ADVERTISEMENT

അമ്പിളിമാമനെ പോലെ മാറില്‍ ഒട്ടിക്കിടക്കുന്ന മുത്ത്. ആ മുത്തിനെ നോക്കി ആഴക്കടലിന്റെ കരയിലെ കൂരയില്‍ ഇരുന്നൊരു മുത്തശ്ശി പാടിയ പാട്ട്. ആ പാട്ടില്‍ തുളുമ്പിയ വാത്സല്യം എല്ലാ അമ്മമാരുടേതുമായിരുന്നു. ആ താരാട്ടു പാടാത്ത അമ്മമാനസങ്ങളും അതിലലിയാത്ത കുഞ്ഞുങ്ങളുമുണ്ടാകില്ല,

ആഴക്കടലിന്റെ അങ്ങേക്കരയിലായ്

നേരം വെളുക്കുന്ന മേട്ടില്‍

അമ്പിളിമാമനെ പോലെന്റെ മാറിലായ്

ഒട്ടിക്കിടക്കുന്ന മുത്തേ

വയലാര്‍ ശരത്ചന്ദ്രവര്‍മ എന്ന ഗാനരചയിതാവ് കൂടുതല്‍ ശ്രദ്ധേയനായി തുടങ്ങുന്ന കാലം. 2005ല്‍ പുറത്തിറങ്ങിയ 'ചാന്തുപൊട്ടിലെ' ഗാനങ്ങള്‍ കൂടി എത്തിയതോടെ ഈ ഗാനരചയിതാവ് മലയാളിയ്ക്ക് കൂടുതല്‍ പ്രതീക്ഷകളേകി. വിദ്യാസാഗറിനൊപ്പമുള്ള കൂട്ടുകെട്ടിന്റെ തുടക്കം കൂടിയായിരുന്നു ഈ ചിത്രം. "ഓമനപ്പുഴ കടപ്പുറത്തിന്നോമനയും" "ചാന്തുകുടഞ്ഞൊരു സൂര്യനുമൊക്കെ" ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചപ്പോഴും മലയാളി ഹൃദയത്തോടു ചേര്‍ത്ത ഗാനം "ആഴക്കടലിന്റെ അങ്ങേക്കരയിലായി" എന്ന ഗാനമായിരുന്നു. മാതൃത്വം പാലൂട്ടുന്ന വരികളും സംഗീതത്തിലെ മാതൃസ്പര്‍ശവും മാത്രയിരുന്നില്ല ആ പാട്ടിന്റെ മേന്മ. ആഴക്കടലിനേക്കാള്‍ ആഴമുള്ള എസ്. ജാനകിയുടെ ശബ്ദസൗന്ദര്യം കൂടിയായിരുന്നു.

കടല്‍ പശ്ചാത്തലമായി വരുന്നതുകൊണ്ട് ആലപ്പുഴ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി ലാല്‍ജോസ് തീരുമാനിക്കുന്നു. അതുകൊണ്ടുതന്നെ പാട്ടൊരുക്കവും ആലപ്പുഴയിലാക്കി. സിനിമാപ്പാട്ടെഴുത്തില്‍ ഭാവിയൊന്നും അത്ര ഉറപ്പില്ലാത്ത കാലമാണത് ശരത്തിന്. ഉള്ള ചെറിയ ജോലിയും നോക്കി സ്വസ്ഥം ഗൃഹഭരണം. ലാല്‍ജോസിന്റെ അപ്രതീക്ഷിത വിളി സന്തോഷിപ്പിച്ചെങ്കിലും തുടര്‍ച്ചയായി ജോലിയില്‍ നിന്നും അവധിയെടുക്കേണ്ടി വരുമോ എന്ന ആശങ്ക മനസ്സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു.

നമുക്ക് പാട്ടെഴുതി സംഗീതം ചെയ്യാം, അതായിരിക്കും നല്ലത്, ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വിദ്യാസാഗര്‍ തന്റെ പക്ഷം പറഞ്ഞതോടെ ശരത്തിനും സന്തോഷം, അങ്ങനെയെങ്കില്‍ പാട്ടെഴുത്ത് വീട്ടിലാകാമല്ലോ. "അങ്ങനെ എഴുതി സംഗീതം നല്‍കിയ പാട്ടുകളില്‍ എന്നെ അത്ഭുതപ്പെടുത്തിയത് ആഴക്കടലിന്റെ അങ്ങേക്കരയില്‍ തന്നെയാണ്. മലയാളം കൃത്യമായി അറിയാത്ത വിദ്യാസാഗര്‍ ഓരോ വരിയുടെയും ആത്മാവിനെ സ്പര്‍ശിച്ചുകൊണ്ടാണ് ആ പാട്ട് ചെയ്തത്. വിദ്യാസാഗര്‍ നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്ന ഒരാളാണ്," ശരത്ചന്ദ്രവര്‍മ പറയുന്നു.

സിനിമയുടെ ടൈറ്റില്‍ ഗാനം. ഈ പാട്ടിലൂടെ വേണം ആസ്വാദകര്‍ സിനിമയിലേക്കും എത്താന്‍, ലാല്‍ജോസ് സന്ദര്‍ഭം പറഞ്ഞു തുടങ്ങി. പെണ്‍കുട്ടിയെ മോഹിച്ച മുത്തശിക്ക് കിട്ടിയത് ഒരു ആണ്‍കുട്ടിയേയാണ്. അവരതിനെ പെണ്‍കുട്ടിയായി വളര്‍ത്താന്‍ തീരുമാനിക്കുന്നു. രാധ എന്നവനു പേരുമിട്ടു. മുത്തശ്ശി പാടുന്ന താരാട്ട്.... സന്ദര്‍ഭത്തിലെ പുതുമയും താരാട്ടുമൊക്കെ ശരത്തിലെ ഗാനരചയിതാവിനെ ആവേശഭരിതനാക്കി. മുത്തശ്ശി പാടുന്ന പാട്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ മനസ്സില്‍ ആദ്യം തെളിഞ്ഞരൂപം സ്വന്തം മുത്തശിയുടേതായിരുന്നു. തിരികെയുള്ള മടക്കയാത്രയിലും മുത്തശിയുടെ ഓര്‍മകള്‍ ശരത്തിന്റെ മനസ്സില്‍ പാട്ടുപാടി.  

"കുട്ടിക്കാലത്ത് അനിയത്തിയെ എണ്ണതേച്ചു കുളിപ്പിക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്. ഇല്ലിലാമുത്തി എന്നൊരു സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ കാര്യമെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. കുഞ്ഞുങ്ങള് ഉറക്കത്തില്‍ ചിരിക്കുന്നത് ഇല്ലിലാമുത്തി പൂവു കാട്ടുമ്പോഴാണെന്നാണ് മുത്തശി പറയുന്നത്, കരയുന്നതാകട്ടെ ഇല്ലിലാമുത്തി പേടിപ്പിക്കുമ്പോഴും," ശരത്തില്‍ മുത്തശിയുടെ പ്രായമേല്‍ക്കാത്ത ഓര്‍മകളെത്തി. ആ ഓര്‍മകളില്‍ നിന്നും ശരത് ഒരു വൈകുന്നേരം ആദ്യം മനസ്സിലേക്ക്് ഓടി എത്തിയ വരികളെഴുതി.

ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങൂ നീ

നല്ല കിനാവുള്ള കണ്ണില്‍

ഇല്ലിലാ മുത്തിയില്‍ നിന്നു തുടങ്ങിയ വരികളുടെ പിന്നിലേക്ക് ശരത് സഞ്ചരിക്കുമ്പോഴാകട്ടെ ചെന്നെത്തിയത് ആഴക്കടലിലും. അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയ വരികള്‍ ആദ്യവായനയില്‍ തന്നെ വിദ്യാസാഗറിനും നന്നായി ബോധിച്ചു. എസ്. ജാനകിയിലൂടെ ഈ പാട്ടുകേള്‍ക്കുന്ന സന്തോഷത്തിലായിരുന്നു ലാല്‍ജോസ് അപ്പോള്‍.

"ജാനകിയമ്മയെ ഞാനിന്നും അടുത്തു കണ്ടിട്ടില്ല. ഞാനെഴുതിയ പാട്ട് ജാനകിയമ്മ പാടുന്നു എന്നത് കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ലാല്‍ജോസിന്റെയും വലിയൊരു സ്വപ്നമായിരുന്നു അദ്ദേഹത്തിന്റെ ചിത്രത്തില്‍ ആ ശബ്ദം കേള്‍ക്കുക എന്നത്. റെക്കോര്‍ഡിങ്ങിനും തിരക്കുകള്‍ കാരണം ഞാന്‍ പോയിരുന്നില്ല. പിന്നീട് ഷൂട്ടിങ്ങിന് അഴീക്കലില്‍ എത്തുമ്പോഴാണ് ഈ പാട്ടു കേള്‍ക്കുന്നത്. ലാല്‍ജോസിന്റെ കാറില്‍ ഇരുന്ന് പാട്ടു കേട്ടപ്പോഴാണ് മറ്റൊരു അബദ്ധം തിരിച്ചറിയുന്നത്. ഞാനെഴുതിയ 'മ്പ'യും 'ച്ച'യും ഉച്ചാരണത്തില്‍ മാറി പോയിരിക്കുന്നു. വായിക്കുമ്പോള്‍ മാറി പോകാന്‍ സാധ്യതയുള്ള അക്ഷരംകൂടിയാണല്ലോ അത്. ഞാനെഴുതുന്ന 'മ്പ' യൊക്കെയും പഴയ ലിപിയിലുള്ളതാണ്. ഒറ്റ വായനയിലത് 'ച്ച' ആയി തോന്നിയേക്കാം. "അമ്പാടി തന്നിലെ ഉണ്ണിയെപ്പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ" എന്നതിനു പകരം പാടിയിരിക്കുന്നത് "ഉണ്ണിയെപ്പോലെ നീ കൊച്ചനാണെങ്കിലും" എന്നാണ്. പിന്നീട് അത് മാറ്റി പാടുകയായിരുന്നു," വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com