ADVERTISEMENT

ലോകത്തിന്റെ നെറുകയിലെത്താൻ പ്രായം ഒരു ഒരു പ്രശ്നം ആണോ? അങ്ങനെയല്ലെന്നു സ്ഥാപിക്കുകയാണ് ബാർബഡോസിന്റെ പുതിയ ‘ഹീറോ’, ഗായിക റിയാന. നേട്ടങ്ങൾകൊണ്ട് റിയാന ലോകത്തിന്റെ നെറുകയിൽ ചുംബിച്ചു നിൽക്കുമ്പോൾ ആരാധകരുൾപ്പെടെ പലരും അസൂയയോടെ ചർച്ച ചെയ്യുന്നത് ഗായികയുടെ പ്രായം തന്നെയാണ്- കേവലം 33 വയസ്സ്!അവർക്ക് ഇനിയും ദീർഘദൂരം സഞ്ചരിക്കാനുണ്ട് എന്നതുകൂടി ഇതിനോടു ചേർത്തു വായിക്കണം. പലപ്പോഴും പ്രവചനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും അതീതമാവുകയാണ് റിയാനയുടെ ചുവടുകൾ. ചരിത്രം എഴുതിച്ചേർത്ത സംഗീത അദ്ഭുതം റിയാനയുടെ പേര് ദിനംപ്രതി ഇന്റര്‍നെറ്റിൽ തിരയുന്നവരുടെ എണ്ണവും കുറവല്ല. യഥാർഥത്തിൽ ആരാണ് ഈ റിയാന?

 

rihanna-new1

ബാർബേഡിയൻ ഗായികയും ഗാനരചയിതാവുമാണ് റിയാന. മുഴുവൻ പേര് റോബിൻ റിയാന ഫെന്റി. കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസിൽ ജനിച്ചു വളർന്നു. ദാരിദ്ര്യം നിറഞ്ഞ, കയ്പേറിയ കുട്ടിക്കാലത്തുനിന്ന് പാട്ടുജീവിതത്തിന്റെ മധുരത്തിലേക്കു റിയാന എത്തിപ്പെട്ടത് അമേരിക്കൻ നിർമാതാവ് ഇവാൻ റോജേഴ്സിലൂടെയാണ്. പാടിത്തെളിഞ്ഞ റിയാന പിന്നീട് അദ്ഭുതകരമായ വളർച്ചയിലേക്ക് അതിവേഗം പാഞ്ഞുകയറുകയായിരുന്നു. കഠിനാധ്വാനം കൊണ്ടും അർപ്പണബോധം കൊണ്ടും, തൊട്ടതിലെല്ലാം സ്വന്തം പേര് കൊത്തിവച്ച ഗായിക പക്ഷേ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടു. റിയാനയുടെ മുൻപങ്കാളി ക്രിസ് ബ്രൗണ്‍ 2009 ൽ അവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ആരോപണമുയർന്നത് രാജ്യാന്തര തലത്തിൽ വാർത്തയായിരുന്നു.

 

Rihanna (Photo - Rich Fury/Getty Images/AFP)

പൊതുവിഷയങ്ങളിൽ മുൻപിൻ നോക്കാതെ പ്രതികരിക്കുന്ന സെലിബ്രിറ്റികളില്‍ മുന്നിലുണ്ട് റിയാനയുടെ പേര്. ലിംഗനീതിക്കുവേണ്ടിയും വംശീയ അധിക്ഷേപങ്ങൾക്കും ജനാധിപത്യ ധ്വസനങ്ങൾക്കും എതിരെയും പലകുറി പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് അവർ. പലപ്പോഴും റിയാനയുടെ പ്രതികരണങ്ങൾ ഒറ്റ വരിയിലോ ചിരിയിലോ വാക്കിലോ ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ അവയ്ക്കോരോന്നിനും ആയിരം വാക്കുകളെക്കാൾ ആഴവും അർഥവും ഉണ്ടെന്ന് അവരുടെ ആരാധകരും വിമർശകരും ഒരുപോലെ പറയുന്നു.

 

popstar-rihanna

ലോകപ്രശസ്തയാണെങ്കിലും റിയാനയിലേക്ക് ഇന്ത്യക്കാരില്‍ പലരുടെയും കണ്ണുടക്കിയത് ഈ വർഷമാണ്. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരിയിൽ. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കർഷകർ രാപകൽ സമരം ചെയ്തപ്പോൾ ഒറ്റ വരി ട്വീറ്റിലൂടെ കർഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു ഈ ബാർബേഡിയൻ ഗായിക. ‘എന്തുകൊണ്ട് ആരും ഇതേക്കുറിച്ചു ചർച്ച ചെയ്യുന്നില്ല’ എന്ന റിയാനയുടെ ചോദ്യം പ്രമുഖരെയടക്കം ചൊടിപ്പിച്ചത് ചെറുതായൊന്നുമല്ല. അതുവരെ നിശ്ശബ്ദരായിരുന്ന പലരും അന്നു മുതൽ മിണ്ടിത്തുടങ്ങി. കർഷകരെ പരോക്ഷമായി പിൻതുണച്ചിരുന്ന സിനിമാ–രാഷ്ട്രീയ–സാംസ്കാരിക രംഗത്തെ ചില പ്രമുഖർ റിയാനയ്ക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടു. 

 

rihanna-national-hero

ഞങ്ങളുടെ രാജ്യത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാമെന്നും പുറത്തു നിന്നുള്ളവർ അതിൽ തലയിടേണ്ടെന്നും ഗായിക ലതാ മങ്കേഷ്കർ ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രഖ്യാപിച്ചു. ‌തുടക്കം മുതൽ റിയാനയെ വാക്കുകൾ കൊണ്ടു തളച്ചിടാൻ നോക്കിയ ബോളിവുഡ് താരം കങ്കണ റനൗട്ട് തുടർച്ചയായി ഒളിയമ്പുകളെയ്തുകൊണ്ടിരുന്നു. ഒറ്റ വരി ട്വീറ്റിന് റിയാന ചുരുങ്ങിയത് നൂറു കോടി രൂപയെങ്കിലും പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടാകും എന്നായിരുന്നു കങ്കണയുടെ വിവാദമായ ആരോപണം. മോശം വാക്കുകൾ കൊണ്ട് റിയാനയെ അഭിസംബോധന ചെയ്ത കങ്കണ, ഗായികയെ ‘പോൺ സിങ്ങർ’ എന്നു വിളിച്ചും അപമാനിച്ചു. തുടരെയുള്ള ആക്ഷേപങ്ങൾക്കിടയിൽ സമൂഹമാധ്യമലോകം കുത്തിപ്പൊക്കിയ ബിക്കിനി ചിത്രങ്ങൾ കങ്കണയ്ക്കു തിരിച്ചടിയായതും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

 

കറുത്ത മഡോണ എന്ന് അറിയപ്പെടാൻ ആ​ഗ്രഹിക്കുന്ന, ബോബ് മാർലിയുടെ കടുത്ത ആരാധികയായ റിയാനയുടെ നിൽപ്പും നടപ്പും വേഷവും എല്ലാം ഓരോ നിലപാട് പ്രഖ്യാപനങ്ങൾ കൂടിയാണ്. സ്വന്തം വേരിലും നിറത്തിലും അഭിമാനം കൊള്ളുന്ന ഗായിക കൂടിയാണ് അവര്‍. കറുത്തവർഗക്കാരായ സ്ത്രീകളുടെ ചുണ്ടുകൾ ഒരേസമയം പരിഹസിക്കപ്പെടുകയും ലൈംഗികവത്ക്കരിക്കപ്പെടുകയും ചെയ്യുന്നുവെന്നും അത് ഒരിക്കലും ചുവന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ആകർഷകമാക്കരുതെന്നും പറഞ്ഞ റാപ്പർ റോക്കിക്ക്, കടും ചുവപ്പ് ലിപ്സ്റ്റിക്കുകൾ വിറ്റഴിക്കുന്ന ഫെന്റി ബ്യൂട്ടി എന്ന കോസ്മെറ്റിക് ബ്രാൻഡിലൂടെയാണ് റിയാന മറുപടി നൽകിയത്. 

 

2017ൽ റിയാനയുടെ ഉടമസ്ഥതയിൽ ആരംഭിച്ച ഫെന്റി ബ്യൂട്ടി വിവാദങ്ങളിലും നിറഞ്ഞിട്ടുണ്ട്. ഫെന്റി ബ്യൂട്ടി സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന ‘മൈക്ക’ എത്തിക്കുന്ന ജാർഖണ്ഡിലെ ഖനികളിൽ ബാലവേല ഉണ്ടെന്ന വാർത്ത പുറത്തു വന്നതോടെയാണ് വിവാദം ഉയർന്നത്. ഖനികളിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെ, ആ മൈക്ക ഉപയോഗിക്കുന്നതിൽനിന്ന് ഫെന്റി ബ്യൂട്ടി പിന്മാറുമോ എന്നും ചോദ്യങ്ങളുയർന്നു.

 

ലോകം വിവാദങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോഴും അതിനൊന്നും കാതു കൊടുക്കാതെ നേട്ടങ്ങൾ എത്തിപ്പിടിക്കാനായി വിയര്‍പ്പൊഴുക്കുകയായിരുന്നു റിയാന. ലോകത്ത് 101 ദശലക്ഷം ആളുകൾ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന ഗായികയായി അവർ വളർന്നത് അങ്ങനെയാണ്. ഫോബ്സ് മാഗസിന്റെ ‘ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടിക’യിലും ടൈം മാഗസിന്റെ ‘ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടിക’യിലും റിയാന ഉൾപ്പെട്ടു. 

 

ആഗോള തലത്തിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചും സംഗീത ആൽബങ്ങൾ പുറത്തിറക്കിയും കോടികൾ സമ്പാദിച്ച ഗായികയാണ് റിയാന. ലോകഗായകരുടെ ഇടയിലെ ഏറ്റവും സമ്പന്ന എന്ന ഖ്യാതിയും ഈ ബാർബഡോസുകാരിക്കു സ്വന്തം. 1.7 ബില്യൻ ഡോളറാണ് റിയാനയുടെ ആസ്തി. നേട്ടങ്ങൾ തുടർക്കഥയാകുമ്പോൾ റിയാനയിൽനിന്നു കൂടുതൽ അദ്ഭുതങ്ങൾ പ്രതീക്ഷിക്കുകയാണ് ആരാധകർ. ഇനിയും അവർ എത്തിപ്പിടിക്കുന്ന ഉയരങ്ങൾ ഏതൊക്കെയാണെന്നു കാണാനുള്ള ആകാംക്ഷയിൽ ലോകവും കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com