ADVERTISEMENT

അയൽപക്കത്തെ ഉസ്സൻ മുപ്പന്റെ മോൾടെ കല്യാണത്തിന് ഒരാൾ പാടാൻ വരുന്നുണ്ടെന്നു പെണ്ണുങ്ങളാരോ പറഞ്ഞു. അയാളുടെ പാട്ടുകേൾക്കാൻ നല്ല ഇമ്പമുണ്ടത്രെ. കോഴിക്കോട്ടെ കല്യാണ വീടുകളിൽ പാട്ടും ഒപ്പനയും പതിവായിരുന്നതിനാൽ ഏതോ ഒരു പാട്ടുകാരനെന്നേ തോന്നിയുള്ളൂ. എനിക്കന്ന് പതിനഞ്ചു വയസ്സ് തികഞ്ഞിട്ടേയുള്ളൂ. പുറത്തൊന്നും പോകാതെ വീട്ടിനുള്ളിൽതന്നെ കഴിയുന്നൊരു പെൺകുട്ടി. വൈകുന്നേരം ആ പാട്ടുകാരനും കൂട്ടുകാരും ഞങ്ങളുടെ വീടിനു മുന്നിലൂടെ നടന്നുപോകുന്നത് ജനാലയ്ക്കുള്ളിലൂടെ ഞാൻ കണ്ടു. മുഴുക്കൈയുള്ള വെള്ളക്കുപ്പായവും ഭംഗിയുള്ള കരയുള്ള തുണിയുമുടുത്ത് അയാളും പിന്നിൽ നാലഞ്ചാളുകളും. ഏതോ പാട്ടുമൂളിക്കൊണ്ടാണു നടത്തം. എന്റെ കൂട്ടുകാരി ഓടിവന്ന് ചെയിൽ പതുക്കെ പറഞ്ഞു. ‘‘അതാണ് ബാബുരാജ്. മൂപ്പര് വലിയ പാട്ടുകാരനാണ്’’. കൗതുകത്തോടെ ഞാൻ ജനാലയിലുടെ വീണ്ടും നോക്കി. അപ്പോഴേക്കും റോഡിലെ വളവുതിരിഞ്ഞ് ആ സംഘം ചായപ്പീടികയിലെത്തിയിരുന്നു.

 

തളിരിട്ട കിനാക്കൾതൻ താമരമാലയുമായി സംഗീതസംവിധായകൻ ബാബുരാജിന്റെ ജീവിതത്തിലേക്കു കടന്നുവന്ന ബിച്ച ‘ബാബുക്ക– തളിരിട്ട കിനാവിലെ വിരുന്നുകാരൻ’ എന്ന തന്റെ ആത്മകഥയിൽ തുടങ്ങുന്നത് ഇങ്ങനെയാണ്. 1956ൽ ബാബുരാജിന്റെ ജീവിതസഖിയായ ബിച്ച 2021 ഡിസംബർ 12ന് രാത്രി മരിച്ചു. ബാബുരാജ് എന്ന സംഗീതജ്ഞന്റെ ജീവിതത്തിൽ താങ്ങും തണലുമായിരുന്ന അവർക്ക് തന്റെ പുസ്തകത്തിൽ പറയാനുള്ളതെല്ലാം ബാബുക്ക എന്ന വലിയ മനുഷ്യനെക്കുറിച്ചായിരുന്നു. പത്രപ്രവർത്തകനായ പി.സക്കീർ ഹുസൈനാണ് ബിച്ചയുടെ ജീവിതം പുസ്തത്താളിലേക്കു പകർത്തിയത്. 

bicha-sakkir
സക്കീർ ഹുസൈനൊപ്പം ബിച്ച

മലയാള സിനിമയ്ക്കും മാപ്പിളപാട്ടിനും ബാബുരാജില്ലാത്തൊരു ചരിത്രമില്ല. കോഴിക്കോടിന്റെ സംഗീതത്തെക്കുറിച്ചു പറയുമ്പോൾ ബാബുരാജിന്റെ പേരാണ് ആദ്യം നാവിലെത്തുക. തെരുവിൽ, വയറ്റത്തടിച്ചു പാട്ടുപാടി നടന്നിരുന്ന ബാലൻ സംഗീതത്തിലൂടെ എല്ലാ മലയാളികളുടെയും ഹൃദയം കവർന്നു. അങ്ങനെയുള്ള ബാബുരാജിന്റെ ജീവിതമാണ് ബിച്ച ഹൃദയത്തിൽ നിന്നു പൊടിഞ്ഞുവന്ന വാക്കുകളിലൂടെ അവതരിപ്പിക്കുന്നത്. 

 

 

ജാൻ മുഹമ്മദിന്റെ മകനാണു ഞാൻ

 

 

കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദാണ് ബാബുക്കയെ കണെത്തുന്നത്. ഒരിക്കൽ കോഴിക്കോട് പട്ടാളപ്പള്ളിക്കടുത്തെത്തിയപ്പോൾ പതിവില്ലാത്തൊരാൾക്കൂട്ടം. സൈക്കിൾ റോഡരികിൽ നിർത്തി കുഞ്ഞുമുഹമ്മദ് അങ്ങോട്ടു ചെന്നു. ആ ബാലൻ വയറ്റത്തടിച്ചു പാടുകയാണ്. മനോഹരമായ ആലാപനം കേട്ട് ആളു‍കൾ കൂടിനിന്നു. ആളുകൾ പിരിഞ്ഞുപോയപ്പോൾ കുഞ്ഞുമുഹമ്മദ് അവന്റെ ചുമലിൽ പിടിച്ചു ചോദിച്ചു.

‘‘എന്താ നിന്റെ പേര്?’’

‘‘മുഹമ്മദ് സാബിർ’’

‘‘നിനക്ക് വീട്ടിൽ ആരൊക്കെയുണ്ട്?’’

‘‘ജാൻ മുഹമ്മദിന്റെ മകനാണു ഞാൻ.’’

‘‘സംഗീതകാരനായ ജാൻ  മുഹമ്മദിന്റെ മകൻ തെരുവിൽ പാടി നടക്കുകയോ?’’

ഉപ്പയുടെ മരണത്തെക്കുറിച്ച് സാബിർ അദ്ദേഹത്തോടു പറഞ്ഞു. 

‘‘നീ ഇവിടെ കഴിയേണ്ട ആളല്ല. എന്റെ കൂടെ വാ. എനിക്കു ചെറിയൊരു വീടുണ്ട്. അവിടെ ഉപ്പയും ഉമ്മയും സഹോദരങ്ങളുമുണ്ട്. നിനക്ക് അവിടെ താമസിക്കാം’’

കാരുണ്യത്തിന്റെ ആ വീട്ടിൽ സാബിർ ബാബുവിനു തുണയായി രണ്ടുപേർ കൂടി എത്തി. ലെസ്‍ലിയും കെ.ടി.മുഹമ്മദും. ലെസ്‍ലിയാണ് പിന്നീട് കോഴിക്കോട് അബ്ദുൽഖാദർ ആയത്.കുഞ്ഞുമുഹമ്മദിന്റെ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലൂടെ മൂവരും വളർന്നു.

കുഞ്ഞുമുഹമ്മദിന്റെ സഹോദരി നഫീസയായിരുന്നു ബാബുരാജിന്റെ ആദ്യ ഭാര്യ. മൂന്നാമത്തെ കുഞ്ഞ് പിറന്നപ്പോൾ നഫീസ മരിച്ചു. പിന്നീടാണ് ബിച്ചയെ വിവാഹം കഴിച്ചത്. 

 

 

ബാബുക്കയുടെ വിവാഹസമ്മാനം

 

 

ഏതോ യാത്ര കഴിഞ്ഞെത്തിയ ബാബുക്കയുടെ കയ്യിലൊരു പെട്ടിയുണ്ടായിരുന്നു. അതുവരെ അങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല. നല്ല ഭംഗിയുണ്ടായിരുന്നു. ബാബുക്ക പറഞ്ഞു–ഇതാണ് റേഡിയോ. ബിച്ചാക്കും കുട്ടികൾക്കും പാട്ടുകേൾക്കാൻ വേണ്ടി കൊണ്ടുവന്നതാണ്. എന്റെ പാട്ടുകളും ഇതു പാടും’. പിന്നെ മൂപ്പരത് തുറന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ സുന്ദരീ’ ആ റേഡിയോയിൽ നിന്നും കേൾക്കു ആദ്യത്തെ പാട്ട്. പാട്ടുകേട്ടാൽ നമ്മളങ്ങനെ നിന്നുപോകും. അത്ര ശേലിലാണു പാടുന്നത്. ‘നീലക്കുയിൽ’ എന്ന സിനിമയിലെ പാട്ടായിരുന്നു അത്. രാമു കാര്യാട്ടും പി.ഭാസ്കരൻ മാഷും ചേർന്നാണ് ആ സിനിമ സംവിധാനം ചെയ്തതെന്ന് ബാബുക്ക പറഞ്ഞുതന്നു. 

 

 

യേശുദാസ് എന്ന വലിയ മനുഷ്യൻ

 

 

മദിശാരിയിൽ വച്ചാണ് യേശുദാസിനെ പരിചയപ്പെടുന്നത്. ബാബുക്കയെ കാണാൻ ഞങ്ങളുടെ വീട്ടിൽവ ന്നതായിരുന്നു അദ്ദേഹം. ഇന്നത്തെപ്പോലെ താടിയും മീശയുമൊന്നുമില്ല. മെലിഞ്ഞൊരു പയ്യൻ. വെള്ള ഷർട്ടും പാന്റുമാണ് ഇട്ടിരിക്കുന്നത്. ബാബുക്ക കസേരയിൽ ഇരുന്നപ്പോൾ ദാസ് നിലത്തെ പായയിൽ ഇരുന്നു. ബാബുക്ക പരിചയപ്പെടുത്തി. ‘പുതിയ ഗായകനാണ്. സിനിമയിൽ വന്നിട്ടേയുള്ളൂ. അവസരങ്ങൾ കാര്യമായി കിട്ടിത്തുടങ്ങിയിട്ടില്ല’’.

ഗായകനെന്ന നിലയിൽ യേശുദാസിനെ പ്രശസ്തനാക്കിയത് ബാബുക്കയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ.വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീ നിലയത്തിനു വേണ്ടി പി. ഭാസ്കരൻ എഴുതിയ ‘താമസമെന്തേ വരുവാൻ..’ എന്ന ഗാനം. ഈയൊരു പാട്ടോടെ യേശുദാസിന് അവസരങ്ങളായി. 

 

സിനിമയിൽ ബ്രേക്കു നൽകിയതിനുള്ള നന്ദിയും കടപ്പാടും ദാസിന് എന്നുമുണ്ടായിട്ടുണ്ട്. ബാബുക്കയുടെ മരണശേഷം ഇരുട്ടിലകപ്പെട്ട പോലെ യായിരുന്നു ഞാൻ. തീരെ പ്രതീക്ഷിക്കാതെ വന്ന മരണം. പറക്കമുറ്റാത്ത മക്കൾ. ആരും കൂടെയില്ലെന്നു തോന്നിയ ആ ദിവസങ്ങളിൽ യേശുദാസ് സഹായവുമായി എത്തി. സംഗീതസംഗമം എന്ന പേരിൽ ബാബുരാജ് അക്കാദമി ഗാനമേള നടത്തി. അതിൽ നിന്ന് രണ്ടുലക്ഷം രൂപ ബാങ്കിൽ എന്റെ പേരിൽ നിക്ഷേപിച്ചു. ആ പണമാണ് ഞങ്ങളെ പട്ടിണിയില്ലാതെ പോറ്റിയത്. 

 

ഒരു ദിവസം ദാസ് കാണാനെത്തിയപ്പോൾ വളരെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരാഗ്രഹം ഞാൻ പറഞ്ഞു. ‘‘ബാബുക്ക ഉള്ള കാലത്തേയുള്ള ആഗ്രഹമായിരുന്നു ഹജ് ചെയ്യണമെന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ല. എന്റെ പേരിൽ ബാങ്കിലുള്ള പണത്തിൽ നിന്നു കുറച്ചെടുത്ത് ഹജ് ചെയ്യണമെന്നുണ്ട്’..

ദാസ് പറഞ്ഞു– ‘‘ഇത്ത വിഷമിക്കേണ്ട. ഹജ്ജിനു പോകാനുള്ള പണം എന്റെ വകയാണ്. അത് എന്റെ സ്നേഹസമ്മാനമാണ്. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തോളൂ’’.

 

കെട്ടിവയ്ക്കാനുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കയ്യിൽ ദാസ് കൊടുത്തയച്ചു. ഒരാഗ്രഹം കൈതപ്രത്തോട് പറഞ്ഞയച്ചിരുന്നു. പുണ്യഭൂമിയിലെ 

പവിത്രമായ സംസം ജലം അൽപം കൊണ്ടുവരണം’’. ബാബുക്കയുള്ളപ്പോൾ വീട്ടിൽ വരികയും മൂപ്പരെക്കൊണ്ടു നടക്കുകയും ചെയ്ത പലരെയും അദ്ദേഹത്തിന്റെ മരണശേഷം ഞങ്ങൾ കണ്ടിട്ടില്ല. മൂപ്പര് പ്രതാപത്തിലായിരുന്നപ്പോൾ ആ പ്രശസ്തിയുടെ പങ്കുപറ്റുകയായിരുന്നു അവർ. എന്നാൽ ദാസ് അങ്ങനെയായിരുന്നില്ല. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com