ദക്ഷിണ വച്ചത് ബാബുരാജിന്; കൈപിടിച്ചു നടത്തിയത് യേശുദാസ്; ആലപ്പി രംഗനാഥിന്റെ സംഗീതയാത്ര

alleppy-renganathnew
SHARE

ബാബുരാജും ദക്ഷിണാമൂര്‍ത്തി സ്വാമികളും ദേവരാജന്‍ മാസ്റ്ററുമൊക്കെ കളം നിറഞ്ഞാടുന്ന കാലം. സംഗീതം ശ്രദ്ധിക്കപ്പെടണമെങ്കില്‍ പുതിയ ഒരു സംഗീത സംവിധായകനെക്കുറിച്ച് വെറുതേപോലും അണിയറ പ്രവര്‍ത്തകര്‍ ചിന്തിക്കാത്ത കാലവുമാണത്. പുതിയ ഒരാളിന് സിനിമ സംഗീതത്തിലെന്നല്ല ആസ്വാദകരുടെ മനസിലും ഇടം കിട്ടില്ലെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയൊരു കാലത്താണ് സിനിമ സംഗീതപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആലപ്പി രംഗനാഥ് എന്ന യുവ സംഗീത സംവിധായകന്റെ രംഗപ്രവേശം. 1973ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന ചിത്രത്തിലെ ഓശാനാ ഓശാനാ എന്ന ഒരൊറ്റ ഗാനംകൊണ്ടുതന്നെ മെഴുകുതിരി വെളിച്ചംപോലെ ആസ്വാദകരിലേക്ക് പ്രകാശംപരത്തി. യേശുനാഥനെ സ്വീകരിക്കാന്‍ ശോകമൂകമായ ഗാനം പ്രതീക്ഷിച്ചവരിലേക്ക് ചടുലതയുടെ പുതുഭാവം രംഗനാഥ് തന്റെ സംഗീതത്തിലൂടെ പകര്‍ന്നു. പാട്ട് ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നെ എങ്ങനെയാണ് അംഗീകരിക്കാതിരിക്കാന്‍ കഴിയുക. ആസ്വാദകരും സിനിമാക്കാരും ഒരേപോലെ ഇഷ്ടപ്പെട്ട ആലപ്പി രംഗനാഥിനായി അവസരങ്ങള്‍ കാത്തിരുന്നു. സംഗീതത്തില്‍ മാത്രമല്ല പാട്ടെഴുത്തിലും രംഗനാഥ് ശോഭിച്ചു. കാസറ്റു വിപണി കീഴടക്കിയ തരംഗിണിയുടെ സ്വാമി സംഗീതം ആലപിക്കും എന്ന ഗാനം കേട്ടവരാരും പാട്ടെഴുതി സംഗീതംചെയ്ത രംഗനാഥിനെ അങ്ങനെ മറന്നു കളയില്ല.

 

ബാബുരാജില്‍ നിന്നു തുടങ്ങി

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം. ജി. ദേവമ്മാളുടെയും മകനായ രംഗനാഥ് കുട്ടിക്കാലത്തു തന്നെ സംഗീത പഠനം ആരംഭിച്ചു. പത്തൊമ്പതാം വയസില്‍ കാഞ്ഞിരപ്പള്ളി പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബിന്റെ നാടകത്തിന് സംഗീതം നല്‍കി. മലയാളം വിദ്വാന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വെസ്റ്റേണ്‍ ഹാര്‍മണിയും സിനിമ സംഗീതവുമൊക്കെ പഠിക്കാനായി രംഗനാഥിന് കലശലായ മോഹം. സാധാരണക്കാരന് അന്ന് സിനിമ സംഗീതമൊക്കെ വിദൂര സ്വപ്‌നമായി നില്‍ക്കുന്ന കാലമാണ്. എങ്ങനെ മദ്രാസിലെത്തുമെന്നോ ആര് സഹായിക്കുമെന്നോ അറിയാതെ നില്‍ക്കുമ്പോഴാണ് സംഗീത അധ്യാപകന്‍ കൂടിയായ അച്ഛന്റെ ഒരു ശിഷ്യ നടന്‍ സത്യന് നല്‍കാനായി ഒരു ശുപാര്‍ശ കത്ത് നല്‍കുന്നത്. നടന്‍ തന്നെ സഹായിക്കുമെന്ന് അവര്‍ തീര്‍ത്തു പറഞ്ഞതോടെ രംഗനാഥന്‍ മദ്രാസിനു വണ്ടി കയറി. അടുത്ത ദിവസം തന്നെ ഇരുപത്തി രണ്ടുകാരനായ രംഗനാഥ് മദ്രാസിലെ മാമ്പലത്തുള്ള സത്യന്റെ വീട്ടിലെത്തി. ഷൂട്ടിന് പോകാന്‍ തയാറായി നിന്ന സത്യന്‍ കത്തു വാങ്ങി വായിച്ചു നോക്കിയശേഷം നാളെ വരാന്‍ മാത്രം പറഞ്ഞ് രംഗനാഥിനെ മടക്കി അയച്ചു.  

അടുത്ത ദിവസം രാവിലെ സത്യന്‍ പറഞ്ഞ സമയത്തു തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. സത്യന്‍ ഷൂട്ടിങ്ങിന് പോകാന്‍ തയാറായി നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ഫിയറ്റ് കാറില്‍ യാത്ര ചെയ്യുമ്പോഴും അതെവിടേക്കാണെന്ന് രംഗനാഥിന് മനസിലായില്ല. ചോദിക്കാനും ഒരു ഭയം. ആ യാത്ര അവസാനിച്ചതാകട്ടെ സാക്ഷാല്‍ എം. എസ്. ബാബുരാജിന്റെ സവിധത്തിലും. മദ്രാസിലെ രഞ്ജിത്ത് ഹോട്ടലാണ് അന്ന് ബാബുരാജിന്റെ സങ്കേതം. കൂടെ നിര്‍ത്തണം ഈ കുട്ടിയെക്കൂടി എന്ന് സത്യന്‍ പറഞ്ഞതോടെ ബാബുരാജ് എതിരൊന്നും പറഞ്ഞില്ല. ബാബുരാജിന്റെ അരികില്‍ താനെത്തി എന്നത് രംഗനാഥനും അവിശ്വസനീയമായ അനുഭവമായി. 

അമ്പലപ്രാവ് എന്ന ചിത്രത്തിലെ താനേ തിരിഞ്ഞും മറിഞ്ഞും എന്ന ഗാനം ഹാര്‍മോണിയത്തില്‍ ബാബുരാജ് പാടുകയാണ്. പാട്ടു പഠിക്കാനായി നോട്ടുകളൊരോന്നും എസ്. ജാനകി ബുക്കില്‍ കുറിച്ചെടുത്തു. പാട്ടില്‍ ലയിച്ചങ്ങനെ നില്‍ക്കുമ്പോഴാണ് ബാബുരാജിന്റ ചോദ്യം, തനിക്ക് തബല വായിക്കാന്‍ അറിയുമോ ശിഷ്യാ രംഗനാഥാ? അറിയാം എന്നു പറഞ്ഞതോടെ ബാബുരാജ് പറഞ്ഞ താളത്തില്‍ രംഘനാഥ് വായിച്ചു തുടങ്ങി. 

 

രാഘവന്‍ മാഷിലൂടെ വളര്‍ന്നു

തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങിനായി മദ്രാസിലെ രേവതി സ്റ്റുഡിയോയിലെത്തിയ കെ. രാഘവന്‍ മാഷിനെ അവിചാരിതമായി രംഗനാഥ് കണ്ടുമുട്ടി. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പെട്ടന്ന് രാഘവന്‍ മാഷിനൊരു ചിന്ത. നമുക്കിതിലൊരു ബുള്‍ബുള്‍ വായിച്ചാലോ? മാഷിന്റെ കണക്കുകൂട്ടലല്ലേ, നന്നായിരിക്കുമെന്ന് എല്ലാവരും പറഞ്ഞതോടെ ഇനി ഇത് ആര് വായിക്കും എന്നായി അടുത്ത ചിന്ത. കിട്ടിയ അവസരമല്ലേ കളയണ്ട എന്നു തോന്നിയ രംഗനാഥ് അതും ഏറ്റെടുത്തു. അതിന് ബുള്‍ബുള്‍ എവിടെ? റെക്കോര്‍ഡിങ്ങിന് സമയവും അടുത്തു വരുന്നു. ബുള്‍ബുള്ളുമായി ഞാനിപ്പോള്‍ വരാം എന്നു പറഞ്ഞ് രംഗനാഥ് സ്റ്റുഡിയോയുടെ പുറത്തേക്ക് ഇറങ്ങി. സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു കട കണ്ടെത്തി സാധനം വാങ്ങി  സ്റ്റുഡിയോയിലേക്ക് തിരിച്ച് ഓടി. ഹാര്‍മോണിയത്തിന്റെ കട്ടകളുള്ള ബുള്‍ബുള്‍ ആയതിനാല്‍ ആലപ്പി രംഗനാഥിനും എളുപ്പമായി. രാഘവന്‍ മാഷിന്റെ മനസറിഞ്ഞ് പാട്ടിനൊപ്പം രംഗനാഥ് ബുള്‍ബുള്‍ വായിച്ചു.

ബാബുരാജിനൊപ്പമുള്ള അനുഭവങ്ങളുടെ ബലത്തില്‍ ഓര്‍ക്കസ്‌ട്രേഷനും ഹാര്‍മണിയും കൂടുതലായി പഠിക്കാനായി അടുത്ത ശ്രമം. അങ്ങനെ ലതാ മങ്കേഷ്‌ക്കറുടെ പിയാനിസ്റ്റും ആംഗ്‌ളോ ഇന്ത്യന്‍ സംഗീതജ്ഞനുമായ ജോസഫ് കൃഷ്ണയ്‌ക്കൊപ്പമായി പിന്നീടുള്ള ആറു വര്‍ഷക്കാലങ്ങള്‍. എം. എസ്. വിശ്വനാഥന്റെ അസോസിയേറ്റുകൂടിയായ അദ്ദേഹം തന്റെ സിനിമകളിലൊക്കെ രംഗനാഥനേയും കൂടെകൂട്ടി. ഹാര്‍മണിയും ഓര്‍ക്കസ്‌ട്രേഷനുമൊക്കെ അദ്ദേഹത്തില്‍ നിന്ന് കരസ്ഥമാക്കിയപ്പോഴേക്കും ആദ്യ സിനിമയും ആലപ്പി രംഗനാഥിനെതേടി എത്തി. ജീസസ് എന്ന ചിത്രത്തില്‍ അഗസ്റ്റിന്‍ വഞ്ചിമല രചിച്ച ഓശാനാ എന്ന ഗാനത്തിനാണ് ആദ്യമായി സിനിമയില്‍ സംഗീതം നല്‍കുന്നത്. ചിത്രത്തിനൊപ്പം ഗാനവും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ മറ്റ് രണ്ട് ഗാനങ്ങള്‍ ജോസഫ് കൃഷ്ണയും ഒരു ഗാനം എം. എസ്. വിശ്വനാഥനുമായിരുന്നു സംഗീതം. പിന്നീട് മറ്റൊരു ചിത്രത്തിന് സംഗീതം നല്‍കിയെങ്കിലും പേര് വന്നത് മറ്റൊരു സംഗീത സംവിധായകന്റെയും. 

ഇതിനിടയില്‍ പിതാവിന്റെ മരണത്തോടെ രംഗനാഥ് നാട്ടിലേക്ക് മടങ്ങി. കുടുംബസ്‌നേഹംകൊണ്ട് നഷ്ടമായത് സ്വപ്‌നം കണ്ട് നേടിയെുത്ത സിനിമ ജീവിതം കൂടിയായിരുന്നു. അതോടെ നാടകങ്ങളിലേക്കും നൃത്ത നാടകങ്ങളിലേക്കുമായി ശ്രദ്ധ. രചനയും ഗാനങ്ങളും ആലപ്പി രംഗനാഥ് തന്നെ നിര്‍വഹിച്ചു. അങ്ങനെ ഇരിക്കെയാണ് പുതിയൊരു സിനിമ പദ്ധതിയുമായി കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിര്‍മാതാവായ ഗോപാലന്‍ രംഗനാഥിനെ സമീപിക്കുന്നത്. പ്രിയ സഖിയ്‌ക്കൊരു ലേഖനം എന്നു പേരിട്ട സിനിമയുടെ രചനയും ഗാഗനങ്ങളും രംഗനാഥ് തന്നെ നിര്‍വഹിക്കണം എന്നതായിരുന്നു ആവശ്യം. ചിത്രം ആര് സംവിധാനം ചെയ്യുമെന്നതായി അടുത്ത ആലോചന. ചിത്രം യേശുദാസിനെകൊണ്ട് സംവിധാനം ചെയ്യിച്ചാലോ എന്നായി രംഗനാഥ്. സിനിമയുടെ വിപണന സാധ്യത കൂടി പരിഗണിക്കുമ്പോള്‍ അത് നന്നാകുമെന്നു തോന്നിയ നിര്‍മാതാക്കളും സമ്മതം മൂളി. യേശുദാസ് അതിന് സമ്മതിക്കുമോ എന്നതായിരുന്നു അടുത്ത ആശങ്ക. അങ്ങനെ പ്രിയ സഖിയ്‌ക്കൊരു ലേഖനം എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ആലപ്പി രംഗനാഥും കൂട്ടരും യേശുദാസിനെ കണ്ടു. യേശുദാസ് അന്ന് സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് പായുന്ന കാലമാണ്. പാട്ടുവിട്ട് മറ്റൊരു ചിന്തയുമില്ല. എങ്കിലും ആലപ്പി രംഗനാഥും കൂട്ടരും യേശുദാസിനോട് കാര്യം അവതരിപ്പിച്ചതോടെ അദ്ദേഹം സമ്മതം മൂളി. അണിയറ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ആരംഭിച്ചു. നടി കാര്‍ത്തിക ആദ്യമായി സ്‌ക്രീന്‍ ടെസ്റ്റിനെത്തുന്നത് ഈ ചിത്രത്തിനാുവേണ്ടിയാണ്. അതും യേശുദാസിന്റെ മുന്നില്‍. 

തരംഗിണി ആരംഭിച്ച കാലമാണത്. അവിടെവച്ച് പാട്ടുകളുടെ റെക്കോര്‍ഡിങ്ങും ആരംഭിച്ചു. അതോടെ യേശുദാസും ആലപ്പി രംഗനാഥും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. നിര്‍ഭാഗ്യമെന്നു പറയട്ടെ, യേശുദാസിന് തിരക്കുകള്‍ ഏറി വന്നതടെ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചു. എന്നാല്‍ ഈ സംഭവം ആലപ്പി രംഗനാഥിന്റെ ജീവിതത്തിന് ഗുണകരമായി. യേശുദാസ് ആലപ്പി രംഗനാഥിനെ തരംഗണി സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. സ്‌ക്രിപ്റ്റ് സക്രൂട്ടിനൈസിങ് ഓഫിസറായായരുന്നു നിയമനം. ആലപ്പി രംഗനാഥിന്റെ സംഗീത ജീവിതത്തിലെ ഹിറ്റുകളുടെ തുടക്കം അവിടെ നിന്നായിരുന്നു.

 

സ്വാമി സംഗീതം ആലപിക്കും

 

താപസഗായകനല്ലോ ഞാന്‍

 

ജപമാലയല്ലെന്റെ കൈകളില്‍ മന്ത്ര

ശ്രുതിമീട്ടും തംബുരുവല്ലോ...

തരംഗിണിയുടെ വരവോടെ കാസ്റ്റ് വിപണി കൂടുതല്‍ സജീവമായ സമയം. ആദ്യ അയ്യപ്പഭക്തിഗാനം കൊണ്ടു തന്നെ അയ്യപ്പന്‍പാട്ടുകളിലും തരംഗിണി ഇടം കണ്ടെത്തി. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെയും ജയവിജയന്‍മാരുടെയും അയ്യപ്പഭക്തിഗാനങ്ങള്‍ ഹിറ്റായി നില്‍ക്കുന്ന കാലംകൂടിയാണത്. തരംഗിണിയുടെ വോളിയം രണ്ടിലെ ഗാനങ്ങള്‍ ആലപ്പി രംഗനാഥ് തന്നെ ചെയ്യാന്‍ യേശുദാസ് പറയുന്നു. നോമ്പെടുത്ത് മല ചവിട്ടിയ തനിക്കുള്ള അയ്യപ്പ സ്വാമിയുടെ അനുഗ്രഹമായി തന്നെ രംഗനാഥ് അതിനെ കണ്ടു. യേശുദാസിനൊപ്പം മറ്റ് സംഗീത സംവിധായകന്‍ അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് യേശുദാസ് തന്നെ ആവശ്യപ്പെടുന്നത്. പാട്ട് ഒട്ടും മോശമാകരുതെന്ന് നിര്‍ബന്ധത്തോടെ രംഗനാഥ് അതിന് തയാറെടുത്തു.

ഉള്ളിലൊരു കുഞ്ഞു ഭയമൊക്കെ തോന്നിയെങ്കിലും പാട്ടുകള്‍ തീര്‍ത്തും വ്യത്യസ്തമാക്കണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. സ്ഥിരം കേള്‍ക്കുന്ന പദപ്രയോഗങ്ങളും അലങ്കാരങ്ങളുമൊക്കെ മാറ്റി നിര്‍ത്തി. അയ്യപ്പന്റെ പാട്ടല്ലേ, നോമ്പെടുത്ത് നേരുകാട്ടുന്നവന്റെ പാട്ട്. പാട്ടെഴുത്തിലും സംഗീതത്തിലും ആ പരിശുദ്ധി വേണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ രംഗനാഥ് ചങ്ങനാശേരി പെരുന്ന തൃക്കണ്ണപുരം ക്ഷേത്രത്തിലുള്ള അയ്യപ്പന്റെ നടയ്ക്കല്‍ 41 ദിവസം ഭജനമിരുന്നു. ഊണും ഉറക്കവുമൊക്കെ അവിടെ തന്നെ. ഹാര്‍മോണിയത്തില്‍ താളംപിടിച്ച് മനസുരുകി അയ്യപ്പനെ നാമംകൊണ്ട് അഭിഷേകം ചെയ്തു. തന്റെ സംഗീതത്തെ തന്നെ ധ്യാനിച്ചു. മതി മറന്നിരുന്നു പാടുന്ന ആലപ്പി രംഗനാഥിനെ തിരിച്ചറിയാതെ ചിലരൊക്കെ നാണയതുട്ടുകളും നോട്ടുകളും മുന്നിലേക്കിട്ടു കൊടുത്തു. 

ഇതിനിടയിലായിരുന്നു എന്റെ പാട്ടെഴുത്തും. മനസിലെപ്പോഴും എന്റെ പാട്ടിനുവേണ്ടിയുള്ള ഒരു നിശബ്ദമായൊരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എന്റെ മനസെന്നോടു പറയുമ്പോഴൊക്കെ ഞാനെഴുതി കൊണ്ടിരുന്നു. അതില്‍ സംഗീതം ചേര്‍ത്തുകൊണ്ടിരുന്നു, എല്ലാത്തിനും ഭഗവാന്‍ സാക്ഷി, ആലപ്പി രംഗനാഥ് പറയുന്നു. 41 ദിവസത്തെ വൃതം അവസാനിപ്പിച്ച് എഴുതിയ ഗാനങ്ങളുമായി രംഗനാഥ് തരംഗിണിയിലേക്ക് മടങ്ങി. സ്വാമി സംഗീതം ആലപിക്കും, കന്നിമല പൊന്നുമല, എന്‍ മനം പൊന്നമ്പലം, എല്ലാ ദുഖവും തീര്‍ത്തു തരൂ, ശബിര ഗിരിനാഥാ എന്നിങ്ങനെ പത്ത് ഗാനങ്ങളുമായാണ് യേശുദാസിന് അരികിലേക്ക് എത്തുന്നത്. പാട്ടുകേട്ടതോടെ യേശുദാസിന്റെ മനസും പൂങ്കാവനമായി. 

സ്വാമി സംഗീതമാലപിക്കും എന്ന പാട്ടിലെ ജപമാലയല്ലെന്റെ കൈകളില്‍ മന്ത്ര ശ്രുതിമീട്ടും തംബുരുവല്ലോ എന്ന വരികള്‍ എടുത്ത് പറഞ്ഞ് യേശുദാസിനുവേണ്ടി രംഗനാഥ് ബോധപൂര്‍വം എഴുതിയതാണെന്ന് പില്‍ക്ക??ലത്ത് പല സംഗീത നിരൂപകരും പറയുമ്പോള്‍ അത് തന്റെ കൂടി അനുഭവമാണെന്ന് ആലപ്പി രംഗനാഥ് പറയുന്നു. സംഗീതത്തെ ഈശ്വരതുല്യം അനുഭവിക്കുന്നവര്‍ക്കൊക്കെയും അത് തന്റെ പാട്ടായി തോന്നാം, ആലപ്പി രംഗനാഥ് പറയുന്നു.

കനവിലും എന്‍ നിനവിലും 

 

നിത്യകര്‍മവേളയിലും

 

കനകദീപപ്പൊലിമ ചാര്‍ത്തി

 

കരുണയേകണമേ...

അയ്യപ്പന്‍പാട്ടുകള്‍ പാടാനായി യേശുദാസ് സ്റ്റുഡിയോയിലേക്കെത്തുന്നതു തന്നെ ശരണമന്ത്രം മുഴക്കിയാണ്. വൃതമെടുത്ത് കറുപ്പുടുത്ത് സ്റ്റുഡിയോയിലെത്തും. നഗ്നപാദനായി ഹരിഹരാത്മജനില്‍ ലയിച്ചു ചേരും. എന്‍ മനം പൊന്നമ്പലം എന്ന ഗാനം യേശുദാസ് ആലപിക്കുകയാണ്. കനവിലും എന്‍ നിനവിലും എന്ന ഭാഗം ആലപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറി കൊണ്ടികൊണ്ടിരുന്നു. എല്ലാം മറന്നു പാടികൊണ്ടിരുന്ന യേശുദാസിന്റെ ശബ്ദത്തിന്റെ വിങ്ങല്‍ ഏറി വന്നതോടെ റെക്കോര്‍ഡിങ്ങ് നിര്‍ത്തിവച്ചു. രംഗനാഥ് അദ്ദേഹത്തിനരികിലേക്ക് എത്തി. ഇതെന്റെ ആനന്ദാശ്രുവാണെന്നാണ് യേശുദാസ് അന്ന് ആലപ്പി രംഗനാഥിനോട് പറഞ്ഞത്. 

എന്റെ മാനസിക വികാരങ്ങളും ഭക്തിയുമൊക്കെ സാംശീകരിച്ച് എഴുതിയ ഗാനങ്ങളായിരുന്നു വോളിയം രണ്ടിലേത്, ആലപ്പി രംഗനാഥ് പറയുന്നു. പാട്ട് വലിയ ഹിറ്റായതോടെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി.

ഇതോടെ ആലപ്പി രംഗനാഥിന്റെ നല്ലകാലം തെളിഞ്ഞു തുടങ്ങി. തരംഗണിയുടെ തന്നെ സ്വീറ്റ് മെലഡീസ്, വയലാര്‍ കവിതകള്‍ തുടങ്ങിയ കാസ്റ്റുകള്‍ വിപണിയില്‍ തരംഗം സൃഷ്ട്ടിച്ചു. ശ്രീ നാരായണഗുരുദേവന്റെ ദൈവദശകമടക്കമുള്ള കൃതികള്‍ക്ക് സംഗീതം നല്‍കി. യേശുദാസ് തന്നെയായിരുന്നു ആലാപനം.  

വോളിയം പത്തില്‍ ആലപ്പി രംഗനാഥ് സംഗീതം ചെയ്ത അയ്യപ്പഭക്തിഗാനങ്ങള്‍ എഴുതികൊണ്ടായിരുന്നു വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ പാട്ടെഴുത്തിന്റെ തുടക്കം. മദഗജമുഖനേ ഗിരിജസുതനേ ഗണപതിഭഗവാനേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വയലാറിന്റെ മകനെകൊണ്ട് പാട്ടെഴുതിക്കാം എന്ന് യേശുദാസാണ് പറയുന്നത്. 

ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, മാമലകള്‍ക്കപ്പുറത്ത് തുടങ്ങി ഇരുപതോളം സിനിമകള്‍ക്ക് സംഗീതം നല്‍കി. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. അമ്പാടി തന്നിലൊരുണ്ണി, ധനുര്‍വേദം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. അമ്പാടി തന്നിലൊരുണ്ണിയുടെ റീ റെക്കോര്‍ഡിങ്ങിന് കീബോര്‍ഡ് വായിച്ചത് എ. ആര്‍. റഹ്‌മാനായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA