‘പാട്ടുതച്ചൻ’; ബിച്ചു തിരുമലയെ വീണ്ടും ഓർക്കുമ്പോൾ

bichu-memories
ബിച്ചു തിരുമല. വര: വിഷ്ണു വിജയന്‍
SHARE

വാക്കിനെ രചനാകൗശലത്തിന്റെ മുഴക്കോൽ വച്ചളന്ന് ഈണത്തിന്റെ മീറ്റർ തെറ്റാതെ ഈണവടിവുകളിൽ നിറച്ച ബിച്ചു തിരുമല മാസ്മരിക വഴക്കങ്ങളാൽ തന്റെ പാട്ടുകളെ സാധാരണക്കാരന്റെ പാട്ടോർമ്മകളിൽ മായാതെ, മറയാതെ, മിഴിവോടെ നിലനിർത്തി.

ബിച്ചു തിരുമല (1941-2021). വരികൾക്കൊപ്പം ഈണമിട്ടിരുന്ന കാലത്തെ പിന്തള്ളി ഈണത്തിനൊപ്പം പാട്ടെഴുതിയ കാലഘട്ടത്തിന്റെ പാട്ടെഴുത്തുകാരൻ. കവിതാപാരമ്പര്യത്തിന്റെ ഭാരമില്ലാതെ ചലച്ചിത്ര വ്യവസായത്തിൻറെ ഇച്ഛകൾക്കൊപ്പം പാട്ടൊരുക്കിയ ഗാനരചയിതാവ്.

ചെമ്മീനിൽ 1965 ൽ സലിൽ ചൗധരി തുടക്കമിട്ടതാണ് ഈണം ആദ്യവും വരികൾ പിന്നെയുമായ പാട്ടെഴുത്തിന്റെ കഥ. വയലാറും പി.ഭാസ്‌കരനും ശ്രീകുമാരൻ തമ്പിയും യൂസഫലിയും ഒഎൻവി കുറുപ്പുമെല്ലാം ഉണ്ടായിരുന്ന പാട്ടെഴുത്തുകാലത്തു തന്നെയാണ് ബിച്ചു തിരുമല, പൂവ്വച്ചൽ ഖാദർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ചുനക്കര രാമൻകുട്ടി തുടങ്ങിയ അടുത്ത തലമുറ 1970 കളുടെ തുടക്കത്തിൽ ഗാനരചനാരംഗത്ത് എത്തുന്നത്. ഇവർ ഈണവടിവുകളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു ഗാനരചന അർഥപൂർണമായി നിർവഹിക്കുകയായിരുന്നു.

കാലത്തിന്റെ മാറിയ ഭാവുകത്വത്തിനും പുതിയ ഈണങ്ങൾക്കുമൊപ്പിച്ച് ബിച്ചു തിരുമല തീർത്ത മെലഡികളും ഭാവഗാനങ്ങളും അടിപൊളി പാട്ടുകളുമൊക്കെ ആസ്വാദകർ തന്മയീഭാവത്തോടെ സ്വപ്നങ്ങളിൽ ചേർത്തുവെച്ചു. പ്രേംനസീറും മധുവും ജയനും സുകുമാരനും സോമനും രവികുമാറും ശങ്കറും രതീഷും റഹ്‌മാനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ സിനിമയിൽ ആടിപ്പാടിയ പല തലമുറക്കാരുടെ ഇഷ്ടഗാനങ്ങൾ ബിച്ചു തിരുമലയെ കാലഘട്ടത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരിൽ ഒരാളാക്കി.

പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ട്

ഭജഗോവിന്ദം (1972) എന്ന സിനിമയിലൂടെ ചലച്ചിത്രഗാന രചനാ രംഗത്തെത്തിയെങ്കിലും നടൻ മധു സംവിധാനം ചെയ്ത അക്കല്‍ദാമയാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നാളിതുവരെ 293 സിനിമകൾക്കായി 987 ഗാനങ്ങൾ രചിച്ച അദ്ദേഹം മലയാള ചലച്ചിത്രഗാന രചയിതാക്കൾക്കിടയിൽ ഏഴാമനാണ്. ഏറ്റവും കൂടുതൽ സിനിമകൾക്ക് പാട്ടെഴുതിയവരുടെ നിരയിൽ അഞ്ചാമനും. ഗിരീഷ് പുത്തഞ്ചേരി (1593 പാട്ടുകൾ/343 സിനിമകൾ), പി ഭാസ്കരൻ (1488/305), കൈതപ്രം (1479/373), വയലാർ (1310/244), ശ്രീകുമാരൻ തമ്പി (1248/268), പൂവച്ചൽ ഖാദർ (1041/365), ബിച്ചു തിരുമല (974/297), ഒഎൻവി കുറുപ്പ് (939/253) ഇവരാണ് ഗാനരചയിതാക്കളുടെ പട്ടികയിലെ മുൻനിരക്കാർ. ഇത് മലയാളസംഗീതം ഡോട്ട് ഇൻഫോ എന്ന മലയാളം ചലച്ചിത്ര, സംഗീത വിജ്ഞാനകോശം നൽകിയിരിക്കുന്ന ചലച്ചിത്രഗാന വിവരങ്ങൾ ക്രോഡീകരിച്ചതാണ്. എന്നാൽ 416 ചിത്രങ്ങൾക്കു പാട്ടെഴുതിയ താനാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് പാട്ടെഴുതിയ ആൾ എന്ന് ബിച്ചു തിരുമല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അമ്പതു വർഷക്കാലത്തോളം ഗാനരചനാരംഗത്ത് നിലനിന്ന ബിച്ചു തിരുമലയുടെ കൂടുതൽ ഗാനങ്ങൾ പുറത്തുവന്നത് കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു. അദ്ദേഹത്തിന്റെ മികച്ച രചനകളുടെയും കാലഘട്ടവും അതുതന്നെ. 1972-1999 കാലത്ത് 257 സിനിമകൾക്കായി 896 ഗാനങ്ങൾ രചിച്ച അദ്ദേഹം പുതിയ നൂറ്റാണ്ടിലെ രണ്ടു ദശാബ്ദങ്ങളിൽ 33 സിനിമകൾക്കായി 82 പാട്ടുകൾ മാത്രമായിരുന്നു രചിച്ചത്‌.

ഐ വി ശശി സംവിധാനം ചെയ്ത  28 സിനിമകൾക്ക് ഗാനരചന നിർവ്വഹിച്ച ബിച്ചു തിരുമല പി ജി വിശ്വംഭരന്‍ (11), ബാലചന്ദ്ര മേനോന്‍ (9), ഫാസില്‍ (8), കമല്‍, വിജി തമ്പി എന്നിവരുടെ (6) സിനിമകൾക്കും എം കൃഷ്ണന്‍ നായര്‍, ബേബി, കെ എസ് ഗോപാലകൃഷ്ണന്‍, മോഹന്‍, സിദ്ദിഖ് ലാല്‍,സത്യന്‍ അന്തിക്കാട്, വിജയാനന്ദ്, തുളസിദാസ് (5 ), ഷാജി കൈലാസ്, ജോഷി(4) അടക്കമുള്ള ഒട്ടുമിക്ക സംവിധായാകരുടെ സിനിമകൾക്കും ഗാനരചന നിർവ്വഹിച്ചു.

സംഗീത കൂട്ടുകെട്ടുകൾ

മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ തന്റെ ഗാനങ്ങൾക്ക് ഈണമിട്ട എല്ലാ സംഗീത സംവിധായകരുമായും സൂപ്പർ ഹിറ്റുകൾ തീർത്ത ഗാനരചയിതാവായിരുന്നു ബിച്ചു തിരുമല. പഴയതലമുറയിലെ ജി ദേവരാജനുമായി ചേർന്ന് പ്രണയസരോവര തീരം...  (ഇന്നലെ ഇന്ന്), ദക്ഷിണാമൂർത്തിക്കൊപ്പം നനഞ്ഞ നേരിയ പട്ടുറുമാൽ... (എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു) പോലെയുള്ള ഗാനങ്ങൾ തീർത്ത അദ്ദേഹത്തിന്റെ  കൂടുതൽ പാട്ടുകൾക്കും ഈണമിട്ടത് ശ്യാമും എ ടി ഉമ്മറും ആയിരുന്നു.

1970 കളിൽ മലയാള സിനിമക്കൊപ്പം സിനിമാസംഗീതവും പുതുവഴി കണ്ടെത്തിയപ്പോൾ പാട്ടിൽ യൗവ്വനത്തിന്റെ പുളപ്പും തിളപ്പും ആടിത്തിമിർത്തത് ശ്യാം, എ ടി ഉമ്മർ, രവീന്ദ്രൻ, ജോൺസൺ, കെ ജെ ജോയ്‌, ഇളയരാജ, എസ് പി വെങ്കിടേഷ്, ജെറി അമല്‍ദേവ്‌, മോഹന്‍ സിതാര, ഔസേപ്പച്ചൻ, എസ്‌ ബാലകൃഷ്ണൻ പോലെ ജി ദേവരാജനും ദക്ഷിണാമൂർത്തിക്കും ബാബുരാജിനും എം എസ് വിശ്വനാഥനുമൊക്കെ ശേഷംവന്ന തലമുറയുടെ സംഗീതത്തിലാണ്. മലയാള സിനിമയിൽ പുതിയ ട്രെൻഡുകൾ തീർത്ത ഐ വി ശശിയുടെ സിനിമകളും (അവളുടെ രാവുകൾ, മനസാ വാചാ കര്‍മ്മണാ, തൃഷ്ണ, ഇണ, കാണാമറയത്ത്) അവയിലെ ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് ശ്യാമും എ ടി ഉമ്മറും തീർത്ത പുതിയ ഈണങ്ങളും ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തുവാൻ.

35  സിനിമകളിലായി ശ്യാം ബിച്ചു തിരുമല ടീം തീർത്തത് 130 ഓളം പാട്ടുകൾ. യേശുദാസ് പാടിയ പാവാട വേണം... (അങ്ങാടി), കണ്ണാന്തളിയും (അനുബന്ധം), ഓർമ്മയിൽ ഒരു ശിശിരം... (ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്‌), എസ് ജാനകി പാടിയ നിഴലായ്‌ ഒഴുകിവരും... (കള്ളിയങ്കാട്ടു നീലി), യേശുദാസും എസ് ജാനകിയും വെവ്വേറെ പാടിയ കണ്ണും കണ്ണും തമ്മിൽ..., ശ്രുതിയിൽ നിന്നുയരും..., മൈനാകം കടലിൽ നിനിന്നുയരുന്നുവോ... (തൃഷ്ണ), വാണി ജയറാം, എസ് ജാനകി പാടിയ മഞ്ഞിൻ തേരേറി... (റൗഡി രാമു), ഉണ്ണി മേനോന്‍ പാടിയ ഓളങ്ങൾ താളം തല്ലുമ്പോൾ... (കടത്ത്‌) ഇവ ഈ കൂട്ടുകെട്ടിൽ പിറന്ന ചില മികച്ച ഗാനങ്ങൾ.

എ ടി ഉമ്മറുമായി ചേർന്ന് മുപ്പതോളം സിനിമകളിൽ നൂറോളം പാട്ടുകൾ. യേശുദാസ് പാടിയ വാകപ്പൂമരം (അനുഭവം), നീയും നിന്റെ കിളിക്കൊഞ്ചലും.., നീലനിലാവൊരു തോണി... (കടല്ക്കാറ്റ്), എസ് ജാനകിയുടെ തുഷാരബിന്ദുക്കളേ... (ആലിംഗനം), നീലജലാശയത്തിൽ... (അംഗീകാരം), രാഗേന്ദു കിരണങ്ങൾ..., (അവളുടെ രാവുകൾ), ഒരു മയിൽപീലിയായ് ഞാന്‍... (അണിയാത്ത വളകൾ), വാണി ജയറാം പാടിയ നിമിഷങ്ങൾപോലും... (മനസാ വാചാ കർമ്മണാ), യേശുദാസും എസ് ജാനകിയും ചേർന്നു പാടിയ കാറ്റുതാരാട്ടും... (അഹിംസ), കൃഷ്ണചന്ദ്രൻ ആലപിച്ച വെള്ളിച്ചില്ലും വിതറി... (ഇണ) പോലെ നിരവധി സൂപ്പർ ഹിറ്റുകൾ.

ഒരു ഡസനിലേറെ സിനിമകളിലായി ജെറി അമൽ ദേവ്‌ ബിച്ചു തിരുമല ടീമിന്റെ പുതുമയാർന്ന അമ്പതോളം ഈണങ്ങൾ. മഞ്ഞണിക്കൊമ്പിൽ...,  മിഴിയോരം നനഞ്ഞൊഴുകും... (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍), ആളൊരുങ്ങി അരങ്ങൊരുങ്ങി..., (എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്), ആയിരം കണ്ണുമായ്‌... (നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട്‌), പെണ്ണിന്റെ ചെഞ്ചുണ്ടില്‍... (ഗുരുജീ ഒരു വാക്ക്‌) പോലെ സൂപ്പർ ഹിറ്റുകളുടെ ഘോഷയാത്രയായിരുന്നു. 

കുളത്തുപ്പുഴ രവി എന്ന രവീന്ദ്രനുമായ സൗഹൃദം പാട്ടായി പിറന്നതാണ് യേശുദാസ് പാടിയ തേനും വയമ്പും..., ഒറ്റക്കമ്പി നാദം... (തേനും വയമ്പും), ഏഴു സ്വരങ്ങളും... (ചിരിയോ ചിരി), ഒളിക്കുന്നുവോ... (ചമ്പക്കുളം തച്ചൻ), യേശുദാസും ജയചന്ദ്രനും ചേർന്നാലപിച്ച സമയരഥങ്ങളിൽ... (ചിരിയോ ചിരി), എം ജി ശ്രീകുമാറും സംഘവും പാടിയ സുന്ദരി സുന്ദരി... (ഏയ്‌ ഓട്ടോ) പോലുള്ള മലയാളിയുടെ ഇഷ്ടയീണങ്ങൾ. ആലിപ്പഴം പെറുക്കാൻ..., മിന്നാമിനുങ്ങും... (മൈ ഡിയർ കുട്ടിച്ചാത്തൻ), പൂങ്കാറ്റിനോടും..., കൊഞ്ചി കരയല്ലേ..., (പൂമുഖപ്പടിയിൽ നിന്നെയും കാത്ത്‌), രാപ്പാടിപ്പക്ഷിക്കൂട്ടം... (എന്റെ സൂര്യപുത്രിക്ക്), ഓലത്തുമ്പത്തിരുന്നൂയലാടും... (പപ്പയുടെ സ്വന്തം അപ്പൂസ്‌) ഇവ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന രണ്ടു ദശകങ്ങളിൽ ഇളയരാജയുമായി ബിച്ചു തിരുമല തീർത്ത സൂപ്പർ ഹിറ്റുകളിൽ ചിലത്.

കെ ജെ ജോയിയുടെയും (ഒരേ രാഗ പല്ലവി...; ആയിരം മാതളപ്പൂക്കൾ..., അനുപല്ലവി), എസ് പി വെങ്കിടേഷിന്റെയും (പാൽനിലാവിനും ഒരു നൊമ്പരം..., കാബൂളിവാല; പനിനീര്‍ ചന്ദ്രികേ..., കിലുക്കം), ഔസേപ്പച്ചന്റെയും (ഉണ്ണികളേ ഒരു കഥപറയാം...; കണ്ണാംതുമ്പീ പോരാമോ..., കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍), ബേണി ഇഗ്നേഷ്യസിന്റെയും (ശംഖും വെൺചാമരവും..., പട്ടാഭിഷേകം) ഈണങ്ങളിൽ പിറന്ന ബിച്ചു തിരുമല പാട്ടുകൾ മലയാളിയുടെ ഇഷാഗാനങ്ങളായി.

എസ്‌ ബാലകൃഷ്ണനുമായി ചേർന്ന് അവനവൻ കുരുക്കുന്ന..., ഒരായിരം കിനാക്കളാല്‍... (റാംജി റാവു സ്പീക്കിങ്ങ്), ഉന്നം മറന്നു..., ഏകാന്ത ചന്ദ്രികേ... (ഇന്‍ ഹരിഹര്‍ നഗര്‍), നീർപ്പളുങ്കുകള്‍..., പൂക്കാലം വന്നു... (ഗോഡ്‌ ഫാദര്‍), പാതിരാവായി നേരം... (വിയറ്റ്നാം കോളനി) ഒരുപിടി സൂപ്പർഹിറ്റുകൾ. എ ആര്‍ റഹ്‌മാൻ ഈണമിട്ട യോദ്ധ(1992) എന്ന സിനിമയിലെ യേശുദാസും എം ജി ശ്രീകുമാറും പാടി വിസ്മയിപ്പിച്ച പടകാളി ചണ്ടിച്ചങ്കരി... എന്ന പാട്ടിന്റെ രചന ഏറെ ചർച്ച ആയതാണ്.

കാലഘട്ടത്തിന്റെ പാട്ടെഴുത്തുകാരൻ 

പ്രണയവും വിരഹവും ആഘോഷവും ഹാസ്യവും തത്വചിന്തയുമെല്ലാം സന്ദർഭോചിതമായി സന്നിവേശിപ്പിച്ച ബിച്ചു തിരുമല തന്റെ കാലഘട്ടത്തിന്റെ വികാരങ്ങളുടെയും കാമനകളുടെയും തൃഷ്ണകളുടെയും പാട്ടെഴുത്തുകാരനായിരുന്നു. തേനും വയമ്പും..., ഒറ്റക്കമ്പി വീണാനാദം, ശ്രുതിയിൽ നിന്നുണരും..., തുഷാരബിന്ദുക്കളേ..., നീലജലാശയത്തിൽ..., ജലശംഖുപുഷ്പം..., ഓലത്തുമ്പത്തിരുന്നൂയലാടും..., കൊഞ്ചി കരയല്ലേ തുടങ്ങി... പ്രണയവും വിരഹവും നിറയുന്ന മെലഡികൾ. സാന്ദ്രമായ ചന്ദ്രികയിൽ..., നീയും നിന്റെ കിളിക്കൊഞ്ചലും..., എൻ സ്വരം പൂവിടും..., ഓളങ്ങൾ താളം തല്ലുമ്പോൾ..., ഒരു മധുരക്കിനാവിൻ..., പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു..., മിഴിയറിയാതെ വന്നു നീ... പോലെ നിത്യകാമുകനായി മാറിയ പാട്ടുകൾ. മൈനാകം കടലിൽനിന്നുയരുന്നുവോ..., ഒരുമയിൽപീലിയായ് ഞാൻ... പോലെ ഒട്ടനവധി കാമുകിമാരുടെ പാട്ടുകൾ. താളം താളത്തിൽ..., കണ്ണും കണ്ണും..., കുറുമൊഴി കൂന്തലിൽ..., കാറ്റു താരാട്ടും... പോലെ യുഗ്മഗാനങ്ങൾ.

മിഴിയോരം നനഞ്ഞൊഴുകും..., എവിടെയോ കളഞ്ഞുപോയ കൗമാരം..., സമയരഥങ്ങളിൽ..., ആയിരം കണ്ണുമായ്..., കിലുകില്‍ പമ്പരം.., സ്നേഹത്തിന്‍ പൂഞ്ചോല..., മകളേ പാതിമലരേ..., കളിപ്പാട്ടമായ് കണ്മണി..., പഴന്തമിഴ് പാട്ടിഴയും..., പാൽനിലാവിനും... അടക്കം നിരവധി സ്‌നേഹ/വിഷാദ ഗീതങ്ങൾ. യാമശംഖൊലി..., ഭ്രമണപഥംവഴി..., ഹൃദയം ദേവാലയം... പോലെ തത്വചിന്താ ഗാനങ്ങൾ. പഴംതമിഴ്‌ പാട്ടിഴയും..., ഏഴു സ്വരങ്ങളും..., നക്ഷത്രദീപങ്ങൾ തിളങ്ങി... പോലെ ഒട്ടനവധി സെമി ക്ലാസിക്കൽ ഗാനങ്ങൾ.  സ്വർണ്ണമീനിന്റെ ചേലൊത്ത കണ്ണാളെ... പോലെ ഖവാലികൾ.

കണ്ണാന്തുമ്പീ പോരാമോ..., ഓലത്തുമ്പത്തിരുന്നൂയലാടും..., ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ..., ഉണ്ണിയാരാരിരോ…., രാവു പാതിപോയ് മകനേ ഉറങ്ങു നീ.., കണ്ണനാരാരോ ഉണ്ണി കൺമണി യാരാരോ…, കണ്ണോടു കണ്ണോരം നീ കണിമലരല്ലേ… എൻപൂവേ പൊൻപൂവേ… ഇങ്ങനെ മലയാളസിനിമയിലെ മാധുര്യമൂറുന്ന താരാട്ടുകളിൽ പലതും ബിച്ചു തിരുമല എഴുതിയതാണ്. നായകൻ നായികയെ പാടി ഉറക്കുന്നതെങ്കിലും കിലുകിൽ പമ്പരം തിരിയും മാനസം…. (കിലുക്കം), കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നുവാ… (കളിപ്പാട്ടം) എന്നിവയും താരാട്ടുപാട്ടുകൾ തന്നെ.

പാവാട വേണം മേലാട വേണം (അങ്ങാടി), വെള്ളിച്ചില്ലം വിതറി... (ഇണ),  ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ... (കാണാമറയത്ത്), പടകാളി ചണ്ടിച്ചങ്കരി... (യോദ്ധ), പുത്തൻ പുതുക്കാലം... (കാബൂളിവാല) പോലെ ആഘോഷഗാനങ്ങൾ. ആലിപ്പഴം പെറുക്കാൻ..., ആളൊരുങ്ങി അരങ്ങൊരുങ്ങീ..., ഉണ്ണികളേ ഒരു കഥപറയാം..., ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ..., എട്ടപ്പം ചുടണം..., കാക്കാപൂച്ച കൊക്കരക്കോഴി വാ..., ലല്ലലം ചൊല്ലുന്ന..., പച്ചക്കറിക്കായത്തട്ടിൽ... പോലെ കുട്ടിപ്പാട്ടുകളും സൂപ്പർ ഹിറ്റുകളായി. മരംചാടി നടന്നൊരു കുരങ്ങൻ... (അങ്കക്കുറി), അഴിമതി നാറാപിള്ള... (ഏപ്രില്‍ 18), അവനവൻ കുരുക്കുന്ന... (റാംജി റാവു സ്പീക്കിങ്ങ്), പടകാളി... (യോദ്ധാ), സുന്ദരി സുന്ദരി... (ഏയ്‌ ഓട്ടോ), ഊട്ടിപ്പട്ടണം... (കിലുക്കം), കടുവായെ കിടുവ... (തച്ചിലേടത്തു ചുണ്ടന്‍) പോലെ നിരവധി തമാശപ്പാട്ടുകളും ജനപ്രിയമായി. 

മാമാങ്കം പലകുറി കൊണ്ടാടി..., വലംപിരിശംഖിൽ... (വസന്തഗീതങ്ങൾ), ശങ്കരധ്യാനപ്രകാരം..., ശരത്പൂർണിമാ യാമിനിയിൽ... (ഹൃദയാഞ്ജലി), കുളത്തൂപ്പുഴയിലെ ബാലകനേ..., മണികണ്ഠനു മലമേലൊരു... (ദീപം മകരദീപം) എലിക്കൂട്ടം പൊറുക്കുന്ന..., പണ്ടുപണ്ടൊരു കൊക്ക്... (ചിൽഡ്രൻ സോങ്സ്) പോലെ ബിച്ചു തിരുമലയുടെ ആൽബം ഗാനങ്ങളും ഏറെ ജനപ്രിയമായി

 

രതി കാമനകളുടെ പാട്ടുകൾ 

സാന്ദ്രമായ ചന്ദ്രികയില്‍ സാരസാക്ഷി നിൻ മടിയിൽ നാണിച്ചു നാണിച്ചു നീ പകരും നഖലാളനകള്‍ക്കെന്തു സുഖം (മനസാ വാചാ കര്‍മ്മണ), മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ നിരുപമ ലഹരികൾ മനസ്സിൽ പിണയും നിഴലും നിഴലും പോലെ (കടല്‍ക്കാറ്റ്), നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ് അലിഞ്ഞീടാനുള്ള ഉള്ളിലെ ദാഹവും നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാനുള്ള നെഞ്ചിലെ മോഹവും കേൾവിയിൽ കാഴ്ചയൊരുക്കിയ ഒറ്റക്കമ്പി നാദം മാത്രം മൂളും... (തേനും വയമ്പും,1981) ഒക്കെ മണിമാരനു നീ നല്‍കിയതെന്തേ മണമോ മനമോ പൂന്തേനോ (ആലിംഗനം) എന്നെഴുതിയ പാട്ടുകാരൻ ഒരു തലമുറയിൽ പകർന്ന യവ്വനകാല പ്രണയ നിര്‍വൃതിയുടെ ഓർമ്മയുണർത്തലുകളാണ്. 

അന്തരിന്ദ്രിയ രാഗങ്ങളും (അവളുടെ രാവുകൾ), പാവാടപ്രായമുള്ള ശൃംഗാരവും, അരയിൽ അരിഞ്ഞാണം കിലുങ്ങും രതിനടനവും  (ഈ മനോഹര തീരം), അധരപാന സഹശയന നിർവൃതിയിൽ എഴുതും പ്രണയകാവ്യവും (മനസാ വാചാ കർമ്മണാ) പാട്ടിൽ ബിച്ചു തീർത്ത യുവത്വത്തിന്റെ സ്വപ്നകാമനകളെ പടർത്തിയ ചിത്രങ്ങളാണ്.

ആവേശത്തോടെ, ഉന്മാദത്തോടെ പുൽകാൻ, ഒന്നാകുവാൻ ആഗ്രഹിക്കുന്ന തേന്‍ വണ്ടിനെപ്പോലെ ഒരു മധുരക്കിനാവിൻ ലഹരിയുമായി... എന്ന പാട്ടിനും റഹ്‌മാനും ശോഭനക്കുമൊപ്പം യുവതലമുറ ദ്രുതതാളത്തിൽ നൃത്തം വെച്ചു. പൂ പൂ ഉത്താപ്പൂ കായാംമ്പൂ (പപ്പു) എന്ന പാട്ടിലെ പതിനേഴിൽ എത്തുമ്പോൾ പെണ്ണിന്റെ പൂമേനി പൂചൂടിയ രോമാഞ്ചം കെ ജെ ജോയിയുടെ സാക്സഫോൺ ശബ്ദഗരിമക്കും മഞ്ഞ ചൂരിദാർ ഇട്ട സീമയുടെയും പെൺകുട്ടികളുടെയും നൃത്തച്ചുവടുകൾക്കുമൊപ്പം യുവത ആഘോഷിച്ചതായിരുന്നു. വെള്ളിച്ചില്ലം വിതറി... എന്ന പാട്ടിലെ (ഇണ)   അനുവാദമറിയാൻ, അഴകൊന്നു നുള്ളുവാൻ അറിയാതെ പിടയും വിരലിന്റെ തുമ്പുകൾപോലെ പാട്ടിൽ ബിച്ചു തീർത്ത എത്ര എത്ര കൗമാര കാമനകൾ.

 

പാട്ടിലൂടെ പറഞ്ഞ കഥകൾ   

രാവിൻ നെഞ്ചിൽ കോലം തുള്ളും രോമാഞ്ചമായി മാറിയ  ലൈംഗികത്തൊഴിലാളിയായ പെണ്ണിന്റെ വേദനകള്‍ കഥാസന്ദർഭത്തോട്  ഇണങ്ങിനിന്ന് ആവിഷ്‌കരിച്ച രാഗേന്ദു കിരണങ്ങൾ (അവളുടെ രാവുകൾ) എന്ന ഗാനത്തിന്റെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രീകരണം  കാലത്തിന്റെ പാട്ടുകാഴ്ചയുടെ ദൃശ്യസാക്ഷ്യം കൂടിയാണ്. 

പഴം തമിഴ് പാട്ടിഴയും എന്ന പാട്ട് മണിചിത്രത്താഴ്  സിനിമയുടെ ആത്മാവാണ്. ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം... (ചിരിയോ ചിരി), കളിപ്പാട്ടമായ് കണ്മണി... (കളിപ്പാട്ടം), കണ്ണീർക്കായലിലേതോ... (റാംജി റാവു സ്പീക്കിങ്ങ്) പോലെയുള്ള പാട്ടുകളിൽ സിനിമയുടെ പശ്ചാത്തലത്തെ/ സന്ദർഭത്തെ കഥാഗതിയോട്‌ ചേർത്തുനിർത്തുന്ന രചനാകൗശലം കാണാം. 

വാക്കിൽ തീർത്ത വിസ്മയങ്ങൾ

സാധാരണ പദങ്ങൾകൊണ്ട് കഥപറയുംപോലെ പാട്ടിൽ ബിച്ചു തിരുമല തീർക്കുന്ന പദലയനത്തിനു വല്ലാത്തൊരു ചന്തമുണ്ടായിരുന്നു. വാക്കുകളും വാക്കുകളുടെ ആദ്യാക്ഷരങ്ങളും പാട്ടിൽ താളബദ്ധമായി ആവർത്തിക്കുകയും സൗന്ദര്യാനുഭൂതിയുടെ ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത തലത്തിൽ ആസ്വാദകരെ എത്തിക്കുകയും ചെയ്യുന്നു. 

രാഗേന്ദു കിരണങ്ങളും നീലജലാശയവും നീലത്താമരയുംപോലെ അപരിചിതമായ പദചേർച്ചകൾകൊണ്ട് മലയാളിയെ അതിശയിപ്പിച്ച ബിച്ചു തിരുമല വാകപ്പൂമരവും വാരിളംപൂങ്കുലയും വാടകമുറിയും വടക്കൻ തെന്നലും വാതിലിൽ വന്നെത്തിനോക്കിയ വസന്തപഞ്ചമിപ്പെണ്ണും അവളുടെ വളകിലുക്കവും തെന്നൽ വിരൽ ഞൊടിച്ചു വിളിച്ചപ്പോൾ അവൾ വിരൽകടിച്ച്‌ വിധുവദനയായ് വിവശയായി നിന്നതുമൊക്കെ കവി വാകപ്പൂമരം എന്ന പാട്ടിൽ (അനുഭവം) വ്യത്യസ്തമായ പുതുപദങ്ങൾ താളബദ്ധമായി അടുക്കി വെക്കുകയായിരുന്നു.

കൊമ്പിൽ കിലുക്കുംകെട്ടി... (കരിമ്പന), കൊക്കാമന്തീ കോനാനിറച്ചി... (ചിരിയോ ചിരി), ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ ചിങ്ങചെമ്മാനം… (മിമിക്സ് പരേഡ്‌) പോലെ നിരവധി പാട്ടുകൾ അതിലെ പുതുപദഘടനകൊണ്ട് ശ്രദ്ധേയമായി. കട്ടുറുമ്പേ വായാടീ... എന്ന പാട്ടിലെ പൊട്ടിപ്പെണ്ണ്, കുട്ടിത്താറാവ്, വെട്ടുക്കിളി, തേരാപാര… (വെല്ലുവിളി), ലല്ലലം ചൊല്ലുന്ന ചെല്ലകിളികളെ (വിയറ്റ്നാം കോളനി) എന്ന പാട്ടിലെ വേടൻ വരുന്നേ കാടൻ വരുന്നേ കൂടൊരു മാടനുണ്ടേ പോലെയുള്ള പദപ്രയോഗങ്ങൾ വ്യത്യസ്തവും ജനപ്രിയവുമായി.

പടകാളി ചണ്ടിച്ചങ്കരി പോര്‍ക്കലി.. എന്ന പാട്ട് (യോദ്ധാ) മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായതും ബിച്ചു തിരുമലയുടെ ഈ രചനാകൗശലത്താലാണ്. വെട്ടുക്കിളിപോലെ മുന്നിൽതുള്ളി തുള്ളി ചാടിപ്പോകും കട്ടുറുമ്പേ കൊച്ചുനങ്ങേലീ, ഇട്ടിയമ്മ ചാടിയാലും കൊട്ടിയമ്പലത്തിലോളം പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ എന്നത് കട്ടുറുമ്പേ വായാടി... (വെല്ലുവിളി) എന്ന പാട്ടിൽ  എം എസ് വിശ്വനാഥനുമായി തീർത്ത വാക്കിന്റെ സംഗീതമേളം.

അവളുടെ രാവുകൾ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,  തേനും വയമ്പും, ഉണ്ണികളേ ഒരു കഥ പറയാം, കളിപ്പാട്ടം, മണിച്ചിത്രത്താഴ് പോലെ ഒട്ടനവധി സിനിമയുടെ പേരുകളും ബിച്ചു തിരുമലയുടെ പാട്ടിൽനിന്നും പിറന്നവയാണ്.

ഒരു കാലഘട്ടത്തിന്റെ പാട്ടിഷ്ടം

 

മലയാള സിനിമാഗാനശാഖയ്ക്ക് അതിമനോഹരമായ പദങ്ങൾ പരിചയപ്പെടുത്തിയ ബിച്ചു തിരുമല കഥപറയുംപോലെ പാട്ടിൽ സാധാരണ പദങ്ങൾകൊണ്ട് തീർത്ത പദലയനത്തിനു വല്ലാത്തൊരു ചന്തമുണ്ടായിരുന്നു. യൗവ്വനം തിളച്ചു തുള്ളിയ സിനിമാകാലത്തെ ആവ്യത്യസ്തമായ പാട്ടുകൾ അനവധി ഹിറ്റ്‌, സൂപ്പർ ഹിറ്റ്‌ സിനിമകളുടെ വിജയത്തിലെ പ്രധാന ഘടകമായി. 

സിനിമയുടെ പ്രമേയം, ആഖ്യാനം, സാങ്കേതികത ഇവയിലൊക്കെ മാറ്റങ്ങൾ സംഭവിച്ചകാലത്ത് ഗാനരചനാ രംഗത്തെത്തിയ ആദ്ദേഹം ഈണവടിവുകൾക്കിടയിൽ ചേർത്തുവെച്ച പദങ്ങൾ പദലയനത്തിലൂടെ പരിചിതമല്ലാത്ത പുതുരീതികൾ കാട്ടിക്കൊടുത്തു. ചലച്ചിത്ര വ്യവസായത്തിന്റെ ഇച്ഛകൾക്കും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾക്കുമൊപ്പം കഥാസന്ദർഭത്തിൻറെ ഇടങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാവൂ എന്ന ഗാനരചയിതാവിന്റെ പതിമിതിക്കുള്ളിൽ നിന്നുതന്നെ ഏതാനും വരികളിൽ രചിച്ചവയെങ്കിലും ആ താരാട്ടുകളും കുട്ടിപ്പാട്ടുകളും തമാശപ്പാട്ടുകളും തത്വചിന്താഗാനങ്ങളും കാലത്തെ അഭിസംബോധന ചെയ്തു.

വാക്കിനെ രചനാകൗശലത്തിന്റെ മുഴക്കോൽ വച്ചളന്ന് ഈണത്തിന്റെ മീറ്റർ തെറ്റാതെ ഈണവടിവുകളിൽ നിറച്ച ഈ പാട്ടുതച്ചൻ മാസ്മരിക വഴക്കങ്ങളാൽ തന്റെ പാട്ടുകളെ സാധാരണക്കാരന്റെ പാട്ടോർമ്മകളിൽ മായാതെ, മറയാതെ, മിഴിവോടെ നിലനിർത്തി.   

ബിച്ചു തിരുമലയുടെ തെരഞ്ഞെടുത്ത ചലച്ചിത്രഗാനങ്ങൾ

 

1976 വാകപ്പൂ മരം…, യേശുദാസ്, എ ടി ഉമ്മര്‍, അനുഭവം

1977 പ്രണയ സരോവരതീരം…, ഇന്നലെ ഇന്ന്, ജി ദേവരാജൻ, യേശുദാസ്,  

1978 രാഗേന്ദു കിരണങ്ങൾ…, എസ് ജാനകി, എ ടി ഉമ്മര്‍, അവളുടെ രാവുകൾ 

1980 മഞ്ഞണിക്കൊമ്പിൽ…, എസ് ജാനകി,ജെറി അമൽദേവ്‌, മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ 

1980 പാവാട വേണം…,യേശുദാസ്, ശ്യാം, അങ്ങാടി

1980 നീയും നിന്റെ കിളിക്കൊഞ്ചലും…, യേശുദാസ്, എ ടി ഉമ്മര്‍, കടൽക്കാറ്റ് 

1980 ഒരു മയിൽപ്പീലിയായ് ഞാൻ…, എസ് ജാനകി, എ ടി ഉമ്മര്‍, അണിയാത്ത വളകൾ 

1981 മൈനാകം കടലില്‍…, യേശുദാസ്/എസ് ജാനകി, തൃഷ്ണ

1981 ശ്രുതിയിൽ നിന്നുയരും…,യേശുദാസ്/എസ് ജാനകി, ശ്യാം, തൃഷ്ണ 

1981 തേനും വയമ്പും…, യേശുദാസ്, രവീന്ദ്രൻ, തേനും വയമ്പും  

1981 ഒറ്റക്കമ്പി നാദം…, യേശുദാസ്, രവീന്ദ്രൻ, തേനും വയമ്പും 

1982 വെള്ളിച്ചില്ലം വിതറി…, കൃഷ്ണചന്ദ്രൻ, എ ടി ഉമ്മര്‍,ഇണ

1982 ഏഴു സ്വരങ്ങളും…, യേശുദാസ്, രവീന്ദ്രൻ, ചിരിയോ ചിരി 

1983 ആയിരം കണ്ണുമായ്‌…, കെ എസ് ചിത്ര, ജെറി അമൽദേവ്‌, നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട്‌ 

1984 ആലിപ്പഴം പെറുക്കാൻ…, എസ് ജാനകി, എസ്‌ പി ഷൈലജ, ഇളയരാജ, മൈ ഡിയർ കുട്ടിച്ചാത്തൻ 

1986 പൂങ്കാറ്റിനോടും…, യേശുദാസ്,എസ് ജാനകി, ഇളയരാജ,  പൂമുഖപടിയില്‍ നിന്നെയും കാത്ത്‌

1992 ഒളിക്കുന്നുവോ…, യേശുദാസ്, രവീന്ദ്രൻ,  ചമ്പക്കുളം തച്ചൻ

1992 ഓലത്തുമ്പത്തിരുന്നൂയലാടും…,യേശുദാസ് /എസ് ജാനകി, ഇളയരാജ, പപ്പയുടെ സ്വന്തം അപ്പൂസ്‌

1992 പടകാളി ചണ്ടിച്ചങ്കരി..., യേശുദാസ്, എം ജി ശ്രീകുമാർ, എ ആര്‍ റഹ്‌മാൻ, യോദ്ധ     

1994 പാൽനിലാവിനും ഒരു നൊമ്പരം…,യേശുദാസ്, എസ് പി വെങ്കിടേഷ്, കോറസ്‌, കാബൂളിവാല 

1999 മിഴിയറിയാതെ…, നിറം, വിദ്യാസാഗര്‍, യേശുദാസ്/സുജാത മോഹൻ

1999 പ്രായം നമ്മിൽ…, നിറം, വിദ്യാസാഗര്‍, പി ജയചന്ദ്രൻ, സുജാത മോഹൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS