ADVERTISEMENT

നാട്ടഴക് തുളുമ്പുന്ന കാഴ്ചകൾ കൊണ്ടുകൂടി നിറഞ്ഞതാണ് കേരം തിങ്ങും കേരളനാട്. ആ സൗന്ദര്യക്കാഴ്ചകൾ മലയാളിയുടെ മനസ്സിൽ വേരൂന്നിയതിനു പിന്നിൽ ചില നാടൻ വരികൾ കൂടിയുണ്ട്, പല കാലങ്ങളിലായി സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും മറ്റും കേട്ടുപരിചയിച്ച ചില അഴകൊത്ത വരികള്‍. ഓരോ തവണ കേൾക്കുമ്പോഴും മലയാളത്തിന്റെ മനസ്സിൽ അവയ്ക്കെല്ലാം മധുരം കൂടി വരുന്നു. കേരളത്തിന്റെ നാട്ടുഭംഗിയും സംസ്കാരവുമെല്ലാം ‘പാട്ടിലാക്കി’ സിനിമയിൽ തെളിഞ്ഞ ചില ഗാനങ്ങള്‍ ഈ കേരളപ്പിറവി ദിനത്തിൽ ഓർമിക്കാം....

 

‘സഹ്യസാനുശ്രുതി ചേർത്തുവച്ച

മണിവീണയാണെന്റെ കേരളം

നീലസാഗരമതിന്റെ

തന്ത്രിയിലുണർത്തിടുന്നു

സ്വരസാന്ത്വനം....’

 

2001ൽ സംവിധായകൻ വിനയൻ ഒരുക്കിയ ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിലെ ഈ ഗാനം ഏതു മലയാളിക്കും സ്വന്തം നാടിനെക്കുറിച്ച് അഭിമാനിക്കാനുതകുന്നതാണ്. ചിത്രത്തിൽ ആകെ പന്ത്രണ്ട് ഗാനങ്ങളാണുള്ളത്. അവയെല്ലാം യൂസഫലി കേച്ചേരി–മോഹൻ സിത്താര കൂട്ടുകെട്ടിൽ പിറന്നതാണ്. അതിൽ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ.ജെ. യേശുദാസ് ആലപിച്ച ഗാനം ഇന്നും ‍ഹിറ്റാണ്.

 

‘കേരനിരകളാടും ഒരു ഹരിത ചാരുതീരം...

പുഴയോരം കളമേളം കവിത പാടും തീരം...

കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ...

ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്...

നിറപൊലിയേകാമെൻ അരിയനേരിനായ്...

പുതുവിള നേരുന്നൊരിനിയ നാടിതാ...

പാടാം... കുട്ടനാടിന്നീണം....’

 

സിബി മലയില്‍ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ‘ജലോത്സവം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബി.ആർ. പ്രസാദിന്റെ വരികൾക്ക് ഈണം പകർന്നത് അൽഫോൺസ് ജോസഫ്. പി.ജയചന്ദ്രൻ ആലപിച്ച ഗാനം ഇന്നും ഹിറ്റുകളിൽ മുൻനിരയിൽ തന്നെയുണ്ട്. റിലീസ് ചെയ്ത് വർഷങ്ങള്‍ക്കിപ്പുറവും ഈ ഗാനത്തിന്റെ ആസ്വാദകരുടെ എണ്ണം കുറവല്ല.

 

‘കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍

പാട്ടൊന്നു പാടെടി കാക്ക കറുമ്പീ

അന്തിക്കുടം കമിഴ്ത്തി ഞാന്‍

ഇളംകള്ളു കുടിക്കുമ്പോള്‍...

പഴംകഥ പറയെടി പുള്ളിക്കുയിലേ....’

 

ബ്ലെസ്സിയുടെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ ‘കാഴ്ച’ എന്ന ചിത്രത്തിലെ ഈ ഗാനം മലയളികളെ എക്കാലവും താളം പിടിപ്പിക്കുന്ന ഒന്നാണ്.  കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്കു മോഹൻ സിത്താര ഈണമൊരുക്കി. കലാഭവൻ മണിയും മധു ബാലകൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചത്.

 

‘കേരളമാണെന്റെ നാട്

കേരദ്രുമങ്ങൾ തൻ നാട്

കായലും കുന്നും പുഴകളുമൊന്നിച്ച്

ചാരുത ചാർത്തുന്ന നാട്....’

 

സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ‘ഉൾട്ട’യിലെ ഈ ഗാനം വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ തിളങ്ങിയതാണ്. കേരളത്തെ വർണിച്ചുകൊണ്ടുള്ള പാട്ടിനു വേണ്ടി വരികൾ കുറിച്ചത് കെ. കുഞ്ഞികൃഷ്ണൻ ആണ്. സുദർശൻ ഈണം പകർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com