ADVERTISEMENT

എഴുതി പൂര്‍ത്തിയാക്കിയ പാട്ടിലെ ആദ്യവരി മാറ്റാന്‍ പറഞ്ഞപ്പോള്‍ ഒരു പാട്ടുതന്നെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുക. മറ്റൊരാളെ കണ്ടെത്താന്‍ ഗാനരചയിതാവ് കര്‍ശനമായി പറഞ്ഞപ്പോഴും സംഗീത സംവിധായകന്‍ വഴങ്ങി കൊടുക്കാതിരിക്കുക. ഒടുവില്‍ പിറന്ന ഗാനം ആസ്വാദകരുടെ സിരയിലൊരു തീയലയായ് മാറുക. ഉള്‍നീറുന്ന നോവില്‍ നിന്ന് തേനൂറുന്ന സുഖത്തിലേക്കുള്ള യാത്രയുടെ കഥ പറയാനുണ്ട് സന്തോഷ് വര്‍മയ്ക്ക്, സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ ‘കാണാമുള്ളാല്‍’ എന്ന പാട്ടിന്റെ പിറവിയുമായി ബന്ധപ്പെട്ട്.

 

സിനിമാ സംഗീതത്തില്‍ പ്രണയത്തോളം ആഴമുള്ള പാട്ടുകള്‍ ഏറെയുണ്ട്. അതിന്റെ എല്ലാ ഭാവങ്ങളും അക്ഷരങ്ങളില്‍ നിറച്ച ഗാനങ്ങള്‍. രണ്ടായിരത്തിനു ശേഷം വന്ന പ്രണയഗാനങ്ങളില്‍ വരികള്‍കൊണ്ടും സംഗീതംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ബിജിബാലിന്റെ സംഗീതത്തില്‍ പിറന്ന ‘കാണാമുള്ളാല്‍’. ശ്രേയ ഘോഷാലും രഞ്ജിത്ത് ഗോവിന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രണയവും വിരഹവുമൊക്കെ ഒരു കവിതപോലെ ഒരു ഗാനത്തില്‍ തന്നെ നിറഞ്ഞപ്പോഴത് എഴുത്തുകാരന്റെ രചനാവൈഭവമായി. സന്തോഷ് വര്‍മ എന്ന ഗാനരചയിതാവ് സിനിമാ സംഗീതത്തിലെ സ്ഥാനം അടിവരയിട്ട് ഉറപ്പിച്ച ഗാനംകൂടിയായിരുന്നു ഇത്. തന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഇന്നും പ്രഥമ സ്ഥാനത്തുള്ള ഈ ഗാനം കൈവിട്ടുകളയാന്‍ തീരുമാനിച്ച ഒരു നിമിഷമുണ്ടായിരുന്നു സന്തോഷ് വര്‍മയ്ക്ക്.

 

സ്‌കൂള്‍ അധ്യാപനവും ആകാശവാണിയിലെ സംഗീത പരിപാടികളുമൊക്കെയായി കടന്നുപോയ സന്തോഷ് വര്‍മയുടെ ആദ്യ സൂപ്പര്‍ഹിറ്റ് ബെസ്റ്റ് ആക്ടറിലെ സ്വപ്നമൊരു ചാക്ക് എന്ന ഗാനമായിരുന്നു. അതോടെ തുടര്‍ച്ചയായി അവസരങ്ങള്‍ തേടിയെത്തി. വാദ്ധ്യാരുദ്യോഗം പൂര്‍ണമായി ഉപേക്ഷിക്കാന്‍ നേരമായെന്ന് സ്വയം തോന്നിയെങ്കിലും ഉള്ളിലൊരു ഭയം. സിനിമയല്ലേ, എന്തും സംഭവിക്കാം. ആകെയുള്ള പണികൂടി കളഞ്ഞ് പൂര്‍ണമായി സിനിമയിലേക്കുള്ള യാത്ര തുടങ്ങിയാല്‍ എന്തായിത്തീരുമെന്ന ആശങ്ക വിടാതെ പിന്തുടര്‍ന്നു. സ്‌കൂളില്‍ നിന്ന് അനുവദിച്ചു നല്‍കിയ അവധി ഏകദേശം അവസാനിക്കാനും പോകുന്നു. ചുരുക്കത്തില്‍ ആവലാതികളുടെ ട്യൂണുകള്‍ ചെവിയില്‍ മുഴങ്ങുന്ന കാലം.

 

ഇതിനിടയിലാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഗാനം രചിക്കാനുള്ള ക്ഷണം എത്തുന്നത്. ‘കാണാമുള്ളാല്‍ എന്ന ഗാനത്തിന്റെ ട്യൂണ്‍ ബിജിബാല്‍ പാടിതരുമ്പോള്‍ തന്നെ എനിക്ക് പാട്ട് ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. ആവേശത്തോടെയാണ് ഞാനത് കേട്ടിരുന്നത്. അവധി ഇല്ലാത്തതിനാല്‍ വീട്ടിലിരുന്ന് തന്നെ പാട്ടെഴുതാനും തീരുമാനിച്ചു’, സന്തോഷ് വര്‍മ പറയുന്നു.

 

കാണാന്‍ മോഹം തോന്നുമ്പോള്‍

കാണാന്‍ മിഴി വേണ്ട.

 

'അതിവേഗത്തില്‍ ആദ്യവരിയില്‍ നിന്ന് അനുപല്ലവിയും ചരണവും കടന്നു. മീറ്ററില്‍ ചേര്‍ന്നു നില്‍ക്കുന്നെന്ന് ഉറപ്പും വന്നതോടെ പാട്ട് ബിജിബാലിന് അയച്ചു. സ്‌കൂളിലെ തിരക്കുകളും ജോലി ഉപേക്ഷിക്കണോ എന്ന ജീവിതചിന്തയുമൊക്കെയായിരുന്നു അപ്പോഴും. പാട്ടെഴുത്തിലെ സമാധാനം മാത്രമായിരുന്നു അപ്പോള്‍ വലിയ സന്തോഷം,' സന്തോഷ് വര്‍മ പറയുന്നു. അങ്ങനെ ആ വരികളിലേക്ക് തന്റെ സംഗീതം കലര്‍ത്തി ബിജി പാട്ടു പാടി തുടങ്ങി. അത് സംവിധായകന്‍ ആഷിഖ് അബുവിനേയും സംഘത്തേയും കേള്‍പ്പിച്ചു. സംവിധായകന് പാട്ടിഷ്ടപ്പെട്ടെങ്കിലും പല്ലവിയൊന്നു മാറ്റിപിടിച്ചാല്‍ കൂടുതല്‍ നന്നാകുമെന്ന് ഒരു തോന്നല്‍. അത് ബിജിബാലിനോട് പറഞ്ഞു. എന്നാല്‍ ഇതറിഞ്ഞതോടെ സന്തോഷ് വര്‍മ അസ്വസ്തനായി. 

 

'എനിക്കത് ആലോചിക്കാനേ കഴിയുമായിരുന്നില്ല. ഒരു തുടക്കം കിട്ടിയാല്‍ അതില്‍പിടിച്ച് എഴുത്തു പൂര്‍ത്തിയാക്കുന്ന രീതിയാണ് എന്റേത്. അപ്പോഴാണ് തുടക്കം മാറ്റാന്‍ പറയുന്നത്. തലയെടുത്ത് മാറ്റുന്നതുപോലെ തോന്നി എനിക്ക്. ടെന്‍ഷനു പുറത്ത് ടെന്‍ഷന്‍ വന്ന അവസ്ഥ. എത്ര ആലോചിച്ചിട്ടും മനസ്സില്‍ ഒന്നും വന്നു പോകുന്നില്ല. എനിക്ക് ഇത് മാറ്റി എഴുതാന്‍ കഴിയില്ലെന്ന് ഒരു തോന്നലും വന്നതോടെ ബിജിയോട് ഞാന്‍ തുറന്നു പറഞ്ഞു. നമുക്കിത് മറ്റൊരാളെ കൊണ്ട് എഴുതിക്കാം. പക്ഷേ ബിജിയത് ചെവികൊണ്ടില്ല. ഞാന്‍ തന്നെ എഴുതണമെന്ന് വാശിപിടിച്ചു. ഞാനൊഴിഞ്ഞുമാറുംതോറും പിടിവിട്ടില്ല.  സ്‌നേഹത്തോടെയുള്ള ബിജിയുടെ ശകാരം എനിക്ക് കേള്‍ക്കാതിരിക്കാനായില്ല. സമാധാനത്തോടെ എഴുതാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മാറ്റിയെഴുതിയ വരികളായിരുന്നു കാണമുള്ളാല്‍ ഉള്‍നീറും. പിന്നീട് ഇത് തന്നെയാണ് വേണ്ടതെന്ന് എനിക്കും തോന്നി', സന്തോഷ് വര്‍മ പറയുന്നു.

 

ഉരുകുമീ വേനല്‍ വനിയിലെ പാല്‍നിലാപൂവോ..

 

അപരിചിതമായ ഈ വരികള്‍ ചൈനാടൗണ്‍ എന്ന ചിത്രത്തിലെ അരികെ നിന്നാലും എന്ന ഗാനത്തിന്റെ ട്യൂണിന് ആദ്യം എഴുതിയതായിരുന്നു. ജാസി ഗിഫ്റ്റ് ആയിരുന്നു സംഗീതം. എഴുതിയ വരികള്‍ അങ്ങനെ വീണ്ടും മാറ്റിയ മറ്റൊരു അനുഭവംകൂടി പങ്കുവയ്ക്കുവാനുണ്ട് സന്തോഷ് വര്‍മയ്ക്ക്. 

 

'നല്ല സുഖമുള്ളൊരു ട്യൂണ്‍, ജാസി പാടി തരുമ്പോള്‍ തന്നെ ഞാനത് പറഞ്ഞു. അതിവേഗത്തില്‍ പാട്ട് എഴുതി പൂര്‍ത്തിയാക്കി. ഫൈനല്‍ ഗാനം കേട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതോടെ അടുത്ത ദിവസം തന്നെ റെക്കോര്‍ഡിങ്ങും നടത്തി. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് സംവിധായകരില്‍ ഒരാളായ മെക്കാര്‍ട്ടിന്‍ ചേട്ടന്‍ എന്നെ വിളിച്ചു. ആ പാട്ടിന്റെ ആദ്യ ഭാഗങ്ങളൊന്ന് മാറ്റി എഴുതണമല്ലോ എന്നു പറഞ്ഞു. സത്യത്തില്‍ എനിയ്ക്കതൊരു ഞെട്ടലായിരുന്നു. കേട്ടപ്പോള്‍ വല്ലാതെയായെങ്കിലും ഞാനെഴുതി. കാരണം സിനിമയുടെ ക്യാപ്റ്റന്‍ സംവിധായകനാണല്ലോ. "അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം" എന്ന വരി പിറക്കുന്നത് അങ്ങനെയാണ്. പിന്നീട് റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ ആദ്യ വരികളേക്കാള്‍ നല്ലത് ഇപ്പോള്‍ കേള്‍ക്കുന്നത് തന്നെയാണെന്നു തോന്നി,' സന്തോഷ് വര്‍മ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com