ADVERTISEMENT

ഇന്ത്യൻ സിനിമയില്‍ പിന്നണി (പ്ലേബാക്) ഗാനങ്ങളുടെ പിറവിക്ക് 86 വയസ്സ്. പിന്നണി ഗാനാലാപന രീതി ചലച്ചിത്ര ഗാനങ്ങളെ മാത്രമല്ല, ചലച്ചത്രങ്ങളെപ്പോലും ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതാണ് കഴിഞ്ഞ 86 വർഷങ്ങൾക്കിടയിൽ ഇന്ത്യക്കാർ കണ്ടത് (കേട്ടത്!). 1935 ഒക്ടോബറില്‍ പുറത്തിറങ്ങിയ ‘ധൂപ് ഛാവോൻ’ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു ഇന്ത്യൻ സിനിമാ മേഖലയിൽ വലിയ മാറ്റത്തിന്റെ സംഗീതസാന്ദ്രമായ ആ തുടക്കമുണ്ടായത്.

 

പങ്കജ് മല്ലിക്കിൽനിന്നു കിട്ടിയ ആശയം

 

ബംഗാളിയിൽ ‘ഭാഗ്യചക്രം’ എന്ന പേരിലും ഹിന്ദിയിൽ ‘ധൂപ് ഛാംവ്’ എന്ന പേരിലും ദ്വിഭാഷാ ചിത്രം നിർമിക്കുകയായിരുന്നു കൊൽക്കത്തയിലെ ‘ന്യൂ തിയറ്റേഴ്സ്’. ആ സിനിമയ്ക്കുള്ളിൽ ഒരു നാടകമുണ്ടായിരുന്നു– ‘ജീവൻജ്യോതി’ എന്ന പേരിലുള്ള സ്റ്റേജ് നാടകം. അതിൽ ഒരു സമൂഹഗാനമുണ്ട്. ആ പാട്ട് രംഗം പെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന പല ഷോട്ടുകൾ ചേർത്ത് കൂടുതൽ വികാരഭരിതമായി അവതരിപ്പിക്കാൻ കഴിയുമെന്ന് സംവിധായകനായ നിതിൻ ബോസിനു തോന്നി. 

 

എന്നാൽ, ഒരു ക്യാമറ മാത്രം ഉപയോഗിച്ച‍ു ഷൂട്ട് ചെയ്തിരുന്ന അക്കാലത്ത് ദൃശ്യവും ശബ്ദവും ഷൂട്ടിങ് സമയത്തു തന്നെ ഫിലിമിൽ ആലേഖനം ചെയ്യുന്നതായിരുന്നു രീതി. ഗായകസംഘം ചിത്രീകരണ സ്ഥലത്ത് വന്നിരുന്ന് കഥാസന്ദർഭത്തിനനുസരിച്ച് പാട്ടു പാടും. അതിനിടയിൽ ഗാനത്തിന്റെ തുടർച്ച നഷ്ടപ്പെടാതെ പല ഷോട്ടുകളിലായി ചിത്രീകരണം നടത്തുക അസാധ്യമായിരുന്നു. നിതിൻ ബോസിന്റെ സഹോദരന്‍ മുകുൾ ബോസ് ആയിരുന്നു ചിത്രത്തിന്റെ സൗണ്ട് റിക്കാർഡിസ്റ്റ്. അദ്ദേഹത്തോട് നിതിൻ ബോസ് തന്റെ ആവശ്യം അറിയിച്ചു.

 

ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നിതിൻ ബോസ് സംഗീത സംവിധായകൻ പങ്കജ് മല്ലികിന്റെ വീട്ടിലേക്കു ചെന്നു. പങ്കജ് മല്ലിക് കുളിക്കുന്നതിനിടയിൽ അടുത്ത വീട്ടിലെ ഗ്രാമഫോൺ പെട്ടിയിൽ നിന്നു കേട്ട ‘കം വിത് മി വെൻ ദ് മൂൺ ബീംസ്’ എന്ന ഗാനത്തിനൊപ്പം സ്വന്തം ശബ്ദം സിങ്ക് ചെയ്ത് പാടാൻ ശ്രമിക്കുന്നത് നിതിൻ ബോസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ നിമിഷം നിതിൻ ബോസിന്റെ മനസ്സിൽ പുത്തനാശയത്തിന്റെ ബൾബ് മിന്നി. 

 

സംഗീത സംവിധായകൻ റായ്ചന്ദ് ബോറാൽ പുതിയ ഗായകരെ കണ്ടെത്താൻ ശ്രമം തുടങ്ങി. സംഗീത ബിരുദം നേടിയിരുന്ന സുപ്രോവാഘോഷ്, പാരുൾ ബിശ്വാസ് എന്നീ ഗായികമാരും ഗാനരംഗത്ത് അഭിനയിച്ചിരുന്ന ഹരിമതി, കെ.സി.ഡേ എന്നീ ഗായകരും ചേർന്ന് ഗാനം ആലപിച്ചു. പണ്ഡിറ്റ് മധുർ രചിച്ച ‘മേം ഖുശ് ഹോനാ ചാഹും, ഖുശ്ഹോന സകും...’ എന്ന ഗാനവും ഭാഗ്യചക്രയിലെ ബംഗാളിയിലെ സമാനമായ ഗാനവും അങ്ങനെ ഇന്ത്യയിലെ ആദ്യ പിന്നണി ഗാനങ്ങളായി മാറി. 

 

1935 ഒക്ടോബറിൽ സിനിമ പുറത്തിറങ്ങി. ഈ ഗാനം തുടങ്ങുന്നത് സുപ്രോവാ ഘോഷിന്റെ ശബ്ദത്തിലായിരുന്നു. അതിനാൽ ഇന്ത്യൻ സിനിമയിലെ ആദ്യ പിന്നണി ഗാന ശബ്ദത്തിന് ഉടമയായി സുപ്രോവാ ഘോഷ് അറിയപ്പെടുന്നു. കെ.സി.ഡോ സിനിമയിൽ സ്വയം പാടി അഭിനയിക്കുകയും മറ്റൊരു നടനു വേണ്ടി പിന്നണി പാടുകയും ചെയ്തതിനാൽ അദ്ദേഹം ആദ്യ പിന്നണി ഗായകനുമായി. 

 

വേറെയും അവകാശവാദങ്ങൾ

 

1935ൽ റിലീസ് ചെയ്ത ‘ജവാനി കി ഹവാ’ എന്ന ഹിന്ദി ചിത്രമാണ് ആദ്യമായി പിന്നണി ഗാനം ഉൾപ്പെടുത്തിയതെന്ന് വാദമുണ്ട്. ഈ ചിത്രത്തിൽ ചന്ദ്രപ്രഭ എന്ന നടിക്കു വേണ്ടി സ്വന്തം സഹോദരിയും സംഗീത സംവിധായകയുമായ സരസ്വതി ദേവി പിന്നണി പാടിയെന്നാണ് അവകാശവാദം. ‘ബോംബെ ടാക്കീസ്’ നിർമിച്ച ഈ ചിത്രത്തിന്റെ പ്രിന്റോ ഗാനത്തിന്റെ ഗ്രാമഫോൺ റിക്കാർഡോ ഇപ്പോൾ ലഭ്യമല്ല. കൂടുതൽ വിശ്വസനീയമായ രേഖകളും തെളിവുകളും വിവരങ്ങളും അടിസ്ഥാനമാക്കി ‘ഭാഗ്യചക്ര’, ‘ധൂപ് ഛാംവ്’ എന്നിവ തന്നെയാണ് പിന്നണി ഗാനാലാപനത്തിന്റെ തുടക്കം കുറിച്ചതെന്ന് അംഗീകരിക്കപ്പെടുന്നു. 

 

സരസ്വതി ദേവി – ചന്ദ്രപ്രഭ സഹോദരിമാരുടെ പേരിൽ മറ്റൊരു റെക്കോർഡ് ഇപ്പോഴുമുണ്ട്, ജനപ്രീതി നേടിയ ആദ്യ പിന്നണി ഗാനം ഇരുവരുടെയും പേരിലായിരുന്നു. 1936ൽ റിലീസ് ചെയ്ത ‘അഛൂത് കന്യ’ എന്ന ബോംബെ ടാക്കീസ് ചിത്രത്തിൽ നടിയായിരുന്ന ചന്ദ്രപ്രഭയ്ക്കു വേണ്ടി സരസ്വതീ ദേവി സംഗീതം നൽകി പാടിയ ‘കിത്ത് ഗയേഹോ ഖേവൻഹാർ’ എന്ന ഗാനമായിരുന്നു അത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com