആൽബവുമായി അബ്ബ എന്ന സ്വീഡിഷ് മ്യൂസിക് ബാൻഡ് തിരിച്ചുവരുന്നു. പാശ്ചാത്യ സംഗീതപ്രിയരെ പുളകംകൊള്ളിക്കുന്ന ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത് അബ്ബ മ്യൂസിക് ബാൻഡിലെ ഗായകരായ ജോൺ യുൽവിയസും ബെന്നി ആൻഡേഴ്സണും തന്നെയാണ്. എഴുപതു വയസ്സു പിന്നിട്ട ഇരുവർക്കുമൊപ്പം ഇവരുടെ മുൻജീവിത പങ്കാളികളും അബ്ബ ബാൻഡിലെ ഗായികമാരുമായിരുന്ന ആഗ്നെതാ ഫാക്സ്റ്റോഗും ആനി ഫ്രീദും കൂടി കൈകോർത്തുകൊണ്ടാണ് പുതിയ ആൽബം ‘വൊയേജ്’ ഒരുക്കുന്നത്. നവംബർ 5നായിരിക്കും പുതിയ ആൽബത്തിന്റെ റിലീസ്. അടുത്ത വർഷം ‘അബ്ബ വൊയേജ്’ എന്ന പേരിൽ ലണ്ടനിൽ പുതിയൊരു വിർച്വൽ മ്യൂസിക് ഷോയും ഇവരുടെ സ്വപ്നങ്ങളിലുണ്ട്. ഹോളോഗ്രാം ടെക്നോളജിയുടെ സഹായത്തോടെ ഗായകർ ഡിജിറ്റൽ അവതാർ ആയി മാറിക്കൊണ്ടുള്ള ലൈവ് സ്റ്റേജ് ഷോ എന്നതായിരിക്കും ഷോയുടെ മുഖ്യ ആകർഷണം. അബ്ബയുടെ തന്നെ ഹിറ്റ് ഗാനങ്ങളുൾപ്പെടെ 22 ഗാനങ്ങളായിരിക്കും ഷോയിൽ അവതരിപ്പിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഷോയുടെ സാങ്കേതിക പശ്ചാത്തലം ഒരുക്കുന്നതിൽ വന്ന കാലതാമസമാണ് പ്രോജക്ട് വൈകുന്നതിന്റെ കാരണമെന്നും അബ്ബസംഘം അറിയിച്ചു. 2018 മുതൽ പുതിയൊരു ആൽബത്തിനു വേണ്ടി വീണ്ടും ഒരുമിക്കുന്നതിന്റെ ആലോചന ഇവർ തുടങ്ങിയിരുന്നത്രേ.  

 

ചരിത്രമായ നാൽവർപാട്ട്

 

സ്വീഡനിലെ സ്റ്റോക്ഹോമിൽനിന്നു പോപ്പിലും ജാസിലും റോക്കിലും പാട്ടുകെട്ടിയ നാലു കൂട്ടുകാർ.  ഇവരുടെ പേരുകളുടെ ആദ്യക്ഷരങ്ങൾ കൂട്ടിയിണക്കിയാണ് ആ പേരു തന്നെ: അബ്ബ. അബ്ബ ഒരു കാലത്തിന്റെ പ്രിയസംഗീതമായിരുന്നു. 1972 മുതൽ 1982 വരെയുള്ള പത്തുവർഷക്കാലം പാട്ടീണങ്ങളുടെ പടകുകളിൽ കടലേഴും താണ്ടി സംഗീതത്തിന്റെ പുത്തൻവൻകരകൾ തേടിയവർ.

 

ലോകത്തെമ്പാടുമായി അവരുടെ ആൽബങ്ങളും സിംഗിളുകളും 380 ദശലക്ഷം കോപ്പികളാണു കണ്ണടച്ചു തുറക്കുംവേഗം വിറ്റുപോയത്. ബീറ്റിൽസിനുശേഷം ലോകത്ത് ഏറ്റവുമധികം പാട്ടുകൾ വിറ്റുപോയതിന്റെ റെക്കോർഡും അബ്ബയുടേതാണ്. ഇംഗ്ലിഷ് സംസാരഭാഷയല്ലാത്ത സ്വീഡന്റെ ഗായകസംഘത്തെ പാശ്ചാത്യ ലോകത്ത് തരംഗം സൃഷ്ടിച്ചു. കാനഡ, ഓസ്ട്രേലിയ, അയർലൻഡ്, അമേരിക്ക, സൗത്ത് ആഫ്രിക്ക, സ്പെയിൻ... അങ്ങനെ ലോകഭൂപടത്തിൽ തന്നെ അബ്ബ പാട്ടുകൾകൊണ്ട് അടയാളപ്പെട്ടുകിടന്നു...

 

ജോണും ആൻഡേഴ്സണുമായിരുന്നു അബ്ബയുടെ ആദ്യപാട്ടുകാർ. ‘ഈസിന്റ് ഇറ്റ് ഈസി ടു സേ’.. ഇരുവരും ഒരുമിച്ചു ചെയ്ത ആ ഗാനമാണ് പിന്നീടങ്ങോട്ടുള്ള സംഗീതവേദികളിലേക്കു നടന്നു കയറാൻ അവർക്ക് ആത്മവിശ്വാസം നൽകിയത്. അബ്ബ എന്ന കൂട്ടുസംരംഭം അപ്പോഴും ഒരു സ്വപ്നമായി ബാക്കി നിന്നു ആ ചെറുപ്പക്കാരുടെ മനസ്സിൽ. ആ കൂട്ടുകെട്ടിലേക്കാണ് ഇരുപത്തിമൂന്നുകാരിയായ ആനി ഫ്രീദയുടെ കടന്നുവരവ്. ജോണിനും ആൻഡേഴ്സണുമൊപ്പം ജാസ് വായിക്കാനെത്തിയ പെൺകുട്ടി ആൻഡേഴ്സന്റെ ജീവിതസഖിയായി മാറി. വൈകാതെ നാൽവർ സംഘത്തിലെ അവസാനത്തെ പാട്ടുകാരിയുമെത്തി: പതിനെട്ടുകാരിയും സുന്ദരിയുമായ ആഗ്നെതാ ഫാക്സ്റ്റോഗ്. പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ ആഗ്നെതയെ ജോൺ തന്റെ ഗായകസംഘത്തിലേക്കു മാത്രമല്ല, ജീവിതത്തിലേക്കു കൂടി വിളിച്ചു. അങ്ങനെ അബ്ബ പിറന്നു.

 

നാലു കൂട്ടുകാരുടെ പാട്ടുസംരംഭം എന്നതിനപ്പുറം രണ്ടു ജോഡി അനുരാഗികൾ പാട്ടുകൊണ്ട് പ്രണയിച്ചും പരിഭവിച്ചും കലഹിച്ചും ഉന്മാദനൃത്തച്ചുവടുവച്ചും ഇന്ദ്രജാലമൊരുക്കുകയായിരുന്നു. മമ്മാ മിയ, വാട്ടർലൂ, ഡാൻസിങ് ക്വീൻ, ഐ ഹാവ് എ ഡ്രീം..അങ്ങനെ നീളുന്നു ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച അബ്ബഗാനങ്ങൾ. 

വെറും പത്തുവർഷം. ഇണപിരിയാ കൂട്ടുകാർ അപ്പോഴേക്കും വഴി പിരിഞ്ഞു, എല്ലാ അർഥത്തിലും. 1982ൽ അബ്ബ എന്ന കൂട്ടുകെട്ട് അവസാനിച്ചെങ്കിലും നാൽവർ സംഘത്തിന്റെ കഥ നാലുവഴിക്ക് പിന്നെയും തുടർന്നു. വിവാഹമോചനം മുതൽ മറവിരോഗമുൾപ്പെടെയുള്ള കൊടുംസങ്കടങ്ങൾകൊണ്ടു വലഞ്ഞ നാലു പതിറ്റാണ്ടിന്റെ മൗനം ഭേദിച്ച് അബ്ബ വീണ്ടും ഒരുമിക്കുന്നതിന്റെ ആശ്വാസത്തിലും അതിരറ്റ സന്തോഷത്തിലുമാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com