ഓർമയിലെ ഒൻപതു രാത്രികൾ

HIGHLIGHTS
  • നവരാത്രി സ്മരണകൾ
swathi-thirunal-madhu-vasudev
SHARE

നവരാത്രി അല്പകാലം മുൻപുവരെ  എല്ലാ വർഷവും കൃത്യമായി ഓർത്തോർത്തുവച്ചതാണ്. ഈയിടെ എന്തോ മറന്നുപോകുന്നു. സംഗീതത്തിൽ താൽപര്യം കുറഞ്ഞതല്ല, മനസിനു പിടിച്ച ഗായകരുടെ എണ്ണം കുറഞ്ഞുതുടങ്ങിയപ്പോൾ കേട്ടില്ലെങ്കിലും നഷ്ടപ്പെടാൻ യാതൊന്നുമില്ല എന്നൊരു ചീത്തത്തോന്നൽ  ഉള്ളിൽ വേരുപിടിച്ചു. അതിനെ ഞാൻ പറിച്ചു കളയേണ്ടതായിട്ടുണ്ട്. അത്രമേൽ ആവേശത്തോടെ നവരാതിസംഗീതപരിപാടികൾ ആസ്വദിച്ചിരുന്നു. ആലപ്പുഴയിലെ സനാതന ധർമവിദ്യാലയത്തിൽ  വളരെ മോടിയോടെ നടന്നുവന്ന നവരാത്രികൾ എങ്ങനെ  മറക്കാനാണ് ! മതിലിനപ്പുറത്തുള്ള  പെൺപള്ളിക്കൂടത്തിൽ സധീരം കടന്നുചെല്ലാൻ വർഷത്തിലൊരിക്കൽമാത്രം അനുവാദം ലഭിച്ചിരുന്ന സന്ദർഭത്തെ  ഞാനും മുതലാക്കിയിരുന്നു.  എന്നെ സംബന്ധിച്ചിടത്തോളം ഓറഞ്ചുനിറമുള്ള  പാവാടകളും വെളുത്ത ജാക്കറ്റുകളും  അത്രയും അകലെയായിരുന്നല്ലോ!

നവരാത്രിനാളുകളിൽ സരസ്വതിയുടെയും മഹാലക്ഷ്മിയുടെയും വർണചിത്രങ്ങൾ മനോഹരമായി അലങ്കരിച്ചുവച്ച ബസന്റ് ഹാളിൽ  നാട്ടിലെ പ്രധാന പാട്ടുകാരെല്ലാം  സംഗീതക്കച്ചേരികൾ നടത്താൻ വരും. ചില  ദിവസങ്ങളിൽ കഥകളിയും ഉണ്ടാകും. അവസാനത്തെ ദിവസം കാഥികൻ സാംബശിവനുവേണ്ടി മാറ്റിവച്ചിരുന്നു. അന്നത്തെ സൂപ്പർതാരമായ സാംബൻ കഥ പറയുന്നതുകാണാൻ പലദേശങ്ങളിൽനിന്നും പതിനായിരങ്ങൾ ഇരമ്പിവന്നിരുന്നു. 'ആയിഷ, അന്നാ കരേനീന, ദേവലോകം, റാണി, പുള്ളിമാൻ, ലാഭം ലാഭം, യന്ത്രം' തുടങ്ങി എട്ടു പത്തു കഥകളെങ്കിലും നേരിൽ കേൾക്കാൻ എനിക്കും ഭാഗ്യമുണ്ടായി. സാംബശിവൻ പൊട്ടിക്കുന്ന ചില ഫലിതങ്ങൾ എനിക്കു മനസിലാവാറില്ല. അപ്പോൾ അച്ഛനോടു  ചോദിക്കും. അദ്ദേഹം പറഞ്ഞുതരും. അച്ഛൻ  പറയാൻ മടിച്ചതൊക്കെ  വഷളന്മാരായ ചങ്ങാതിമാർ വിശദീകരിക്കും.

ഒരിക്കൽ, മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ 'യന്ത്രം' കഥാരൂപത്തിൽ  അവതരിപ്പിക്കന്നതിനിടയിൽ സാംബശിവൻ ഈണത്തിൽ ഒരു പാട്ടുപാടി – ‘നല്ലതെല്ലാം തമ്പുരാന്. നല്ലതെല്ലാം തമ്പുരാന്.’ പിന്നെ ശബ്ദം ലേശം താഴ്ത്തി രഹസ്യം പറയുംപോലെ ഇങ്ങനെയും പാടി- ‘നല്ല പെണ്ണും തമ്പുരാന്.’ ആളുകൾ ആർത്തുചിരിച്ചു. അതുകേട്ടപ്പോൾ  സവിശേഷമായി എനിക്കൊന്നും  തോന്നിയില്ല. എന്നാലും മനസിൽ ചോദിച്ചു- ‘ഈ തമ്പുരാന് പെണ്ണിനെക്കൊണ്ടുള്ള  ആവശ്യമെന്താണ്?’ അതിനുള്ള ഉത്തരം, ആരോടും പറയില്ല എന്നു  സത്യം ചെയ്യിപ്പിച്ചശേഷം  കാളത്തുകാരൻ സായി  പറഞ്ഞുതന്നു. ഇതൊന്നും  ഇപ്പോൾ പ്രൈമറി വിദ്യാർഥികൾക്കുപോലും രഹസ്യമല്ല. നമ്മുടെ രാജ്യം  ഇനിയും അതിവേഗത്തിൽ  വളരട്ടെ!

സനാതന ധർമവിദ്യാലയത്തിലെ ദസറാ ആഘോഷങ്ങളിൽ  സാംബശിവൻ സ്ഥിരം ക്ഷണിതാവായിരുന്നു.  ശ്വാസകോശ അർബുദം പിടിപെട്ടു മരിക്കുന്നതുവരെ  അദ്ദേഹവും അതിനു മുടക്കം വരുത്തിയിട്ടില്ല. സാംബശിവൻ മരിച്ചവർഷത്തെ  നവരാത്രിപരിപാടിയിലെ അവസാന ഇനമായി  കൂട്ടുകാരും ഞാനുംകൂടി ഒരു നാടകം കളിച്ചു - ദിനേശൻ മനപ്പള്ളി   എഴുതിയ ‘അഗതികൾ’. ടൗണിൽ എംകെജി ബേക്കറി നടത്തിയിരുന്ന ദിനേശൻതന്നെ  പ്രധാനവേഷംകെട്ടി സംവിധാനം നിർവഹിച്ച  ‘അഗതികൾ’ കളപ്പുരക്ഷേത്രം ഉൾപ്പെടെ പല സ്ഥലങ്ങളിലും കളിച്ചു കയ്യടി നേടിയിരുന്നതാണ്. ആ നാടകം എങ്ങനെയോ ഞങ്ങൾക്കു കിട്ടി. മനപ്പള്ളി അറിയാതെ  കബീർ ഇക്ക  നാടകം സംവിധാനം ചെയ്തുതന്നു.  റിഹേഴ്‌സൽ കാണാൻവന്ന ഹെഡ്മാസ്റ്റർ രാജഗോപാലൻ സാർ തിരിച്ചുപോകുന്നതുമുമ്പായി ഞങ്ങളെ ഹൃദയം നിറയേ അനുഗ്രഹിച്ചു - 'ഉറപ്പാണെടാ, നീയൊക്കെ നല്ലപോലെ കൂവു മേടിക്കും.' ഗുരുവചനം പാഴാകുന്നതെങ്ങനെ?

ഇനി 'അഗതികളു'ടെ കഥാസാരം പറയട്ടെ. പ്രധാന കഥാപാത്രം ചട്ടമ്പിയായ രാജൻ. അയാൾ  കൊച്ചുകുട്ടികളെ തന്ത്രപൂർവം  തട്ടിയെടുക്കും. അവരുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചശേഷം ഭിക്ഷാടനത്തിനു വിടും. അവരിൽനിന്നു  പിരിച്ചെടുക്കുന്ന പണംകൊണ്ടുള്ള സുഖജീവിതം. മാനസാന്തരംവന്ന അനുജൻ ഒരു ഘട്ടത്തിൽ ഈ നീച പ്രവൃത്തിയെ  വീറോടെ എതിർത്തു. ഫലമുണ്ടായില്ല. അവസാനം ചേട്ടൻ രാജനെ അനുജൻ കുത്തിക്കൊല്ലുന്നു. ചോരപുരണ്ട കത്തിയുമായി വേദിയിലേക്കു പാഞ്ഞുവരുന്ന അനുജൻ  ഒരു പഞ്ച് ഡയലോഗ് കീറുന്നുണ്ട് - 'കൊന്നു, എന്റെ ചേട്ടനെ ഞാൻ കൊന്നു. ഇനി ഈ തെരുവിൽ ഒരു അനാഥൻപോലും ഉണ്ടാകാൻ പാടില്ല.' എസ്ഡിവി  ഗ്രൗണ്ടിൽ സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ കഴിയാതെ നിരാശപ്പെട്ടിരുന്ന  ജനാവലിയുടെ മുമ്പിലാണ് ഈ കൈവിട്ട കളി നടന്നതെന്നോർക്കണം!  അപ്പോൾപിന്നെ അവരുടെ പ്രതികരണതീവ്രതയെപ്പറ്റി അധികം പറയേണ്ടതില്ലല്ലോ! പുളിച്ച തെറിവിളികളിലും  ചെരുപ്പേറിലും സമാധാനം കിട്ടാഞ്ഞ  ചിലർ മുന്നിലേക്കു കുതിച്ചുവന്നു  കർട്ടനുകൾ  വലിച്ചുകീറിയെറിഞ്ഞു. ലോകത്തിൽ ഒന്നിനെയും പേടിയില്ലാത്ത, എപ്പോഴും കയ്യിൽ കഠാരയുമായി കറങ്ങിനടക്കുന്ന രാജൻ എന്ന ഗുണ്ട സ്റ്റേജിൽനിന്നും  ഇറങ്ങിയോടിയ വഴിയിൽ പുല്ലുപോലും മുളച്ചുകാണില്ല.  അക്കാര്യം അത്രയും ആധികാരികമായി പറയാൻ എനിക്കേ സാധിക്കൂ.  കാരണം ഞാനായിരുന്നല്ലോ രാജൻ!  തുള്ളൽ പനിയും പുറമേ നാണക്കേടും കാരണം  മൂന്നാലു  ദിവസം സ്കൂളിൽ പോയില്ല. ആ രാതികൾ നവരാത്രികളല്ല, നരകരാത്രികളായിരുന്നു.

നവരാത്രിയുമായി ബന്ധപ്പെട്ട അനുഭവകഥകൾ ഇനിയും  പലതുമുണ്ട്. അവയിൽ ഒരെണ്ണം കോട്ടയത്തു നടന്നതാണ്. സകുടുംബം അക്ഷരനഗരിയിൽ  ചേക്കേറിയതിൽപ്പിന്നെ 'കലാക്ഷേത്ര' സംഗീതസഭയുടെ  നേതൃത്വത്തിൽ ജവഹർ ബാലഭവനിൽ നടന്ന നവരാത്രിക്കച്ചേരികൾ ഒന്നുപോലും  ഞാൻ മുടക്കിയിരുന്നില്ലല്ലോ. അങ്ങനെയൊരിക്കൽ ഒരു പുറംനാട്ടുകാരൻ നിർവഹിച്ച  ഘനഗംഭീരമായ കച്ചേരി കേട്ടു  മടങ്ങുന്നവഴി  തിരുനക്കര മഹാദേവക്ഷേത്രത്തിനു പുറകുഭാഗത്തുള്ള പച്ചക്കറിക്കടയുടെ എതിർവശത്തായി ഒരനക്കം കണ്ടു. വേഗം ചെന്നുനോക്കി. റോഡരികിലെ വലിയ ഗട്ടറിൽ സ്വബോധം പൂർണമായും നഷ്ടപ്പെട്ട നിലയിൽ ഒരു യുവസംഗീതജ്ഞൻ പകുതി വെളിയിലും പുറത്തുമായി മലർന്നുകിടക്കുന്നു. സംഗീതപ്രേമികളല്ലാത്തവർക്കും വളരെ പരിചിതൻ, ജനപ്രിയൻ. ചെറിയ സൂചന തന്നാൽപോലും ആളിനെ മനസിലാകും. സ്വർണനിറമുള്ള സിൽക് ജൂബ നിറയേ ഛർദിൽ അഭിഷേകം നടത്തിയിട്ടുണ്ട്. കീറിയ കസവു വേഷ്ടി കുഴിയിൽ വീണുകിടക്കുന്നു. മതിലിൽ ചാരിനിർത്തി ഒരുതരത്തിൽ അരയിൽ ചുറ്റിക്കെട്ടിക്കൊടുത്തു. ഉറപ്പിക്കാൻ ചണച്ചരടിന്റെ സഹായവും വേണ്ടിവന്നു. അന്നേരം ഇരുട്ടിലൂടെ അഞ്ചാറുപേർ ഞങ്ങളെ കടന്നുപോയി. പാതിരാത്രിയിൽ രണ്ടു കുടിയന്മാരുടെ പേക്കൂത്തായി അവർ ഇതിനെ കരുതിക്കാണും. സാരമില്ല, എനിക്കും പ്രിയമുള്ള  സംഗീതജ്ഞനുവേണ്ടിയല്ലേ, സഹിക്കാൻ ശകലം സുഖമുണ്ട്. 

യുവഭാഗവതരെ  ഞാൻ അടഞ്ഞുകിടന്ന കടയുടെ പൊട്ടിയ തിണ്ണയിൽ പ്രതിഷ്ഠിച്ചു. അദ്ദേഹം തലയൊന്നു കുടഞ്ഞു. ഹാ, ബോധംവച്ചല്ലോ എന്നു സമാശ്വസിക്കേ കുഴഞ്ഞ സ്വരത്തിൽ ഒരു  ചോദ്യം -

'എന്റ സുതിപ്പെട്ടി എവിടെടാ ?'

ഞാൻ കുഴിയുടെ  പരിസരത്തുപോയി നോക്കി. ഒന്നും കണ്ടില്ല. ഒരു ബാഗുപോലുമില്ല. അതൊക്കെ കൊണ്ടുപോകേണ്ടവർ ഇതിനകം ലക്ഷ്യത്തിൽ എത്തിച്ചുകാണണം. പക്ഷേ  ഈ അവസ്ഥയിൽ ഇക്കാര്യം എങ്ങനെ പറയും! അതിനാൽ തഞ്ചത്തിൽ ശ്രദ്ധതിരിക്കാൻ ശ്രമിച്ചു.

'അതിനിപ്പോ തൽകാലം ശ്രുതിപ്പെട്ടിയുടെ ആവശ്യം നമുക്കില്ലല്ലോ!'

'സുതിയില്ലാതെ എങ്ങനാടാ  പാടുന്നേ? തനിക്കു പറ്റുമോ? ആർക്കും പറ്റില്ല. എന്റ സുതിപ്പെട്ടി എടുത്തോണ്ട് വാടാ. കച്ചേരി തുടങ്ങാറായി. ആളുകൾ എഴുന്നേറ്റുപോകും. അതെങ്ങനാ, ഒരുത്തനും ഷമയില്ല. നല്ല സംഗീതം കേൾക്കാണെങ്കി കൊറച്ചു ഷമ വേണം.'.

സംഗതിയുടെ  കിടപ്പുവശം ഏകദേശം  എനിക്കു മനസിലായി. യുവഭാഗവതർ ഏതോ നവരാത്രിക്കച്ചേരിക്കുപോകാൻ  ഇറങ്ങിപ്പുറപ്പെട്ടതാണ്.  ഉള്ളിൽ നിറച്ച ഇന്ധനം കൂടിപ്പോയതിനാൽ സ്ഥലംമാറി തിരുനക്കരയിൽ  എത്തിപ്പെട്ടു. അദ്ദേഹം കച്ചേരി നടത്താൻ ചെല്ലേണ്ടതായ  ക്ഷേത്രത്തിലെ ഭാരവാഹികളുടെ അവസ്ഥ ഒരു നിമിഷം ഞാൻ ഭാവനയിൽ കണ്ടു, അടിപൊളിയായിട്ടുണ്ട്. ഇയാളെയെങ്ങാനും  അവരുടെ  കയ്യിൽ കിട്ടിയാൽ എല്ലും മുടിയും ബാക്കിയുണ്ടാകുമോ ? വിരലിൽക്കൂടി തരിപ്പുകയറി മൂർധാവിൽ എത്തി.  അതു സഹിക്കാവുന്നതേയുള്ളൂ. പക്ഷേ  അതിനേക്കാൾ ഗുരുതരമായിരിക്കുന്നു, കടത്തിണ്ണയിലെ  സ്ഥിതി. എന്നുവച്ചാൽ  ശ്രുതിപ്പെട്ടി ഇല്ലാതെതന്നെ ഭാഗവതർ കച്ചേരിയിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ശ്രുതിയും താളവും വേറേവേറേ വഴിയിലൂടെയാണെങ്കിലും  മായാമാളവഗൗളയിലെ  'സരസിജനാഭ മുരാരേ' സർപ്പഗതിയിൽ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു. നവരാത്രിക്കച്ചേരിക്കു വന്നതുകൊണ്ടാകാം ഇങ്ങനെ ഒരു തുടക്കം. മറ്റു മാർഗങ്ങൾ തെളിയാഞ്ഞതുകൊണ്ടും സംഗീതത്തോടുള്ള ബഹുമാനംകൊണ്ടും  വർണം തീരുന്നതുവരെ ഞാൻ  ഇടപെട്ടില്ല. സ്വാതിതിരുനാൾ കൃതിയല്ലേ, അവഗണിക്കുന്നതെങ്ങനെ? ഇതിനിടെ റോഡിലൂടെ നടന്നുപോകുന്നവരെയെല്ലാം ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പരിചയമുള്ള പ്രദേശമായതിനാൽ ആരെങ്കിലും മുന്നിൽ വന്നുചാടാതിരിക്കില്ല എന്നൊരു പ്രതീക്ഷ ബാക്കിനിന്നു.

പറയാതിരിക്കാൻ കഴിയില്ല, തീർത്തും അസാധാരണമായിരുന്നു നേരംകെട്ട നേരത്തെ ആ സംഗീതക്കച്ചേരി. വർണം കഴിഞ്ഞതേ ഭാഗവതർ അടുത്തതിലേക്കു പിടിച്ചു. ആഗ്രഹിച്ചതരത്തിൽ എത്തിക്കാൻ കഴിയാഞ്ഞതിനാൽ  ഒന്നിൽനിന്നു മറ്റൊന്നിലേക്കു ചുമ്മാ ചാടിക്കൊണ്ടിരുന്നു. 'പങ്കജലോചന'യിൽ ചെറിയൊരു പിടുത്തംകിട്ടി. ഞാൻ പക്ഷേ ശ്രദ്ധിച്ചില്ല. മടുത്തു. എന്തെങ്കിലും കാണിക്കട്ടെ, ഏതു വിധേനയും തടിയൂരിപ്പോയാൽ മതിയെന്ന മനസായി. ഈ യാഥാർഥ്യം വിശദീകരിക്കാനാവാത്ത ഒരു വിസ്മയമായി  അപ്പോഴും - ഇപ്പോഴും - മുന്നിൽ  തെളിഞ്ഞുനിൽക്കുന്നു. വേറൊന്നുമല്ല,  പേരെടുത്ത  ഒരു യുവ ഭാഗവതർ, രാത്രിയുടെ  രണ്ടാംയാമത്തിൽ തരിമ്പും വെളിവില്ലാതെ ഏതോ അമ്പലപ്പറമ്പിലാണെന്ന മിഥ്യാബോധത്തോടെ പൊട്ടിപ്പൊളിഞ്ഞ കടത്തിണ്ണയിൽ സംഗീതക്കച്ചേരിനടത്തുന്നു! കേൾക്കാനാകട്ടെ  ഞാനൊരാൾമാത്രം. സംഗതി ഗൗരവമുള്ളതാണ്. ഉടനടി പരിഹാരം കാണണം.  'ദേ  വന്നു'  എന്നൊരു  മുദ്രകാട്ടിയിട്ട്  ഞാൻ ലക്ഷ്യമില്ലാതെ മുന്നോട്ടുനടന്നു.  അന്നേരം  സൈക്കിൾ ഉന്തിവരുന്ന മുഖപരിചയമുള്ള സംഗീതരസികനായ അമ്പലവാസിയെ കാണാനിടയായി. കാര്യം ചുരുക്കിപ്പറഞ്ഞപ്പോൾ സ്വാമി ഒപ്പം വന്നു. ഭാഗ്യവശാൽ അദ്ദേഹം  ഈ യുവഭാഗവതരുടെ ഫാനായിരുന്നു. അതിനാൽ കാര്യങ്ങൾ എളുപ്പമായി.

ഭാഗവതരുടെ അവസ്ഥ കണ്ട സ്വാമി ആശ്ചര്യപ്പെട്ടു -

'അയ്യോ, ഇതെന്താ, വശപ്പെശകാണല്ലോ ?'

'അതേ സ്വാമി, കുറേനേരമായി ഞാൻ വട്ടംകറങ്ങുവാണ്. വിട്ടുപോകാനും പറ്റുന്നില്ല. തൽകാലം സ്വാമി ഇദ്ദേഹത്തെ ഒന്നു  കൈകാര്യം ചെയ്യണം. നേരം ഒരുപാടായി എനിക്കു  വീട്ടിൽ പോണം. ഒത്തിരി ദൂരമുണ്ടേ !'

'നിങ്ങൾ  പൊക്കോ പൊക്കോ. ഇതു  ഞാനേറ്റെന്നേ. എഴുന്നേപ്പിച്ചു നിർത്തിത്തന്നാ മതി. ഒന്നു കുളിപ്പിച്ചെടുത്താൽ ശരിയായിക്കൊള്ളും.'

ഞങ്ങളിങ്ങനെ മാറിനിന്നു കുശുകുശുക്കുന്നതിനിടെ കടത്തിണ്ണയിൽ വലിയവായിൽ 'എന്തൊരോ  മഹാനുഭാവുലു' തുടങ്ങി. അപശ്രുതിയുടെ പാരമ്യം. സ്വാമി കുലുങ്ങിക്കുലുങ്ങി ചിരിച്ചു.  അത്രയും രസിച്ചു ചിരിക്കാൻ എനിക്കു സാധിച്ചില്ല. ഞാൻ സ്കൂട്ടർ എടുത്തു. ഒരു മാത്രപോലും നോക്കാതെ വേഗത്തിൽ വിട്ടടിച്ചുപോയി. അവിടെ പിന്നീടു  സംഭവിച്ചതൊന്നും ഞാൻ അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ലെന്നു പറയുന്നതാകും സത്യം.

അടുത്ത രണ്ടു ദിവസങ്ങളിൽ  'കലാക്ഷേത്ര'യുടെ നവരാത്രിക്കച്ചേരി  കേൾക്കാൻ ബാലഭവനിൽ പോയില്ല. പിന്നീടു  ചെന്നപ്പോൾ  വാതിക്കൽ രഞ്ജിനി സഭയുടെ സാരഥികളിൽ ഒരാളെ  കണ്ടു. അദ്ദേഹം അവിടെനിന്ന ചിലരോടായി  പറയുന്നു-

'നമ്മൾ പനച്ചിക്കാട്ടെ കച്ചേരിക്കു പോകാതിരുന്നതു  നന്നായി. തിരുമേനി പാടാൻ  വന്നില്ല. ബന്ധുക്കളാരോ മരിച്ചുപോയതുകൊണ്ട്  പെലയായി. അപ്പോപ്പിന്നെ  അമ്പലത്തിൽ കേറാനും പാടാനുമൊന്നും  പറ്റില്ലല്ലോ! സംഘാടകർ  രാത്രി ഏഴു മണിയായപ്പം എന്നെ വിളിച്ചു. ഈ മൂക്കേ മുഹൂർത്തത്തിൽ പകരം ആരെ കിട്ടാനാ? സീസണല്ലേ? എല്ലാരും ബിസിയല്ലേ? അവരു പിന്നെ ചുറ്റുവട്ടത്തെ കുറേ  പിള്ളേരെവച്ച്  എങ്ങനെയോ ഒരു കച്ചേരി തട്ടിക്കൂട്ടി, ചടങ്ങു  മുടങ്ങാൻ പാടില്ലല്ലോ! സത്യത്തിൽ തിരുമേനിയുടെ കാര്യം ഓർക്കുമ്പോഴാ എനിക്കു വെഷമം. ഈ ഒൻപതു ദിവസവും പുള്ളിക്കാരനു കച്ചേരി ഉണ്ടായിരുന്നു. ഇനിയിപ്പോ എല്ലാം ക്യാൻസലാകും. പാവം!'

അതിലധികം കേൾക്കാൻ നിന്നുകൊടുത്തില്ല. നേരേ ഹാളിലേക്കു കയറി. ആരെയും ശല്യപ്പെടുത്തേണ്ട എന്നു  കരുതി ഏറ്റവും പുറകിലെ ഇരുമ്പുകസേരയിൽ ചെന്നിരുന്നു. മണ്ഡപത്തിൽ കച്ചേരി തുടരുന്നു. പാട്ടുകാരിയെ അത്ര പരിചയമില്ല. പക്ഷേ രാഗവും കീർത്തനവും നൂറു തവണയെങ്കിലും കേട്ടിട്ടുണ്ട്. അതിൽ നിലാവുപോലെ വ്യാപിച്ചുനിൽക്കുന്ന ദേവിയുടെ ഭാവസൗന്ദര്യത്തിൽ ഹൃദയം ആനന്ദപൂർണമായി.

'ഭാവുകദായീ കടാക്ഷവിലാസിനീ

ഭാരതി ദേവി സദാ കുശലം

ഭുവനേശ്വരീ ചരണം.

ദേവീ  പാവനേ സേവേ ചരണേ

തേ ബുധാവനേ.'

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA