ADVERTISEMENT

പ്രണയത്തിനു പുലർകാല ഭംഗിയാണ്. ഒരായിരം ഭാവഭേദങ്ങൾ അതിനു വന്നുചേരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള പ്രണയകാലത്തിന്റെ സ്വരകണമായി മാറിയ ഗാനങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ? സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനിമൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ. സ്വരക്കൂട്ടുകൾക്കും വാക്കുകൾക്കുമിടയിൽ ഒരായിരം ഓർമകൾ പേറുന്നവ. ചില നേരങ്ങളിൽ ഓർമകളിങ്ങനെ ഒരു തിര പോലെ ഓടിയെത്തും നേരം അറിയാതെ മൂളിപ്പോകുന്ന കുറേ പാട്ടുകൾ. നഷ്ടത്തിന്റെ, വിരഹത്തിന്റെ, സ്വന്തമാക്കലിന്റെ പ്രണയാനുഭവങ്ങളിലേക്കു നമ്മെ കൊണ്ടു പോകുന്ന ഗാനങ്ങള്‍. അവയിലേക്കൊന്നു പോയിവരാം.

 

 

ഓർമയ്ക്കായ് ഇനിയൊരു സ്നേഹ ഗീതം

 

അന്നുമിന്നും ഈ പാട്ടിനോളം ഇഷ്ടം മറ്റൊരു ആൽബം ഗാനത്തോടും തോന്നിയിട്ടുണ്ടാകില്ല. പ്രണയം എന്താണു മനുഷ്യനെന്നും അത് ഒരു വേളയിലെ ഒച്ചപ്പാടിൽ വീണടർന്ന് ദിക്കേതെന്നറിയാതെ പറന്നുപോകുമ്പോൾ എന്താണു നഷ്ടമാകുന്നതും പറയുന്ന പാട്ട്. എം ജയചന്ദ്രൻ തീർത്ത പ്രണയപ്പാട്ടിലെ വരികൾക്ക് അറിയാതറിയാതെ സിരകളിൽ പടർന്നു കയറുന്ന അനുരാഗ നോവിന്റെ ഭാവമാണ്. എന്തൊക്കെ പറയാനുണ്ടായിരുന്നിട്ടും അതു മനസിനുള്ളിൽ സൂക്ഷിച്ച് കുത്തുന്ന നോവോടെ പരസ്പരം പിന്‍നടര്‍ന്നവർക്കുള്ള പാട്ട്. നഷ്ടപ്രണയത്തിലകപ്പെട്ട പ്രാണന്റെ പിടച്ചിലാണീ പാട്ട്....കെ. എസ് ചിത്രയും ദാസേട്ടനും ചേർന്നുപാടിയ ഗാനത്തിനു വരികൾ ഈസ്റ്റ് കോസ്റ്റ് വിജയന്റേതാണ്. 

 

പുലരുമോ രാവൊഴിയുമോ

 

നിലാവിന്റെ ശോഭമായാൻ മഞ്ഞിന്റെ മൂടുപടം മാറ്റി സൂര്യകണം എത്തുവാൻ അക്ഷമയോടെ കാത്തിരുന്ന രാവേറെയുണ്ടാകും ഓരോരുത്തരുടെയും ജീവിതത്തിൽ.  ഈ വിങ്ങലിന് ഒരു പ്രത്യേക സുഖമാണ്. കണ്ണിനുള്ളിൽ സ്നേഹവും ആകാംഷയും പ്രണയവും തീർക്കുന്ന വർണക്കൂടൊരുങ്ങുന്ന നേരം. ആ കാത്തിരിപ്പിന്റെ പാട്ടാണീ ഗാനം...രാഹുൽ രാജ് ഈണമിട്ട ഗാനത്തിനു വരികൾ ഗിരീഷ് പുത്തഞ്ചേരിയാണ്. സുജാതയും കാര്‍ത്തികും ചേർന്നു പാടിയത്. രാത്രികളിൽ കടലോരത്ത് ആരും പറയാതെ പാടി നടന്നൊരു സഞ്ചാരി പാട്ടുകാരന്റെ ഗാനം പോലെയാണീ പാട്ടും.

 

ഇഷ്ടം എനിക്കിഷ്ടം

 

ജീവിതത്തിൽ മറ്റാരോടും ഇങ്ങനൊരിഷ്ടം തോന്നിയിട്ടില്ല...ആദ്യമായിട്ടാണിങ്ങനെ. ആ കണ്ണുകളിലേക്കു വീണ്ടും നോക്കുവാൻ തോന്നുന്നതും അതിനെന്തോ പറയുവാനുണ്ടെന്നും സങ്കൽപിച്ചു കൂട്ടുന്നതുമൊക്കെ അതുകൊണ്ടാണ്. മറ്റാരോടും തോന്നാത്ത പേരറിയാത്ത സ്നേഹമൂറുന്ന എന്തൊക്കെയോ വികാരങ്ങൾ. ആദ്യ പ്രണയത്തിന്റെ അനുഭൂതികള്‍ക്ക് ശംഖുകടഞ്ഞെടുത്ത പോലെ കഴുത്തിലെ കല്ലുമാലയുടെ ചന്തമാണെന്നു പാടിയ പാട്ട്. പ്രണയം എന്ന ആൽബത്തിലെ പാട്ടിനു സ്വരമായത് ശങ്കർ മഹാദേവനാണ്. തേജ് മെർവിന്റെ സംഗീത്തിനു വരികൾ മൻസൂർ അഹമ്മദാണ്. 

 

ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്?

 

പരസ്പരം ഇഷ്ടമാണെന്നൊരിക്കലും പറഞ്ഞിട്ടേയുണ്ടാകില്ല. എങ്ങനെയൊക്കെയോ ഒരു വഴിയിൽ ഒന്നു ചേർന്നു മനസു പങ്കിട്ട് ഒന്നിച്ചു നടന്നുപക്ഷേ. അകലെയാണവള്‍. ഒരിക്കലും ചെന്നെത്തുമെന്ന് നിനയ്ക്കാത്തൊരിടത്താണവളുള്ളത്. തന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നൊക്കെ ഏറെ ദൂരെയാണവള്‍. എന്നിട്ടുമെങ്ങെനോയോ മനസിൽ അടങ്ങാത്ത പ്രണമായി അവൾ കയറികൂടി പോയി. ഇങ്ങനെ പറയാതെ അറിയാതെ കയറിവന്ന പ്രണയത്തെ കുറിച്ചുള്ളതാണീ പാട്ട്. ഇഷ്ടമാണ് എന്ന ആൽബത്തിൽ രാജീവ് ആലുങ്കൽ എഴുതി വിജയ് കരുൺ ഈണമിട്ട് ബിജു നാരായണന്‍ പാടിയ പാട്ട്.

 

എന്തോ മൊഴിയുവാൻ

 

നിലയ്ക്കാത്ത മഴ പോലെ പെയ്തിറങ്ങുകയാണ് ആ നോവ്. എങ്കിലും ഈ ജന്മത്തിലല്ലെങ്കിൽ അടുത്ത ജന്മത്തിൽ അവരൊന്നാകും. മരണം വന്നു കൈപിടിച്ച് അവളെ കൊണ്ടുപോയെങ്കിലും ആ സ്നേഹത്തിന്റെ ആഴത്തെ കീറിമുറിക്കുവാൻ ഒന്നിനുമാകില്ലല്ലോ. മരണത്തിനുമപ്പുറം നീളുന്ന പ്രണയങ്ങളെ കുറിച്ചുളളതാണീ പാട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com