ബാലഭാസ്കർ - വയലിനിൽ തെറിച്ചുവീണ ചോരത്തുള്ളികൾ

madhuvasudev-balabhaskar
SHARE

ദുരൂഹസാഹചര്യങ്ങളിൽ മരണപ്പെട്ട നിരവധി സംഗീതജ്ഞർ പടിഞ്ഞാറൻ ഗാനചരിത്രത്തിലുണ്ട്. സാം കുക്, ജിം മോറിസൺ, മർവിൻ  ഗയേ, ചെത് ബേക്കർ, ബ്രിയാൻ ജോൺസ്, ജോണി തണ്ടേഴ്സ്, ‘2 പാക്’ ഷക്കൂർ, ബിഗി സ്മാൾസ്‌ എന്നിങ്ങനെ സംഗീതലോകത്തെ ക്ഷണിക നക്ഷത്രങ്ങളായി മിന്നിപ്പൊലിഞ്ഞ വിശ്വഗായകരുടെ ശൃംഖല നീണ്ടുപോകുന്നു. ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നനിലയിലും ‘ഡിയർ മമ്മ, ഹൗ ലോങ് വിൽ ദേ മോൺ മി, മി ആൻഡ് മൈ ഗേൾഫ്രണ്ട്, കാലിഫോണിയ ലവ്, ലൈഫ് ഗോസ് ഓൺ’ തുടങ്ങിയ നിരവധി ഗാനങ്ങളിലൂടെ എന്നും എന്നെ മോഹിപ്പിച്ചിട്ടുള്ള റാപ്പർ ഗാനരചയിതാവ്, നടൻ എന്ന പരിഗണനയിലും ‘2 പാക്കി’നെ ഞാൻ സവിശേഷമായി ഓർക്കുന്നു. വെറും ഇരുപത്തിയഞ്ചാം വയസിൽ വെടികൊണ്ടു മരിച്ച ‘2 പാക് ’ ഷക്കൂറിന്റെ മരണത്തിനു പിന്നിലെ നിഗൂഢതകൾ കാൽനൂറ്റാണ്ടു കഴിഞ്ഞിട്ടും ഇനിയും പൂർണമായും പുറത്തു വന്നിട്ടില്ല. ഞാൻ എഴുതാൻ ഉന്നംവച്ചിട്ടുള്ള വിഷയത്തിൽ സുഗമമായി ചെന്നുകയറാൻവേണ്ടി മാത്രം ‘2 പാക്കി’നെപ്പറ്റി അല്പം ചില കാര്യങ്ങൾ സൂചിപ്പിച്ചുകൊള്ളട്ടെ.

1971- ൽ ന്യുയോർക്കിലെ മെരിലാൻഡിൽ ജനിച്ച ലെസേയ്ൻ പാരിഷ് ക്രൂക്‌സ് എന്ന ‘2 പാക് ’ ഷക്കൂർ, വെസ്റ്റ് കോസ്റ്റ് ‘ഹിപ് ഹോപ്’ സംഗീതവിഭാഗത്തിലെ നെടുനായകനായിരുന്നു. ഏകദേശം ഒരു ലക്ഷത്തിയിരുപത്തയ്യായിരം ഡോളർ വിലമതിക്കുന്ന 'ഡെത് റോ' പതക്കം അപഹരിച്ച വിഷയത്തിൽ ലാസ് വേഗസിൽവച്ച് ലോസ് ആഞ്ചലസിലെ ഒരു മാഫിയാത്തലവനെ ‘2പാക്’ പരസ്യമായി മുഖമടച്ചു തല്ലി. അപമാനിതനായ ആൻഡേഴ്‌സൺ പ്രതികാരാർദ്ധം ‘2 പാക്കി’നെ വെടിവച്ചുകൊന്നു എന്നായിരുന്നു ഉറ്റ മിത്രമായ സ്യുജ് നൈറ്റ് പറഞ്ഞുപരത്തിയതും പൊതുവേ, സമൂഹം വിശ്വസിച്ചതുമായ വാർത്ത! പക്ഷേ കേസിൽ ആൻഡേഴ്സണോ കൂട്ടാളികളോ ശിക്ഷിക്കപ്പെട്ടില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞ്, അയാളുടെ അങ്കിളായ കീഫ് ഡി.യുടെ വെളിപ്പെടുത്തലുകളെ ആധാരമാക്കി ഗ്രെഗ് കേയ്‌ഡിങ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ എഴുതി, 2011- ൽ പ്രസിദ്ധീകരിച്ച ‘മർഡർ റാപി’ൽ ‘2 പാക്’ കൊലപാതകത്തെ സംബന്ധിച്ച വിറങ്ങലിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടു. മയക്കുമരുന്നു വ്യാപാരവും അധോലോക ഭീകരതയും കുടിപ്പകകളും ചതിവേലകളും സംഗീതജ്ഞർക്കിടയിലെ കിടമൽസരങ്ങളും ഉൾച്ചേർന്ന ഗൂഢാലോചനയിൽ ഒരു വിലപ്പെട്ട കലാജീവിതം തെരുവിൽ ചിതറിത്തെറിച്ചതിന്റെ മർമഭേദകമായ കഥ അതിൽ ഞാൻ വായിച്ചു. അവിടെ ‘2 പാക്കി’ന്റെ ചോരപുരണ്ട കൈകളുമായി നിൽക്കുന്നത്, കുറ്റാരോപിതനായ ആൻഡേഴ്‌സണല്ല, അമേരിക്കൻ റാപ്പാറായ പഫ് ഡാഡിയും ‘ഡെത് റോ റെക്കോഡ്‌സ്’ കമ്പനിയുടെ സിഇഒ സ്യൂജ്  നൈറ്റുമാണ് - ആരും പ്രതീക്ഷിക്കാത്ത മലക്കം മറിച്ചിൽ! ഈ ഞടുക്കം എന്നെ നയിച്ചുകൊണ്ടുപോകുന്നതാവട്ടെ, ജനഹൃദയങ്ങളിൽ ആനന്ദാമൃതവർഷിണിപോലെ പെയ്തുനിന്ന ഒരു യുവകലാകാരന്റെ ദാരുണമരണത്തിനു പിന്നിൽ ബാക്കികിടക്കുന്ന സന്ദേഹങ്ങളിലേക്കും സമസ്യകളിലേക്കും.

2018-ലെ ഗാന്ധിജയന്തിദിനത്തിൽ മൃതിയടഞ്ഞ ബാലഭാസ്കർ ഇപ്പോൾ ഒരു ക്രൈം സ്റ്റോറിയിലെ കേന്ദ്ര കഥാപാത്രമായി മാറിപ്പോകുന്നു. നാല്പതാം വയസിൽ ഭൂമിവാസം വെടിയേണ്ടിവന്ന ഈ അനുഗ്രഹീത വയലിൻവാദകൻ മരണാന്തരം ഇത്തരത്തിൽമാത്രം ചർച്ച ചെയ്യപ്പെടുന്നതിൽ ഞാൻ അങ്ങേയറ്റം അസ്വസ്ഥനാകുന്നു. കാരണം, ഒരു അതുല്യ കലാകാരനെ, ഹൃദയഭാജനത്തെ, ഇത്തരത്തിൽ ഓർമിക്കേണ്ടിവരുന്നതിൽപരം വേദന വേറെന്താണുള്ളത്? സത്യത്തിൽ, ഏകദേശം ഇരുപത്തിമൂന്നു വർഷക്കാലം സംഗീതവേദിയിൽ നിറഞ്ഞുനിന്ന ബാലഭാസ്കർ എങ്ങനെ മരിച്ചു എന്നതിനേക്കാൾ എങ്ങനെ ജീവിച്ചു എന്ന വിഷയത്തിലാണ് ആസ്വാദകസമൂഹം ഊന്നൽനൽകേണ്ടത്.

എത്തരത്തിൽ നിരീക്ഷിച്ചാലും ബാലഭാസ്കർ ഒരു തികഞ്ഞ പെർഫോമറായിരുന്നു. ഈ സിദ്ധി കേവലം സംഗീതവൈഭവംകൊണ്ടു നേടാൻ കഴിയുന്നതല്ല. ജനങ്ങളുടെ മനോഭാവങ്ങളും ആസ്വാദനശീലങ്ങളും അവയിലെ വൈവിധ്യങ്ങളും മനസിലാക്കി പെരുമാറാൻ കഴിയുന്നവർമാത്രമേ മികച്ച പെർഫോമറായി വാഴുകയുള്ളൂ. ജ്ഞാനമാർഗത്തിൽ ചിന്തിച്ചാൽ അത്രയൊന്നും ഉയരത്തിൽ പ്രതിഷ്ഠിക്കാൻ കഴിയാത്ത കുന്നക്കുടി വൈദ്യനാഥൻ പ്രയോഗതലത്തിൽ അദ്വിതീയനായിരുന്നു. വലിയ ആൾക്കൂട്ടത്തെ ആകർഷിക്കാൻ ആവശ്യമായ കരവിരുത് കുന്നക്കുടി പ്രദർശിപ്പിച്ചു. എന്നാൽ, ഇവട്ടൂരി വിജയേശ്വര റാവുവോ എൻ.സി.കൃഷ്ണമാചാര്യലുവോ അന്നവരപു രാമസ്വാമിയോ മാരെല്ലാ കേശവറാവുവോ കോമന്ദുരൈ ശേഷാദ്രിയോ എം.ശ്രീനിവാസ നരസിംഹമൂർത്തിയോ ദുർഗാപ്രസാദ് റാവുവോ ഇത്തരത്തിൽ ജനപ്രീതിനേടിയില്ല. ഇവരെയെല്ലാം ഇവിടെ ഉദ്ധരിക്കാൻ ഒരേയൊരു കാരണമേയുള്ളൂ- വയലിൻവാദനത്തെ ബാലു എങ്ങനെ സമീപിച്ചു എന്നു വ്യക്തമാക്കുക. ഇങ്ങനെ നോക്കിയാൽ, കുന്നക്കുടി വൈദ്യനാഥനെപ്പോലെ എല്ലാവിഭാഗം ജനങ്ങളെയും രസിപ്പിക്കുന്നതിൽ ബാലുവും ശ്രദ്ധകൊടുത്തു. അതിനുവേണ്ടി ക്ലാസിക്കൽ സംഗീതത്തേക്കാൾ ഉപരി ജനപ്രിയസംഗീതത്തെ ധാരാളമായി ആശ്രയിച്ചു. അതിലൂടെ കൈവന്ന താരമൂല്യം രാജ്യാന്തരങ്ങളിൽ തുടർച്ചയായി വയലിൻ ഷോ നടത്തുവാൻ ബാലുവിനു തുണയായി.

തലസ്ഥാനത്തെ പ്രവാസജീവിതത്തിൽ പ്രവേശിക്കുന്നതിനു മുമ്പേ ബാലുവിനെ കാണാനും സംസാരിക്കാനും ചില സന്ദർഭങ്ങളുണ്ടായി. അപ്പോഴൊന്നും  ഉള്ളിൽ പതിഞ്ഞുകിടക്കുമാറുള്ള  വർത്തമാനങ്ങൾ ഉരുവെടുത്തില്ല. പതിവു സങ്കോചം എന്നെ പുറകോട്ടു വലിച്ചുപിടിച്ചു. സംഗീതാനുഭവങ്ങൾ പങ്കിടാനോ സംഗീതാഭാവനകളിൽ പറന്നുയരാനോ സാധിച്ചില്ല. എങ്കിലും ആയിടെ ഒരു പ്രമുഖ വാരികയിൽ ഞാൻ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന ചില ലേഖനങ്ങൾ ബാലു ശ്രദ്ധിച്ചിട്ടുള്ളതായി ഞാൻ മനസിലാക്കി. എന്നാലും ബാലു എന്നോടു കാട്ടിയ നല്ല പെരുമാറ്റത്തെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള  സവിശേഷതയായേ ഞാൻ മനസിലാക്കിയുള്ളൂ. ഈ വിനീതഭാവം ബാലുവിന്റെ ചിരിയിൽ എപ്പോഴും കൊത്തിവച്ചിരുന്നു. തമ്പാനൂരിലെ ഇന്ത്യൻ കോഫീ ഹൗസിൽ വെജിറ്റബിൾ കട് ലറ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ തോളിൽ പതിഞ്ഞ മാർദവസ്പർശത്തിലും ഇതേ സൗമ്യത ഞാൻ അനുഭവിച്ചു.

മറ്റാരുടെയോ പ്രതീക്ഷയിൽ കോഫീ ഹൗസിൽ കടന്നുവന്ന ബാലു, ഞാൻ അഭ്യർഥിച്ചപ്പോൾ സന്തോഷത്തോടെ എതിരേ ഇരുന്നു, ഒരു ചായയുടെ ഉദാരത സ്വീകരിക്കാനും തയ്യാറായി. അന്നേരം മുകളിൽനിന്നും ഇറങ്ങിവന്ന രണ്ടു പെൺകുട്ടികൾ അവരുടെ ആവേശം ഉറക്കേ പ്രകടിപ്പിച്ചുകൊണ്ട് ബാലുവിനെ ചെറുതായി ആശ്ലേഷിച്ചു, പിന്നെ ഞങ്ങൾക്കൊപ്പം ഇരുപ്പുറച്ചു. അവരിൽ ഒരാൾ മേശമേൽ വച്ചിരുന്ന ബാലുവിന്റെ വയലിൽപെട്ടി അനുവാദം ചോദിക്കാതെ ബലമായി തുറന്നു, വയലിൻ ആദ്യമായി കാണുന്നതുപോലെ ഓരോരോ സംശയങ്ങൾ ചോദിച്ചുതുടങ്ങി. ബാലു ചിരിച്ചുകൊണ്ട് മറുപടികളും നൽകി. എനിക്കു പക്ഷേ അവളുടെ ദുഃസ്വാതന്ത്ര്യം രസിച്ചില്ല. ‘ഈ സ്ട്രിങ്ങ്സുകൾ വലിച്ചാൽ പൊട്ടുമോ’ എന്നവൾ ചോദിച്ചതും വലിച്ചതും ‘ഇ’ സ്ട്രിങ് പൊട്ടിയതും ഒരു നിമിഷംകൊണ്ടു കഴിഞ്ഞു! ഞാൻ ജ്വലിച്ചു, ബാലു സംയമനം പാലിച്ചു. പെൺകുട്ടി പൊട്ടിക്കരഞ്ഞു. ‘കടുപ്പത്തിൽ രണ്ടു പറയണം’ എന്നു കരുതി നോക്കിയപ്പോൾ കാണാം അവളുടെ പിളർന്ന ചൂണ്ടുവിരലിൽനിന്നും ചോരത്തുള്ളികൾ മേശമേൽ ഇറ്റുവീഴുന്നു! ഞങ്ങൾ രണ്ടാളും പരിഭ്രമിച്ചു. കൂട്ടുകാരി ബാഗിനുള്ളിൽനിന്നും എടുത്തുകൊടുത്ത ഇളം മഞ്ഞനിറമുള്ള തൂവാല അവൾ വിരലിൽ ചുറ്റിക്കെട്ടി, അമർത്തിപ്പിടിച്ചു. ആ സമയം, ബാലു ചോരത്തുള്ളികൾ പറ്റിയ സ്ട്രിങ് പതിയേ അഴിച്ചെടുത്തു, അവൾക്കു നേരേ വച്ചുനീട്ടി. തട്ടിപ്പറിക്കുന്നതുപോലെ അവൾ അതു വാങ്ങിച്ചെടുത്തു. അതിനെ ചുറ്റിച്ചുറ്റി ഒരു വളയാക്കി മാറ്റി വലതു കയ്യിൽ അണിഞ്ഞു. കരച്ചിലും മാറി ചിരികൾ വിരിഞ്ഞു. അന്തരീക്ഷവും തണുത്തു. കൂട്ടുകാരൻ എത്തിയതോടെ ബാലു ‘ബൈ’ പറഞ്ഞു പിരിഞ്ഞു. പെൺകുട്ടികൾ പേടിയോടെ എന്നെ ഒന്നു നോക്കി, ക്ഷണത്തിൽ അപ്രത്യക്ഷരായി.

പിന്നൊരിക്കൽ ആകാശവാണിയിൽ ഒരു സ്നേഹിതനെ സന്ദർശിച്ചു തിരിച്ചിറങ്ങിയനേരം പോർട്ടിക്കോയിൽനിന്ന ബാലുവിനെ കണ്ടു. ഞങ്ങൾ കുറച്ചുസമയം അവിടെ നിന്നുതന്നെ സംസാരിച്ചു. ഞാൻ ജോലിചെയ്യുന്ന സാക്ഷരതാ മിഷൻ ശാസ്തമംഗലത്താണെന്നു പറഞ്ഞപ്പോൾ വൈകുന്നേരം സൂര്യ ടിവിയിൽ വരുന്നകൂട്ടത്തിൽ ഓഫീസിലും കയറാമെന്നു ബാലു സമ്മതിച്ചു, അതു പാലിച്ചു. കൂട്ടുകാരൻ ബൈക്കിൽ ഇരുന്നതേയുള്ളൂ, ബാലു മുകളിലേക്കു കയറിവന്നു. കളിവീണപോലെയുള്ള ഒരു ചെറിയ ഒറ്റക്കമ്പിവാദ്യം കയ്യിലുണ്ടായിരുന്നു. അതിൽ ഫിലിം ട്യൂണുകൾ വായിക്കുന്നതുകേട്ട കാവൽക്കാരൻ പടികൾ ഓടിക്കയറിവന്നു. ശാസ്ത്രീയസംഗീതത്തിൽ വാശിപിടിച്ചുകിടന്നിരുന്ന എന്റെ താൽപര്യം മനസിലാക്കിയ ബാലു നാട്ട രാഗത്തിൽ 'സ്വാമിനാഥ പരിപാലയ', നളിനകാന്തിയിൽ  'മനവ്യാള കിം' തുടങ്ങിയ ചില കീർത്തനങ്ങൾകൂടി വായിച്ചുകേൾപ്പിച്ചു. അതീവ വിനയത്തോടെ, 'ഇത്രയൊക്കെയേ കയ്യിലുള്ളൂ' എന്നു  ബാലു പറഞ്ഞപ്പോൾ എനിക്കു തോന്നി, നേർത്ത വർണങ്ങളിൽ എഴുതുന്ന ചിത്രംപോലെ, നനുത്ത പട്ടിഴകളിൽ നെയ്യുന്ന കാഞ്ചീപുരംചേലപോലെ, ബാലു, സ്വരങ്ങൾകൊണ്ടു നിർമിക്കപ്പെട്ട കലാകാരനാണ്. ബാലുവിന്റെ  നനുത്ത പുഞ്ചിരിയിലും ഓരോ വാക്കിലും വിരലുകളുടെ ചലനങ്ങളിൽപോലും സംഗീതം തുടിച്ചുനിന്നു. ബാലുവിനെ യാത്രയാക്കി തിരികേ ഓഫിസിലേക്കു നടന്നുവരവേ, ഞാൻ മുകളിലേക്കു വെറുതേ നോക്കി, മാനംനിറയേ സ്വർണം മെഴുകിയ വൈശാഖപൗർണമി! അതുതന്നെയായിരുന്നു ആ രാത്രിയിൽ ബാലു എനിക്കു പകർന്നുതന്ന സംഗീതാനുഭൂതിയും.

വർഷങ്ങളുടെ ഇടവേളക്കുശേഷം പിന്നീടും ബാലുവിനെ കാണാൻ അവസരമുണ്ടായി. അപ്പോൾ ബാലു ഏറെ കീർത്തിയാർജിച്ചു കഴിഞ്ഞിരുന്നു. പാശ്ചാത്യ മാതൃകയിലുള്ള ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ജനങ്ങളെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. ബാലുവിന്റെ സ്റ്റേജ് ഷോകളുടെ ടിക്കറ്റുകൾ കരിഞ്ചന്തയിൽപോലും വിൽക്കാവുന്നതരത്തിൽ താരപരിവേഷം വർധിച്ചു. ഏതോ ചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിൽ വന്നിറങ്ങിയ ബാലുവുമായി ഒട്ടും നിനച്ചിരിക്കാതെ, പള്ളിമുക്കിലെ കോഫീഷോപ്പിനുള്ളിൽ ഹ്രസ്വമായ കൂടിക്കാഴ്ച തരപ്പെട്ടു. എന്നെ ഓർത്തെടുക്കാൻ ചില നിമിഷങ്ങൾ വേണ്ടിവന്നെങ്കിലും  സംഭാഷണത്തിൽ അപരിചിത്വം ഇത്തിരിപോലും അനുഭവപ്പെട്ടില്ല. അതിൽ ഞാനും ആശ്വസിച്ചു. ആയിടെ കേട്ടുകൊണ്ടിരുന്ന ചില പടിഞ്ഞാറൻ വയലിൻവാദകരെപ്പറ്റി, ‘തള്ള്^ എന്നു തോന്നാത്തതരത്തിൽ ചില സൂചനകൾ ഞാൻ കൊടുത്തു. കാരണം, സംഗീതത്തെ സംബന്ധിച്ച കുറിപ്പുകൾ എഴുതുന്ന ഒരു എളിയ കലാസ്വാദകൻ എന്നനിലയിൽ അതെന്റെ ഉത്തരവാദിത്തത്തിൽ വരുന്നതാണെന്ന ബോധ്യം ഇന്നത്തേക്കാൾ തീവ്രമായി അന്നും ഉണ്ടായിരുന്നല്ലോ! അതിനാൽ പാപ ജോൺ ക്രീച്, ഡോൺ ഷുഗർ കെയ്ൻ ഹാരിസ്, മാർക് ഒകോണർ, ഡേവിഡ് റാഗ്‌സ് ഡെയ്‌ൽ, ആഷ്‌ലി മിക്കായിസക് തുടങ്ങി റോക് സംഗീതത്തിൽ എണ്ണത്തിൽ കുറവായിട്ടുള്ള ഏതാനും വയലിൻവാദകരെക്കുറിച്ചും കർണാടക സംഗീതത്തിൽ  ഡബിൾ വയലിൻ വായിക്കുന്ന നെയ് വേലി രാധാകൃഷ്ണയെക്കുറിച്ചും ഞാൻ മനോനിയന്ത്രണമില്ലാതെ പറഞ്ഞുപോയി! അതിൽ അസ്വസ്ഥനായ കൂട്ടുകാരൻ തിടുക്കംകൂട്ടി. ബാലു ഹോട്ടലിലേക്കു മടങ്ങി.

അവസാനത്തേതായിരുന്നു, അന്നത്തെ സമാഗമം. എനിക്കും മഹാരാജാസിൽനിന്നു മലബാറിലേക്കു മാറ്റമുണ്ടായി. തിരുവനന്തപുരത്തു പോകേണ്ടതായ  സാഹചര്യങ്ങൾ പിന്നെ വന്നതുമില്ല. ബാലു കാറപകടത്തിൽപെട്ട വാർത്ത കേട്ടപ്പോൾ, തുടക്കംമുതലേ ഉള്ളിൽ മരവിപ്പായിരുന്നു - വേദനയുടെ മൂർധന്യതയിൽ വന്നുകൂടുന്ന ഏറ്റവും സ്വാഭാവികമായ സ്ഥിതി! ബാലു തിരിച്ചുവരുമെന്ന പ്രതീക്ഷ എന്തുകൊണ്ടോ എന്നിൽ തീരെയുണ്ടായില്ല. തലസ്ഥാനത്തുനിന്നു ലഭിച്ചുകൊണ്ടിരുന്ന വാർത്തകളത്രയും നിരാശാഭരിതങ്ങളുമായിരുന്നു. എല്ലാ ആരാധകരും കരുതുന്നതുപോലെ ബാലഭാസ്കർ മരിച്ചിട്ടില്ലെന്ന കൃത്രിമ വിശ്വാസത്തിൽ തുടരാനേ  ഇനിയിപ്പോൾ എനിക്കും സാധിക്കുകയുള്ളൂ. പക്ഷേ അങ്ങനെയങ്ങു മറച്ചുപിടിക്കാൻ കഴിയാത്ത ഒരു യാഥാർഥ്യത്തെ, ജീവിതപങ്കാളി ലക്ഷ്മി തനിയേ എങ്ങനെ നേരിടുന്നുവെന്ന ഉൽകണ്ഠ, കേസന്വേഷണത്തെപ്പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ വരുമ്പോൾ എന്നിൽ പിടഞ്ഞുയരാതിരിക്കുന്നില്ല! ഈ മാനസികാവസ്ഥയിൽനിന്നു തെല്ലൊന്നു മാറിനിൽക്കാൻ ബ്രണ്ണൻ കോളേജിലെ സെൻട്രൽ ലൈബ്രറിയിൽവച്ചു വായിച്ച ഒരു വലിയ പുസ്തകത്തിലെ ചെറിയ വരി എന്നെ സഹായിക്കുന്നു. ഞാൻ ഏറെ താലോലിച്ചുകൊണ്ടിരിക്കുന്ന ധാരാളം മാസ്മരിക കവിതകൾ തന്നിട്ടുള്ള പ്രിയ കവി ജോൺ കീറ്റ്സ് എഴുതിയ കത്തുകളുടെ സമാഹാരത്തിൽ കണ്ടുമുട്ടിയ ആ വരി ഏതാണ്ടിങ്ങനെയാണ് - 'നാളെ നിന്നോടു പറയണമെന്നു കരുതിവച്ച വാക്കുകൾ ഞാൻ ഇന്നലെത്തന്നെ മറന്നുപോയല്ലോ!'

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS