ADVERTISEMENT

ഒറ്റക്കമ്പി നാദംകൊണ്ട് മലയാളിയുടെ മനസ്സില്‍ പാട്ടിന്റെ പനിനീര്‍ ചന്ദ്രിക പെയ്തുവീഴ്ത്തിയ ബിച്ചു തിരുമല. ഏഴുസ്വരങ്ങളും തഴുകി വരുന്ന ഈണങ്ങളിലും ആ വരികള്‍ കലര്‍ന്നപ്പോള്‍ അറിയാതെ നമ്മള്‍ പൂങ്കാറ്റിനോടും കഥകള്‍ ചൊല്ലി. ആയിരം കണ്ണുള്ള കാത്തിരിപ്പിന്റെ നൊമ്പരം അറിഞ്ഞു. പനിനീരിലും ഹൃദയം നിലാവായ് അലിഞ്ഞുപോയ കാമുകരും ഓലത്തുമ്പത്തിരുന്ന് ഊയലാടുന്ന ചെല്ലപ്പൈങ്കിളിയേ നോക്കി കിന്നാരം പറഞ്ഞ അമ്മമാരും അതിലും ഏറെ. മധുരക്കിനാവിന്റെ ലഹരി പകര്‍ന്ന് കുടമുല്ലപ്പൂക്കള്‍ പോലും വിരിയിച്ച പാട്ടെഴുത്തായിരുന്നു ബിച്ചു തിരുമലയുടേത്. എത്ര തലമുറകള്‍, അതിലും എത്രയോ പാട്ടുകള്‍... ഇത്രമേല്‍ തലമുറകളെ സ്പര്‍ശിച്ചു പാട്ടെഴുതിയ മറ്റൊരു പാട്ടെഴുത്തുകാരനുണ്ടാകില്ല. കാലം കടന്നു പോകുമ്പോഴും പ്രായം അക്ഷരങ്ങളോടുള്ള മോഹം കൂട്ടിക്കൊണ്ടിരുന്നു. മലയാള സിനിമാസംഗീതത്തിന്റെ നല്ല കാലത്തെ എല്ലാ പ്രതിഭകളുടെ സംഗീതത്തിലും ബിച്ചു തിരുമലയുടെ അക്ഷരങ്ങള്‍ പതിഞ്ഞു.

 

1972ല്‍ തുടങ്ങിയ ആ പാട്ടുപ്രയാണത്തില്‍ എഴുതിയതില്‍ ഏറെയും ഹിറ്റുകളായിരുന്നു. സംവിധായകനും സംഗീത സംവിധായകനും വേണ്ടി എങ്ങനേയും വഴങ്ങി കൊടുക്കുന്ന ഒരു അത്ഭുതപ്രതിഭാസം കൂടിയായിരുന്നു ബിച്ചു തിരുമല. കേവലം പദമാലകളാകാതെ സന്ദര്‍ഭത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന വരികള്‍ ജനിക്കുമ്പോഴാണ് പാട്ട് ശ്രദ്ധിക്കപ്പെടുന്നതെന്ന് ഉറച്ചുവിശ്വസിച്ചു. ആ പാട്ടുകളിലൂടെ നമ്മള്‍ അനുഭവിച്ചറിഞ്ഞതും അതായിരുന്നു. ബിച്ചു തിരുമലയുടെ ഹിറ്റുകളില്‍ ഏറെയും സംഗീതത്തിന് അനുസരിച്ച് എഴുതിയ ഗാനങ്ങളായിരുന്നു. അപ്പോഴും അര്‍ത്ഥസൗന്ദര്യം ചോര്‍ന്നുപോകാതെ സൂക്ഷിച്ചു. സംഗീതസംവിധായകന്റെ സൗകര്യത്തിനു വഴങ്ങി കൊടുത്തും ട്യൂണിനോട് ഒരണു മാറാതെയും ബിച്ചു തിരുമല എഴുതിയ ഗാനങ്ങളൊക്കെയും ഒന്നിനൊന്നു മെച്ചമായി. പ്രണയവും വിരഹവുമൊക്കെ എഴുതുമ്പോള്‍ അത് കേവലം ശബ്ദസൗന്ദര്യത്തില്‍ മാത്രം നിറയുന്നതായിരുന്നില്ല. അനുവാചകന്റെ മനസ്സില്‍ ഭാവനയുടെയും സ്വപ്‌നങ്ങളുടെയും ലോകങ്ങള്‍ കൂടി പകര്‍ന്നു നല്‍കി. ആട്ടവും ബഹളവും പരിഹാസവും ചിരിയുമൊക്കെ പാട്ടിലാക്കിയപ്പോഴും ബിച്ചു തിരുമല എഴുതി അടുക്കിയത് തട്ടുപൊളിപ്പന്‍ വാക്കുകളോ പ്രയോഗങ്ങളോ ആയിരുന്നില്ല. 

 

വയലാറും പി. ഭാസ്‌ക്കരനും ശ്രീകുമാരൻ തമ്പിയുമൊക്കെ പാട്ടിന്റെ മായാജാലം സൃഷ്ടിക്കുന്ന എഴുപതുകളിലാണ് ബിച്ചു തിരുമല എന്ന ചെറുപ്പക്കാരന്റെയും അരങ്ങേറ്റം. എഴുത്തിനോടുള്ള ആര്‍ത്തി കൊണ്ടാകാം കിട്ടിയ അവസരങ്ങളൊക്കെ നന്നായി വിനിയോഗിച്ചു. പാട്ടെഴുത്തിലെ വേഗതയും അതിവേഗത്തില്‍ ട്യൂണിനെ പിടിച്ചെടുക്കുന്ന മാന്ത്രികതയും ബിച്ചുവിന്റെ കൈമുതലായി. അതോടെ സംഗീതസംവിധായകര്‍ക്കും ബിച്ചു തിരുമല പ്രിയപ്പെട്ടവനായി. ഒരു ദിവസം രണ്ടുസിനിമകള്‍ക്കുവരെ പാട്ടുകളെഴുതിയ കാലം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു കേട്ടാല്‍ അറിയുന്ന ആര്‍ക്കും അത്ഭുതം തോന്നില്ല. ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനവും, പൂങ്കാറ്റിനോടും കിളികളോടും തുടങ്ങിയ ഗാനങ്ങള്‍ നിമിഷനേരങ്ങള്‍കൊണ്ടു പിറന്നവയാണ്. വിശ്വസംഗീത സംവിധായകന്‍ എ. ആര്‍. റഹ്‌മാന്‍ പടകാളി ചണ്ടി ശങ്കരി പോര്‍ക്കലി എന്ന കുഴപ്പിക്കുന്ന ഈണമിടുമ്പോഴും ബിച്ചു തിരുമലയ്ക്ക് തല പുകയ്‌ക്കേണ്ടി വന്നില്ല. ട്യൂണിനൊത്ത് ഏതെങ്കിലും പദങ്ങള്‍ അടുക്കി ഒപ്പിക്കല്‍ പണിക്കും മുതിര്‍ന്നില്ല. ദേവിയുടെ പര്യായപദങ്ങള്‍ ചേര്‍ത്ത ആദ്യവരികള്‍ സംഗീതമൊക്കെ ഒന്ന് മറന്നു വായിച്ചുനോക്കിയാല്‍ അസലൊരു ഭക്തിഗാനമായിതന്നെ അനുഭവപ്പെടും.

 

ഏത് കുഴപ്പിക്കുന്ന ഈണവും അതിവേഗത്തില്‍ മനസ്സിലേക്ക് പകര്‍ത്തി എടുക്കുന്നത് ബിച്ചു തിരുമലയുടെ ഗുണവിശേഷങ്ങളില്‍ ഒന്നായിരുന്നു. ബിച്ചു തിരുമല ഗാനങ്ങള്‍ എഴുതി 1975ല്‍ പുറത്തിറങ്ങിയ ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്ന ചിത്രത്തിന് എം. എസ്. ബാബുരാജായിരുന്നു സംഗീതം. ധൂമം ധൂമാനന്ദലഹരി എന്ന പാട്ടിന്റെ വരികള്‍ പൂര്‍ത്തിയാക്കി ബാബുരാജിന് നല്‍കുമ്പോള്‍ അദ്ദേഹത്തിന്  ചില സംശയങ്ങള്‍. പെട്ടെന്നു സംഭവിച്ച ട്യൂണില്‍ പെട്ടെന്നെഴുതിയ വരികള്‍. അതുകൊണ്ടുതന്നെ ട്യൂണ്‍ റെക്കോര്‍ഡ് ചെയ്തുവെച്ചിട്ടുമില്ല. ആശയക്കുഴപ്പത്തോടെ നിന്ന ബാബുരാജിനെ ബിച്ചു തിരുമല ആശ്വസിപ്പിച്ചു. ബാബുരാജ് നല്‍കിയ ഈണത്തില്‍ ബിച്ചു തിരുമല തന്റെ വരികളും ചേര്‍ത്ത് മൂളിയതോടെ ബാബുരാജിനും അതിശയം. എങ്കില്‍ പിന്നെ ഈ ഗാനം നീ കൂടിയങ്ങ് പാടെന്ന് കല്‍പ്പിക്കുന്നതും ബാബുരാജ് തന്നെയാണ്. അങ്ങനെ ബ്രഹ്‌മാനന്ദനും കമല്‍ഹാസനും അമ്പിളിയ്ക്കും ഒപ്പം ബിച്ചു തിരുമലയും ഗായകനായി. 

 

എഴുപതുകളുടെ അവസാനത്തോടെ ബിച്ചു തിരുമല മലയാളസിനിമാസംഗീതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി. ഏതു സംഗീതസംവിധായകര്‍ക്കൊപ്പം കൈകോര്‍ത്താലും അതൊക്കെ തങ്കമായി. ബിച്ചു തിരുമല പാട്ടെഴുതിയാല്‍ പടം ഹിറ്റാകുമെന്ന വിശ്വാസംപോലും സിനിമാക്കാര്‍ക്കിടയില്‍ ഉണ്ടായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും പടര്‍ത്തിയ എഴുത്തു സുഗന്ധം ഇന്നും മലയാളിക്കൊരു അനുഭവമാണ്. ഏതു ശ്രേണിയില്‍പ്പെട്ട ഗാനങ്ങള്‍ പരിശോധിച്ചാലും അതില്‍ ആദ്യം ഞാനെന്ന ഭാവത്തില്‍ മനസ്സിലേക്ക് തലനീട്ടി എത്തുന്നത് ആ വരികള്‍ തന്നെയാകും. കുട്ടിപ്പാട്ടുകളില്‍ ആലിപ്പഴം പെറുക്കാം, പ്രേതപ്പാട്ടുകളില്‍ നിഴലായ് ഒഴുകിവരും, താരാട്ടില്‍ ഓലത്തുമ്പത്തിരുന്ന് ഊയലാടും എന്നിങ്ങനെ ആ പാട്ടുപട്ടിക തുടരുന്നു.

 

പുതിയ പദങ്ങള്‍ തന്റെ പാട്ടുകളിലേക്ക് എത്തിക്കുന്നതിനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ എപ്പോഴും അദ്ദേഹം നടത്തികൊണ്ടിരുന്നു. രാഗേന്ദുകിരണങ്ങളും, മൈനാഗവും, പഴന്തമിഴുമൊക്കെ തന്റെ പാട്ടുകളിലൂടെ മലയാളിക്കു പരിചയപ്പെടുത്തി. കേരളപ്പഴമയുടെ ചരിതമെഴുതി മാമാങ്കം പലകുറികൊണ്ടാടി അടക്കമുള്ള ആല്‍ബം ഗാനങ്ങള്‍, ശരറാന്തല്‍ വെളിച്ചത്തില്‍പോലെയുള്ള ലളിതഗാനങ്ങള്‍, വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷക എന്നിങ്ങനെയുള്ള ഭക്തിഗാനങ്ങള്‍.... എവിടെയും ബിച്ചുതിരുമല കാലത്തെ അതിജീവിക്കുന്ന സാന്നിധ്യമായി.

 

ഏറ്റവും കൂടുതല്‍ ഗാനങ്ങളെഴുതിയ ഗാനരചയിതാവ് എന്നല്ല, ഏറ്റവും നല്ല പാട്ടുകളെഴുതിയ ഗാനരചയിതാവ് എന്നാകും കാലം ബിച്ചു തിരുമലയെ ഓര്‍ത്തെടുക്കുക

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com