ADVERTISEMENT

തലേ ദിവസത്തെ ഉറക്കം ഒട്ടും മതിയാകാത്തതു കൊണ്ട് തന്നെ ഉണരാൻ തോന്നിയില്ല. ‘എഴുന്നേൽക്കൂ.. കുളിച്ചിട്ട് വരൂ..’ നീട്ടിയുള്ള ചന്ദനക്കുറിയും അതിനു മുകളിലായി ഭസ്മകുറിയും തൊട്ട് റെഡിയായി നിൽക്കുന്ന ജാനകിയമ്മയെ കണ്ടതും ഞാൻ വേഗം എഴുന്നേറ്റു. ബാഗ്‌ തുറന്ന് ബ്രഷും ടൂത്ത്‌ പേസ്റ്റും എടുത്ത് വീടിന്റെ പൂമുഖത്തേക്കു മന്ദം മന്ദം നടന്നു. ഉമ ചേച്ചിയെ കണ്ടു, പരിചയ ഭാവം പോലുമില്ല, പൂമുഖത്തെത്തിയപ്പോൾ അവിടെ ഡ്രൈവർ നിൽക്കുന്നു. കാർ എല്ലാം പോകാൻ തയ്യാറാണ്. വെറുതെ അല്ല ഉമ ചേച്ചി ഒന്നും മിണ്ടാതെ നിന്നതെന്നു മനസ്സിലായി. ഞാൻ വേഗം കുളിക്കുവാൻ ബാത്ത് റൂമിലേക്കോടി. പെട്ടെന്ന് റെഡിയായി ഒന്നും മിണ്ടാതെ  കാറിൽ കയറി ഇരുന്നതും ശരവേഗത്തിൽ കാർ പാഞ്ഞു. നേരം പുലരുന്നേയുള്ളുവല്ലോ. പിന്നെ എന്താ ഇത്ര ധൃതി. എന്നൊക്കെ മനസ്സിൽ ചോദിച്ചു. 

 

തിരുവാൺമിയൂർ കോവിലിനു മുന്നിൽ കാർ നിർത്തി. ജാനകിയമ്മയും ഞാനും ഡ്രൈവറും ഇറങ്ങി. മുല്ലപ്പൂവിന്റെ സുഗന്ധം. ചിത്രപ്പണികളുള്ള കൽഭിത്തികൾ, തൂണുകൾ. ഇതൊക്കെ കൺകുളിർക്കെ കാണണമെന്നുണ്ടായിരുന്നു, പക്ഷേ ജാനകിയമ്മയും ഡ്രൈവറും വേഗത്തിൽ അമ്പലത്തിനുള്ളിലേയ്ക്കു നടക്കുകയാണ്. ഞാനും ഒപ്പം കൂടി. തൊഴുത് അത് പോലെ വേഗത്തിൽ തന്നെ തിരിച്ചിറങ്ങുകയാണ്. ആ സമയം നേരം പതിയെ വെളുക്കാൻ തുടങ്ങി, കോവിലിലേക്ക് ഭക്തജനങ്ങൾ വന്നു തുടങ്ങി. ജാനകിയമ്മയെ കണ്ടതും ചിലർ സന്തോഷം കൊണ്ടു പാദം തൊട്ട് നമസ്കരിക്കുവാൻ തുടങ്ങിയപ്പോൾ ജാനകിയമ്മ അവരോടു പറയുന്നുണ്ടായിരുന്നു. ‘ആദ്യം പെരുമാളിനെ തൊഴുത് വരൂ, പെരുമാളിനെ കാണുവാൻ അല്ലേ വന്നത്? പെരുമാൾ... തൊഴുത് വരൂ’.  

ഇതൊക്കെ പറയുമ്പോൾ ഡ്രൈവർ എന്നെ തന്നെ നോക്കുന്നുണ്ട്. ഞാനാണല്ലോ ഇത്രയും വൈകിച്ചത്. ഇല്ലേൽ ഭക്തജനങ്ങൾ എത്തുന്നതിനു മുൻപ് തൊഴുത് ഇറങ്ങാൻ പറ്റുമായിരുന്നു എന്ന് എനിക്കും മനസ്സിലായി. പിന്നെയും ജനങ്ങൾ ജാനകിയമ്മയെ പൊതിഞ്ഞു. ആ തിരക്കിൽ നിന്നും ഒരുകണക്കിന് കാറിനരികിലെത്തി. അപ്പോൾ ഒരാൾ ജാനകിയമ്മയുടെ മുന്നിൽ സാഷ്ടാംഗം നമസ്‌കരിക്കുന്നു. അദ്ദേഹത്തെ ഡ്രൈവർ പിടിച്ച് എഴുന്നേൽപ്പിച്ചു. ജാനകിയമ്മ ഒന്നും പറയാതെ കാറിൽ കയറി. ഡ്രൈവർ ശാന്തമായി കാറോടിച്ചു. വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാൻ കുറച്ചു പേർ വന്നിട്ടുണ്ട്. ആന്ധ്രായിൽ നിന്നും വന്നവരാണ്. ഞാനും അവരെയൊക്കെ പരിചയപ്പെട്ടു. അവർക്കു ശേഷം മൂന്ന് നാല് കൂട്ടരും വന്നുപോയി.

 

ഉച്ചയ്ക്ക് ഊണ് കഴിച്ച് അമ്മയുമായി സംസാരിക്കുകയാണ്. ആ സംസാരത്തിനിടയിൽ അയ്യപ്പ സ്വാമിയും വന്നു. ‘കണ്ണാ ഒരുനാൾ നമ്മുക്ക് സെർന്ന് ശബരിമല പോകാം, അടുത്ത വെക്കേഷനിൽ വരുമ്പോൾ പോകാം റെഡിയാ..?’ അയ്യോ അമ്മ പോകണ്ട, വേണ്ട വേണ്ട എന്ന് ഞാൻ തീർത്തു പറഞ്ഞു. രാവിലത്തെ അനുഭവം ആയിരുന്നു എന്നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ജാനകിയമ്മയും ആ വിഷയം വിട്ടു. പക്ഷേ എന്റെ മനസ്സിൽ അത് നീറികൊണ്ടിരുന്നു.

 

വൈകുന്നരം ആറുമണിയായപ്പോൾ തിരികെ പോകാനുള്ള തയ്യാറെടുപ്പായി. താഴത്തെ നിലയിലെത്തിയപ്പോൾ ദോശ കഴിച്ചിട്ട് പോകാമെന്നു ജാനകിയമ്മ. കാപ്പിയും ദോശയും കഴിക്കുകയാണ്. ഇനി എപ്പോൾ ഒന്നിച്ചിരുന്ന് കഴിക്കുമല്ലേ. നാനും ഓൺ കൂടെ ഇരുന്ന് ശാപ്പിടലാം എന്നു പറഞ്ഞു ജാനകിയമ്മയും ഒരു ദോശ ഒപ്പം കഴിച്ചു. രാത്രി ഒൻപത് മണിക്കാണ് ചേരൻ എക്സ്പ്രസ്, ബാഗെല്ലാം എടുത്ത് ഉമ ചേച്ചിയോടും മുരളി ചേട്ടനോടും യാത്ര പറഞ്ഞു, ജാനകിയമ്മയുടെ കാൽ തൊട്ട് വന്ദിച്ചു കെട്ടിപിടിച്ചു. മിണ്ടാൻ വാക്കുകൾ ഇല്ലായിരുന്നു. കാറിൽ കയറി ഇരുന്നു. ഒപ്പം ജാനകിയമ്മയും കാറിൽ കയറി. കാർ പതിയെ ഓടിച്ചുകൊണ്ട് ഡ്രൈവർ ചോദിച്ചു എപ്പോൾ നെക്സ്റ്റ് ടൈം? നെക്സ്റ്റ് ഇയർ പാക്കലാം. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയതും ഒന്നും പറയാതെ ഞാൻ സ്റ്റേഷനിലേക്ക് ഓടിപോയി. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള ചേരൻ എക്സ്പ്രെസ്സിൽ കയറി സീറ്റിൽ ഇരുന്നതും എനിക്ക് സങ്കടം സഹിക്കാൻ പറ്റാവുന്നതിനും അപ്പുറമായി. കൈകൾ പൊത്തി കരഞ്ഞു. എന്റെ എതിർ സീറ്റിലിരിക്കുന്നയാൽ എന്നെ നോക്കുന്നതു കണ്ടപ്പോൾ ഞാൻ നോർമലായി. കുറച്ചു കഴിഞ്ഞു ഞങ്ങൾ പരിചയപ്പെട്ടു. അദ്ദേഹത്തിന് ജാനകിയമ്മയെ കാണണം എന്നത് അതിയായ ആഗ്രഹമാണെന്നു പറഞ്ഞു. വെറുതെ കാണണ്ട. ഞാൻ ഒരു ആൽബം ചെയ്യാം 'അമ്മ അത് പാടുകയാണെങ്കിൽ വലിയ സന്തോഷം അത് കേട്ടപ്പോൾ എനിക്കും വലിയ സന്തോഷമായി. എല്ലാ വർഷവും ഞാൻ ശബരിമലയ്ക്ക് പോകും. അയ്യനെ കുറിച്ച് ഒരു ആൽബം തന്നെ ചെയ്യാം. ആ ചർച്ചയിൽ 'നമ്മ അയ്യപ്പാ' എന്ന ആൽബത്തിനു തുടക്കമായി. 

 

ദിവസങ്ങൾ കഴിഞ്ഞു, അദ്ദേഹവുമായി ഇടയ്ക്ക് ഫോണിൽ സംസാരിക്കും. അപ്പോഴൊക്കെ എന്റെ മനസ്സിൽ ജാനകിയമ്മ അന്ന് പറഞ്ഞ ആഗ്രഹമായിരുന്നു. സാക്ഷാൽ പാർവതി ദേവി മകൻ അയ്യപ്പനെ കാണാൻ വരുന്നെന്ന വിഷയം ആധാരമാക്കി ഉറക്ക് പാട്ട് തയ്യാറായി. ജാനകിയമ്മ പാടി കഴിഞ്ഞ് എന്നോട് പറഞ്ഞു, എത്ര നല്ല പാട്ട്. നല്ല താലാട്ട്. അമ്മയെ കുറിച്ച് അങ്ങനെ ഓർക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ. ജാനകിയമ്മക്ക് പിറന്നാൾ ആഘോഷങ്ങളൊന്നുമില്ല.  മക്കൾക്കാണ് അമ്മയുടെ പിറന്നാൾ ആഘോഷം. ജാനകിയമ്മക്ക് നൂറായിരം പിറന്നാൾ ആശംസകൾ, ഉമ്മകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com