നിർമിത ബുദ്ധി പൂർത്തിയാക്കുന്നു; ബീഥോവന്റെ പത്താം സിംഫണി

bethovan-symphony
SHARE

∙ കംപ്യൂട്ടർ പൂർത്തീകരിച്ച സിംഫണിയുടെ ആദ്യ അവതരണം ഈ മാസം ഒൻപതിന് ജർമനിയിലെ ബോണിൽ

∙രണ്ടു വർഷം നീണ്ട ശ്രമത്തിലൂടെ സിംഫണി പൂർത്തിയാക്കിയത് സംഗീതജ്ഞരും ചരിത്രകാരന്മാരും കംപ്യൂട്ടർ ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം.

∙കലാ രംഗത്ത് നിർമിത ബുദ്ധിയുടെ കുതിച്ചു ചാട്ടം

അനാരോഗ്യം കാരണം വിഖ്യാത സംഗീതജ്ഞൻ ബീഥോവന് പൂർത്തിയാക്കാൻ കഴിയാതെപോയ അദ്ദേഹത്തിന്റെ പത്താം സിംഫണി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ പൂർത്തിയാക്കി രാജ്യാന്തര ദൗത്യ സംഘം. കംപ്യൂട്ടർ പൂർത്തീകരിച്ച സംഫണിയുടെ ആദ്യ അവതരണം ഈ മാസം ഒൻപതിന് ജർമനിയിലെ ബോണിൽ ഡോയിച് ടെലികോം ഫോറത്തിൽ നടക്കുകയാണ്. ഇതിന്റെ റെക്കോർഡുകളും അന്ന് വിപണിയിൽ അവതരിപ്പിക്കും. ബീഥോവന്റെ ഇരുനൂറ്റിയൻപതാം ജന്മവാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കലാലോകത്തേക്ക് നിർമിത ബുദ്ധിയുടെ വലിയ കുതിച്ചു ചാട്ടം. കംപോസർ മരിച്ച് 194 വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ അപൂർണ രചന പൂർത്തീകരിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്. 

നയിച്ചത് അഞ്ചംഗ സംഘം

മ്യൂസിക് ടെക്നോളജി രംഗത്തെ പഠന ഗവേഷണങ്ങൾക്ക് ഓസ്ട്രിയയിലെ സ്വാൽറ്റ്ബഗിൽ പ്രവർത്തിക്കുന്ന ഹെർബർട് വോൻ കരയാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. മാത്തിയാസ് റോഡറുടെ തലയിലുദിച്ച ആശയമാണിത്. ബീഥോവന്റെ 250–ാം ജന്മവാർഷികത്തിന് അപൂർണ സിംഫണി പൂർത്തീകരിക്കുക എന്ന ലക്ഷ്യവുമായി ഒരു സംഘം രൂപീകരിക്കാൻ റോഡർ മുന്നിട്ടിറങ്ങി. 2019ൽ അദ്ദേഹം യുഎസിലെ ന്യൂജഴ്സിയിലുള്ള റട്ഗസ് യൂണിവേഴ്സിറ്റിയിലെ പ്രഫസറും നിർമിത ബുദ്ധി (എഐ) വിദഗ്ധനുമായ ഡോ. അഹ്മദ് എൽഗമാലിനെ ബന്ധപ്പെട്ടു. പത്താം സിഫണിയുടെ പൂർത്തീകരണം എഐ ഉപയോഗിച്ച കഴിയുമോ എന്നായിരുന്നു ചോദ്യം. 

ശ്രമിക്കാം എന്നു മറുപടി നൽകുവാനേ അന്ന് ഡോ. എൽഗമാലിന് കഴിഞ്ഞുള്ളൂ. അന്നു ലഭ്യമായിരുന്ന എഐ സാങ്കേതിക വിദ്യ പ്രയോഗിച്ചാൽ ഒരപൂർണ സംഗീത ശിൽപത്തെ ഏതാനും സെക്കൻഡുകൾ കൂടി ദീർഘിപ്പിക്കുവാനേ കഴിയൂ എന്ന് റട്ഗസസിലെ ആർട്ട് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറി സ്ഥാപകനും ഡയറക്ടറുമായ ഡോ. എൽഗമാൽ വ്യക്തമാക്കി. 

പക്ഷേ, ഡോ. റോഡർ വിദഗ്ധരുടെ അതിഗംഭീരമായ ഒരു പാനലിനെ തന്നെ അണിനിരത്തി. ഇന്റലിന്റെ അതിപ്രശസ്തമായ സിഗ്നേച്ചർ ട്യൂൺ എഴുതിയൊരുക്കിയ ഓസ്ട്രിയൻ കംപോസർ വാൾട്ടർ വെർസോവ, കംപ്യുട്ടേഷനൽ മ്യൂസിക് വിദഗ്ധനും മ്യൂസിക്കോളജിസ്റ്റുമായ ഡോ. മാർക് ഗോഥം, ഹാർവഡ് യൂണിവേഴ്സിറ്റി മ്യൂസിക്കോളജിസ്റ്റും പ്രശസ്ത പിയാനോ വാദകനുമായ റോബർട്ട് ലെവിൻ എന്നിവർ അടങ്ങുന്നതായിരുന്നു ഡോ. എൽഗമാലിനൊപ്പം പ്രോജക്ടിന്റെ കോർ ടീം. 

ഒന്നര വർഷത്തെ അധ്വാനം

ഹാർവഡ് സർവകാലാശാലയുടെ മ്യൂസിക് ലൈബ്രറിയിൽ 2019 ജൂണിൽ സംഘം ഒത്തുകൂടി. രണ്ടു ദിവസത്തെ ശിൽപശാല. ആശയങ്ങൾ പങ്കുവയ്ക്കപ്പെട്ടു. സംഗീത ഭാഷയിൽ ഏതാനും ഫ്രെയ്സുകളിൽ മാത്രം ഒതുങ്ങുന്ന തുടക്കം മാത്രമുള്ള രചനയെ സിംഫണിയായി രൂപാന്തരപ്പെടുത്താനുള്ള പ്രയാസം എല്ലാവർക്കും ബോധ്യമായി. 

ബീഥോവന്റെ എല്ലാ സംഗീത രചനകളും കംപ്യൂട്ടറിനെ പഠിപ്പിക്കുക എന്നതായിരുന്നു ആദ്യപടി. വെർസോവ, ഡോ. മാർക് ഗോഥം, റോബർട്ട് ലെവിൻ, ഡോ. റോഡർ എന്നിവർ ആ ദൗത്യം നിർവഹിച്ചു. ബീഥോവന്റെ ആദ്യ 9 സംഫണികളുടെ വിശദമായ വിശകലനം നടത്തി. അദ്ദേഹത്തിന്റെ സംഗീത ആശയങ്ങളും താൽപര്യങ്ങളും മനസ്സിലാക്കി. ഇവയെല്ലാം എഐ ടിമിനു കൈമാറി. സ്റ്റാപ്‍ട്ടപ്പായ പ്ലേഫോം എഐ ഇവയൊക്കെ കംപ്യൂട്ടറിനെ പഠിപ്പിച്ചെടുത്തു. പക്ഷേ സിംഫണിയുടെ സാക്ഷാത്കാരത്തിന് അതിലപ്പുറമുള്ള കാര്യങ്ങളും വേണ്ടിയിരുന്നു.

ഉദാഹരണമായി വെറും നാലു നോട്ടു മാത്രമുള്ള കുഞ്ഞൻ മോട്ടീവിനെ ബീഥോവൻ എങ്ങനെയാണ് തന്റെ വിഖ്യാതമായ അഞ്ചാം സിംഫണിയാക്കി മാറ്റിയതെന്ന് വിശകലനം ചെയ്ത് കംപ്യൂട്ടൈസ്ഡ് വിവരമായി യന്ത്രത്തെ പഠിപ്പിച്ചെടുക്കേണ്ടി വന്നു. സംഗീതത്തിന്റെ രണ്ടു ഘട്ടങ്ങളെ ബന്ധിപ്പിക്കുന്നതിനും ഒരു ഘട്ടം പര്യവസാനിപ്പിക്കുന്നതിനുമൊക്കെ സ്വന്തമായി സംഗീത രൂപകൽപന നിർവഹിക്കാൻ കഴിഞ്ഞാൽ മാത്രമേ കംപ്യൂട്ടറിനെക്കൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കൂ. ഇവയൊക്കെയും ബീഥോവൻ പിന്തുടർന്ന ശൈലിയിൽതന്നെ വേണം താനും. കഠിനമായിരുന്നു പരീക്ഷണം. പക്ഷേ ഡോ. എൽഗമാലും സംഘവും അതിൽ വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ സിംഫണിയുടെ ആദ്യ ഭാഗം (ഫസ്റ്റ് മൂവ്മെന്റ്) അവർ തയാറാക്കി. ഇതിൽ ഓരോയിടത്തും ഏതേത് ഉപകരണങ്ങൾ വായിക്കണം എന്നതും ബീഥോവന്റെ ശൈലിയിൽതന്നെ എഐ വഴി തീരുമാനിക്കപ്പെട്ടു. 

ബീഥോവനും കംപ്യൂട്ടറും

2019 നവംബറിൽ ബോണിലെ ബീഥോവൻ ഹൗസ് മ്യൂസിയത്തിൽ സംഘം ഒത്തുകൂടി. എഐ വികസിപ്പിച്ച മ്യൂസിക്കൽ സ്കോർ പ്രിന്റ് ചെയ്തെടുത്തു. മാധ്യമ പ്രവർത്തകരും സംഗീത പണ്ഡിതരും അടങ്ങുന്ന ചെറിയ സദസ്സിനു മുന്നിൽ പിയാനിസ്റ്റ് അതു വായിച്ചു. ബീഥോവൻ കുറിച്ചുവച്ചിരുന്ന ഫ്രെയ്സുകൾ എവിടെ അവസാനിച്ചുവെന്നോ എഐ കംപോസിങ് എവിടെ തുടങ്ങിയെന്നോ അവരിൽ ഒരാൾക്കും തിരിച്ചറിയാനായില്ല. സിംഫണി പുനരുജ്ജീവന സംഘത്തിന് അതു വലിയ ഉത്തേജനമാണ് നൽകിയത്. ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു തന്ത്രിവാദ്യ സംഘം മാധ്യമങ്ങൾക്കു മുന്നിൽ ആദ്യ മൂവ്മെന്റ് അവതരിപ്പിച്ചു. വലിയ അഭിനന്ദനമായിരുന്നു ലഭിച്ചത്. 

പക്ഷേ തുടർന്നുള്ള മൂവ്മെന്റുകൾ എന്ന വലിയ കടമ്പകൾ ബാക്കയായിരുന്നു. മാസങ്ങളെടുത്ത് 2 മൂവ്മെന്റുകൾ കൂടി പൂർത്തിയാക്കി. ഓരോന്നിനും 20 മിനിറ്റോളം ദൈർഘ്യം. ബീഥോവൻ തന്നെ എഴുതിയേക്കുമായിരുന്ന മ്യൂസിക്കൽ സ്കോറിലേക്ക് നിർമിത ബുദ്ധിയിലുടെ പ്രയോഗത്തിലൂടെ എത്തുകയായിരുന്നു സംഘം. ബീഥോവന്റെ 9 സിംഫണികളിൽ എട്ടും 4 വീതം മൂവ്മെന്റുകൾ ഉള്ളവയാണ്. ആറാം സിംഫണിക്ക് ആകട്ടെ അഞ്ച് മൂവ്മെന്റുണ്ട്. നിർമിത ബുദ്ധിയുടെ പത്താം സിംഫണിയിൽ മൂന്നു മൂവ്മെന്റ് മാത്രമേയുള്ളോ എന്നു വ്യക്തമല്ല. മൊസാർട്ടും മറ്റും മൂന്നു മൂവ്മെന്റ് ഉള്ള സിംഫണികൾ കംപോസ് ചെയ്തിട്ടുണ്ട്. 

സംഗീത ലോകം കാത്തിരിക്കുന്ന ശനിയാഴ്ച

വരുന്ന ശനിയാഴ്ചയാണ് പത്താം സിഫണിയുടെ വേൾഡ് പ്രീമിയർ ഷോ. ഏപ്രിലിൽ നടത്തേണ്ടിയിരുന്ന പരിപാടിയാണിത്. കോവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോയി. ഡിർക് കഫ്റ്റാൻ നയിക്കുന്ന ബീഥോവൻ ഓർക്കസ്ട്രയാകും പത്താം സിംഫണി അവതരിപ്പിക്കുക. ടിക്കറ്റുകൾ മുഴുവൻ ഇതിനകം വിറ്റുപോയിട്ടുണ്ട്. സിംഫണി പുനരുജ്ജീവന സംഘം വലിയ പ്രതീക്ഷയിലാണ്. പക്ഷേ, കലാലോകത്തു നിന്ന് കനത്ത വിമർശനവും അവർ പ്രതീക്ഷിക്കുന്നു. മനുഷ്യന്റെ കലാപ്രതിഭയ്ക്ക് എഐ കൊണ്ടു പകരം വയ്ക്കുന്നത് അപകടകരമാണെന്നു കരുതുന്നവരും ധാരാളം. ബീഥോവൻ ഓർക്കസ്ട്രയിലെ സംഗീതജ്‍ഞർ പോലും എഐ അവതരണത്തിന്റെ പേരിൽ രണ്ടു ചേരിയിലാണ്. 

മുൻപും ശ്രമങ്ങൾ

ബീഥോവന്റെ പത്താം സിംഫണി പൂർത്തിയാക്കാൻ മുൻപും ശ്രമങ്ങൾ നടന്നിട്ടുണ്ട്. 1988ൽ മ്യൂസിക്കോളജിസ്റ്റ് ബാരി കൂപ്പർ ആദ്യ മൂവ്മെന്റ് പൂർത്തിയാക്കിയെങ്കിലും തുടർന്നുള്ള ഘട്ടങ്ങളിലേക്ക് കടന്നില്ല. 

ലണ്ടനിലെ റോയൽ ഫിൽഹാർമണിക് സൊസൈറ്റിയുടെ ആവശ്യപ്രകാരമാണ് 1817ൽ ഒൻപതും പത്തും സിംഫണികൾ കംപോസ് ചെയ്യാൻ ബീഥോവൻ തയാറായത്. 1824ൽ ഒൻപതാം സിഫണി അവതരിപ്പിക്കപ്പെട്ടു. തുടർന്ന് ശാരീരിക അവശതകൾ ബാധിച്ച ബീഥോവന് പത്താം സിംഫണിയുടെ ചുരുക്കം വരികൾ എഴുതാനേ കഴിഞ്ഞുള്ളൂ. 1827ൽ അദ്ദേഹം അന്തരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS