സന്തോഷ് ശിവൻ കാത്തിരുന്നു, മനസ്സില്ലാ മനസ്സോടെ ചന്ദ്രശേഖരൻ എത്തി; ഒടുവിൽ!

engandiyoor-chandrasekharan
SHARE

'ജീവിതം നല്ലതാണല്ലോ, മരണം ചീത്തയാകയാല്‍' എന്നു പാടിയ കുഞ്ഞുണ്ണി മാഷ് മരണം കാത്തു കിടക്കുകയാണ്. ഓര്‍മകള്‍ വിരുന്നുകാരെപോലെ ഇടയ്‌ക്കൊക്കെ വന്നു പോകും. പ്രിയപ്പെട്ടവരും ബന്ധുമിത്രാദികളും പൊക്കമില്ലായ്മയിലും പൊക്കമുള്ള കവിതകളെഴുതിയ മാഷിനു സമീപത്തു തന്നെ ഇരുന്നു. കവിതപോലെ സുന്ദരമായ ഉറക്കത്തിലാണ് മാഷ് പലപ്പോഴും. 

ജുവനൈല്‍ ഹോമിലെ കുട്ടികളുമായി ഇന്ന് സംവദിക്കാം എന്ന് ഏറ്റിരുന്നതാണ് കുഞ്ഞുണ്ണി മാഷ്. അവസ്ഥ മോശമായതുകൊണ്ട് അത് നടക്കുമെന്ന് തോന്നുന്നില്ല. 'എന്തായാലും മാഷിന്റെ വീട്ടില്‍ നേരിട്ടുപോയി ഒന്ന് അന്വേഷിക്ക്.' സംഘാടകനായ കവി ഡോ. സി. രാവുണ്ണി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെ അതിനായി ചുമതലപ്പെടുത്തി. ഏങ്ങണ്ടിയൂര്‍ അടുത്ത വണ്ടിക്കു തന്നെ കുഞ്ഞുണ്ണി മാഷിന്റെ തൃശൂര്‍ വലപ്പാടുള്ള വീട്ടിലെത്തി. വാതില്‍ തുറന്നു പുറത്തു വന്ന ബന്ധുവിനോട് മാഷിനെ കാണാന്‍ കുട്ടികള്‍ വരുന്നെന്നും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. 'ജനാല വാതിലിലൂടെയാണെങ്കിലും കുട്ടികള്‍ കണ്ടിട്ടു പൊയ്‌ക്കോളും. അവര്‍ അത്ര ആശിച്ചതായിരുന്നു' ഏങ്ങണ്ടിയൂര്‍ പറഞ്ഞതോടെ അകത്തു നിന്ന് കവി ശബ്ദം ഉയര്‍ന്നു, 'ആരാ അത്?' 'മാഷേ, ഞാനാ ചന്ദ്രശേഖരന്‍,' പുറത്തു നിന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. 'നമ്മുടെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനോ?' മാഷിന്റെ മറുചോദ്യത്തിന് 'അതെ' എന്ന് ഉച്ചത്തില്‍ തന്നെ ഏങ്ങണ്ടിയൂര്‍ മറുപടി നല്‍കി. 'പുതുതായി എഴുതിയ ഒരു കവിത ഒന്ന് ചൊല്ലിക്കേ ചന്ദ്രശേഖരാ' എന്നായി കുഞ്ഞുണ്ണി മാഷ്.

'മാരിവില്ലിന്റെ പന്തലൊരുങ്ങുമ്പോ 

പൂവണിമാസം പൂക്കാലമേന്തുന്നു...'

പുറത്തു നിന്ന് ഏങ്ങണ്ടിയൂര്‍ നാടന്‍ താളത്തില്‍ ആസ്വദിച്ച് അങ്ങു പാടിയതോടെ കുഞ്ഞുണ്ണി മനസ്സും നിറഞ്ഞു. 'മോനേ നീ നന്നായി വരൂട്ടോ...' എന്ന് കുഞ്ഞുണ്ണി മാഷ് ഉച്ചത്തില്‍ പറഞ്ഞ് ഏങ്ങണ്ടിയൂരിനെ അനുഗ്രഹിച്ചു. ഏങ്ങണ്ടിയൂരിന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രപഞ്ചം കുഞ്ഞുണ്ണിക്കവിത പോലെ കാറ്റിലൊഴുകി വന്ന് ഏങ്ങണ്ടിയൂരിനെ തൊട്ടു തലോടി. മാഷിന്റെ കാലം തെറ്റാത്ത കവിത പോലെ, അനുഗ്രഹവും കാലം തെറ്റിയില്ല. ഏങ്ങണ്ടിയൂര്‍ അക്ഷരവഴിയിലെ പൂക്കാലമായി. കവിതയുടെ പെരുമഴയും ഗാനങ്ങളുടെ കൊടുങ്കാറ്റുമായി.

നാട്ടുഭാഷയുടെ തനിമയും തെളിമയും ഒത്തുചേര്‍ന്ന എത്രയോ ഗാനങ്ങള്‍. പോയകാല സംസ്‌കൃതിയുടെ വിയര്‍പ്പുതുള്ളികള്‍ ആ വരികളെയൊക്കെ നനച്ചു. തനി നാടന്‍ താളത്തില്‍ തനി നാടന്‍ശീലുകള്‍ ചേര്‍ത്തൊരു പാട്ട് സിനിമയിലേക്ക് ആവശ്യമെങ്കില്‍ സിനിമാക്കാര്‍ ആദ്യം സഞ്ചരിക്കുന്നത് ഏങ്ങണ്ടിയൂരിലെ ഇടവഴികളിലൂടെയാകും. പോയകാല അടയാളങ്ങളും ഗന്ധവുമൊക്കെ ആ പാട്ടുകളില്‍ അത്രമേല്‍ നിറഞ്ഞു തുളുമ്പുമെന്ന ഉറപ്പുള്ളതുകൊണ്ടു തന്നെ. ഇനി ന്യൂജെന്‍ പിള്ളേരുടെ ഇടിവെട്ടു പാട്ടുകളില്‍ തനിമ ചോരാതെ എഴുതാനും ഏങ്ങണ്ടിയൂര്‍ വേണം. 'നാടന്‍പാട്ടിലുമുണ്ട്, റോക്കില്‍ ടോപ്പിലുമുണ്ട്.' മലയാളത്തിലെ ഈ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് ഒരേ സമയം കൂടുതല്‍ പാട്ടുകളെഴുതി കൂടുതല്‍ ഹിറ്റുകള്‍ നേടിയതും ഏങ്ങണ്ടിയൂരുകാരന്‍ ചന്ദ്രശേഖരന്‍ തന്നെ.

കുട്ടിക്കാലത്തെന്നോ ഉള്ളില്‍ പതിഞ്ഞ കുറേ പാട്ടുകള്‍. അവ ഏറ്റു പാടിയപ്പോഴും താളം പിടിച്ചപ്പോഴും ചന്ദ്രശേഖരനിലെ കവി പതിയെ വളര്‍ന്നു. നാട്ടുവഴികളില്‍ കേട്ട നാടന്‍പാട്ടുകളും തോറ്റംപാട്ടുകളും ഉടുക്കുകൊട്ടി പാട്ടുമൊക്കെ ജീവന്റെ താളമായി അറിയാതെ പരിണമിച്ചു. വൈകുന്നേരങ്ങളില്‍, അച്ഛമ്മ ലക്ഷ്മി പാടിയ ഈരടികള്‍ ഹൃദയത്തിന്റെ പുസ്തകത്തില്‍ കുറിച്ചിട്ടു. പഠിക്കാന്‍ അത്ര സമര്‍ത്ഥനല്ലെങ്കിലും കവിതകള്‍ കാണാതെ പഠിച്ചു. നാടും വീടുമൊക്കെ കവിക്ക് കളമൊരുക്കി. സ്‌കൂളിലെ കൈയെഴുത്തു മാസികകളിലൂടെയാണ് ചന്ദ്രശേഖരനെന്ന കവിയെ കൂട്ടുകാരും ആദ്യമായി അറിഞ്ഞത്. 

ഇന്‍ല്ലന്റ് മാസികകളുടെ സുവര്‍ണകാലമായിരുന്നു അത്. നകുലനെന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങി. നാട്ടിലെ നാടകക്കൂട്ടായ്മകളില്‍ പങ്കാളിയായതോടെ പാട്ടെഴുത്തിലേക്കും എത്തി. ഇതിനിടയില്‍ രാഷ്ട്രീയ നാടകങ്ങളുടെ രചനയിലേക്കും കടന്നു. പൊറാട്ടു നാടകങ്ങളും കാക്കാരിശി നാടകങ്ങളുമൊക്കെ പുതിയ കാലത്തേക്കു ചേര്‍ത്തുവച്ചു. നാടകങ്ങളിലേയ്ക്ക് ഗാനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ അതും ഏങ്ങണ്ടിയൂര്‍ തന്നെ എഴുതി. പാട്ടെഴുത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.

പതിയെ കാസറ്റുകളിലേക്കും പാട്ടുകളെത്തി. വിദ്യാധരന്‍ മാസ്റ്ററിന്റെ സംഗീതത്തില്‍ പുറത്തു വന്ന 'വെഞ്ചാമര'മെന്ന ആല്‍ബത്തിലായിരുന്നു ആദ്യമായി എഴുതുന്നത്. മുല്ലനേഴി, ഡോ. സി. രാവുണ്ണി എന്നിവരാണ് തുടക്കകാരനായ ഏങ്ങണ്ടിയൂരിനെ ക്ഷണിക്കുന്നത്.

'നിന്നെക്കാണാന്‍ എന്നെക്കാളും

ചന്തംതോന്നും കുഞ്ഞിപ്പെണ്ണേ

എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ 

ഇന്നുവരെ വന്നില്ലാരും'

'ആണൊരുത്തന്‍ വന്നില്ലേലും അരിവാളുണ്ട് ഏന്‍ കഴിയു' മെന്ന കുഞ്ഞിപ്പെണ്ണിന്റെ പ്രതിഷേധത്തിന്റെയും കരളുറപ്പിന്റെയും പാട്ടു പാടിയപ്പോഴാണ് ഏങ്ങണ്ടിയൂരിനെ മലയാളക്കര ശ്രദ്ധിച്ചു തുടങ്ങുന്നത്. കുഞ്ഞിപ്പെണ്ണിന്റെ പാട്ടിന് കുഞ്ഞിക്കരങ്ങള്‍ വരെ താളം പിടിച്ചപ്പോഴും ആദ്യത്തെ രണ്ടു വരികള്‍ തന്റേതല്ലെന്ന് ഏങ്ങണ്ടിയൂര്‍ എവിടേയും തുറന്നു പറഞ്ഞു. 'പോയകാലങ്ങളിലെന്നോ കേട്ടു മറന്ന വരികളായിരുന്നു. പിന്നെ ഞാനതിനെ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു എന്നു മാത്രം.' 

വാമൊഴിയായി വന്ന നാടന്‍ ഗാനങ്ങളിലേതോ ഒരു ഗാനമാണ് ഇതെന്ന് കരുതുന്നവര്‍ ഇന്നുമുണ്ട്. എണ്‍പതുകളില്‍ സ്ത്രീപക്ഷ കൂട്ടായ്മയായ തൃശൂര്‍ 'സമത'യ്ക്കുവേണ്ടി തയാറാക്കിയ നാടകത്തിലേക്കാണ് ഈ ഗാനം എഴുതിയത്. 'സ്ത്രീധനം' വിഷയമായി വന്ന നാടകമായിരുന്നു അത്. അതുകൊണ്ടു തന്നെ സ്ത്രീയുടെ പ്രതിഷേധവും പ്രതീക്ഷകളും പാട്ടില്‍ നിറഞ്ഞു. പിന്നീടത് പല വേദികളിലേക്ക് പടര്‍ന്നു പാടിയതോടെ നമ്മളും ഏറ്റുപാടി. 

അടുത്ത ചങ്ങാതിയായ സുരേഷ് കൊച്ചമ്മിണി ഏങ്ങണ്ടിയൂരിലെ പാട്ടെഴുത്തുകാരനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. സിനിമയിലേക്കുള്ള വാതിലും അതു തുറന്നു നല്‍കി. ആദ്യം ചില ചിത്രങ്ങള്‍ക്കു ഗാനങ്ങളെഴുതിയെങ്കിലും ആ സിനിമകളൊന്നും കൊട്ടക കണ്ടില്ല. ഇതിനിടയിലാണ് ബിജു വര്‍ക്കി സംവിധാനം ചെയ്ത 'ചന്ദ്രനിലേക്കൊരു വഴി' എന്ന ചിത്രത്തിലേയ്ക്കു വിളിക്കുന്നത്. അഫ്‌സല്‍ യൂസഫായിരുന്നു സംഗീതം. അത് ഏങ്ങണ്ടിയൂരിന് സിനിമാപ്പാട്ടിലേയ്‌ക്കൊരു വഴിയായെന്നതു ചരിത്രം. 

'ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ

തീയാടാന്‍ തിറയാടാന്‍ മാണിക്യക്കാവിലുറഞ്ഞാടാന്‍...'

ഏങ്ങണ്ടിയൂരിന്റെ പാട്ടിന്റെ ഉറുമിയുടെ മൂര്‍ച്ച മലയാളി അനുഭവിച്ചറിഞ്ഞ ഗാനമായിരുന്നു ദീപക് ദേവിന്റെ സംഗീതത്തില്‍ വന്ന 'ഉറുമി'-യിലെ ഗാനങ്ങള്‍. താളവും ഈരടികളുമൊക്കെ പോയകാല ജനതയുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി നിന്നു. എഴുത്തിന്റെ രാശി തന്നെ തിരുത്തിക്കുറിച്ച് പാട്ടിലേക്ക് എത്തിയതിനു പിന്നിലും പറയാന്‍ ഏറെയുണ്ട്.

'ഉറുമി'-യിലെ നാടന്‍ശീലുകള്‍ ആരെഴുതണമെന്ന ചിന്തയില്‍ സംവിധായകന്‍ സന്തോഷ് ശിവന്‍ ഇരിക്കുമ്പോഴാണ് ഏങ്ങണ്ടിയൂരിന്റെ പാട്ടുകള്‍ ഗായിക രശ്മി സതീഷ് പാടി കേള്‍പ്പിക്കുന്നത്. 'എനിക്ക് വേണ്ടത് ഇത്തരം ഗാനങ്ങളാണ്, ആളെ വേഗം വിളിക്കൂ.' സന്തോഷ് ശിവന്‍ പറഞ്ഞതോടെ രശ്മി ഏങ്ങണ്ടിയൂരിനെ വിളിച്ചു. 'സന്തോഷ് ശിവന്റെ പടമാണോ!' കേട്ടപ്പോള്‍ തന്നെ ചങ്കിടിപ്പ്. അതൊന്നും തനിക്ക് ശരിയാകില്ലെന്നു തീര്‍ത്തു പറഞ്ഞു. സംഭവം കേട്ടതോടെ സുഹൃത്തും സംവിധായകനുമായ എ.വി ശശിധരന്‍ ഏങ്ങണ്ടിയൂരിനെ നിര്‍ബന്ധിച്ചു ടിക്കറ്റെടുത്ത് ചെന്നൈയിലേക്കു വണ്ടി കയറ്റി. വണ്ടി കയറുമ്പോഴും പോകാനില്ലെന്ന നിലപാടിലായിരുന്നു ഏങ്ങണ്ടിയൂര്‍. 

കൂട്ടുകാരനോട് തെല്ല് പരിഭവം തോന്നിയെങ്കിലും അതൊക്കെ മനസ്സിലൊതുക്കി. ചെന്നൈയില്‍ ദീപക്ക് ദേവിന്റെ സ്റ്റുഡിയോയിലെത്തിയപ്പോള്‍ ഏങ്ങണ്ടിയൂരിനെ കാത്തു നില്‍ക്കുകയാണ് സന്തോഷ് ശിവന്‍. അതിശയിച്ചു പോയില്ലേ! തെല്ലു പരിഭ്രമത്തോടെ സന്തോഷ് ശിവന്റെ പാട്ടിഷ്ടങ്ങളൊക്കെ കേട്ടു. എഴുതാന്‍ കിട്ടിയത് താനിഷ്ടപ്പെടുന്ന ശ്രേണിയിലുള്ള ഗാനങ്ങളാണെന്ന് അറിഞ്ഞതോടെ ആശ്വസമായി. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പാട്ടുകളെഴുതി. 'തെളു തെളെ,' 'വടക്ക് വടക്ക്' എന്നീ ഗാനങ്ങള്‍ എഴുതി കഴിഞ്ഞപ്പോള്‍ സന്തോഷ് ശിവന്‍ ഏങ്ങണ്ടിയൂരിനെ കെട്ടിപ്പിടിച്ചു.  

'ഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തം

ഏനുണ്ടോടീ മാരിവില്‍ ചന്തം

ഏനുണ്ടോടീ മാമഴച്ചന്തം'

'സെല്ലുലോയിഡി'ലെ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പുറത്തു വന്ന ചന്തമുള്ള പാട്ടുകളില്‍ ഒന്നായിരുന്നു 'ഏനുണ്ടോടീ.' പ്രേക്ഷക പ്രീതിയിലെന്ന പോലെ പുരസ്‌കാരങ്ങളിലും ഈ ഗാനം ഒന്നാമതെത്തി. ഈ ഗാനം ആലപിച്ച സിത്താര കൃഷ്ണകുമാര്‍ 2013ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. 

സിനിമാപ്പടത്തില്‍ നടിക്കാന്‍ അവസരം കിട്ടിയതോടെ റോസമ്മയ്ക്ക് തന്റെ സൗന്ദര്യത്തെക്കുറിച്ച് ആകെ ആശങ്കകളാണ്. 'സിനിമനടിയാകണമെങ്കി നല്ല ചന്തം വേണമെന്നല്ലേ കേട്ടിരിക്കണത്. മാലു എനിക്കത്ര ചന്തോണ്ടോ?' റോസമ്മ കൂട്ടുകാരിയോട് ചോദിച്ചതോടെ മാലു പൊട്ടിയ കണ്ണാടി കഷ്ണത്തിലൂടെ അവളുടെ സൗന്ദര്യം കാട്ടി കൊടുത്തു. പതിയെ ഒഴുകി എത്തുകയാണ് റോസമ്മയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള അവളുടെ സംഭാഷണരൂപത്തിലുള്ള ഗാനം, 'ഏനുണ്ടോടി അമ്പിളിച്ചന്തം, ഏനുണ്ടോടി താമരച്ചന്തം.....' നിഷ്‌കളങ്കമായ ചോദ്യങ്ങളായി അവളുടെ സൗന്ദര്യസങ്കല്‍പ്പത്തെ സന്ദര്‍ഭത്തിനോടും കഥാപാത്രത്തിന്റെ മാനസികാവസ്ഥയോടും ചേര്‍ത്ത് എഴുതാന്‍ ഏങ്ങണ്ടിയൂരിനു കഴിഞ്ഞു.

സന്ദര്‍ഭം കേട്ടതോടെ സംഭാഷണ രൂപത്തില്‍ ഗാനങ്ങളെഴുതാം എന്ന ഏങ്ങണ്ടിയൂരിന്റെ ആശയത്തിന് കമലും സമ്മതം മൂളുകയായിരുന്നു. ഒരുപാട് സമയമെടുത്ത്, എം.ജയചന്ദ്രനുമായി ആലോചനകള്‍ നടത്തി. രണ്ടു ദിവസം കൊണ്ടാണ് ഈ ഗാനം എഴുതി പൂര്‍ത്തിയാക്കുന്നത്.

'വെയില്‍ച്ചില്ല പൂക്കും നാളില്‍ കളിത്തൊട്ടിലാടീ

കിളി നൊന്തു പാടിയ രാഗം രാരീരം രാരോ....'

ഒരു ഒന്നൊന്നര പാട്ടെന്ന് ചെറുപ്പക്കാര്‍ ഒരേ ശബ്ദത്തില്‍ പറഞ്ഞ ഗാനം. 'സക്കറിയയുടെ ഗര്‍ഭിണികളി'ല്‍ വിഷ്ണു മോഹന്‍ സിത്താര സംഗീതം നല്‍കിയ ഈ ഗാനം പുതിയ തലമുറയുടെ സംഗീത രുചികളോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. പാശ്ചാത്യ സംഗീതത്തിന്റ ചടുതലയിലേക്കു മെലഡിയും കൂടി ചേര്‍ന്നതോടെ വന്‍ സ്വീകാര്യതയാണു ലഭിച്ചത്. 

ഒരു ദിവസം സംവിധായകന്‍ അനീഷ് അന്‍വറിന്റെ ഫോണ്‍ ഏങ്ങണ്ടിയൂരിനെത്തുന്നു. 'ചേട്ടന്‍ എവിടെയാണ്?', 'തൃപ്രയാറിലാണ്' എന്നു പറഞ്ഞതോടെ അനീഷ് അവിടേക്ക് എത്തി. തന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ഫോണില്‍ കേള്‍പ്പിച്ച് എത്രയും പെട്ടന്ന് പാട്ടെഴുതണം എന്ന് ആവശ്യപ്പെട്ടു. ഉച്ചയോടെ തൃശൂരിലൊരു മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ പിന്നെ ഇപ്പോള്‍ തന്നെ എഴുതാം എന്നായി ഏങ്ങണ്ടിയൂര്‍. പേനയും പേപ്പറുമായി സത്രക്കടവിലേക്കിരുന്നു. ഒരു മണിക്കൂര്‍കൊണ്ട് പാട്ടും റെഡി.  

'കരിമാനത്താട്ടം കണ്ട് പീലി നിവര്‍ത്തിയതാര്

തുടി കൊട്ടി മഴ പെയ്യുമ്പം കുഴലൂതണതാര്

ആരായാലും ആരാനായാലും

അങ്ങേക്കൊമ്പിലെ ഇങ്ങേക്കൊമ്പിലെ 

മയിലായാലും കുയിലായാലും

നട നട നട നട....'

'അവിയല്‍' ബാന്‍ഡിലൂടെ മലയാളിയുടെ ഹൃദയം നിറച്ച ഗാനം. പാശ്ചാത്യ സംഗീതവും അതില്‍ കലര്‍ന്ന വാമൊഴി ഭാഷയുടെ ലാളിത്യവും കേട്ടവര്‍ക്കൊക്കെ അതിശയമായി. തീര്‍ത്തും പുതുമ എന്നല്ലാതെ മറ്റെന്തു പറയാന്‍! തൃശൂരില്‍ നിന്ന് പുതിയ ഒരു ബാന്‍ഡ് ആരംഭിക്കുന്നെന്നും അതിലേയ്ക്കു കുറച്ച് ഗാനങ്ങള്‍ വേണമെന്നും ഏങ്ങണ്ടിയൂരിനോട് ആവശ്യപ്പെടുന്നത് സംഗീതസംവിധായകനായ ജോണ്‍ പി. വര്‍ക്കിയാണ്. ജോണിന്റെ ആവശ്യപ്രകാരം നേരത്തെ എഴുതിവെച്ചിരുന്ന കുറച്ചു നാടന്‍പാട്ടുകള്‍ നല്‍കി. പിന്നീടൊരു ദിവസം ഗാനങ്ങള്‍ കേള്‍ക്കാനായി ഏങ്ങണ്ടിയൂരിനെ ജോണ്‍ വിളിച്ചു. നാടന്‍പാട്ടിന്റെ നാടന്‍ താളമൊക്കെ പ്രതീക്ഷിച്ചു ചെന്ന ഏങ്ങണ്ടിയൂര്‍ ഞെട്ടിത്തരിച്ചു. അങ്ങനെ ഏങ്ങണ്ടിയൂര്‍പോലും അറിയാതെ ഏങ്ങണ്ടിയൂര്‍ മലയാളത്തിലെ ആദ്യ റോക്ക് ഗാനത്തിന്റെ രചയിതാവായി. 

സുഹൃത്തും സംഗീതസംവിധായകനുമായ ജോണ്‍ പി. വര്‍ക്കി, റിയാസ് മുഹമ്മദ്, ആനന്ദ് രാജ് തുടങ്ങിയവര്‍ തൃശൂര്‍ കേന്ദ്രീകരിച്ച് ആരംഭിച്ച 'ജിക്‌സോ പസില്‍' എന്ന ബാന്‍ഡിലാണ് ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ആനന്ദ് 'അവിയല്‍' ബാന്‍ഡിലൂടെ അവതരിപ്പിച്ചപ്പോഴാണ് ഗാനം കൂടുതല്‍ ശ്രദ്ധ നേടുന്നത് എന്നുമാത്രം.

'ആരാണ് നീ.... ആരാണ് നീ.....'

സിനിമകളിലെ ചില നവതരംഗ ഗാനങ്ങളെഴുതിയതും ഏങ്ങണ്ടിയൂര്‍ ആണെന്നതാണ് മറ്റൊരു കൗതുകം. ദീപക് ദേവിനൊപ്പം 'ഗ്രാന്റ്മാസ്റ്ററി'ല്‍ ഒരുക്കിയ ഈ പാട്ടിന്റെ ഓളം കുറച്ചൊന്നുമല്ല. റെക്‌സ് വിജയനൊപ്പം 'ചാപ്പാകുരിശ്,' 'നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി,' 'ഇംഗ്ലിഷ്,' 'നോര്‍ത്ത് 24 കാതം,' 'സപ്തമശ്രീ തസ്‌ക്കര' എന്നീ ചിത്രങ്ങളിലെയടക്കം റാപ്പ് ഗാനങ്ങളും എഴുതി. 

ജോബ് കുര്യന്റെ ഏറ്റവും ശ്രദ്ധേയമായ 'താളം,' 'പദയാത്ര,' 'കാലം,' 'എന്താവോ,' 'പറുദീസ,' 'മുല്ല' തുടങ്ങിയ ആല്‍ബങ്ങളിലെ ഹിറ്റ് ഗാനങ്ങളും എങ്ങണ്ടിയൂരിന്റെ വരികളില്‍ പിറന്നതാണ്. സംഗീതത്തിലെ ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും വരികളിലെ ഭംഗി നഷ്ടപ്പെടാതെ തനിക്ക് എഴുതാന്‍ കഴിയുമെന്ന് ജോബിന്റെ പാട്ടുകളിലൂടെ ഏങ്ങണ്ടിയൂര്‍ തുടര്‍ച്ചയായി തെളിയിച്ചു.

മോഹന്‍ സിത്താരയ്‌ക്കൊപ്പം 'മുല്ലമൊട്ടും മുന്തിരിച്ചാറും,' ബിജിബാലിനൊപ്പം 'വിക്രമാദിത്യനി'-ലെ 'മാനത്തെ ചന്ദനക്കീറ്,' ശ്യാം ധര്‍മനൊപ്പം 'ഭാര്യ അത്ര പോര,' ഷാന്‍ റഹ്‌മാനൊപ്പം 'തട്ടത്തിന്‍ മറയത്തി'-ലെ 'പ്രാണന്റെ നാളങ്ങള്‍,' കൈലാസ് മേനോനോടൊപ്പം 'തീവണ്ടി'യിലെ 'താ തിന്നം,' 'മാനത്തെ കനലൊളി' എന്നീ ഗാനങ്ങളും ഏങ്ങണ്ടിയൂരിന്റെ ഹിറ്റുകളില്‍ ചിലതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA