ADVERTISEMENT

'ഹായ് വന്നല്ലോ കണ്ണാടി!' 

എന്ന് ആരോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോഴാണ് ഞാനും ഒന്ന് ശ്രദ്ധിച്ചത്. അടുത്ത ബന്ധുവിന്റെ വേളി കൂടാനായി അച്ഛനമ്മമാരോടൊപ്പം നാട്ടിലെ അയൽവക്കത്തെ ഇല്ലത്തിന്റെ ഇറയത്ത് ഇരിക്കുകയായിരുന്നു ഞാൻ. ഏഴെട്ടു വയസ്സുള്ള കുട്ടിയാണ് ഞാനന്ന്. രാവിലെ തൊട്ട് ആ ഇല്ലത്തിന്റെ ഇറയത്തും മുറ്റത്തും പറമ്പിലുമെല്ലാം ഓടിക്കളിച്ച് തളർന്നിരിക്കുകയാണ് ഞാൻ. 

 

ചന്ദനനിറമുള്ള ജുബ്ബയും മുണ്ടുമാണ് താടിക്കാരനായ ആ ചെറുപ്പക്കാരന്റെ വേഷം. തോളിൽ ഒരു തുണിസഞ്ചിയുമുണ്ട്. ഇറയത്തിരുന്ന എല്ലാവരെയും നോക്കി കൈകൂപ്പി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഇല്ലത്തിനകത്തേക്കു പോയി. നിഷ്കളങ്കമായ ആ പുഞ്ചിരി കണ്ടപ്പോൾ ഒരു ഐശ്വര്യവും പ്രത്യേകതയും കൗതുകവുമൊക്കെ എനിക്കു തോന്നി. അദ്ദേഹത്തിനു പിറകേ ഞാനും അകത്തേക്കു പോയി. ഇല്ലത്തിന്റെ തെക്കേയകത്ത് അദ്ദേഹം സഞ്ചി ഭദ്രമായി വച്ചു. എന്തോ ആലോചിച്ചുകൊണ്ടും തിരഞ്ഞുകൊണ്ടും അദ്ദേഹം പുറത്തേക്കുപോയി, അൽപ്പം കഴിഞ്ഞപ്പോൾ കയ്യിൽ ഒരു മുറുക്കാൻചെല്ലവുമായി തിരിച്ചുവന്നു. 

അദ്ദേഹം വെറ്റിലയിൽ ചുണ്ണാമ്പുതേക്കുന്നതും നാലും കൂട്ടി മുറുക്കുന്നതും അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷവുമെല്ലാം കൗതുകത്തോടെ ഞാൻ ദൂരെനിന്നും നോക്കിനിന്നു. 

 

കഥകളിയരങ്ങിലെ പച്ചവേഷക്കാരന്റെ കൈമുദ്രയും ഭാവവുമെല്ലാമാണ് അപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത്. രസകരമായ ഈ കാഴ്ച ആസ്വദിച്ചുകൊണ്ടിരിക്കേ ആരോ എന്റെ ചെവിക്കുപിടിച്ചു. അച്ഛൻ! 'ഇങ്ങനെയൊന്നും ഇവിടെ നിൽക്കാൻ പാടില്ല' എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അച്ഛൻ അവിടെനിന്നും എന്നെ പിടിച്ചുക്കൊണ്ടുപോയി. 'കണ്ണാടിയാണ്.. വലിയ പാട്ടുമാഷാണ്.. എവിടെയോ എത്തേണ്ട ആളാണെന്നാണ് എല്ലാരും പറയുന്നത്' അച്ഛൻ പറഞ്ഞു. എന്താണാവോ ഈ കണ്ണാടി? അദ്ദേഹം കണ്ണാടി നോക്കുന്നുമില്ല, കണ്ണട ധരിച്ചിട്ടുമില്ല. കണ്ണാടി പോലെ ഭംഗിയുള്ള  പാട്ടായിരിക്കും! മനസ്സിൽ സംശയം ബാക്കി കിടന്നു. 

 

വർഷങ്ങൾ എത്രയോ കഴിഞ്ഞു. കൈതപ്രത്ത് 'കണ്ണാടി'യില്ലത്ത് വിശ്വനാഥൻ വിശ്വപ്രസിദ്ധനായ സംഗീതജ്ഞനായി. എന്റെ പ്രിയഗായകനായ പി. ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം നേടിക്കൊടുത്ത 'നീയൊരു പുഴയായ്..' എന്ന 'തിളക്ക'ത്തിലെ ഗാനത്തിന് ഈണമിട്ടത് അദ്ദേഹമാണ്. അതുപോലെത്തന്നെ 'മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ്' (വെക്കേഷൻ), പകലിൽ പടിവാതിലിൽ (മൗര്യൻ), പുതുമഴ പോലെ (സൂം) എന്നിങ്ങനെ എത്രയെത്ര പ്രിയഗീതങ്ങൾ.

 

ബാല്യകാലത്ത് ഒരു വേളിയാഘോഷത്തിനിടെ കണ്ണാടി വിശ്വേട്ടനെ ദൂരെ നിന്നും കണ്ട ഓർമ്മകളാണ് ഇപ്പോൾ മനസ്സുനിറയെ. 'മെല്ലിസൈ മന്നർ' വിശ്വനാഥനെപ്പോലെ ദക്ഷിണേന്ത്യൻ സംഗീതത്തിൽ എവിടെയോ എത്തേണ്ടിയിരുന്ന അദ്ദേഹം പാതിവഴിയിൽ മലയാളി ഓർമ്മയിലെന്നും ഓമനിക്കുന്ന ഒരു പിടി ഗാനങ്ങൾ നൽകി വിട പറയുമ്പോൾ എനിക്ക് കണ്ണീരടക്കാനാവുന്നില്ല. ആ മഹാസംഗീതജ്ഞനെ വീണ്ടുമൊരിക്കൽ കാണണമെന്നും വെറുതേ പരിചയപ്പെടണമെന്നും മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. 'ഇനിയൊരു ജന്മമുണ്ടെങ്കിൽ' എന്നല്ലേ ഇനിയെനിക്ക് വേദനയോടെ പറയാൻ സാധിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com