ADVERTISEMENT

ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പേരാണ് യൂസഫലി കേച്ചേരി. മാന്ത്രിക വരികളാൽ ദശാബ്ദങ്ങളെ പാട്ടിലാക്കിയ കാലഘട്ടം. ആദ്യ രചന മുതലിങ്ങോട്ട് തൂലികത്തുമ്പിൽ മഴവില്ലു വിരിയിച്ച ആ അദ്ഭുത പ്രതിഭയുടെ 87–ാം ജന്മവാർഷികമാണ് ഇന്ന്. ഇസ്ലാമിക കുടുംബത്തിലാണ് ജനിച്ചു വളർന്നതെങ്കിലും ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ ഇല്ലാതെ കൃഷ്ണനെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും എഴുതി. ഹിറ്റുകൾക്ക് അവധി കൊടുക്കാതെ യൂസഫലി ഓരോ വരിയും ആസ്വാദകരുടെ അകത്തളങ്ങളിൽ പതിപ്പിച്ചു. 

 

കാർമുകിൽ പോലെ കരയുവാനും ഉന്മിഷത്തായ താരകം പോലെ ചിരിക്കുവാനും കഴിയുന്ന ഒരു മനുഷ്യനാകാനാഗ്രഹിച്ച യൂസഫലി 1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. പഠനം പൂർത്തിയാക്കി ആദ്യ കാലത്ത് അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് സാഹിത്യ ലോകത്തേയ്ക്കു ചേക്കേറി. ജ്യേഷ്ഠ സഹോദരൻ എ.വി. മുഹമ്മദിന്റെ പരിപൂർണ പിന്തുണയും പ്രോത്സാഹനവുമാണ് സാഹിത്യലോകത്തു ചുവടുറപ്പിക്കാൻ അദ്ദേത്തിനു പ്രേരണയായത്. 

 

1952 മുതൽ കാവ്യരചന ആരംഭിച്ചു. ആനുകാലികങ്ങളിലായി ധാരാളം കവിതകൾ പ്രസിദ്ധപ്പെടുത്തി.1965ൽ പുറത്തുവന്ന ‘സൈനബ എന്ന ഖണ്ഡകാവ്യം ഏറെ ജനശ്രദ്ധ ആർജിച്ചു. ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, രാഘവീയം നാദബ്രഹ്മം, സൂര്യ ഗർഭം, അഞ്ചുകന്യകൾ, സൈനബ, ഓർമ്മക്കു താലോലിക്കാൻ, സിന്ദൂരച്ചെപ്പ് (തിരക്കഥ) കേച്ചേരിപ്പാട്ടുകൾ (ചലച്ചിത്രഗാനങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.

 

മലയാള ഗാനങ്ങൾക്കു പുറമേ അദ്ദേഹം സംസ്കൃതത്തിലും ഈരടികൾ സൃഷ്ടിച്ചു. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവിയെന്ന ഖ്യാതി യൂസഫലിക്കാണ്. കേരള സംഗീത നാടക അക്കാദമി അസിസ്റ്റന്റ്  സെക്രട്ടറിയായൂം കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ചലച്ചിത്ര മേഖലയിലെ തുടക്കം ബാബുരാജിനൊപ്പം ‘മൂടുപടം’ എന്ന ചിത്രത്തിൽ. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മാസ്റ്ററുടെ നിലയാക്കാത്ത ഈണങ്ങൾക്കൊപ്പം കേച്ചേരിയുടെ വരികളും ഒന്നിനൊന്നായ് അലിഞ്ഞൊഴുകി. എഴുപതുകളിൽ ദേവരാജൻ മാസ്റ്ററിന്റെ സംഗീതത്തിനൊപ്പം കേച്ചേരിയുടെ കാവ്യാത്മകതയിൽ പിറവിയെടുത്ത വരികളോരോന്നും സംഗീത പ്രേമികൾക്കു ജീവരാഗമായി. 

 

കാലം കുറച്ചധികം മുന്നോട്ടു സഞ്ചരിച്ചപ്പോൾ ആ സംഗീത സപര്യ രാഘവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, കണ്ണൂർ രാജൻ, കെ.ജെ.ജോയ്, ശ്യാം, മോഹൻ സിത്താര, ജെറി അമൽദേവ് എന്നിങ്ങനെ വിശേഷണങ്ങൾക്കപ്പുറമുള്ള ഈണങ്ങൾ പെയ്യിച്ച പ്രഗത്ഭർക്കൊപ്പം ചേർന്നു. കാലചക്രം  ദീർഘദൂരം സഞ്ചരിച്ചു. സംഗീതസംവിധായകർ മാറി മാറി വന്നു. അവരുടെയെല്ലാം ഉള്ളു തൊടും ഈണങ്ങൾക്കു വേണ്ടി തൂലിക ചലിപ്പിച്ചതു പക്ഷേ യൂസഫലി കേച്ചേരിയെന്ന അദ്ഭുത പ്രതിഭ തന്നെയായിരുന്നു. അപ്പോഴും പേനത്തുമ്പിലെ മഴവില്ലിന് അതേ ശോഭ തന്നെ. മഹാരഥന്മാരുടെ സംഗീതത്തിനൊപ്പം നാനാ ഭാവങ്ങൾ സ്ഫുരിക്കുന്ന കേച്ചേരിയുടെ വരികൾ കൂടി ചേർന്നാൽ പിന്നെ മലയാളികൾക്ക് അതിലും അധികമായി എന്തു സംഗീതമധുരമാണ് ലഭിക്കുക. 

 

ഗാനരചനയിൽ മാത്രമല്ല അദ്ദേഹം പ്രതിഭ തെളിയിച്ചത്. സിന്ദൂരച്ചെപ്പ്, മരം, വനദേവത, നീലത്താമര എന്നീ നാലു ചിത്രങ്ങളുടെ നിർമാതാവായി. ഇതിൽ സിന്ദൂരച്ചെപ്പൊഴിച്ചുള്ള മൂന്നു ചിത്രങ്ങളുടെയും സംവിധാനം നിർവ്വഹിച്ചത് കേച്ചേരി തന്നെ. സിന്ദൂരച്ചെപ്പ്, മരം, എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഗാനരചനയ്ക്ക് സംസ്ഥാന, ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. 2000ൽ ‘മഴ’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. 

 

1985, 2013 വർഷങ്ങളിൽ കേരള സാഹിത്യ അക്കാഡമി അവാർഡ്, കവനകൗതുകം അവാർഡ്(1986), ഓടക്കുഴൽ അവാർഡ്(1987), ആശാൻ പ്രൈസ്(1988), രാമാശ്രമം അവാർഡ്(1990), ചങ്ങമ്പുഴ അവാർഡ്(1995), മൂലൂർ അവാർഡ്(1996), ജന്മാഷ്ടമി അവാർഡ്(1997), കൃഷ്ണഗീഥി പുരസ്ക്കാരം(1998), പണ്ഡിറ്റ് കറുപ്പൻ അവാർഡ്(1998), വള്ളത്തോൾ പുരസ്കാരം(2012), ബാലാമണിയമ്മ അവാർഡ്(2012), പ്രേം നസീർ പുരസ്കാരം, കുഞ്ചാക്കോ സ്മാരക അവാർഡ് എന്നിവയാണ് മറ്റു പ്രധാന നേട്ടങ്ങൾ.

 

അവസാന കാലത്ത് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. 2015 മാർച്ച് 21-ന് ശ്വാസകോശ അണുബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

കേച്ചേരിയുടെ ഗാനങ്ങളെ ഒറ്റയെഴുത്തിലൂടെ വിവരിക്കാനാകില്ല. കാരണം അതൊരു യുഗമാണ്. ഗാനശാഖയിലെ മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത യൂസഫലി കേച്ചേരി യുഗം. രചനകൾക്കു മേൽ കാലം മൂടുപടമിട്ടെങ്കിലും എഴുതിപ്പതിപ്പിച്ചു വച്ച വരികൾ ഇന്നും നിലയ്ക്കാതൊഴുകുന്ന പാലരുവിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com