ADVERTISEMENT

'കോയീ യേ കൈസേ ബതായേ കി

 

വോ തൻഹാ ക്യോമ് ഹേ ?

 

വോ ജോ അപ്‌നാ ഥാ

 

വഹീ ഔർ കിസീ കാ ക്യോമ് ഹേ?'

 

നിരവധി  ചോദ്യങ്ങളും സന്ദേഹങ്ങളും ഉയർത്തുന്ന വരികൾ. ഒന്നിനുമില്ല ഉത്തരം! പക്ഷേ ഉത്തരങ്ങൾ ലഭിക്കാത്തതുകൊണ്ടുമാത്രം ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. ഇങ്ങനെയുള്ള  മാനസികാവസ്ഥയിൽ സ്വയം ശിഥിലമായിപ്പോയ പാൻവാലാ, ഇതിനു കാരണക്കാരനായ  ഗസൽഗായകനെ തിരിഞ്ഞുപോയി. അത്രവേഗത്തിൽ  എത്തിച്ചേരാൻ കഴിയുന്ന വ്യക്തിയായിരുന്നില്ല ഗായകൻ. പലരുടെയും കരുണ ലഭിച്ചു. നിശ്ചയവും  ദൃഢമായിരുന്നു. വളരെ യാദൃശ്ചികമായി പന്തയക്കുതിരകൾക്കു പരിശീലനം കൊടുക്കുന്ന മഗൻസിങ്ങിനെ  പരിചയപ്പെട്ടു. അതുവഴി  പുനേ നഗരത്തിൽനിന്നു തെല്ലു മാറിനിൽക്കുന്ന പഴയ ആഡംബരഭവനു പുറകിലുള്ള  കുതിരലായത്തിൽ എത്തി. കുതിരകളുടെ ചിനപ്പുകൾക്കു  നടുവിൽ അവയെ ലാളിച്ചുകൊണ്ടുനിൽക്കുന്ന പ്രിയ ഗായകനെ  പാൻവാലാ നേരിൽ കണ്ടു. അയാൾ പിന്നെ പഴയ തൊഴിലിലേക്കു മടങ്ങിപ്പോയില്ല. പുറംപണികളിൽ ഏർപ്പെട്ടുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. പാൻവാലായെ വിഭ്രമിപ്പിച്ച  ഗസൽ ഗായകനെ  ലോകം മുഴുവൻ അറിയും. പക്ഷേ ഈ  കുതിരക്കമ്പം  അത്രയും പ്രസിദ്ധമല്ല. പാട്ടുപാടി നേടിയതിലേറേ കുതിരപ്പന്തയത്തിലൂടെ  ജഗ് ജീത് സിങ് സ്വന്തമാക്കി. അതുകൊണ്ടല്ലേ,  ലോകത്തിനെ  മോഹിപ്പിക്കുന്നവൻ എന്നതിൽനിന്നും ലോകത്തിനെ  ജയിക്കുന്നവൻ എന്ന അർഥത്തിലേക്കു  സ്വന്തം  പേരുപോലും മാറിപ്പോയത് ?

 

സംഗീതത്തിലുള്ള പാണ്ഡിത്യത്താൽ  സമാർജിച്ചതല്ല  ജഗ് ജീത് സിങ് സമൂഹത്തിൽ  അണിയുന്ന രാജപദവി. ഏറ്റവും നിർമലമായും  സുതാര്യമായും  സംഗീതത്തെ സമീപിച്ചതിനു പകരം ലഭിച്ചതാണ് അദ്ദേഹം ആസ്വദിച്ച ആദരവുകളെല്ലാം. അത്രമേൽ ലഘുവായും ഭാരമില്ലാതെയും ജഗ് ജീത് സിങ് ഗസലുകൾ പാടി. ഇത്രത്തോളം ആർദ്രതയോടെ  ഹൃദയത്തെ സ്പർശിക്കുന്ന സംഗീതാനുഭവം ആസ്വാദകരും അധികം പരിചയിച്ചിട്ടില്ല.  ചുണ്ടിൽ ഏറ്റവും മൃദുവായി നൽകുന്ന ചുംബനംപോലെ, പതുക്കെ വിരൽതുമ്പിൽ തൊടുന്നതുപോലെ, ഒന്നു കെട്ടിപ്പിടിക്കുന്നതിനുവേണ്ടി തുടിക്കുന്ന ഹൃദയംപോലെ, ഒട്ടും വേദനതരാത്ത നഖക്ഷതങ്ങൾപോലെ അദ്ദേഹം പാടിയ ഗസലുകൾ ആസ്വാദകരെ വികാരഭരിതരാക്കി. ഈ  അനുഭവങ്ങളുടെ അവകാശി ‘ഞാൻ മാത്ര’മാണെന്ന മായാവിഭ്രമം കേൾവിക്കാരിൽ നിർമിക്കാൻ  ജഗ് ജീത് സിങ്ങിനു സാധിച്ചു. അതിനുപോന്ന കവിതകളാണ്  അദ്ദേഹം തിരഞ്ഞെടുത്തതും.  കവികൾ ഏൽപിച്ചുകൊടുത്ത രത്‌നങ്ങളെ അദ്ദേഹം രത്നാഭരണങ്ങളാക്കി മാറ്റി ശ്രോതാക്കൾക്കു സമ്മാനിച്ചു. ഇത്രയും വിലപിടിച്ച സമ്മാനങ്ങൾ നൽകിയ ഗായകനെ അവർ മറക്കുന്നതെങ്ങനെ ? ജഗ് ജീത് സിങ്ങുമായി കടുത്ത ഹൃദയബന്ധം പുലർത്തിപ്പോന്ന  ബോളിവുഡ് നായികയും  ഒരിക്കൽ  പറഞ്ഞു – ‘അദ്ദേഹം പാടിയ ഗസലുകളെ അരഞ്ഞാണംപോലെ ഞാൻ ധരിക്കുന്നു.  അതിൽ മറഞ്ഞിരിക്കുന്ന സൗന്ദര്യം ആസ്വദിക്കാൻവേണ്ടിമാത്രം ചില  രാത്രികളിൽ ഞാൻ കിടക്കയിൽ നഗ്നയായി കിടക്കും.’  ഇത്രയും തീവ്രതയോടെ, വൈകാരികതയോടെ, പ്രണയവിവശതയോടെ  മറ്റൊരു ഗസൽഗായകനെപ്പറ്റി ആരും ഉദ്ധരണികൾ ഉയിർത്തിട്ടില്ല.

 

വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ 'ഗുരു ഗ്രന്ഥസാഹിബ് ' ദിവസവും നല്ല ഈണത്തിൽ വായിച്ചിരുന്ന മാതാവിൽനിന്നു പകർന്നു  കിട്ടിയ സംഗീതപ്രേമം ജഗ് ജീത് സിങ്ങിനു  വളരെ പ്രയോജനപ്പെട്ടു.  ഭക്തിയുടെ ഉള്ളിൽ നുരയുന്ന സംഗീതമാധുര്യത്തെ അദ്ദേഹം തിരിച്ചറിഞ്ഞു. മകനെ സർക്കാർ ഉദ്യോഗസ്ഥനാക്കാൻ തിടുക്കപ്പെട്ട  പിതാവിലും  വൈകാതെ മന:പരിവർത്തനമുണ്ടായി. പണ്ഡിതനായ ഗുരുവിനെ തേടിയുള്ള യാത്ര ശ്രീഗംഗാനഗറിൽ,  ഉസ്താദ് ജമാൽഖാനിൽ  അവസാനിച്ചു. പക്ഷേ ജഗ് ജീതിനെ ശിഷ്യനായി സ്വീകരിക്കാൻ അദ്ദേഹം  ആദ്യം വിസമ്മതിച്ചു പക്ഷേ പിതാവും പുത്രനും പിന്മാറിയില്ല. കഠിനമായ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നു. ഒടുവിൽ എല്ലാ വൈകുന്നേരങ്ങളിലും ഒരു ക്വാർട്ടർ വിസ്കിയും  പൊരിച്ച മാംസവും നൽകാമെന്ന വ്യവസ്ഥയിൽ ശിഷ്യത്വം ലഭിച്ചു. അവയൊന്നും പക്ഷേ  പിന്നീടു വേണ്ടിവന്നില്ല. ശിഷ്യന്റെ സമർപ്പിതമായ സംഗീതതാൽപര്യം  ഗുരുവിനും ബോധ്യപ്പെട്ടു. സ്വന്തം മകനായ യാസിൻ ഖാനോടൊപ്പം സംഗീത പരിശീലനം തകൃതിയായി മുന്നോട്ടുപോയി. മകനെക്കാൾ കേമൻ  ശിഷ്യനാണെന്നു മനസിലായപ്പോൾ ഒരു ദക്ഷിണ മാത്രമേ ഗുരു ആവശ്യപ്പെട്ടതുള്ളൂ. എവിടെയായിരുന്നാലും യാസിനുമേൽ  കരുതൽ വേണം. മഴവില്ലുകൊണ്ട് കണ്ണുകളെഴുതിയ ബംഗാളി ഗായിക ചിത്ര ദത്ത ജീവിതത്തിലേക്കു കടന്നുവരുന്നതുവരെ ഗുരുവിനുകൊടുത്ത ഉറപ്പുകൾ  കണിശമായി പാലിക്കപ്പെട്ടു. അതിനുശേഷവും അവർക്കിടയിലെ സ്നേഹസൗഹൃദങ്ങൾ  പരിക്കുകൾ സംഭവിക്കാതെ തുടർന്നുപോന്നു. താൻസേൻ പരമ്പരയിൽവരുന്ന  സേനിയാ ഘരാനയുടെ ഖലീഫാസ്ഥാനം വഹിക്കുന്ന മകൻ  ഡോ. റോഷൻ ഭാരതിയിലേക്കും ആ സ്നേഹധാര പടർന്നൊഴുകി.  

 

കർക്കശക്കാരനായ ഗുരുവിനു കീഴിൽ വിധിപ്രകാരം ജഗ് ജീത് സിങ് പന്ത്രണ്ടു  വർഷത്തോളം ശാസ്ത്രീയ സംഗീത പരിശീലനം നടത്തി. പ്രധാനപ്പെട്ട   സംഗീതരൂപങ്ങളിൽ വേണ്ടത്ര  പരിചയം നേടി.എങ്കിലും മുഴുവൻസമയ ശാസ്ത്രീയസംഗീതജ്ഞനായി ജീവിക്കാൻ ജഗ് ജീത് സിങ്ങും ആഗ്രഹിച്ചില്ല. സത്യത്തിൽ അനുവദിച്ചില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. അത്രയും ഗഹനമായിരുന്നു മനസിൽ മെഹ്ദി ഹസൻ ചെലുത്തിയ സ്വാധീനത.  'ശിക്കാർ' സിനിമയിലെ 'ഫൂലോം മേം രംഗ് ഭരേ' എന്ന ഗാനം കേട്ടതിനുശേഷം ഒരു വീണ്ടുവിചാരത്തിനുള്ള സാധ്യതപോലും ബാക്കിയുണ്ടായില്ല. ആരുടെയും അനുമതിക്കുവേണ്ടി കാത്തുനിൽക്കാതെ 1965 - ൽ പഠാൻകോട്ട് എക്‌സ്പ്രസിൽ കയറി മൂന്നാംദിവസം അദ്ദേഹം മുംബൈ മഹാനഗരത്തിലെത്തി. അതിജീവനം എളുപ്പമായിരുന്നില്ല, വളരെ ക്ലേശിച്ചു. അന്നത്തിനു മുട്ടുവരാതിരിക്കാൻ പാരിസ് ഹോട്ടലിൽ രാത്രികളുടെ പാട്ടുകാരനായി, സംഗീതമണ്ഡലങ്ങളിൽ കടന്നുകൂടി. ജിംഗിളുകൾ പാടി. പിന്നണി പാടി. സംഗീതസംവിധാനം നിർവഹിച്ചു. ഒടുവിൽ ലോകമറിയുന്ന ഗസൽ രാജാവിലേക്കു പരിണമിച്ചു. ഇതിനെല്ലാംകൂടി പത്തുവർഷംപോലും വേണ്ടിവന്നില്ല!  അതിനകം  ലക്ഷത്തിൽപരം ആരാധകരെ  അദ്ദേഹം സൃഷ്ടിച്ചെടുത്തു.  തുടക്കത്തിൽ പരാമർശിച്ച പാൻവാലായും അവരിലൊരാളായിരുന്നു.

 

ഞാൻ മനസിലാക്കിയിടത്തോളം സംഗീതത്തിൽ വൈവിധ്യം  അന്വേഷിച്ചുചെല്ലുന്നവരെ ജഗ് ജീത് സിങ്  നിരാശപ്പെടുത്താൻ  സാധ്യതയുണ്ട്. പക്ഷേ വികാര മൂർച്ഛകൾ തേടിയെത്തുന്നവർ  അദ്ദേഹത്തിൽ അടിമുടി അടിമപ്പെട്ടുപോകും.  ആസ്വാദകരെ അനന്ദിപ്പിക്കുക എന്നതിനപ്പുറം യാതൊരു ലക്ഷ്യവും അദ്ദേഹം സംഗീതത്തിനു കല്പിച്ചുകൊടുത്തില്ല. പ്രണയവും വിരഹവും ഇഴപിരിഞ്ഞുകിടക്കുന്ന  സാന്ത്വനസംഗീതം അവരെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേക്കു  കൂട്ടിക്കൊണ്ടുപോകുന്നു. വ്യക്തിത്വത്തിൽ ലയിച്ചുചേർന്ന  ചില സവിശേഷതകളും  അതിനു കാരണമായിട്ടുണ്ടാകാം. ഗുരുനാഥനായ ജമാൽഖാൻതന്നെ തുടക്കമിട്ടുകൊടുത്ത ലഹരിയുടെ സർവ വകഭേദങ്ങളും  ജഗ് ജീത് സിങ് ഇഷ്ടപ്പെട്ടു. ഒറ്റയിരിപ്പിൽ ഇരുപതു സിഗരറ്റുകൾവരെ പുകച്ചുതള്ളിയ കാലമുണ്ടായിരുന്നു. സൗന്ദര്യം ഒരു ദൗർബല്യമായിരുന്നതിനാൽ പ്രണയങ്ങളെ അദ്ദേഹം ആഘോഷമാക്കി. എത്ര പ്രണയിനികളെയും  സംരക്ഷിക്കാൻ കഴിയുന്നതരത്തിൽ ഹൃദയത്തെയും വിശാലമാക്കി സൂക്ഷിച്ചു.

 

ഈ  അശ്വമേധങ്ങളുടെ സമഗ്രതയായി ജഗ് ജീത് സിംഗിന്റെ  സംഗീതജീവിതത്തെ ഞാൻ വിലയിരുത്തുന്നു. ഇത്തരത്തിൽ ഗസലുകളാൽ   ആത്മകഥയെഴുതിയ വേറൊരു ഗായകൻ ഇനിയും  ജനിച്ചിട്ടില്ല. അത്രമേൽ മനോഹരമായിരിക്കുന്നു  അദ്ദേഹം നിർവഹിക്കുന്ന  ജീവിതാലാപനം. ഇതിൽ  ഉദാത്തമായ പ്രണയഭാവനകൾ കേൾക്കാം.  ഫ്രാൻസ് കാഫ്കയുടെ പ്രണയലേഖനങ്ങളും  പാബ്ലോ നെരൂദയുടെ പ്രേമകവിതകളും ഖലീൽ ജിബ്രാൻ എഴുതിയ പ്രേമചിന്തകളും ജഗ് ജീത് സിങ് പാടിയ പല ഗസലുകളിലും നസ്മുകളിലും പുനർജനിക്കുന്നതുപോലെ ഞാൻ അനുഭവിച്ചിട്ടുണ്ട്. കവിതയുമായി പുലർത്തിയ ജൈവബന്ധം അദ്ദേഹത്തെ സാഹിത്യ അക്കാദമിയുടെ അവാർഡിനും  അർഹനാക്കി. മിഴ്‌സാ ഗാലിബ് എഴുതിയ ഗസലുകൾക്കു  നൽകിയ പ്രചാരത്തിനുള്ള പാരിതോഷികമായിട്ടാണെങ്കിൽപോലും ജഗ് ജീത് സിങ്  ഈ അംഗീകാരത്തിനു യോജിച്ച ഗായകൻതന്നെ.

 

മനോവേദനയുടെ തീവ്രതയെ വർണിച്ചു പാടിയ ജഗ് ജീത് സിങ് സ്വന്തം  ജീവിതത്തിലും നഷ്ടങ്ങളുടെ നൊമ്പരങ്ങൾ  ധാരാളമായി സഹിച്ചു. പതിനെട്ടാം വയസിൽ റോഡപകടത്തിൽ  മരണപ്പെട്ട മകൻ നൽകിയ തീരാദുഖവും ചിത്രയുടെ  മകൾ സ്വയം ജീവനെടുത്തതും അദ്ദേഹത്തെ കടുത്ത ഏകാന്തതയുടെ തുരുത്തിൽ കൊണ്ടുചെന്നുതള്ളി. ഒന്നോർത്താൽ ഇതിനെക്കാൾ പൊള്ളുന്ന സങ്കടങ്ങൾ  എത്രയോ പതിറ്റാണ്ടുകൾക്കു  മുമ്പേ  ജഗ് ജീത് സിങ് പാടിവച്ചിരുന്നു. അടുത്ത മിത്രമായ പണ്ഡിത് രവിശങ്കർ ഈ വിഷയത്തിൽ  ഒരു ദീർഘദർശനവും നടത്തിയിട്ടുണ്ട് – ‘ജഗ്ഗു വൺസ് യു ഹാവ് ടു പേ ഫോർ ഓൾ ദിസ്.’ ഞാൻ ആശ്ചര്യപ്പെടുന്നു, അങ്ങനെ അറംപറ്റിപ്പോയതാണോ പത്തുവർഷങ്ങൾക്കു പിന്നിൽ ഇതേ ദിവസം  സംഭവിച്ച ദാരുണ മരണം! എഴുപതാം വയസിൽ എരിഞ്ഞുതീരേണ്ടതായിരുന്നോ ആ മഹനീയ സംഗീതം ?

 

ജഗ് ജീത് സിങ്ങിനെ ഓർക്കുമ്പോൾ എത്രയോ തവണ ആവർത്തിച്ചുകേട്ട  ഒട്ടേറെ ഗസലുകൾ മനസിൽ തിരയടിച്ചെത്തുന്നു. എല്ലാംതന്നെ ഏതെങ്കിലും രാഗത്തിൽ  വിടർന്നുവന്നവയാണ്. പാശ്ചാത്യ സംഗീതതത്ത്വങ്ങൾ അവയിൽ കരുതലോടെ പ്രയോഗിച്ചിട്ടുണ്ട്. കോഡുകളുടെ സൂക്ഷ്മമായ വിന്യാസം ഗസലുകളിൽ സവിശേഷമായ സൗന്ദര്യം ചേർത്തുകൊടുക്കുന്നു.  അദ്ദേഹം ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള രാഗം പഹാഡിയാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാന രാഗങ്ങളിലെല്ലാം ഗസലുകൾ ലഭിക്കുന്നുണ്ട്. ഹോഠോം സേ ഛൂ ലോ തും [ യമൻ ] പ്യാർ കാ പഹ്‌ലാ ഖത് [കാഫി ], ജബ് കിസീസേ കോയീ [ഭൈരവി], ഹോശ് വാലോം കോ [ബിലാവൽ], ദസ്തേ ഏ ജുനൂൻ [ദർബാരി]  മനാ കേ  [മാൽകൗൻസ്], കോയീ പാസ് ആയാ [ലളിത് ], ഏക് ദീവാനേ കോ [ബാഗേശ്രീ], മൻസിൽ നാ ദേ [ബസന്ത് മുഖാരി], മേം ഖയാൽ ഹൂം [ ചാരുകേശി], കൽ ചൗദഹ് വീം  കി രാത് [ഖമാജ്], ദോസ്ത് ബെൻ ബെൻ കേ [പഹാഡി], ദർദ് മിന്നത് [ഭട്ദീപ് ], തുംനേ സൂലീ പേ [പൂര്യ ധനശ്രീ], യേ കൈസീ മൊഹബ്ബത് [സാരംഗ്], തേരാ ചേഹ് രാ ( കാഫി ഭൂപാളി) എന്നിങ്ങനെ ചില ഉദാഹരണങ്ങൾ ഉയർത്താം.

 

ഒരു ഗസൽ ഗായകനു കൈവരേണ്ടതായ മുഴുവൻ ബഹുമതികളും ജീവിതകാലത്തുതന്നെ ആസ്വദിക്കാനുള്ള സൗഭാഗ്യം ജഗ് ജീത് സിങ്ങിനു  ലഭിച്ചു. അൻപതോളം സിനിമകളിൽ സംവിധാനം നിർവഹിച്ചു . ഗുൽസാർ ഒരുക്കിയ 'മിഴ്‌സാ ഗാലിബി'നുവേണ്ടി ഈണം പകർന്ന ഗാനങ്ങൾ ഏതു കാലത്തെയും അതിജീവിക്കുന്നതാണ്.  ബ്രഹ്മാനന്ദ് സിങ് ചിത്രീകരിച്ച ബയോപിക്  ഡോക്യുമെന്ററി - 'കാഗസ് കി കശ്തീ'-  സത്യസന്ധതയും കലാമൂല്യവുംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ജഗ് ജീത് സിങ് എങ്ങനെ വളർന്നു തളിർത്തുവെന്നുള്ള സാക്ഷിമൊഴി ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

ജഗ്‌ ജീത്  സിങ്ങിനെ  നേരിൽ കേൾക്കാൻ ഒരിക്കൽ മാത്രമേ സാധിച്ചിട്ടുള്ളൂ. അതും മുഴുവനായല്ല, ഭാഗീകമായിമാത്രം! തൊണ്ണൂറുകളിൽ  മുംബൈയിൽ  നടന്ന പരിപാടിയുടെ വാർത്ത സർവകലാശാലയിൽ എത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. അവസാനത്തെ മൂന്നു പാട്ടുകളിൽ ദാഹം തീർക്കേണ്ടിവന്നു. എങ്കിലും അന്നത്തെ സംഗീത പരിപാടിയുടെ പ്രത്യേകത ഇന്നും നിറപ്പകിട്ടോടെ മനസിൽ നിറഞ്ഞുനിൽക്കുന്നു. പതിവു സമ്പ്രദായത്തിൽനിന്നു ഭിന്നമായി, ഒരു നിശ്ചിതവിഷയത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള  നസ്മുകൾ മാത്രമേ അന്നവിടെ അദ്ദേഹം പാടിയിരുന്നുള്ളൂ. നസ്മുകളുടെ ആഖ്യാനസൗന്ദര്യം അത്രയും ഹൃദയസ്പർശിയായി പിന്നീടും ഞാൻ അനുഭവിച്ചിട്ടില്ല.

 

ഗസലുകൾക്കു പൊതുവായ ചില പഴക്കങ്ങളും വഴക്കങ്ങളുമുണ്ട്.  പക്ഷേ പദ്മഭൂഷൺ ജഗ് ജീത് സിങ്ങിനെ പൂർണമായും ആസ്വദിക്കണമെങ്കിൽ ആസ്വാദകർ അവരുടെ  ഹൃദയങ്ങളെ  സ്വതന്ത്രമാക്കി നിർത്തണം.  അത്രമേൽ സ്വാതന്ത്യബോധത്തിൽനിന്നും സൗന്ദര്യബോധത്തിൽനിന്നും കലാബോധത്തിൽനിന്നും ഉറവകൊണ്ടതാണ് അദ്ദേഹം പാടിയിട്ടുള്ള ഗസലുകൾ.  അവ അനുഭവിക്കാൻ നമ്മളും ഒരുവേള ഒരുങ്ങേണ്ടതുണ്ട്. ഈ വരികൾ എഴുതുന്ന രാത്രിയിൽ ഒരു തവണകൂടി അദ്ദേഹത്തിലൂടെ സഞ്ചരിക്കാൻ കൊതിക്കുമ്പോൾ ഏതു തിരഞ്ഞെടുക്കണം എന്ന സംഘർഷം എന്നെയും വീർപ്പുമുട്ടിക്കുന്നു. കാരണം ജഗ് ജീത് സിങ് പാടിയിട്ടുള്ള  എല്ലാ ഗസലുകളും ജീവിതത്തിലെ ഏതെങ്കിലുമൊരു സന്ദർഭവുമായി  ബന്ധപ്പെട്ടതായി ഞാൻ വെറുതേ അനുമാനിക്കുന്നു.  അങ്ങനെ ചിന്തിച്ചാൽ  കൈത്തണ്ടകൾ നിറയേ ഇളം ചുവപ്പുനിറമുള്ള  ചില്ലുവളകൾ അണിഞ്ഞുകൊണ്ട് ആദ്യം മനസിൽ കടന്നുവരുന്ന ഗസൽ  ഇതാകാതെ വയ്യ –

 

‘തും ചലേ ജാവോഗേ തോ സോചേംഗേ

 

ഹംനേ ക്യാ ഖോയാ, ഹംനേ ക്യാ പായാ

 

സിന്ദഗീ ധൂപ് തും ഘനാ സായാ.’

 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com