ADVERTISEMENT

പ്രിയപ്പെട്ട പണ്ഡിറ്റ്ജിയുടെ വിരൽത്തുമ്പിലൂടുതിർന്നു വീണ ആ താളം കേട്ടും ആസ്വദിച്ചും രാജ്യത്തിന് ഇനിയും മതിയായിരുന്നില്ല. സന്തൂറിനെ ജനകീയമാക്കിയ അതുല്യ കലാകാരനാണ് ഇപ്പോൾ പാതിയിൽ മുറിഞ്ഞ ഈണമായി മാഞ്ഞുപോകുന്നത്. അധികമാർക്കും കേട്ടുകേൾവി പോലു‌മില്ലാതിരുന്ന സന്തൂർ എന്ന സംഗീതോപകരണത്തെ ‘ക്ലാസിക്’ എന്ന വിശേഷണത്തിലേക്കെത്തിച്ച കലാകാരൻ! ശിവ്കുമാർ ശർമയിലൂടെയാണ് സിത്താറിനും സരോദിനുമൊപ്പം സന്തൂറിന്റെയും പേര് ഉയർന്നു കേട്ടുതുടങ്ങിയത്. സന്തൂറിൽ താൻ നേടിയെടുത്ത പ്രാവീണ്യം തലമുറകൾക്ക് അനുഭവവേദ്യമാക്കി അദ്ദേഹം. ഭോപ്പാലിൽ അടുത്ത മാസം കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തെ കവർന്നെടുത്തത്. വൃക്കരോഗബാധയെത്തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നെങ്കിലും‍ ശിവ്കുമാർ ശർമയെന്ന പ്രതിഭാസം ഇത്ര വേഗത്തിൽ അസ്തമിച്ചത് കലാലോകത്തിനു തീരാനോവായി.

 

പ്രശസ്ത സംഗീതജ്ഞനായ ഉമ ദത്ത ശർമയുടേയും കേസര്‍ ദേവിയുടെയും മകൻ ശിവകുമാർ അഞ്ചാം വയസ്സു മുതൽ അച്ഛനിൽനിന്നു ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു തുടങ്ങി. തബലയിലും പ്രാവീണ്യം നേടി. സന്തൂറിന്റെ ബാലപാഠങ്ങൾ മകനു പറഞ്ഞു കൊടുത്തതും ഉമ ദത്ത ശർമ തന്നെയായിരുന്നു. സന്തൂർ എന്ന സംഗീതോപകരണത്തിൽ ഗാഢമായ ഗവേഷണം നടത്തിയ ഉമ ദത്ത്, ആ ഉപകരണത്തിൽ തന്റെ മകനായിരിക്കണം ഇന്ത്യൻ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കേണ്ടതെന്നും തീരുമാനിച്ചു. പിതാവിന്റെ ആഗ്രഹസാഫല്യത്തിനു വേണ്ടിയാണ് ശിവ്കുമാർ 13 ാം വയസ്സിൽ സന്തൂർ അഭ്യസിച്ചു തുടങ്ങിയത്. 1955 ൽ തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ശിവകുമാർ ആദ്യമായി കച്ചേരി നടത്തി കയ്യടി നേടി. മുംബൈ ആയിരുന്നു വേദി. പിന്നീടിങ്ങോട്ട് നിരവധി വേദികളിലായി ശിവ്കുമാറിന്റെ വിരൽത്തുമ്പിലൂടെ ലോകം സന്തൂർ ഈണം കേട്ടു.

 

സന്തൂറിനെ തന്നിൽ മാത്രം ഒതുക്കി നിര്‍ത്തിയില്ല ശിവ്കുമാർ ശർമ. രണ്ട് ആൺമക്കളിൽ മൂത്തവനായ രാഹുലിനെയും സന്തൂർ അഭ്യസിപ്പിച്ചു. അച്ഛനെപ്പോലെ പതിമൂന്നാം വയസ്സിൽ തുടങ്ങിയ പഠനം രാഹുലിനെ പേരുകേട്ട സന്തൂർ വാദകനാക്കി. അങ്ങനെ ലോകം മുഴുവൻ ആരാധകരുള്ള കലാകാരനായി രാഹുൽ ശർമ വളർന്നു. ശിവ്കുമാറും മകനും നിരവധി തവണ സന്തൂർ ഈണവുമായി ഒരുമിച്ച് വേദികളിലെത്തിയിട്ടുണ്ട്. ഇരുവരും വേദി പങ്കിട്ടപ്പോഴൊക്കെ ആ ഈണം പ്രേക്ഷകർ കേട്ടത് കാതുകൊണ്ടല്ല, ഹൃദയം കൊണ്ടായിരുന്നു. മകന്‍ രാഹുലിനെ തന്റെ ശിഷ്യനായി സ്വമേധയാ സ്വീകരിക്കുകയായിരുന്നുവെന്ന് അഭിമുഖങ്ങളിലുൾപ്പെടെ പല തവണ പണ്ഡിറ്റ് ശിവ്കുമാർ ശർമ പറഞ്ഞിട്ടുണ്ട്. സന്തൂർ താളം സ്വായത്തമാക്കതിയതു കൊണ്ടാകാം, ദൈവം തനിക്കു നേരിട്ടു നൽകിയ സമ്മാനമാണ് തന്റെ മകനെന്ന് അദ്ദേഹം വിശ്വസിച്ചു പോന്നു. 

 

1967 ൽ പ്രശസ്ത പുല്ലാംകുഴൽ വാദകൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ഗിത്താർ വാദകൻ ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവകുമാർ ശർമ പുറത്തിറക്കിയ ‘താഴ്‌വരയുടെ വിളി’ (കോൾ ഓഫ് ദ് വാലി) എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ചൗരസ്യയുമായിച്ചേർന്ന് അദ്ദേഹം പല ഹിന്ദി ചലച്ചിത്രങ്ങൾക്കും സംഗീതം നൽകി. ഇവരുടെ കൂട്ടായ്മ 'ശിവ-ഹരി' എന്ന പേരിലാണ് പ്രശസ്തമായത്. ‘സിൽസില’, ‘ഫാസ്‌ലെ’, ‘ചാന്ദ്‌നി’, ‘ലാംഹേ’, ‘ദാർ’ എന്നിങ്ങനെ ഇവർ സംഗീത സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ സംഗീതത്തിലും സൂപ്പർ ഹിറ്റുകളായി.

 

സർവം സംഗീതമയമായിരുന്നു ശിവ്കുമാർ ശർമയുടെ ജീവിതം. ഒന്നരവയസ്സിൽ, അതായത് ഓർമവയ്ക്കും മുന്‍പേ അർഥമറിയാതെ, ഈണമറിയാതെ അച്ഛന്റെ പാട്ടുകേട്ട് മൂളിത്തുടങ്ങിയതാണ്. ഇന്ന് ഇപ്പോൾ 84ാം വയസ്സിൽ വിടവാങ്ങുമ്പോൾ രാജ്യത്തിനു നഷ്ടമാകുന്നത് സന്തൂറിൽ എല്ലാം തികഞ്ഞൊരു അസാമാന്യ കലാകാരനെയാണ്. പ്രിയ പണ്ഡിറ്റ്ജി, ഹൃദയങ്ങളിൽ അങ്ങേയ്ക്കു മരണമില്ല. ഇനിയും വേദികളിൽ സന്തൂർ ഈണങ്ങൾ മുഴങ്ങുമ്പോൾ ലോകം അങ്ങയെ ഓർക്കാതിരിക്കുവതെങ്ങനെ!

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com