അമേരിക്ക കണ്ടത്തിയ നടി, ഗ്രാമിയിലെ പെൺപുലി; ഒലിവ്യ എന്ന 19കാരി!

Olivia-Rodrigo
SHARE

പാട്ടുമായി വന്ന്, മതിമറന്നു പാടി ലോകമനസ്സു കീഴടക്കിയ ഒലിവ്യ റോഡ്‌റിഗോയ്ക്ക് 19 വയസ്സാണു പ്രായം. 64ാമത് ഗ്രാമിയിൽ മികച്ച പുതുമുഖ ആർട്ടിസ്റ്റ് പുരസ്കാരവും പോപ്പ് സോളോ പെർഫോമൻസ് പുരസ്കാരവും മികച്ച പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരങ്ങളും ഒലിവ്യ നേടി. അമേരിക്കൻ പോപ് സംഗീതത്തിൽ ഒലിവ്യ റോഡ്‌റിഗോ എന്നത് ഏറ്റവും വിലപിടിപ്പുള്ള പേരുകളിലൊന്നായി മാറിയിരിക്കുകയാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ തൊട്ടതെല്ലാം പൊന്നാക്കാൻ ഈ 19കാരിക്കു കഴിഞ്ഞു. 

ഒലിവ്യയുടെ മാതാപിതാക്കളായ ജെന്നിഫെറും ക്രിസും കടുത്ത സംഗീതപ്രേമികളാണ്. കുട്ടിക്കാലം മുതൽ മാതാപിതാക്കൾ കേള്‍പ്പിച്ച റോക്ക് ഗാനങ്ങളാണ് തന്റെ സംഗീതപഠനത്തിനും പരീക്ഷണങ്ങൾക്കും വഴിതുറന്നതെന്ന് ഒലിവ്യ പൊതുവേദികളിൽ ഉൾപ്പെെ‌ട പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഗ്രാമി വേദിയിൽ നേട്ടങ്ങളുടെ നിറവിൽ തിളങ്ങി നിന്നപ്പോഴും ഒലിവ്യ ആദ്യം സംസാരിച്ചത് മാതാപിതാക്കളെക്കുറിച്ചാണ്. പുരസ്കാരങ്ങൾ അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് മാതാപിതാക്കളോടുള്ള കടപ്പാട് ഗായിക വ്യക്തമാക്കി. 

വളരെ ചെറുപ്പം മുതൽ തന്നെ സംഗീതവും ഗിറ്റാറും പഠിച്ചിരുന്ന ഒലിവ്യ റോഡ്‌റിഗോ, 12ാം വയസ്സ് മുതൽ നിരവധി വേദികളിൽ ഗിറ്റാറിസ്റ്റ് ആയി പ്രകടനങ്ങൾ കാഴ്ചവച്ചു തുടങ്ങി. എന്നാൽ ഒലിവ്യയിലെ നടിയെ ആയിരുന്നു അമേരിക്ക ആദ്യം കണ്ടെത്തിയത്. 2015ൽ തന്റെ 12ാം വയസ്സിൽ ‘ഓൾഡ് നേവി’ എന്ന ലോക പ്രശസ്ത വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിൽ ഒലിവ്യ പ്രത്യക്ഷപ്പെട്ടു. അതേവർഷം തന്നെ ‘ആൻ അമേരിക്കൻ ഗേൾ’ എന്ന ചിത്രത്തിൽ നായികയായെത്തി ഒലിവ്യ കയ്യടി നേടി. തുടർന്ന്, ലോക ശ്രദ്ധ നേടിയ ബിസർഡ്വാക് എന്ന ഡിസ്‌നി ചാനൽ സീരിസിൽ ഒരു ഗിറ്റാറിസ്റ്റിന്റെ വേഷത്തിൽ ഒലിവ്യ പ്രത്യക്ഷപ്പെട്ടു. ലോകം മുഴുവൻ ആരാധകരുള്ള ഈ സീരിസിന്റെ പ്രധാന ആകർഷണം ഒലിവ്യ ആയിരുന്നു. പിന്നീട് വന്ന ഡിസ്‌നി സീരിസ് ഹൈ സ്കൂൾ ഗേളിലെ ഒലിവിയുടെ നായികാ കഥാപാത്രം തരംഗമായി മാറി. അഭിനയത്തിൽ ഏറെ ഉയരങ്ങൾ താണ്ടുമ്പോഴും പാട്ടുകാരിയും പാട്ടെഴുത്തുകാരിയും ആകുക എന്ന തന്റെ സ്വപ്നത്തെ ഒലിവ്യ ഉപേക്ഷിച്ചില്ല. ഹൈ സ്കൂൾ ഗേളിൽ ഒലിവിയ എഴുതിയ ഓൾ ഐ വാണ്ട് എന്ന പാട്ടും വലിയ ശ്രദ്ധ നേടിയിരുന്നു.

2021 ജനുവരി 8നാണ് ഒലിവ്യ തന്റെ ആദ്യ സോളോ ആൽബമായ ‘ഡ്രൈവേഴ്സ് ലൈസൻസ്’ റിലീസ് ചെയ്തത്. പുറത്തിറങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ ഡ്രൈവേഴ്സ് ലൈസൻസ് അമേരിക്കയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. തുടർന്ന് ആൽബം അമേരിക്കയിൽ തരംഗമായി. സ്പോട്ടിഫൈയിൽ ഏറ്റവുമധികം ആളുകൾ ഒരേ സമയം കേട്ട ആൽബമായി ഡ്രൈവേഴ്സ് ലൈസൻസ് മാറി. ഈ റെക്കോർഡ് ഇന്നും തിരുത്തപ്പെട്ടിട്ടില്ല. പല രാജ്യങ്ങളിലും മാസങ്ങളോളം ഡ്രൈവേഴ്സ് ലൈസൻസ് നമ്പർ വൺ ട്രെൻഡിങ് ആയി മാസങ്ങളോളം നിന്നു. സ്പോട്ടിഫൈയിൽ ഏഴു ദിവസം കൊണ്ട് 80 മില്യൻ കേൾവിക്കാർ എന്ന അപൂർവ റെക്കോർഡും ബിൽബോർഡ് 100ല്‍ തുടക്കക്കാർക്കു സ്വപ്നം പോലും കാണാൻ പറ്റാത്ത നമ്പർ വൺ എന്ന നേട്ടവും ഡ്രൈവേഴ്സ് ലൈസൻസ് സ്വന്തമാക്കി. അതിന്റെ തുടർച്ചയായാണ് ഗ്രാമി പുരസ്കാര വേദിയിൽ ഒലിവ്യ അംഗീകാരങ്ങൾ വാരിക്കൂട്ടിയത്.

ജീവിതത്തെ ഹിറ്റുകളുടെ തുടർച്ചയാക്കി മാറ്റാനുള്ള യാത്രയിലാണ് ഒലിവ്യ ഇപ്പോൾ. 2021ൽ മൂന്ന് സൂപ്പർ ഹിറ്റ്‌ ആൽബങ്ങളാണ് ഒലിവിയയുടേതായി പുറത്ത് വന്നിട്ടുള്ളത്. ആദ്യ സ്റ്റുഡിയോ ആൽബമായ സോർ, റെക്കോർഡുകൾ തിരുത്തി കുറിക്കുന്ന ദേജാ വു, ഇന്നും തരംഗമായ ഗുഡ് ഫോർ യു ഒക്കെ ആരാധകർ ഇപ്പോഴും ഏറ്റുപാടുന്നു. ഈ ആൽബങ്ങളിലൂടെ ഒലിവ്യ സ്വന്തം റെക്കോർഡുകൾ തിരുത്തി കുറിക്കുമോ എന്നാണ് സംഗീത ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്.

ടെയ്‌ലർ സ്വിഫ്റ്റിനെ അഗാധമായി ആരാധിക്കുന്ന പെൺകുട്ടിയാണ് ഒലിവ്യ. ടെയ്‌ലർ ആണ് തന്നെ പാട്ടുകളുടെ ആരാധികയാക്കിയതെന്ന് ഒലിവ്യ പറയുന്നു. നേട്ടങ്ങളുടെ നിറവിൽ നിൽക്കുന്ന ഒലിവ്യ ഒടുവില്‍‌ ‘അമേരിക്കയുടെ അടുത്ത ടൈലർ സ്വിഫ്റ്റ്’ എന്ന ആരാധകരുടെ സ്നേഹാതുരമായ അഭിസംബോധനകളും ഏറ്റുവാങ്ങുന്നു ഇപ്പോൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA