കൈതപ്രം വൈകി, ജോൺസൺ മാഷ് അസ്വസ്ഥനായി; ഒടുവിൽ സത്യൻ അന്തിക്കാട് എഴുതി, ‘വിശ്വം കാക്കുന്ന നാഥാ’!

johnson-kaithapram-sathyan-anthikkad
SHARE

ഒരു സിനിമയുടെ വർക്ക് തീർത്തിട്ട് മറ്റൊന്നിന്റെ സെറ്റിൽ എത്താൻ അഭിനേതാക്കളും സംഗീതജ്ഞരുമുൾപ്പെടെ ചലച്ചിത്ര പ്രവർത്തകരെല്ലാം ചക്രശ്വാസം വലിക്കുന്നത് സിനിമാ രംഗത്ത് അപൂർവമല്ല. ഏറ്റെടുത്ത ജോലി തീർക്കാനാകാത്തതു കൊണ്ട് അവസാന നിമിഷം പരിഭവവും പരാതികളും ഉണ്ടാകുന്നതും സാധാരണമാണ്. എന്നാൽ പാട്ടെഴുത്തുകാരൻ വരാന്‍ വൈകുമെന്നറിഞ്ഞപ്പോൾ സംഗീതസംവിധായകനു മുഷിപ്പ് തോന്നാതിരിക്കാൻ സിനിമയുടെ സംവിധായകൻ വെറുതെ കുത്തിക്കുറിച്ചു കുറച്ചു വരികൾ കൈമാറുന്നതും അത് പിന്നീട് സിനിമയിലെ പാട്ടായി മാറുന്നതും അപൂർവമാണ്. 

ഏതാണ്ട് ഇരുപത്തിരണ്ടു വർഷങ്ങൾ പിന്നോട്ടു സഞ്ചരിച്ചാൽ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ സിനിമയുടെ പിന്നണിയിൽ നിന്നും കിട്ടും ആ കഥ. ചിത്രത്തിനായി പാട്ടൊരുക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാർ. പക്ഷേ പാട്ടെഴുത്തുകാരനു മാത്രം എത്താൻ സാധിച്ചില്ല. പാട്ടെഴുതാമെന്നേറ്റിരുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി കച്ചേരികളുമായി ബന്ധപ്പെട്ടു തിരക്കിലായിപ്പോയി. പാട്ടൊരുക്കാൻ ഷൊർണൂരിൽ എത്താൻ അൽപം വൈകുമെന്ന് അദ്ദേഹം സിനിമയുടെ സംവിധായകൻ സത്യന്‍ അന്തിക്കാടിനെ വിളിച്ചുപറയുകയുമുണ്ടായി. ഈണമിട്ടു കഴിയുമ്പോഴേയ്ക്കും താൻ അവിടെയെത്തുമെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു. എന്നാൽ‌ എല്ലാവരും ഒരുമിച്ചു ചെയ്യേണ്ട കാര്യമല്ലേ തിരുമേനി വന്നിട്ടു തുടങ്ങാം എന്നായിരുന്നു സത്യന്റെയും തിരക്കഥാകൃത്ത് ലോഹിതദാസിന്റെയും അഭിപ്രായം. അങ്ങനെ കൈതപ്രത്തിനു വേണ്ടി കാത്തിരിക്കാൻ എല്ലാവരും തീരുമാനിച്ചു. 

സമയം വൈകുന്തോറും ഈണമിടാൻ കാത്തിരുന്ന ജോൺസൺ മാഷ് അസ്വസ്ഥനും വിരസനമുമായിത്തുടങ്ങി. ജോൺസൺ മാഷിന്റെ വിരസത മാറ്റാൻ സത്യൻ അന്തിക്കാട് സാഹചര്യം മനസ്സിൽ കണ്ട് വെറുതെ കടലാസ് എടുത്ത് എഴുതി, ‘വിശ്വം കാക്കുന്ന ദേവാ’. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നു തിരസ്കൃതനായ നായകൻ, അനിയത്തിയുടെ വിവാഹത്തിനു ക്ഷണിക്കപ്പെടാത്തതിനാൽ പള്ളിയിൽ ഗായകനായെത്തുന്നതും പാടുന്നതുമാണ് സാഹചര്യം. ഞൊടിയിടയിൽ പാട്ടെഴുതി സത്യൻ അന്തിക്കാട് ആ ‘ഡമ്മി വരികൾ’ ജോൺസൺ മാഷിനു കൊടുത്തു. മാഷ് ഉടൻ ഈണമിടാൻ തുടങ്ങി. ആദ്യ വരിയിലെ അവസാനഭാഗത്ത് ‘ദേവാ’ എന്നതിനു പകരം ‘നാഥാ’ എന്നാക്കിയാലോ എന്നായി ജോൺസൺ. വെറുതെയെഴുതിയ പാട്ടല്ലേ, മാറ്റുന്നതിനെന്താ കുഴപ്പമെന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ ചിന്ത. 

ഈണമൊരുക്കി ജോൺസൺ പാടിക്കേൾപ്പിച്ചപ്പോഴേയ്ക്കും കൈതപ്രം എത്തി. ഉടനെ പാട്ടെഴുതിത്തരാം എന്നും ഇപ്പോൾ ചിട്ടപ്പെടുത്തിയ പാട്ടൊന്നു കേൾക്കട്ടെ എന്നുമായി അദ്ദേഹം. കേട്ടുകഴിഞ്ഞ ഉടൻ ഗംഭീരം എന്ന അഭിപ്രായവും വന്നു. അത് ജോൺസൺ മാഷിനു ബോറടിച്ചപ്പോൾ വെറുതെ എഴുതിയതാണെന്നും വരൂ നമുക്ക് വർക്ക് തുടങ്ങാം എന്നുമായി സത്യൻ. എന്നാൽ ആ പാട്ട് സാഹചര്യത്തിനു പൂർണമായി യോജിച്ചതാണെന്നും അത് അങ്ങനെ തന്നെ സിനിമയിൽ ഉപയോഗിക്കണമെന്നും കൈതപ്രം നിർദ്ദേശിച്ചു. ബാക്കിയുള്ള പാട്ടുകൾ മാത്രമേ താൻ എഴുതൂ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കൈതപ്രം എഴുതേണ്ടിരിയുന്ന ഒരു പാട്ട് ഒടുവിൽ സത്യൻ അന്തിക്കാടിന്റെ രചനയിൽ പുറത്തു വന്നു. അത് ഇന്നും ഹിറ്റുകളുടെ ഇടയിൽ മുൻനിരയിൽ തന്നെ തുടരുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA