ADVERTISEMENT

ഷേർഷയിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന ഹിറ്റ്‌ ട്രാക്കിന് ചുണ്ടനക്കിയപ്പോഴോ ചുവടുവച്ചപ്പോഴോ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, അവർ ഇന്ത്യയിൽ വലിയ തരംഗമാകുമെന്ന്. ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സിനേയും ടാൻസാനിയൻ ഇന്ത്യൻ ഹൈ കമ്മിഷന്റെ നേരിട്ടുള്ള ആദരവും ഒക്കെ നേടി അവരുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. പരമ്പരാഗത ടാൻസാനിയൻ വസ്ത്രങ്ങളും ഊർജം നിറച്ച ചലനങ്ങളും ഇന്ത്യക്കാരെ പോലും ഞെട്ടിക്കുന്ന രീതിയിലുള്ള ചുണ്ടനക്കവുമായി വൈറൽ ആയി മാറിയ ഈ സഹോദരങ്ങളുടെ സോഷ്യൽ മീഡിയ താരങ്ങൾ എന്ന നിലയിലേയ്ക്കുള്ള വളർച്ച അത്ര എളുപ്പമായിരുന്നില്ല.

 

ടാൻസാനിയയിലെ ഒരു ഉൾഗ്രാമത്തിലാണ് കിലിയും നീമയും താമസിക്കുന്നത്. കൃഷിയും പശുവളർത്തലും‌ ഉപജീവനമാർഗമായി കണ്ടവർ. ‌കുട്ടിക്കാലം മുതൽ വളരെയേറെ കഷ്ടപ്പാടുകൾക്കു നടുവിലായിരുന്നു കിലിയുടേയും നീമയുടേയും ജീവിതം. കഠിനാധ്വാനത്തിനിടയിലുള്ള ചെറിയ ചില ഇടവേളകളിലാണ് ടിക്ടോക്കും ഇൻസ്റ്റഗ്രാമുമെല്ലാം പരിചയപ്പെട്ടത്. സംഗീതത്തിലും നൃത്തത്തിലുമുള്ള താല്‍പര്യം കൊണ്ട് ടിക് ടോക് വിഡിയോകൾ ചെയ്യാൻ തുടങ്ങി. ആദ്യം കിലി ഒറ്റയ്ക്കായിരുന്നു വിഡിയോ ചെയ്തിരുന്നത്. പിന്നീട് ഇളയ സഹോദരി നീമയെയും ഒപ്പം കൂട്ടി.

 

കുട്ടിക്കാലം മുതല്‍ ഇന്ത്യൻ സിനിമകളുടെ ആരാധകനാണ് കിലി. അങ്ങനെയാണ് ഷേർഷയിലെ ഹിറ്റ്‌ ഗാനത്തിനു ചുണ്ടനക്കിയത്. ഞൊടിയിടയിൽ അത് വൈറൽ ആവുകയും ലോകം മുഴുവനുള്ള ബോളിവുഡ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഷേർഷയിലെ താരങ്ങളും കിലിയുടെ വിഡിയോ പങ്കുവയ്ക്കുകയുണ്ടായി. ആദ്യ വിഡിയോ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. പിന്നീട് കിലിക്കും നീമയ്ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. റെക്കോർഡ് വേഗത്തിൽ ഇരുവരുടേയും ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നു. അങ്ങനെ രാജ്യാതിർത്തികൾ കടന്ന് കിലിയും നീമയും അവരുടെ ചുണ്ടനക്കങ്ങളും ചർച്ച ചെയ്യപ്പെട്ടു.  

 

മൊബൈൽ ചാർജ് ചെയ്യാൻ സ്വന്തം വീട്ടിൽ കറന്റ്‌ പോലുമില്ലാത്ത കിലിയും പെങ്ങളും തങ്ങൾ വൈറൽ ആയെന്ന വിവരം അറിയുന്നത് ഏറെ വൈകിയാണ്. ഇന്ത്യയോട് അവർക്കുള്ള സ്നേഹം ഇന്ത്യ തിരിച്ചു നൽകുന്നുവെന്നറിഞ്ഞതോടെ അവർ പിന്നീട് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഇന്ത്യൻ ഗാനങ്ങളും നൃത്തച്ചുവടുകളുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു. സെലിബ്രിറ്റികളടക്കമുള്ളവരാണ് ഈ സഹോദരങ്ങളെ ഫോളോ ചെയ്യുന്നത്. 3.7 മില്യൻ ഫോളോവേഴ്സാണ് ഇരുവർക്കും ഇന്‍സ്റ്റഗ്രാമിൽ ഉള്ളത്.

ഇന്ത്യൻ പാട്ടുകളുടെ വരികളും ഉച്ചാരണവുമെല്ലാം കിലിയും നീമയും പഠിക്കുന്നത് രണ്ട് മുതൽ നാല് ദിവസം വരെ എടുത്താണ്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകൾ ചെയ്യും. ഇന്ത്യക്കാർ തരുന്ന സ്നേഹത്തിനു മുമ്പിൽ തങ്ങളുടെ കഷ്ടപാട് നിസാരമായാണു തോന്നുന്നതെന്ന് കിലി പോൾ പലതവണ പറഞ്ഞിട്ടുണ്ട്. 

 

ദാരിദ്ര്യം മുതൽ അജ്ഞാത സംഘത്തിന്റെ ആക്രമണം വരെ നേരിട്ടാണ് കിലിയും നീമയും തങ്ങളുടെ വിജയ യാത്ര തുടരുന്നത്. അടുത്തിടെ തനിക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായെന്ന് കിലി വെളിപ്പെടുത്തിയിരുന്നു. അഞ്ചംഗ സംഘം വടിയുപയോഗിച്ച് തന്നെ അടിച്ചുവെന്നും അഞ്ച് സ്റ്റിച്ചുകളുണ്ടെന്നും അറിയിച്ച് ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം കിലി പോൾ പോസറ്റ് ചെയ്തു. 

 

‌അജ്ഞാതരുടെ ആക്രമണങ്ങൾക്കു മുമ്പിൽ കിലി തളർന്നില്ല. വീണ്ടും വിഡിയോകൾ പുറത്തിറക്കി. ഇപ്പോൾ ഭൂൽ ഭുല്ലയാ 2 വിലെ പാട്ടിനൊപ്പം കിലിയും സഹോദരിയും ഒരുക്കിയ വിഡിയോയും തരംഗമാവുകയാണ്. തങ്ങളുടെ വിഡിയോകളിലൂടെ വരുമാനം ലഭിച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഉടൻ തന്നെ ഇന്ത്യയിൽ വരണമെന്നും ഇന്ത്യക്കാർ നൽകുന്ന സ്നേഹം നേരിട്ടനുഭവിക്കണമെന്നുമാണ് കിലിയുടേയും നീമയുടേയും ഇപ്പോഴത്തെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com