പാടി വികൃതമാക്കിയെന്നു വിമർശനം, ഒടുവിൽ സിനിമയേക്കാൾ ഹിറ്റായത് പാട്ട്! മറുപടി പുഞ്ചിരിയിലൊതുക്കിയ ലതാ മങ്കേഷ്കർ

lata-mangeshkar-song
SHARE

ലോകം ലതാ മങ്കേഷ്ക്കറിന്റെ പാട്ട് കേൾക്കാതെ ഒരു നിമിഷം പോലും കടന്നു പോകുന്നില്ല... അതിശയോക്തിയല്ല... ആധികാരികമായ പത്തോളം സർവേകൾ പറഞ്ഞതാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള റേഡിയോ നിലയങ്ങളും സ്വകാര്യ മ്യൂസിക്ക്‌ പ്ലെ സ്റ്റോറുകളും കേന്ദ്രീകരിച്ചു നടന്ന പഠനങ്ങളാണ് ഇക്കാര്യം കണ്ടു പിടിച്ചത്. 15 വയസ്സിൽ തുടങ്ങിയ പാട്ട് ജീവിതം ഇന്ന് ഈ 92ാം പിറന്നാളിലും അവർ സാർത്ഥകമായി തുടരുന്നതങ്ങനെയാണ്. ലതാ മങ്കേഷ്കറിന്റെ പാട്ടുകളോളം പ്രശസ്തമാണ് അവരുടെ ചില ഉറച്ച തീരുമാനങ്ങളും ദൃഢ നിശ്ചയങ്ങളും. ഒരുപക്ഷേ അവരുടെ ഏഴ്പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതത്തെ ഇത്രയും വലിയ മാതൃകയാക്കാനായത് ആ ഉറച്ച തീരുമാനങ്ങൾ തന്നെയാവാം.

40 ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ പാടിയ ലതാ മങ്കേഷ്‌കർ പാട്ടുകൾ സ്വന്തം കൈപ്പടയിൽ എഴുതുന്ന രീതി പ്രശസ്തമാണ്. ബോളിവുഡിലെ പല ഹിറ്റ് ഗായകരും ഡിജിറ്റൽ യുഗത്തിലും പിന്തുടരുന്ന ഈ രീതി അവർ നടപ്പിലാക്കിയതിനു പിന്നിൽ ഒരു പ്രതികാരത്തിന്റെയും ദൃഢ നിശ്ചയത്തിന്റെയും കഥയുണ്ട്. ഉറുദു ഗസലുകളുടെ പ്രകടമായ സ്വാധീനം ഹിന്ദി പാട്ടുകളിൽ ഉണ്ടായിരുന്ന സമയത്താണ് അവർ പിന്നണി ഗാന രംഗത്തേക്കു കടന്നു വരുന്നത്. മറാഠി കലർന്ന ഹിന്ദി ഉച്ചാരണത്തിന്റെ പേരിൽ ലതാ മങ്കേഷ്‌കറിനെ പണ്ഡിതർ വ്യാപകമായി വിമർശിച്ചു. ഉറുദു ഭാഷ പഠിക്കുകയും താൻ പാടുന്ന പാട്ടിലെ ഓരോ വരിയുടെയും സൂക്ഷ്മാർത്ഥം മനസിലാക്കി പാടുകയും ചെയ്യുമെന്ന് അവർ തീരുമാനിക്കുകയും തിരക്കുകൾക്കിടയിലും അത് നടപ്പിലാക്കുകയും ചെയ്തു. അതുറപ്പിക്കാൻ വേണ്ടി മാതൃഭാഷയിൽ എഴുതി പഠിക്കുകയും ചെയ്തു. ആ കയ്യെഴുത്താണ് തന്റെ ആത്മവിശ്വാസം എന്നവർ പല തവണ പറഞ്ഞു. തന്റെ ഉച്ചാരണത്തിനും മറാഠി ലിപിക്കും വഴങ്ങാത്ത ഭാഷകളിലെ പാട്ടുകൾ പാടാൻ അവർ അധികം താത്പര്യം കാണിച്ചില്ല.

ദ്വയാർഥ പദ പ്രയോഗങ്ങളുള്ള പാട്ടുകൾ താൻ പാടില്ല എന്ന തീരുമാനം അവരെടുത്തത് കരിയർ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയത്തായിരുന്നു. ഒറ്റ തവണ പണം മുഴുവനായി വാങ്ങിയതിന്റെ പേരിൽ ഇത്തരമൊരു പാട്ട് പാടേണ്ടി വന്നതിന്റെ ദുഃഖം ലതാ മങ്കേഷ്കർ ഒരുപാട് വേദികളിൽ പറഞ്ഞിരുന്നു. ഹിന്ദി സിനിമയിൽ ഐറ്റം ഡാൻസുകളുകളും ദ്വയാർഥ പദ പ്രയോഗങ്ങളും ട്രെൻഡ് ആയി. 70കളിലും 80കളിലും ലത ആ തീരുമാനം മാറ്റാത്തതിന്റെ പേരിൽ മാത്രം ഉയർന്നു വന്ന ഗായികമാരുണ്ട് ഹിന്ദി സിനിമയിൽ.

1953ൽ ‘അനാർക്കലി’ എന്ന ചിത്രത്തിനു വേണ്ടി ‘മുഹബത്ത് മേ ഐസേ കദം’ എന്നൊരു ഗാനം ലതാ മങ്കേഷ്‌കർ പാടി. മദ്യത്തിന്റെ ലഹരിയിൽ നായിക പാടുന്ന പാട്ടായിരുന്നു അത്. റിക്കോർഡിങ് വേളയിൽ ആ പാട്ട് കേട്ട ചിത്രത്തിന്റെ നിർമാതാവ് ആ ഗാനം സിനിമയിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ലതാ മങ്കേഷ്‌കർ പാടി വികൃതമാക്കി എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേ കാരണം പറഞ്ഞു സംഗീതസംവിധായകനിൽ നിന്നും ഭീമമായ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എന്തോ സാങ്കേതിക കാരണങ്ങളാൽ ആ ഗാനം നീക്കം ചെയ്യാതെ അനാർക്കലി റിലീസ് ആയി. ആ പാട്ട് സിനിമയേക്കാൾ വലിയ തരംഗമായി മാറി. ഇന്നും ലത മങ്കേഷ്കറുടെ ഏറ്റവും ഹിറ്റ്‌ ഗാനങ്ങളിൽ ഒന്നാണ് മുഹബത്ത് മേ ഐസേ കദം. ലത മങ്കേഷ്‌കർ ഒരു ചിരിയിൽ ഇതേ പറ്റിയുള്ള പ്രതികരണം ഒതുക്കി എന്നു പറയപ്പെടുന്നു. അവരുടെ അതിപ്രശസ്തമായ ഒറ്റ വാചക പ്രതികരണങ്ങൾ തുടങ്ങിയത് ആ സംഭവത്തിനു ശേഷമാണെന്നും പറയപ്പെടുന്നു.

ഗിന്നസ് ലോക റെക്കോർഡ് നേടി നഷ്ടപ്പെട്ട അപൂർവമായ റെക്കോർഡും ലത മങ്കേഷ്കറിന്റെ ജീവിതത്തിലുണ്ട്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായികയുടെ റെക്കോർഡ് ആണ് മുഹമ്മദ്‌ റാഫിയടക്കം ചോദ്യം ചെയ്തതിന്റെ പേരിൽ ലത മങ്കേഷ്കറിനു നഷ്ടമായത്. ഗായക ലോകം രണ്ടു ചേരികളായി തിരിഞ്ഞ പ്രശ്നമായിരുന്നു അത്. വലിയ തർക്കവിതർക്കങ്ങൾ അതിനെ ചുറ്റിപ്പറ്റി ഉണ്ടായി. ഞാൻ പാട്ടുകളുടെ എണ്ണമെടുക്കാൻ പോയിട്ടില്ല എന്ന അവരുടെ ഒറ്റ പ്രതികരണത്തിൽ ആ ചർച്ചകളും വിവാദങ്ങളും അവസാനിച്ചു. സഹോദരി ആശ ഭോസ്‌ലെയുമായുള്ള ലതയുടെ മത്സരത്തെക്കുറിച്ചുള്ള വാർത്തകൾ ലോകം മുഴുവൻ ശ്രദ്ധ നേടി. സാസ് എന്ന മസാല ബോളിവുഡ് സിനിമ വിഷയത്തെ ആളിക്കത്തിച്ചു. ആശ പലപ്പോഴും അതിവൈകാരികമായി ആ വിഷയത്തോടെ പ്രതികരിച്ചപ്പോൾ ലത അവരുടെ സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങൾ തമ്മിലുള്ളത് വീട്ടിൽ തീർക്കാവുന്ന വഴക്കുകൾ മാത്രമാണെന്നു പറഞ്ഞു. പിന്നീട് ആ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറി. ലതാ മങ്കേഷ്കറിന്റെ പ്രണയജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകളോടും നിശബ്ദത്തതയിലൂടെ അവർ മറുപടി പറഞ്ഞു.

പല ഭാഷകളിലുള്ള 40,000 പാട്ടുകൾ പോലെ, ലതാ മങ്കേഷ്കറിന്റെ പാട്ടുകളിലൂടെ മാത്രം പറയാവുന്ന ഹിന്ദി സിനിമയുടെ ചരിത്രം പോലെ സമൃദ്ധമായൊരു ജീവിതമായിരുന്നു അവരുടേത്. തന്റെ കരിയറിനെ, സെലിബ്രിറ്റി ജീവിതത്തെ എങ്ങനെ കൊണ്ടു പോകണമെന്നുള്ള അവരുടെ തീരുമാനമാണ് 70 വർഷത്തിലധികം നീണ്ട താരപദവി. ഇന്ന് നവതി കഴിഞ്ഞിട്ടും അവരെ തേടി വലിയ അവസരങ്ങൾ വരുന്നതും ഇതുവരെ പാടിയതിനേക്കാൾ കൂടുതൽ വെല്ലുവിളി തരുന്ന ഒരു പാട്ടേ ഞാൻ പാടൂ എന്നവർക്കു തീരുമാനിക്കാൻ പറ്റുന്നതും അതുകൊണ്ടാണ്. ലതാ മങ്കേഷ്കറിനു ശേഷം വന്ന പലരും അവരുടെ ജീവിതം ഒരു പാഠപുസ്തകമാണെന്നു പറയുന്നതും അതുകൊണ്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA