ADVERTISEMENT

1982ൽ ആണ് ബാലചന്ദ്രമേനോന്റെ ‘ചിരിയോചിരി’ പുറത്തിറങ്ങുന്നത്. ഗാനങ്ങളുടെ കംപോസിങ് കോഴിക്കോടു വച്ചാണ്. ട്യൂൺ തരാം, പാട്ട് റെഡിയാക്കാൻ എത്തണമെന്നു പറഞ്ഞാണ് രവീന്ദ്രൻ മാസ്റ്റർ ബിച്ചു തിരുമലയെ വിളിച്ചിരിക്കുന്നത്.

 

കംപോസിങ്ങിനു മുമ്പ് രണ്ടുപേരും ഏറെനേരം തമാശകളൊക്കെപ്പറഞ്ഞ് ഇരിക്കുകയായിരുന്നു. സംസാരത്തിനിടയ്ക്കും അടുത്തിരിക്കുന്ന ഹാർമോണിയത്തിൽ മാസ്റ്ററുടെ വിരലുകൾ വെറുതെ താളം തേടുക പലപ്പോഴും പതിവാണ്. ഇടയ്ക്കെപ്പോഴോ ആ വിരലുകളുടെ അലസനടനത്തിൽ പിറന്ന ഒരീണത്തിലേക്ക് പാട്ടെഴുത്തുവഴിയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച കവിയുടെ കാതുടക്കി. ‘ങ്ഹാ, അതു കൊള്ളാമല്ലോ..’ അറിയാതെ പറഞ്ഞുപോയി.

 

‘കൊള്ളാമോ? എങ്കിൽ ദാ ബാക്കിയൂടെ... ഒക്കുമെങ്കിൽ വരിയെഴുതിക്കൊ...’ വിടാൻ ഭാവമില്ലാതെ മാസ്റ്റർ ഒന്നുകൂടി ഉഷാറായി.

 

ഏതു മുറിവും ഉണക്കാൻപോന്ന ഈണങ്ങളെ മലയാളത്തിനു സമ്മാനിച്ച മാസ്റ്ററെ ഞെട്ടിച്ച് തിരുമല അപ്പോൾത്തന്നെ വാക്കുകൾ കൊരുത്തു. തോറ്റു കൊടുക്കാൻ മനസ്സില്ലാതെ മാസ്റ്റർ ആരോഹണത്തിലേക്ക്... പദസമ്പത്തിന്റെ പദ്മരാഗച്ചെപ്പു തുറന്ന് തൊട്ടുപിന്നാലെ കവിയും! ആരോഹണാവരോഹണങ്ങളിൽ ഈണവും കാവ്യവും വിട്ടുവീഴ്ചകളൊഴിഞ്ഞ് മാറ്റുരച്ചു... ഫലത്തിൽ സെമി ക്ലാസിക്കൽ ശ്രേണിയിലേക്ക് മലയാളം മറക്കാത്ത എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്ന് അവിടെ ജന്മമെടുത്തു...

‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, ഗാനം.. ദേവഗാനം...’

 

എത്രയോ രാത്രികളിൽ, റേഡിയോയിൽ തുടങ്ങി മൊബൈൽ ഇയർഫോണെന്ന സൂക്ഷ്മ ശബ്ദ വാഹിനിയെ ചെവിയിൽ തിരുകി നാടിനൊപ്പമോടുന്ന പതിവിലെത്തി നിൽക്കുമ്പോഴും, എന്റെ ഉറക്കത്തിന് അകമ്പടിയേകാൻ ആ ദേവഗാനം ഉണ്ടാവാറുണ്ട്.

 

താളലയങ്ങളുടെ ഓളപ്പരപ്പിനു മീതെ ആസ്വാദനത്തിന്റെ വിരിഞ്ഞ പായയിൽ മധുരരാഗത്തിന്റെ ഇളംതെന്നലേറ്റ് ഈ വഞ്ചിയിങ്ങനെ സ്വച്ഛന്ദം ഏതോ മോഹന തീരത്തേക്ക് ഒഴുകി നീങ്ങിയതും എത്രയോ തവണ...

 

മലയാള സിനിമാ പാട്ടെഴുത്തിന്റെ സുവർണ ദശകങ്ങളെ തന്റേതായ ശൈലി കൊണ്ട് ധന്യമാക്കിയ ബിച്ചു തിരുമല എന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് ഇങ്ങനെയൊരു ഗാനം എഴുതുമ്പോൾ ആ മനസ്സിലൂടെ എന്തെല്ലാം ചിന്തകളാവും കടന്നു പോയിട്ടുണ്ടാവുക. തമാശയ്ക്കായാണ് തുടങ്ങിയതെങ്കിലും ഒടുവിൽ ഒരു നടനാംഗനയുടെ നൂപുരധ്വനിയിൽ നിന്നെന്നവണ്ണം മുറുകി അയയുന്ന താളങ്ങളെ ഹൃദയാഴങ്ങളിലേക്ക് അഴിച്ചുവിട്ട രവീന്ദ്ര സംഗീതമോ..!

 

ഈണം കിനിയുന്ന വരികൾ മെനഞ്ഞ കവിയോ കവിതയൊളിപ്പിച്ച ഈണവുമായി ജാലവിദ്യ തീർത്ത മാഷോ കേമൻ?

 

ഉത്തരം കണ്ടെത്തുക എളുപ്പമല്ല, എങ്കിലും ഒന്നുറപ്പിക്കാം, ഭാവ മാധുരിയും ശ്രുതിയഴകും സമം ചേർന്ന്, ആസ്വാദക ഹൃദയങ്ങളിൽ അമൃതമഴ പെയ്യിക്കുന്ന ഗാനഗന്ധർവന്റെ സ്വരം കൂടിയായപ്പോളാണ് പാട്ട് അതിന്റെ പൂർണതയെ തൊട്ടത് എന്നതിൽ സംശയമില്ല.

 

സ്വര വിസ്താരത്തിന്റെ  മന്ദഗതിയിൽ തുടങ്ങി ചടുല പദാവലിയുടെ വിന്യാസശോഭയിലേക്ക് വഴിമാറുമ്പോൾ സ്വരങ്ങളേഴും തഴുകിയൊഴുകി വരുന്ന ദേവഗാനത്തോടുള്ള അഭിനിവേശം പതിന്മടങ്ങായേറുകയല്ലേ.

 

കാവ്യ - താള- സ്വര ധന്യതയിങ്ങനെ കരളു കുളിർപ്പിച്ചൊഴുകിപ്പരക്കവെ ലയിച്ചു പോകാത്തതാരാണ്? അഭിലാഷ ഗാനത്തിന് ഒരു നടനാംഗനയുടെ പരിവേഷം കൊടുക്കുമ്പോൾ കേട്ടു പഴകിയ കൽപനകളൊക്കെയും ഒന്നു വഴിമാറിയോ? ശ്രേഷ്ഠ രാഗങ്ങളുടെ കരപരിലാളനയാൽ മാനസവീണയിൽ പെയ്തിറങ്ങുകയല്ലേ ഇന്ദ്രജാലം! പേരിനു പോലും രാഗ-താള ബോധമില്ലാതിരുന്നിട്ടും അനുഭൂതിയുടെ മേച്ചിൽപുറങ്ങളിൽ എനിക്കും അഭിരമിക്കാൻ കഴിഞ്ഞത് ആ ഐന്ദ്രജാലികതയിലാണല്ലോ..

 

‘ആരോ പാടും ലളിത മധുരമയ ഗാനം പോലും കരളിലമൃതമഴ.......’ ഗായകൻ ആരുമാകട്ടെ, കരളിലമൃതമഴ പെയ്യിക്കാൻ ലളിതമായ ഒരു ഗാനത്തിനു പോലും ആവുമെന്നതാണല്ലോ ശുദ്ധസംഗീതത്തിന്റെ പുണ്യം. ‘ഇത്രയധികം വാക്കുകൾ ചേർത്ത് എങ്ങനെ ആ വരികളൊക്കെ ഉണ്ടായി എന്നത് ഇന്നും എനിക്ക് അദ്ഭുതമാണ്.’ മലയാളത്തിൽ ഏറ്റവും കൂടുതൽ  സിനിമകൾക്കു പാട്ടെഴുതിയ പ്രതിഭ ആശ്ചര്യം കൊള്ളുന്നു. ‘രവിയുടെ ഈണത്തിന്റെ മെച്ചം തന്നെയാണ് ആ വരികളുടെ പിറവിക്കു പിന്നിൽ..’ പാട്ടു വഴിയിലെ ഒറ്റയാന് സംശയമില്ല. ആസ്വാദനത്തിന്റെ കൗമാര - യൗവനങ്ങളിൽ നീണ്ട ചരണങ്ങളെ ഹൃദിസ്ഥമാക്കാൻ വല്ലാതെ പാടുപെട്ടിരുന്നു. ഒന്നിനുമായിരുന്നില്ല, വെറുതെ.... പാടുമ്പോൾ സ്വയമൊരുതോന്നൽ.. എനിക്കും പാടാനറിയാം!!

 

അതിലോലമായി നേർത്തിറങ്ങുന്ന ഗാനത്തിൽ ഒരു നടനശോഭതന്നെ കാംക്ഷിക്കുന്ന കവിഹൃദയം  വെൺതൂവൽ കൊടി പോൽ സർവതിനും മേലേ അതിനെ പ്രതിഷ്ഠിക്കാനും ആഗ്രഹിക്കുകയല്ലേ?

 

‘ഏതോ താളം മനസിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ.....’

 

ഉള്ളിന്റെയുള്ളിൽ, സിരാ ധമനികളെ കീഴടക്കി, പുളക മദലഹരി പ്രദാനം ചെയ്ത് അരങ്ങു തകർക്കുകയാണ് താളമേള ലയഘോഷങ്ങൾ.

 

ചരണത്തിൽ പ്രയോഗിച്ച, ഒന്നിനെപ്പുണർന്ന് മറ്റൊന്ന് എന്നതുപോലെയുള്ള പദവിന്യാസം ആസ്വാദനത്തിന്റെ തലം തന്നെ മാറ്റിക്കളഞ്ഞു!

 

‘ഈണമൊപ്പിച്ച് വരികൾ കുറിച്ചു. അത് മുറിക്കാതെ പാടാനാവുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷേ, യേശുദാസ് അസാധ്യമായി അതു പാടി.’ സഹൃദയ ലോകം ഭാഷാവ്യത്യാസമില്ലാതെ നെഞ്ചേറ്റുന്ന ആ സ്വരസുകൃതത്തിന് എഴുത്തുകാരന്റെ ഉള്ളറിഞ്ഞ അംഗീകാരം.

 

രാഗ താളങ്ങളുടെ അഭൂതപൂർവമായ ലയനത്തിൽ, പുതിയ അനുഭൂതികളുടെ മോഹന തീരങ്ങളിലേക്ക് ഗാനചാരുതാരൂപം പൂണ്ട കാമിനിക്കൊപ്പമുള്ള സുഖനിമിഷത്തെയും വിളിച്ചിറക്കുന്നുണ്ട് കവി-

 

‘....അരിയ സുഖനിമിഷമേ പോരൂ.. ആരോടും മിണ്ടാതീ ആരോമൽ തീരത്തിന്നനുഭൂതികളിൽ....’ ഹൊ! സ്വരരാഗങ്ങളുടെ നിമ്നോന്നതങ്ങളിലെ നടനചാരുത പഞ്ചേന്ദ്രിയങ്ങളെയും കുളിർപ്പിച്ചു കളഞ്ഞില്ലേ!

 

എത്ര സംഘർഷങ്ങളുടെ നീറ്റലുമായാണെങ്കിലും ഈ ഗാനത്തിന്റെ ശ്രുതിയോരം ചേർന്നു നടന്നാൽ, ചരണത്തിന്റെ അവസാന പാദമെത്തുമ്പോഴേയ്ക്കും കാറും കോളുമൊക്കെ ഒന്നൊഴിഞ്ഞിരിക്കും.

 

നാലുപതിറ്റാണ്ടാവുന്നു, രവീന്ദ്ര സംഗീതം അതിന്റെ തീക്ഷ്ണ യൗവനത്തിൽ, ശിവരഞ്ജിനീരാഗത്താൽ ആടയാഭരണങ്ങൾ ചാർത്തി, മലയാളത്തിന് ഇങ്ങനൊരു ഗാനം സമ്മാനിച്ചിട്ട്. ഓരോ തവണ കേൾക്കുമ്പോഴും പുതുതായി എന്തൊക്കെയോ പകർന്നു തരുന്നതുപോലെയല്ലേ ദാസേട്ടന്റെ ആ സ്ഫുടം ചെയ്ത ശബ്ദസൗകുമാര്യം ഹൃദയാഴങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നത്... മലയാളത്തിലെ എക്കാലത്തെയും മികച്ച സെമി ക്ലാസിക്കലുകളിൽ ഏഴു സ്വരങ്ങളും തഴുകി വരുന്ന ഈ അഭിലാഷ മോഹന ഗാനം ബിച്ചു തിരുമലയുടെ രചനാവൈഭവത്തെ ഊട്ടിയുറപ്പിച്ച് കാലത്തേയും ഒപ്പം നടത്തുകതന്നെയാണ്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com