ADVERTISEMENT

'സാമ്പാറിൽ മുങ്ങിത്തപ്പി

 

വെണ്ടക്ക  കിട്ടിയല്ലോ

 

നിന്നെ മാത്രം കണ്ടില്ലല്ലോ

 

നീ മാത്രം വന്നില്ലല്ലോ

 

പ്രേമത്തക്കാളി, തക്കാളി, തക്കാളി!'

 

പി.ജയചന്ദ്രൻ പാടിയ 'മഞ്ഞല'യുടെ പാരഡി. ക്ലാസിലെ ഏറ്റവും പണക്കൊഴുപ്പുള്ള ചെറുക്കൻ പാടുന്നു. നല്ല കയ്യടി കിട്ടി. ടീച്ചർ ഉൾപ്പെടെ എല്ലാവർക്കും ഇഷ്ടമായി. പക്ഷേ എനിക്കിഷ്ടമായില്ല. അവന്റെ പളപളാ തിളങ്ങുന്ന ബുഷ് ഷർട്ടും വെളുത്ത  നിറവും വലതുവശത്തേക്കു ചീകിവച്ച നീണ്ട മുടിയും കൂടി എനിക്കിഷ്ടമായില്ല.  മേൽപ്പറഞ്ഞതൊന്നും ഇല്ലാതിരുന്നതുകൊണ്ടുമാത്രമല്ല, അവൻ വിളമ്പിയ ‘സാമ്പാറി'ൽ ഞാൻ മുങ്ങിപ്പൊങ്ങാതിരുന്നത്! എന്തോ, യഥാർഥ പാട്ടിനെ അവൻ  ചീത്തയാക്കുന്നതുപോലെ എനിക്കു തോന്നി.

 

ഉയരംകുറഞ്ഞ ബെഞ്ചുകൾ ചേർത്തുണ്ടാക്കിയ ചെറിയ വേദിയിൽനിന്നും വിജയലഹരിയോടെ അവൻ ചാടിയിറങ്ങി വന്നപ്പോഴേ അഭിപ്രായം അറിയിച്ചു- ‘അയ്യേ വളിപ്പ് ‘. ഒരു നിമിഷം വൈകിയില്ല, കനത്ത ഇടി മൂക്കിൽത്തന്നെ പതിച്ചു. ഇടതുഭാഗത്തെ നാസാരന്ധ്രത്തിൽനിന്നും മൂന്നോ നാലോ തുള്ളികൾ ഉടുപ്പിൽ കൊഴിഞ്ഞുവീണിട്ടുണ്ടാകും. തുടച്ചു തരാൻപോലും ആരുമുണ്ടായില്ല. അതങ്ങനെയേ വരൂ. അവൻ വാങ്ങിക്കൊടുക്കാറുള്ള മിഠായികളും ഉപ്പിലിട്ട ലോലോലിക്കകളും പതിവായി വാങ്ങിച്ചുതിന്നുന്ന അടിമവിഭാഗം പ്രദർശിപ്പിച്ച കൃതജ്ഞതാപ്രകടനത്തിൽ അതിശയം തോന്നുന്നതെന്തിന്? ഉടുപ്പുയർത്തി മേൽച്ചുണ്ടിൽ പറ്റിപ്പിടിച്ച  ചോരത്തുള്ളികൾ നീക്കി. പൈപ്പിൽനിന്നും ഇത്തിരി വെള്ളം കുടിച്ചു. മുഖമൊന്നു കഴുകി. വീട്ടിലേക്കു നടന്നു.

 

വീട്ടുകാരെ ഒന്നും അറിയിച്ചില്ലെങ്കിലും തടിച്ചുവീർത്ത നാസിക  അവരുടെ ശ്രദ്ധയിൽ വന്നില്ലെങ്കിലും ഈ സംഭവംമൂലം  ഒരു ഗുണമുണ്ടായി- ‘മഞ്ഞല’യോടു പിന്നെയും ഇഷ്ടം കൂടി. അതു പാടിയ കലാകാരനും ഹൃദയഭാജനമായി. അദ്ദേഹം പാടിയ മറ്റു പാട്ടുകളും ഞാൻ അല്പം വാശിയോടെ കേട്ടുതുടങ്ങി. ഇങ്ങനെ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ നടാടെ  നിർവഹിച്ച സംഗീത നിരൂപണം എല്ലാത്തരത്തിലും കടുത്ത വേദന തന്നെങ്കിലും  അതെന്നെ നല്ലൊരു സംഗീതാസ്വാദകനായി  വളരാൻവേണ്ട  സഹായങ്ങൾ ഒരുക്കിത്തന്നു. പിന്നീടങ്ങോട്ടുള്ള കാലമത്രയും പി.ജയചന്ദ്രൻ എന്ന ഭാവഗാനവിസ്മയം എന്നെ നിരന്തരം സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. മേൽപ്പറഞ്ഞ സന്തോഷത്തിൽ  ജെ.സി.ഡാനിയേൽ പുരസ്കാരം പിന്നെയും മധുരം ചേർത്തുതരുന്നു.

 

സിനിമയിൽ അൽപസ്വൽപം ഇടപെട്ടുതുടങ്ങിയതിൽപ്പിന്നെ ജയേട്ടനെ  പലവട്ടം ഞാൻ കണ്ടിട്ടുണ്ട്, അടുത്തുനിന്നും അകലെനിന്നും. അദ്ദേഹം എന്നെ മനസ്സിലാക്കിയോ തിരിച്ചറിഞ്ഞോ എന്നതൊന്നും വിഷാദവിഷയമായില്ല. ഞാൻ  അറിയാൻ താൽപര്യപ്പെട്ടതെല്ലാം ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ഒരിക്കൽ കൊടുങ്ങല്ലൂരിൽ കമൽ നേതൃത്വം കൊടുത്ത  സാംസ്കാരികപരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ജയേട്ടനെ തനിയേ കിട്ടി. കുറച്ചധികനേരം വർത്തമാനം പറയാൻ സാധിച്ചു.  അദ്ദേഹം ആയിടെ കൊണ്ടുവന്ന മേക്കോവറിൽ തുടങ്ങി, പുതിയ തലമുറയുടെ സംഗീതശീലങ്ങളിൽ വന്ന മാറ്റങ്ങളും പഴയ തലമുറയിലെ ചിലർ  അദ്ദേഹത്തോടു കാണിച്ച നെറിവുകേടുകളും ഓരംതള്ളലും സംഭാഷണത്തിൽ മിന്നിമാഞ്ഞു. തീർത്തും ഹൃദ്യമായി അന്നത്തെ സമാഗമം. മനസു നിറയേ നല്ലോർമകൾ ഉദാരമായി ലഭിച്ച രാത്രിയെ ഞാനും മറക്കുന്നതെങ്ങനെ !

 

എന്നെ സംബന്ധിച്ചിടത്തോളം വലിയ നിർഭാഗ്യമാണ്, ഞാൻ എഴുതിയ സിനിമാഗാനങ്ങൾ ഒന്നുംതന്നെ  ജയേട്ടൻ പാടിയിട്ടില്ല. ഒരിക്കൽ  സന്ദർഭം ഒത്തുവന്നു. എന്നാൽ സംവിധായകൻ വേറൊരു  പാട്ടുകാരനു കൊടുത്തുപോയ വാക്കിൽ തട്ടി അവസരം താഴെ വീണുപോയി. അതിൽ സങ്കടംകൊള്ളാൻ  ലോകത്തിൽ ഞാനല്ലാതെ മറ്റാരുമുണ്ടാകില്ല.    വല്ലപ്പോഴും ഈ  ഗാനം കേൾക്കാൻ ഇടവരുമ്പോൾ,  അതിനെ മറ്റുള്ളവർ ഓമനിക്കുമ്പോൾ  ഒരു പറുദീസാനഷ്ടം എന്നെ  വ്യാകുലപ്പെടുത്തും. ഈ മനോവേദനയെ  മായിച്ചുകളയാനാകാം  വളരെ യാദൃശ്ചികമായി ഒരു ഗാനം  ഉയിർകൊണ്ടു. അതിന്റെ പശ്ചാത്തലം ഇങ്ങനെയാണ്. എന്നെ സിനിമയിൽ എത്തിച്ച ചിത്രകാരനും തിരക്കഥാകൃത്തുമായ  സുരേഷ് ബാബു,  മകൾ അപർണയുടെ  വിവാഹദിനത്തിൽ അവതരിപ്പിക്കാൻ പാകത്തിൽ  ഒരു തീംസോങ് ആവശ്യപ്പെട്ടു. ഞാൻ  സന്തോഷപൂർവം എഴുതിക്കൊടുത്തു.  ഒരു പെൺകുട്ടിയുടെ കുരുന്നുബാല്യം മുതൽ  അവളെ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചു വിടുന്നതുവരെയുള്ള വിവിധ ജീവിതസന്ദർഭങ്ങൾ  അച്ഛന്റെ കൺവഴിയിലൂടെ  കാണുന്നതരത്തിൽ ചരണങ്ങൾ  കോർത്തിണക്കി. മകൾ പിരിയുന്നവേളയിൽ അച്ഛൻ അനുഭവിക്കുന്ന ഉലച്ചിലുകളും ഉൾക്കൊണ്ട വരികളെ  ഔസേപ്പച്ചൻ ഭാവസാന്ദ്രമായ ഈണങ്ങളിൽ ഉയിർപ്പിച്ചു. എട്ടു മിനിറ്റിലേറേ  ദൈർഘ്യമുള്ളതും  അത്രതന്നെ വ്യത്യസ്തങ്ങളായ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയതുമായ ഗാനം പാടിയതാകട്ടെ  സാക്ഷാൽ പി ജയചന്ദ്രനും.  അവിടെ മറ്റൊരു പേരും ഉയർന്നുവന്നതേയില്ല.

 

ഏതാനും  വരികൾ ഇന്ദുലേഖാ വാരിയറും മത്സരമികവോടെ ചേർന്നുപാടിയ ഗാനം  റെക്കോഡുചെയ്യുമ്പോൾ  നിശ്ചയമായും അവിടെയുണ്ടാവണം എന്നു ഞാൻ നേരത്തേ ഉറപ്പിച്ചുവച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഒരു അക്കാദമിക് പ്രോഗ്രാമിൽ പെട്ടുപോയി. തിരുവനന്തപുരം വിട്ടുപോരാൻ കഴിയുമായിരുന്നില്ല.  ക്ലാസിൽ ഇരിക്കേ, ഔസേപ്പച്ചൻ വിളിച്ചു, ഗാനാരംഭത്തിനു യോജിച്ച ഒരു സംസ്കൃതശ്ലോകം വേണം.  ‘ലളിതാസഹസ്രനാമ’ത്തിൽനിന്നുള്ള വരികൾ ഓർത്തെടുത്തുകൊടുത്തു. പിന്നെയും ഫില്ലറുകൾ ഔസേപ്പച്ചൻ ആവശ്യപ്പെട്ടു. അന്നേരം ഡോ. അരുൺലാൽ മൊകേരി ക്ലാസെടുത്തു കൊണ്ടിരിക്കുന്നു. അതിനിടയിൽക്കൂടി മന്ത്രങ്ങളുടെ മാതൃകയിൽ ഏതാനും  വരികൾ ഞാൻ എഴുതിയുണ്ടാക്കി. അപ്പോഴൊന്നും ഈ ഗാനം എങ്ങനെ സംഗീതാത്മകമായി രൂപപ്പെട്ടിരിക്കുന്നു എന്ന കാര്യം എനിക്കറിഞ്ഞുകൂടാ. അറിയുന്നതിത്രമാത്രം പി.ജയചന്ദ്രനാണ് ഗാനം പാടുന്നത്!  വൈകുന്നേരം പതിവുപോലെ ഒരു റഫ് കട്ട് ഔസേപ്പച്ചൻ  അയച്ചുതന്നു. കേട്ടമാത്രയിൽ എന്നിൽ പൊട്ടിവിരിഞ്ഞ ചിദാനന്ദത്തെപ്പറ്റി ഞാൻ എന്തു പറയട്ടെ!   ഞാൻ എഴുതിയതിനെ ജയേട്ടൻ എത്ര ഉയരങ്ങളിലേക്കു പറത്തിക്കൊണ്ടുപോയിരിക്കുന്നു. ലോലവും ആർദ്രനീലിമ കലർന്നതുമായ ആ ഗാനാലാപനം ഏതേതു കല്പനകളിൽ വിഹരിച്ചിട്ടില്ല! ഏതു വികാരവായ്‌പിനെ താലോലിച്ചിട്ടില്ല!  സാങ്കേതികമായ പൂർണതകൾ  നൽകാത്ത ഘട്ടത്തിൽ നിൽക്കുന്നതാണെങ്കിലും ഏറ്റവും പൂർണതയോടെ ആ ഗാനം പ്രകാശിക്കുന്നതായി ഞാൻ വിഭ്രമിച്ചു.  ഹൃദയത്തിൽ നിഗൂഢമായി സംഭവിച്ചുകൊണ്ടിരുന്നതിനെല്ലാം  കണ്ണുകൾ സാക്ഷ്യം നൽകി. 

 

എനിക്കൊരു മകളില്ല. അതിനാൽ ഒരച്ഛൻ മകളെ എങ്ങനെ, ഏതു വിതാനങ്ങളിൽ  സ്നേഹിക്കുന്നുവെന്നതിനെപ്പറ്റി ആത്മാനുഭവങ്ങളുമില്ല. എങ്കിലും അതിനെപ്പറ്റി എത്രയോ കേട്ടിരിക്കുന്നു.  ‘ലോകത്തിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അച്ഛനാണെ'ന്നു ഗർവം കൊളളാറുള്ള വിദ്യാർഥിനികളെ പരിചയമുണ്ട്.  ‘എന്റെ മോളുണ്ടെങ്കിൽ  എനിക്ക് പിന്നെ വേറാരെയും വേണ്ട’ എന്നു പറഞ്ഞിട്ടുള്ള സഹപ്രവർത്തകരുണ്ട്. അതിനപ്പുറമുള്ള താദാത്മ്യം ഞാൻ സാധിച്ചിട്ടില്ല.  പക്ഷേ ജയേട്ടൻ പാടിത്തന്നതിലൂടെ. അദ്ദേഹം സൂക്ഷ്മതയോടെ നിർമിച്ച  സ്നേഹസാന്ദ്രതയിലൂടെ  ഒരച്ഛന്റെ ഹൃദയത്തിൽ നിറഞ്ഞുതുളുമ്പുന്ന പുത്രീവാത്സല്യങ്ങൾ കുറച്ചൊക്കെ ഞാനും അനുഭവിച്ചു. എനിക്കൊരു മകളുണ്ടായിരുന്നെങ്കിൽ എന്ന ഒരു തോന്നൽപോലും  കിളിർത്തു. ഗാനാലാപനങ്ങളിൽ ജയേട്ടൻ  പരിചയപ്പെടുത്തിയ  ഹൃദ്യതകളെ സമഗ്രമായി സ്വാംശീകരിച്ച 'മകളേ' എന്നുതുടങ്ങുന്ന ഗാനം അപർണയുടെ വിവാഹവേദിയിൽ  നിറഞ്ഞുനിന്നു. കേട്ടവരെല്ലാം അതിനെപ്പറ്റി അന്വേഷിച്ചു.  സദസിലുണ്ടായിരുന്ന ഔസേപ്പച്ചനും ഞാനും അഭിമാനംകൊണ്ടു.

 

ഒരു വിശേഷലക്ഷ്യത്തോടെ നിർമിക്കപ്പെട്ടതാണെങ്കിലും 'മകളേ' ജയേട്ടനിൽ മോഹിതരായ  മുഴുവൻപേർക്കും ലഭ്യമാക്കണമെന്ന  തീരുമാനം  ഞങ്ങൾ നേരത്തേ എടുത്തുവച്ചിരുന്നു. അതിനുവേണ്ടി സുരേഷ് ബാബു ചില പദ്ധതികൾ ഒരുക്കി. ഒരു വീഡിയോ ആൽബമായി പുറത്തുകൊണ്ടുവരാൻ വേണ്ട ക്ലിപ്പിങ്ങുകൾ തയ്യാറാക്കി.  പക്ഷേ പല നല്ല പാട്ടുകൾക്കും  സംഭവിക്കുന്ന ദുരന്തം ഇവിടെയും സംഭവിച്ചു! നാലഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഗാനത്തെ പൊതുജനസമക്ഷം അവതരിപ്പിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഏതെങ്കിലും സിനിമയിൽ ഇതിനു ചേർന്ന സന്ദർഭം സൃഷ്ടിച്ചെടുക്കാൻ സുരേഷ് ബാബു ശ്രമിച്ചു. പക്ഷേ പശ്ചാത്തലം  യോജിച്ചുകിട്ടിയില്ല. എട്ടു മിനിറ്റിലേറേ  ദൈർഘ്യമുള്ള  ഗാനം ഇന്നത്തെ സ്ഥിതിയിൽ ഏതെങ്കിലും സിനിമയിൽ  ഉൾപ്പെടുത്താൻ കഴിയുകയുമില്ലല്ലോ.  എന്നാലും ശ്രമങ്ങൾ തുടരാതിരിക്കുന്നില്ല. ഔസേപ്പച്ചൻ പ്രവചിച്ചതുപോലെ, 'ഒറപ്പല്ലേ, ഈ പാട്ട് പുറത്തുവന്നാപ്പിന്നെ നാട്ടിലെ  മുഴുവൻ കല്യാണ വീഡിയോകളുടേം ബാക്ഗ്രൗണ്ട് സോങ് ഇതുതന്നാരിക്കും.' ഇപ്പറഞ്ഞതിൽ സത്യമുണ്ട്, അത്രയേറെ വിവാഹസന്ദർഭങ്ങൾ  ഇതിൽ വന്നുപോകുന്നു. പിന്നെ, ഗായകൻ ജയചന്ദ്രനുമാണല്ലോ!

 

പി. ജയചന്ദ്രൻ പാടിയിട്ടുള്ള ഗാനങ്ങളുടെ ശ്രേണിയിൽ വൈവിധ്യംകൊണ്ടും ദീർഘതകൊണ്ടും 'മകളേ'  ശ്രദ്ധേയമാകും എന്നതിൽ സംശയം തീരെയില്ല. ഇത്തിരി വൈകിപ്പോയെന്നാലും ഈ ഗാനം പാട്ടുപ്രേമികൾക്കു ലഭ്യമാകുകതന്നെ ചെയ്യും. ആ ദിവസത്തെ പ്രതീക്ഷിച്ചു കഴിയുന്നവരിൽ ഞാനും ഔസേപ്പച്ചനും  മാത്രമല്ല, ഈ ഗാനത്തിനു  പിന്നിൽ പ്രവർത്തിച്ച മുഴുവൻ കലാകാരന്മാരും ഒരിക്കലെങ്കിലും ഇതു കേൾക്കാൻ ഭാഗ്യം കിടച്ച  സംഗീതപ്രേമികളുമുണ്ട്. എസ്.ഡി.വി ജെ.ബി.എസ്സിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ, അതുവരെ ഒരു ചിത്രത്തിൽപോലും കണ്ടിട്ടില്ലാത്ത   ഭാവഗായകനുവേണ്ടി നല്ല ഇടി വാങ്ങുകയും ചോര വാർക്കുകയും ചെയ്ത ഒരു പത്തുവയസുകാരൻ എന്റെ ഉള്ളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അവൻ, പ്രിയ ഗായകനു  നൽകുന്ന ബഹുമാനവും സ്നേഹവും കൃതാർഥതയും ഇടകലർന്ന ഭാവുകങ്ങളാകട്ടെ, ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഈ മനോമോഹനഗാനം. പ്രിയപ്പെട്ട ജയേട്ടാ, ശതകോടി പ്രണാമങ്ങൾ.

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രൊഫസറുമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com