ADVERTISEMENT

 നിത്യഹരിതനായകൻ പ്രേംനസീറിനെപ്പോലെ മുഖത്തു ഭാവം പ്രതിഫലിപ്പിച്ചുകൊണ്ട് വെറുതേ പാടി അഭിനയിക്കുകയാണ് മധുസാർ. 

'രാജീവ നയനേ നീയുറങ്ങൂ…. രാഗവിലോലേ നീയുറങ്ങൂ...'

'ഇയാൾ നസീറിനെ തോൽപ്പിച്ചുകളയുമോ' എന്ന രസികൻ വിചാരം ചിരിമുകുളങ്ങളായി എന്നിൽ നിന്നു പുറത്തുവന്നപ്പോൾ പാട്ടു നിർത്തി. ഉടനൊരു ചോദ്യം:

'ഈ താരാട്ടുപാട്ടിൽ ഇത്രയധികം സംഗതികൾ എന്തിനാണ്?' 'പാട്ടൊരുക്കിയ എം.എസ്.വിയെ കണ്ട് നേരിട്ടു ചോദിക്കണം സാറിന്റെ ഇഷ്ടസംഗീതജ്ഞനാണ്. സർ ഇടയ്ക്ക് മദ്രാസിൽ പോകുന്നതുമാണ്' ഞാൻ ചിരിച്ചു. പാതി ചിരിച്ചുകൊണ്ട് മറുപടി: 'ഹല്ലാ..ആ പാട്ടുകാരൻ ജയചന്ദ്രനെ എന്നെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ ഒന്ന് പറഞ്ഞുനോക്കാമായിരുന്നു…. ആ സംഗതികളൊക്കെ ഒഴിവാക്കി താഴ്ന്ന സ്ഥായിയിൽ പതുക്കെയായാലല്ലേ ഉറക്കുപാട്ട് കൂടുതൽ നന്നാവുക?'

 

എന്റെ സ്നേഹിതൻ മധുസാറിന്റെ ഹൃദയഗീതം. കേട്ടാലും കേട്ടാലും മതിവരാത്ത മലയാളത്തിന്റെ ആർദ്രമധുരമായ നിദ്രാഗീതം. "ചന്ദ്രകാന്തം" എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം.എസ്.വി ഈണമിട്ട ഈ ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. 

'പാട്ടിൽ ലയിച്ച് എല്ലാം മറന്ന് പറന്നുനടന്ന ഒരു കൗമാരകാലം. അന്ന് പാട്ടുകേൾക്കാൻ റേഡിയോ മാത്രം. ചിറക്കലിലെ വീട്ടിൽ നിന്ന് കണ്ണൂർ മുനീശ്വരൻ കോവിലിലേക്കു നടക്കും, ഗാനമേള കേൾക്കാൻ', മധുസാർ പറഞ്ഞതോർക്കുന്നു. 'ടൗണിലെ ചുമട്ടുതൊഴിലാളിമുഖ്യനായിരുന്ന വാസുവേട്ടനായിരുന്നു പരിപാടിയുടെ സംഘാടകൻ, മുഖ്യഗായകൻ ജയചന്ദ്രനും. പരിപാടിക്കു മുൻപ് ഇവർ പരസ്പരം വന്ദിക്കുന്ന ചടങ്ങുണ്ട്. അന്യോന്യം സാഷ്ടാംഗനമസ്കാരമാണ്. ആദ്യം ആര് ആരെ നമസ്കരിക്കും എന്നതിനെപ്പറ്റി ഞങ്ങൾ ബെറ്റ് വെക്കാറുണ്ട്'. തഴുകി വരുന്ന രസകരമായ ഓർമ്മകൾ. അന്നാണ് ഒരു ലൈവ് പരിപാടിയിൽ ജയചന്ദ്രൻ 'രാജീവനയനേ..' പാടുന്നത് മധുസാർ ആദ്യമായി കേട്ടത്.

 

കുട്ടിക്കാലത്ത് ഹൃദയത്തിലേറ്റിയ ഗാനങ്ങളെല്ലാം മധുസാർ ഇടയ്ക്കു മൂളിയിരുന്നു. എം.എസ്.വിശ്വനാഥൻ സംഗീതം ചെയ്ത തമിഴ് ഗാനങ്ങളോടായിരുന്നു കടുത്ത പ്രണയം. 

 

'വിഴിയോ ഉറങ്കവില്ലൈ... എൻ മനതിൽ അമൈതി ഇല്ലൈ അമൈതിയൈ നെഞ്ചം പെരുവരൈ കൊഞ്ചം കണ്ണേ നീയുറങ്ക്..' (നീ വാഴ വേണ്ടും, 1977)

 

'അന്തരംഗ നീർകുളത്തെ പൂത്തെഴുന്ത താമരൈകൾ..

സന്ധിയിലെ മലരാകി അന്തിയിലെ മൊട്ടാകി..'

(സുജാത, 1980)

 

'ദിനം മയങ്കി മയങ്കി നെരുങ്കി നെരുങ്കി കലന്തിടും 

പുതിയ ഉറവും പുതിയ ഇരവും സുഗമല്ലവാ...'

(ഗാനം: മഴൈ കാലമും, ചിത്രം: സാവിത്രി, 1980) 

 

‘ഒര്...  ഓസൈ ഇൻട്രി മൗനമാക.......ഉറങ്കുതവൾ മനത്.. 

അതിൽ ഇയക്കമില്ലൈ മയക്കമില്ലൈ…. അമൈതിയാന പൊഴുത്...'

 

(പരിചയ്ക് നേരമാച്ച്, 1982)   

 

'എൻ മനകൂട്ടുക്കുള്ളെ ഒര് കിളിയെ വളർത്തേനെ 

അതൻ നടഹ… രസിച്ചേനെ നാൻ എന്നൈ മറന്തേനെ..'

(മനക്കണക്ക്, 1986) 

 

'വാനും മണ്ണും ഒൺട്രായ് കൂടും... കാതൽ വൈബോഗം 

 മഴയും അടിക്കെ വെയിലുമടിക്കെ ഇങ്കെ.. കല്യാണം..'

(വരം, 1989)

 

ഇന്നത്തെ തലമുറയിലും ഈ പാട്ടുകൾക്കെല്ലാം ആരാധകർ ഏറെയാണ്. ഭാഷയ്ക്കുമപ്പുറമുള്ള സംഗീതത്തിന്റെ ഉദാത്തമായ അനുഭൂതിതലങ്ങൾ തൊട്ടറിയാനാവുന്നു ഈ പാട്ടുകൾ കേൾക്കുമ്പോൾ. ജയചന്ദ്രന്റെ അനശ്വരഗാനങ്ങൾ എന്നതിനോടൊപ്പം പ്രിയ സ്നേഹിതനായിരുന്ന മധുസാറിന്റെ ദീപ്തമായ ഓർമ്മകളാണീ ഭാവഗീതങ്ങൾ. പാട്ടിനോട് തീവ്രമായ അനുരാഗം സൂക്ഷിച്ച്, പാട്ടിൽ ജീവിച്ച്, പാട്ടു കേട്ടുമതിവരാത്ത, പാട്ടാസ്വദിച്ച് കൊതി തീരാത്ത മധുസാറിനെ നാലു വർഷങ്ങൾക്കുമുമ്പ് വിധി അകാലത്തിൽ കവർന്നെടുത്തു. നിറഞ്ഞ കണ്ണുകളോടെ മധുസാറിന് അന്ത്യപ്രണാമമർപ്പിക്കാൻ ചെന്നപ്പോൾ ആ അന്തരീക്ഷത്തിൽ ഭാവമധുരമായ താരാട്ടിന്റെ ഈണം ഒഴുകിവരുന്നതുപോലെ തോന്നി.

 

'ആരീരാരോ..ആരീരാരോ..

ആരീരാരോ..ആരീരാരോ..’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com