ADVERTISEMENT

‘ലത്’ അഥവാ ‘അഡിക്‌ഷനെ’പ്പറ്റി ഡൽഹി ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഒരു വിശേഷാൽ പരിപാടി ഇന്നും ഓർത്തിരിക്കുന്നു. വിചിത്രങ്ങളായ അഡിക്‌ഷൻ സൂക്ഷിക്കുന്ന പലരെയും അതിൽ അവതാരക പരിചപ്പെടുത്തി. പലതും പൊട്ടിച്ചിരികൾ ഉയർത്തുന്നതരത്തിൽ രസാവഹങ്ങളായിരുന്നുവെങ്കിലും ദയനീയഭാവം നിറഞ്ഞ ഒരു അഡിക്‌ഷൻ എന്നെ ഏറെക്കാലം പിന്തുടർന്നു. കഥാനായകൻ പഴയ ഡൽഹിയുടെ തെരുവിൽ എവിടെയോ ജീവിക്കുന്ന ചെരുപ്പുകുത്തിയാണ്. അയാളുടെ അഡിക്‌ഷൻ അന്നത്തെ സൂപ്പർ അഭിനേത്രി റാണി മുഖർജിയാണ്. ഇരിക്കുന്ന ഇടത്തിനു ചുറ്റുമെന്നല്ല, വെയിൽച്ചൂടിൽനിന്നുള്ള രക്ഷക്കായി വലിച്ചുകെട്ടിയ കീറത്തുണിയുടെ കീഴെയും റാണി മുഖർജിയുടെ ചിത്രങ്ങൾ കാണാൻ പാകത്തിൽ ഒട്ടിച്ചുവച്ചിരിക്കുന്നു. പണിയായുധങ്ങളിൽപോലും നടിയുടെ മങ്ങിയ പടങ്ങൾ കാണാം. തലയിൽ ഒരു വട്ടക്കെട്ടുണ്ട്. അതിൽ ദേവനാഗരി ലിപിയിൽ 'റാണി റാണി' എന്നും എഴുതിവച്ചിരിക്കുന്നു. കൂടാതെ കൈത്തണ്ടയിലും ഇഷ്ടനടിയെ പച്ചകുത്തിയിരിക്കുന്നു. ക്യാമറയിൽ നോക്കി ചിരിച്ചുകൊണ്ട് നാട്ടുഭാഷയിൽ അയാൾ പറഞ്ഞ ചില മുറിവാക്യങ്ങൾ ഇങ്ങനെയായിരുന്നു- 'സാബ്‌ജി, പണ്ടൊക്കെ ഞാൻ ഒത്തിരി കുടിക്കുമായിരുന്നു. ചീത്ത ശീലങ്ങൾ വേറെയും, അതെല്ലാം എങ്ങനെ പറയും! കിട്ടുന്ന ചില്ലറ മൊത്തം അങ്ങനെയങ്ങു പോകും. ഗ്രാമത്തിൽ ഘർവാലിയും നാല് പെൺകുട്ടികളുമുണ്ട്. അവർക്കു കൊടുക്കാൻ ഒന്നും മിച്ചം ഉണ്ടാകുമായിരുന്നില്ല. 'റാണി ജി' എല്ലാം മാറ്റിക്കളഞ്ഞു. ഇപ്പോ എല്ലാ ദുഃശീലങ്ങളും പോയി. 'റാണി ജി' സേ ബഡിയാ കമാൽ കി നശാ ഓർ കാഹാൻ മിൽ ജായേഗി? ലത് അച്ഛീ ചീസ് ഹേ നാ, സാബ് ജി! അഡിക്ഷൻ നല്ലതല്ലേ എന്ന് ചെരുപ്പുകുത്തി നിഷ്കളങ്കമായി ചോദിക്കുന്നുണ്ടെങ്കിലും മനഃശാസ്ത്രജ്ഞന്മാർ വകവച്ചു തരില്ല. തലച്ചോറിൽ മാറ്റങ്ങൾ വരുത്തുന്ന, യാഥാർഥ്യബോധത്തിൽനിന്നു വിട്ടുമാറി നിൽക്കുന്ന ബിഹേവിയറൽ അഡിക്ഷനെ അവർ 'ഡിലൂഷണൽ ഡിസോഡറി'നു മുന്നോടിയായി കാണുന്നു. എങ്കിലും ചികിത്സാതലത്തിൽ ചൂതാട്ടത്തെയും ഇന്റർനെറ്റ് ഗെയിമിങ്ങിനെയും മാത്രമേ ഇത്തരത്തിൽ ഒരു പ്രത്യേക വിഭാഗമായി വിദേശങ്ങളിൽപോലും പരിഗണിച്ചിട്ടുള്ളൂ.   

 

കേരളത്തിൽ വ്യക്തിപൂജകൾ താരതമ്യേന കുറവാണെങ്കിലും 'അഡിക്‌ഷൻ' എന്ന തലത്തിൽ എത്തിനിൽക്കുന്ന ആരാധനാഭാവം ആസ്വദിക്കുന്ന ഏതാനും ചില നടിമാർ നമ്മുടെ നാട്ടിലുമുണ്ട്. ഇത്തരം വിഭ്രമാവസ്ഥ ശ്രോതാക്കളിൽ നിർമിച്ചിട്ടുള്ള ഗായികമാരിൽ കെ.എസ്. ചിത്രയും ഉൾപ്പെടുന്നു. അങ്ങനെ ചിലരെ ചിത്രയുടെ അഭിമുഖങ്ങളിലൂടെ സമൂഹം പരിചപ്പെട്ടിട്ടുണ്ട്. രക്തംകൊണ്ട് കത്തുകൾ എഴുതുന്നവരും ദേഹമാസകലം പേരെഴുതിവച്ചവരും ഡൽഹി ദൂരദർശനിൽ കണ്ട ചെരുപ്പുകുത്തിയുടെ കഥയെ പിന്നെയും വിശ്വസനീയമാക്കുന്നു. വാട്സാപ്പിൽ അടുത്തിടെ വന്നു, ഒരു ലഘു വിഡിയോ, റൂബിക്സ് ക്യൂബുകൾ ക്രമത്തിൽ അടുക്കിവച്ചുകൊണ്ട് ഒരു കുട്ടി ഒരുക്കിയ ചിത്രയുടെ വിസ്മയചിത്രം! ഇവരെല്ലാംതന്നെ ഏതെങ്കിലും വിധത്തിൽ ചിത്രയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അതുകൊണ്ട് അവരെപ്പറ്റി നമുക്കും മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ചിത്ര കാണാതെപോയിട്ടുള്ള നിരവധി ആരാധകർ വേറെയുമുണ്ട്, പ്രാണനേക്കാൾ പ്രിയമായി അവരെ സ്നേഹിക്കുന്നവർ, ചിത്രയുടെ പാട്ടുകളിൽ ജീവിക്കുന്നവർ, അവരോടുള്ള കടലാഴമുള്ള ആരാധനാമൂർച്ഛയിൽ മരിക്കുന്നവർ. അവസാനം പറഞ്ഞ വിഭാഗത്തിൽ വരുന്ന ഒരാളെക്കുറിച്ചുള്ള അലിവൂറും ഓർമയാൽ പ്രകാശഭരിതമാകട്ടെ, ചിത്രയുടെ ഈ ജന്മദിനം.

 

നാട്ടിൽ, ഡിസംബർ മാസത്തിൽ പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന ചിറപ്പുൽസവത്തിന് വഴിനീളേ പലതരത്തിലുള്ള പ്രദർശനങ്ങളുണ്ടാകും. ഈന്തപ്പഴം, പൊരി, ഹൽവ, വളമുറുക്കുകൾ, കളിക്കോപ്പുകൾ എന്നിവ വിൽക്കുന്ന കടകളുടെ നേർക്കുള്ള കൊതിനിറഞ്ഞ ആകർഷണങ്ങളെ മാറ്റിനിർത്തിയാൽ മനംമയക്കുന്ന കാഴ്ചകൾ പിന്നെയുമുണ്ട്. ഹാജരിടുന്നതുപോലെ ദിവസവും അവയുടെ മുന്നിൽ ചെന്നുനിൽക്കും, അന്നത്തെ വിലനിലവാരം അന്വേഷിച്ചു ബോധ്യപ്പെടും. സ്ഥിരം ഇടപാടായതുകൊണ്ട് ചിലനേരം അശ്ലീലപദങ്ങൾ കേൾക്കേണ്ടിവരും. എന്നാലും മനോവിഷമം ഉണ്ടാവുകയില്ല, ഇതിനെയൊക്കെ ഉത്സവപരിപാടികളുടെ ഭാഗമായി മനസ്സിലാക്കാനുള്ള സംയമനം അന്നേ ലഭിച്ചിരുന്നു. ഇത്തരത്തിൽ പതിവായി ചെന്നുകയറുന്ന ഒരു സ്റ്റാളിൽ, തടിയിൽ തീർത്ത കരകൗശലവസ്തുക്കളുടെ വലിയ നിര ഞാൻ കണ്ടിരുന്നു. കൂടാതെ ഭംഗിയുള്ള കൊത്തുപണികൾ ചെയ്ത മേശകളും കട്ടിലുകളും അവിടെ നിർത്തിയിട്ടിരുന്നു. വാങ്ങുന്നവരുടെ 'പേരുകൾ കൊത്തിക്കൊടുക്കുന്നതാണ്' എന്നൊരു വിചിത്ര ബോർഡും അവയുടെ മുകളിൽ സ്ഥാപിച്ചിരുന്നു. എന്നാൽ എന്നെ അതിലേറെ അത്ഭുതം കൊള്ളിച്ച മറ്റൊരു കലാസൃഷ്ടി ആ സ്റ്റാളിന്റെ മുന്നിലായി പ്രദർശിപ്പിച്ചിരുന്നു - കനമുള്ള മഹാഗണിപ്പലകയിൽ ഏതാണ്ട് 24 X 18 വലിപ്പത്തിൽ നിർമിച്ച കെ.എസ്. ചിത്രയുടെ ഒരു ‘റിലീഫ്’. പരന്ന പ്രതലത്തിൽ കൊത്തിയ ആ ശിൽപം ഒട്ടും റിയലിസ്റ്റിക് ശൈലിയിലുള്ളതായിരുന്നില്ല. വനദേവതാ സങ്കൽപ്പത്തിൽ, വള്ളികളുടെയും ഇലകളുടെയും പൂക്കളുടെയും നടുവിലായി പുഞ്ചിരിപൊഴിച്ചു നിൽക്കുന്ന ചിത്രയുടെ ശിരസിൽ ഒരു കിരീടവും കൊത്തിവച്ചിരുന്നതായിട്ടാണ് ഓർമ. അതിനു താഴെയും കണ്ടു, ഒരു ബോർഡ്- 'വിൽപാനക്കുള്ളതല്ല.'  എഴുത്തിലെ അക്ഷരത്തെറ്റ് ആര് നോക്കാൻ! എന്നിട്ടും ഞാൻ ശ്രദ്ധിച്ചു, കുറ്റങ്ങളിലേക്കുമാത്രം നോക്കുന്ന ശീലം പണ്ടേ ഉണ്ടായിരുന്നല്ലോ!

 

കെ.എസ്. ചിത്രയുടെ ഈ മനോഹരമായ 'റിലീഫ്' നിർമിച്ച കലാകാരൻ ആരായിരിക്കും? ഞാൻ ജിജ്ഞാസപ്പെട്ടു. ആദ്യം 'എന്തിനാ' എന്നു ചോദിച്ചെങ്കിലും സ്റ്റാളിന്റെ മൂലയിൽ ഏതോ കൊത്തുവേലയിൽ മുഴുകിയിരിക്കുന്ന മെലിഞ്ഞ കോലത്തെ കടക്കാരൻ ചൂണ്ടിക്കാണിച്ചു - 'അവൻ ഒണ്ടാക്കിയതാ'. അതിശയം തോന്നി, എന്നേക്കാൾ രണ്ടോ മൂന്നോ വയസിൽ അധികമുണ്ടാകില്ല! അവനാണ് ഫർണീച്ചറിൽ പേരുകൾ കൊത്തിക്കൊടുക്കുന്നയാളും. ഞാൻ അടുത്തു ചെന്നു. അവൻ തലയുയർത്തി, പരിചയക്കാരോടെന്നപോലെ ചിരിച്ചു. വലിയ പലകപ്പല്ലുകൾ മുഖം നിറഞ്ഞുനിന്നു. അവൻ കൊത്തിക്കൊണ്ടിരുന്ന രൂപം ഞാൻ ശ്രദ്ധിച്ചു, വലിയൊരു ചങ്ങല. കൂട്ടിച്ചേർപ്പുകൾ വരാത്തതരത്തിൽ പലകയിൽനിന്ന് നേരേ കൊത്തിയെടുക്കുന്ന സൂക്ഷ്മത അമ്പരപ്പുണ്ടാക്കി. ഞാൻ ചുമ്മാ ചോദിച്ചു, 'അതെന്താ വിൽക്കത്തില്ലാന്ന് എഴുതിവച്ചിരിക്കുന്നത്?' ഒരു ചെറിയ ഇടവേള എടുത്തു, മറുപടി വരാൻ- 'അത് കൊടക്കാൻവേണ്ടി ഉണ്ടാക്കിയതല്ല, വീട്ടിലിരുന്നതാ. കൊച്ചപ്പൻ നിർബന്ധിച്ചപ്പം കൊണ്ടന്നു വച്ചതാ'. വീണ്ടും പലകപ്പലുകൾ പ്രദർശിപ്പിക്കപ്പെട്ടു. ഇങ്ങനെ വർത്തമാനം മുമ്പോട്ടുപോകുന്നതിനിടെ  ഒരു ചെറിയ എഴുത്തു മേശയുടെ കച്ചവടം നടന്നു. വാങ്ങിയ വ്യക്തിയുടെ ആവശ്യപ്രകാരം ചെറിയ ഉളികൊണ്ട് മേശയുടെ സൈഡിലായി പൂച്ചയുടെ ആകൃതിയിൽ 'സാബുമോൻ' എന്ന്  കൊത്തുന്നത് ഞാൻ രസിച്ചുകണ്ടു.

 

ചിത്രയുടെ പാട്ടുകൾ നൽകിയ സന്തോഷത്തിൽനിന്നും പിറവിയെടുത്ത ശില്പം അനിയുടെ വലിയ സമ്പാദ്യമായിരുന്നു. പലരും നല്ല വിലപറഞ്ഞെങ്കിലും അതിനെ കച്ചവടവസ്തുവാക്കാൻ അവനു സാധിച്ചില്ല. ഇതു പക്ഷേ, മറ്റാർക്കും, കൊച്ചപ്പനുപോലും മനസ്സിലാകാത്ത കാര്യമായിരുന്നു. പാരമ്പര്യമായി വള്ളങ്ങൾ നിർമിക്കുന്ന കുടുംബത്തിൽനിന്നു വരുന്ന ഈ കലാകാരൻ എട്ടാംതരംവരെ ഞങ്ങളുടെ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടനാട്ടുകാരനാണ്. എന്നോടൊപ്പം പഠിച്ച കണ്ടങ്കരിക്കാരായ രണ്ടു മൂന്നു പേരെ അവനും നന്നായറിയാം. സത്യത്തിൽ താല്പര്യമുണ്ടായിട്ടല്ല, ഉത്സവപരിപാടികൾ കാണാനുള്ള ആഗ്രഹംകൊണ്ടാണ് പിതൃ സഹോദരൻ തുടങ്ങിയ സ്റ്റാളിൽ അനി പണിക്കുനിന്നത്. പോരാഞ്ഞ് വള്ളപ്പണി കുറവുള്ള കാലവുമായിരുന്നല്ലോ. ഒരു ദിവസം  സനാതനധർമ വിദ്യാലയത്തിനു വടക്കേ മൂലയിലുള്ള ചായക്കടയിൽ ദോശകഴിച്ചുകൊണ്ടിരുന്നപ്പോൾ അനി, പകുതി കൊത്തിനിർത്തിയിട്ടുള്ള രണ്ടു പാട്ടുകാരുടെ പേരുകളും പറഞ്ഞു. അവരിൽ ഒരാൾ ബ്രഹ്മാനന്ദനായിരുന്നു. അവരേക്കാൾ മുമ്പേ എന്തുകൊണ്ട് ചിത്രയുടെ ശില്പം പൂർത്തിയാക്കി എന്നു ഞാൻ ചോദിച്ചു. 'എനിക്ക് ചിത്രച്ചേച്ചിയെ ഭയങ്കര ഇഷ്ടമാ. ചേച്ചീടെ ചിരി ചേച്ചീടെ പാട്ടിനേക്കാളും ഇഷ്ടമാ. എന്നെങ്കിലും കാണാൻ പറ്റിയാ കൊടുക്കണം, അതാ വിക്കാത്തേ'. ‘ഇവരെയൊക്കെ നമുക്കങ്ങനെ കാണാൻ പറ്റുമോ’ എന്ന സംശയത്തിനുള്ള  മറുപടിയായി അവൻ ഉറപ്പിച്ചു പറഞ്ഞു, 'കാണുകേം ചെയ്യും കൊടുക്കുകേം ചെയ്യും. അതിനൊള്ള വഴി കണ്ടിട്ടുണ്ട്, പറയാറായിട്ടില്ല'. പലകപ്പല്ലുകൾ പിന്നെയും തെളിഞ്ഞു. 

 

അതിനടുത്ത രണ്ടു ദിവസങ്ങളിൽ സ്റ്റാൾ അടഞ്ഞുകിടന്നു. പിന്നീടു തുറന്നപ്പോൾ അവിടെ ചിത്രയുടെ ‘റിലീഫ്’ ഉണ്ടായിരുന്നില്ല. ഞാൻ ചോദിച്ചപ്പോൾ കൊച്ചപ്പൻ ദേഷ്യപ്പെട്ടു, 'നീ എന്താടാ ദെവുസോം ഇവിടിങ്ങന ചുറ്റിക്കറങ്ങുന്നത്‌? പോയേ പോ'. ഞാൻ പതുക്കേ പുറത്തിറങ്ങി, നാലുപാടും നോക്കി.  അവിടെങ്ങും അനിയെയും കണ്ടില്ല. ശ്രീരാജരാജേശ്വരിക്ഷേത്രത്തിൽ ഭീമയുടെ വകയായി ചിത്രയുടെ ഗാനമേള നടന്ന ദിവസവും അനി സ്റ്റാളിൽ എത്തിയില്ല.  രാത്രിയിൽ വന്നുപോയിട്ടുണ്ടാകും എന്നു കരുതി, അവൻ ചിത്രച്ചേച്ചിയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നല്ലോ! ഗാനമേള പ്രതീക്ഷിച്ചതിലും ഗംഭീരമായി. 'പ്രണയവസന്തം, ആളൊരുങ്ങി അരങ്ങൊരുങ്ങി, രജനീ പറയൂ, മാമഴക്കാടേ' തുടങ്ങിയ ഹിറ്റു ഗാനങ്ങളൊക്കെ പാടി. ഒർക്കിസ്ട്ര  ബ്ലൂ ഡയമൻഡ്‌സിന്റേതായിരുന്നു. ഞങ്ങൾ ആവേശത്തോടെ അതിനെപ്പറ്റിയൊക്കെ വർണിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങുന്നവഴി കൊച്ചപ്പനും കൂട്ടരും വണ്ടിയിൽ  ഫർണീച്ചറുകൾ പിടിച്ചുകയറ്റുന്നതു കണ്ടു. എല്ലാ കച്ചവടക്കാരും ഇങ്ങനെ ചിറപ്പുതീരുന്ന രാത്രിയിൽതന്നെ വിട്ടടിച്ചു പോകാറില്ല. ചിലർ രണ്ടു മൂന്നു ദിവസങ്ങൾകൂടി തങ്ങും. എങ്ങനെയും കടകാലിയാക്കാൻവേണ്ടി വിലകുറച്ചുതരും. ആ തക്കംനോക്കി ചെന്ന സമയത്ത്, അനിയുടെ സ്റ്റാളിനോടുചേർന്ന  ഈന്തപ്പഴക്കടയിലെ താടിക്കാരൻ വേറൊരാളോടു പറയുന്നതു കേട്ടു- 'ആ ചെറുക്കന്റെ തലവര വല്ലാത്തൊരു തലവരയായിപ്പോയി'. അവരുടെ സംഭാഷണമുറികളും ബാക്കിയായി ഞാൻ ചോദിച്ചറിഞ്ഞ കാര്യങ്ങളും ചേർത്തുവച്ചപ്പോൾ വലിയ മനോവിഷമമുണ്ടായി. അനി വീടിനു പുറകിലെ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചു! അതിനു പറഞ്ഞുകേട്ട കാരണമോ, ചിത്രയുടെ ശിൽപവും! ആലപ്പുഴയിലെ ഏതോ ഹോട്ടലുടമ ആ ‘റിലീഫ്’ മോഹവില നൽകി  വാങ്ങിക്കൊണ്ടുപോയിപോലും! അനിയും സമ്മതിച്ചിട്ടു നടന്ന ഇടപാടായിരുന്നു. 'എനിക്കറിയാം ഒറ്റ ചില്ലിപോലും അവന്റെ കൊച്ചപ്പൻ എടുത്തില്ല, മുഴുവനും അവനുതന്നെ കൊടുത്തു. പിന്നെ ആ ചെറുക്കന് എന്തിന്റെ കേടാരുന്ന്!' താടിക്കാരൻ ആരോടെന്നില്ലാതെ ഉച്ചത്തിൽ ദേഷ്യപ്പെട്ടു. ഈന്തപ്പഴവും വാങ്ങി ഞാൻ തിരിച്ചുപോന്നു. സാധനം ചീത്തയായതുകൊണ്ടാകാം ഒട്ടും രുചി തോന്നിയില്ല. 

 

ചിത്രയുടെ ഗാനമേളകൾ പിന്നീടും ഞാൻ കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം അനിക്കുട്ടനെപ്പറ്റിയും അവൻ നിർമിച്ച ‘റിലീഫ്’ വർക്കിനെപ്പറ്റിയും ചിന്തിക്കാതിരുന്നിട്ടില്ല. അതിപ്പോൾ ആരുടെ പക്കലുണ്ടാകുമോ എന്തോ! ഏതായാലും ആലപ്പുഴയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള ഹോട്ടലുകളിലെങ്ങും ഇതുവരെ അതു ഞാൻ കണ്ടിട്ടില്ല.  ഒരു പക്ഷേ ഈ പഴങ്കഥ ചിത്രയും അറിഞ്ഞിട്ടുണ്ടാകുമോ? ഇക്കാര്യം ചിത്രയെ കണ്ടപ്പോഴെല്ലാം ചോദിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആരാധകരുടെ ഭേദിക്കാനാവാത്ത വലയങ്ങൾക്കുള്ളിൽ അവർ നിൽക്കേ, ഇത്തരം അന്വേഷണവുമായി അടുത്തുചെല്ലാൻ ഞാനും മടിച്ചു. ഞാൻ എഴുതിയ ഏതെങ്കിലും ഒരു ഗാനം ചിത്ര പാടുന്ന സന്ദർഭം എത്തിച്ചേരുന്നതുവരെ കാത്തിരിക്കാനും തീരുമാനിച്ചു. ഈയടുത്തകാലത്തായി അങ്ങനെ ഒരവസരം വന്നു. കോവിഡിൽ  പൊലിഞ്ഞുപോയ, ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട്, കേരള മീഡിയ അക്കാദമിക്കുവേണ്ടി ഞാൻ എഴുതി, ഔസേപ്പച്ചൻ ഈണമിട്ട 'മറ്റുള്ളവർക്കായി' എന്നു തുടങ്ങുന്ന ഗാനം ദൂരദർശനിൽ ചിത്രയും പാടി. പക്ഷേ കേൾക്കാൻ മാത്രമേ എനിക്കു സാധിച്ചുള്ളു.  അതിനാൽ മറ്റൊരു സന്ദർഭത്തിനായി ഞാൻ കാത്തിരുപ്പ് തുടരുന്നു.

 

കേരള സമൂഹത്തിൽ കെ.എസ് ചിത്ര ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനത വളരെ വലുതാണ്. 'ദാസേട്ടൻ, ലാലേട്ടൻ' എന്നൊക്കെ പരാമർശിക്കുമ്പോൾ മലയാളി അനുഭവിക്കുന്ന ഹൃദയബന്ധം 'ചിത്രച്ചേച്ചി' എന്ന വിളിയിലും അടങ്ങിയിരിക്കുന്നു. പല ഭാഷകളിലായി ഇരുപത്തയ്യായിരത്തിലധികം പാട്ടുകൾ പാടിയിട്ടുള്ള ചിത്ര നിർമിച്ചിട്ടുള്ള ‘കൾട്ട്’ വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞിട്ടും അൽപവും മങ്ങിയിട്ടില്ല. പൊതുവേ  വിവാദങ്ങളിൽനിന്നെല്ലാം അവർ എപ്പോഴും അകലെ നിൽക്കുന്നു. അവരുടെ ഇടപെടലുകൾ എവിടെയും സുതാര്യമായിരുന്നിട്ടുണ്ട്. ആ തുറന്ന ചിരിയിൽ അവരുടെ നിർമലവ്യക്തിത്വം പ്രകാശിച്ചുനിൽക്കുന്നു. കാലദേശമന്യേ മറ്റു ചില കലാകാരന്മാരിലും ഈ നല്ലഗുണമുള്ളതായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ വിഖ്യാതമായ 'എയ്റോസ്മിത്' എന്ന മ്യൂസിക് ബാൻഡിലെ പ്രധാന ഗായകനായ സ്റ്റീവൻ ടൈലർ, അദ്ദേഹത്തെ കേട്ടിട്ടുപോലുമില്ലാത്ത തെരുവുഗായകനോടൊപ്പം പാട്ടു പാടുന്ന വിഡിയോ ഈയിടെ കണ്ടിരുന്നു. എന്നാലും എല്ലാവരും ഇങ്ങനെയായിരിക്കണം എന്നു സമ്മർദം ചെലുത്താൻ ആർക്കും അവകാശമില്ല, അതിന്റെ ആവശ്യവുമില്ല. ഉദാഹരണമായി ചിത്രയുടെ സമകാലികരായ പാശ്ചാത്യ ഗായികമാർ ഏതേത് ഏടാകൂടങ്ങളിൽ ചെന്നു കുടുങ്ങാതിരിക്കുന്നില്ല! അവയൊന്നും അവരുടെ ജനപ്രിയതയെ വിപരീതമായി ബാധിച്ചതായി കാണുന്നില്ല. ഇതിൽ സാംസ്കാരികമായ വ്യത്യാസങ്ങളും പ്രധാനമാണ്. ഈ ചിന്തയിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും ചിത്രയെ പടിഞ്ഞാറൻ ഗായികമാരുമായി താരതമ്യപ്പെടുത്താനുള്ള കേവല കൗതുകം ഉണരുന്നുണ്ട്. ഞാൻ കേട്ടിട്ടുള്ളതു വച്ചുനോക്കിയാൽ അനീറ്റ ബേക്കർ, വനേസ വില്യംസ്, നാറ്റലീ കോൾ എന്നിവരുടെ മിശ്രണമായി ചിത്രയെ കരുതാം. ഇക്കാര്യം വിശദീകരിക്കാൻ കൂടുതൽ സമയവും സ്ഥലവും വേണ്ടിവരുമെന്നതിനാൽ വെറുതേ തൊട്ടുപോകാനേ എനിക്കു കഴിയുന്നുള്ളൂ. 

 

ഒരു മലയാളി ഗായികക്കു പറന്നുചെല്ലാൻ കഴിയുന്നതിനപ്പുറമുള്ള ദൂരങ്ങളിൽ ഈ വാനമ്പാടി എത്തിച്ചേർന്നിട്ടുണ്ട്. ലോകപ്രശസ്തമായ പല സംഗീതവേദികളിലും ചിത്ര പാടിയിട്ടുള്ളതായി അവരുടെ വിക്കിപീഡിയ വ്യക്തമാക്കുന്നു. ലണ്ടനിലെ ‘റോയൽ ആൽബർട് ഹാൾ’, വാഷിങ്ടണിലെ ‘കെന്നഡി സെന്റർ’, സിഡ്‌നിയിലെ ‘ഒപേറ ഹൗസ്’എന്നിവ അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. നിർഭാഗ്യവശാൽ ഈ വേദികളിൽ ചിത്ര പാട്ടു പാടുന്ന ഓഡിയോ - വിഡിയോകൾ ഒന്നുപോലും യൂട്യൂബിലോ മറ്റേതെങ്കിലും സോഷ്യൽമീഡിയാ പ്ലാറ്റ് ഫോമിലോ ലഭിക്കുന്നില്ല! എന്നാൽ  1974ൽ ‘റോയൽ ആൽബർട് ഹാളി’ൽ ലത മങ്കേഷ്‌കർ നിർവഹിച്ച സംഗീതപരിപാടിയുടെ ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഓഡിയോ റെക്കോഡിങ് യൂട്യൂബിൽ ലഭ്യമാണ്. എന്നിട്ടും, അതിനും എത്രയോ പതിറ്റാണ്ടുകൾക്കുശേഷം അതേവേദിയിൽ ചിത്ര അവതരിപ്പിച്ച സംഗീതപരിപാടിയുടെ ദൃശ്യ- ശ്രവ്യ സാമഗ്രികൾ  കിട്ടാനില്ലെന്നു വരുന്ന സാഹചര്യം എന്നിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ചിത്രയെപ്പോലെ പ്രതിഭാശാലിയായ ഒരു പാട്ടുകാരിയെ ലോകസംഗീതഭൂപടത്തിൽ രേഖപ്പെടുത്താനും വിശ്വഗായകർക്കു മുന്നിൽ പരിചയപ്പെടുത്താനും കിട്ടുന്ന ഇത്തരം അസുലഭ സന്ദർഭങ്ങൾ ആരുടെയൊക്കെയോ ജാഗ്രതക്കുറവുമൂലം പാഴായിപ്പോകുന്നു. ഇതു വായിച്ചിട്ടെങ്കിലും ചിത്രയുടെ വിദേശപരിപാടികളുടെ വിഡിയോകൾ കൈവശമുള്ളവർ അവ മറ്റുള്ളവർക്കും  ഷെയർ ചെയ്യുമെന്നു പ്രതീക്ഷിച്ചുകൊള്ളുന്നു.

 

മാവേലിക്കര പ്രഭാകരവർമ, ഡോ. ഓമനക്കുട്ടി എന്നിവരുടെ ശിഷ്യത്വമുള്ള ചിത്ര നാലു പതിറ്റാണ്ടുകളായി ജനപ്രിയ സംഗീതത്തിൽ സജീവമായി തുടരുന്നു.  മലയാളത്തിൽമാത്രം രണ്ടായിരത്തി മുന്നൂറ്റമ്പതു ഗാനങ്ങൾ പാടിയിട്ടുണ്ട്. അവർക്കു ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക നിരത്താൻ ഈ ലേഖനത്തിൽ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അവർ ഏതുതരം ഗാനം പാടാനും പ്രാപ്തിയുള്ള ഗായികയാണ്. ഈ വസ്തുത പലവട്ടം തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും ചിത്രയുടെ ശ്രുതിയെ വല്ലാതെ ക്ലേശിപ്പിക്കുന്ന ചില സിനിമാഗാനങ്ങളും സഹൃദയർ ശ്രദ്ധിച്ചിട്ടുണ്ടാകും. അവിടെയും അവർ പാട്ടിനോടു നീതിപുലർത്താൻ പരമാവധി ശ്രമിച്ചു. അതുകൊണ്ടാണ്  ബോംബെ രവി ചിത്രയെ 'സംഗീതസംവിധായകരുടെ ഗായിക' എന്നു വിശേഷിപ്പിച്ചത്. അദ്ദേഹം തുടർന്നുപറഞ്ഞ വാക്കുകൾകൂടി ഉദ്ധരിക്കാം- ‘ലാതാജിയും ആശാജിയും ലോകത്തിലെതന്നെ വലിയ ഗായികമാരാണെന്നതിൽ ആർക്കാണ് സന്ദേഹം! ചിത്രാജിയെ ഏതായാലും അവരുടെ ഗ്രൂപ്പിൽ നിർത്തി വിലയിരുത്താൻ എനിക്കിഷ്ടമല്ല. അതിനുള്ള കാരണം അവരുടെ മ്യൂസിക്കിലും പഴ്സനാലിറ്റിയും കൾച്ചറിലുമുണ്ട്.' രവി ദാ പറയാതെ പറയുന്ന രഹസ്യം മലയാളികൾക്ക് ഒട്ടും നിഗൂഢമല്ല.    

 

തീർച്ചയായും ചിത്രയുടെ പാട്ടുകൾ പലർക്കും 'അഡിക്ഷ'നാണ്. ഈ മനസികഭാവങ്ങൾ കൊക്കൂണുകളിൽനിന്നു ശലഭങ്ങൾ പുറത്തുവരുന്നതുപോലെ പല സന്ദർഭങ്ങളിലും വർണച്ചിറകുകൾ കുടഞ്ഞ് സമൂഹമധ്യത്തിൽ പ്രവേശിക്കുന്നുണ്ട്. അത്തരം കാഴ്ചകൾ എനിക്കും പ്രിയമായിരിക്കുന്നെങ്കിലും എൺപതുകളുടെ ഒടുവിൽ എപ്പോഴോ എന്നെ അതിശയംകൊള്ളിച്ച ശില്പചാതുരിയും അതിനു പിന്നിൽ പ്രവർത്തിച്ച സ്നേഹസാന്ദ്രതയും സമാനതകളില്ലാത്ത സമർപ്പണമായി ഹൃദയത്തിൽ തുടിച്ചു നിൽക്കുന്നു. സ്വന്തം ജീവൻ എടുക്കാനുംമാത്രം അനിക്കുട്ടനെ സമ്മർദ്ദത്തിലാക്കിയത്, ഒരുപക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടതിനെ വേർപെടേണ്ടിവന്ന ദുഃഖമാകാം. തൊണ്ടൻകുളങ്ങരയിലെ തിരുമേനി പകർത്തിക്കൊടുത്ത കസെറ്റ്‌ കയ്യിൽ കിട്ടിയപ്പോൾ മുഖത്തുതെളിഞ്ഞ  നിലാവെട്ടത്തിൽ അതിനുള്ള തെളിവുണ്ട് അഥവാ അത്രയും തെളിവേ എന്റെ പക്കലുള്ളൂ! അവനെപ്പറ്റി കൂടുതലറിയാൻ ഞാൻ ശ്രമിക്കാതിരുന്നില്ല. ഉണ്ടക്കണ്ണൻ മനോജിനോടും അവന്റെ ഇരട്ട സഹോദരൻ കോലൻ വിനോദിനോടും ഞാൻ ചോദിച്ചതാണ്. എന്തോ, അനിക്കുട്ടനെ കണ്ടെത്താൻ ആ കുട്ടനാട്ടുകാർക്കും സാധിച്ചില്ല. ഒരു പക്ഷേ സ്വാഭാവികമരണമായി അവന്റെ ആത്മഹത്യ നാട്ടിൽ മൂടി വച്ചതുകൊണ്ടുമാകാം ഇങ്ങനെ ഒരുവനെ കണ്ടെത്താൻ കഴിയാതെ പോയത്! എന്നെ സംബന്ധിച്ചിടത്തോളം മരിച്ചുപോയവനെ തിരഞ്ഞുപോകാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു- അവൻ കൊത്തിയ ചിത്രയുടെ മുഖശില്പം എവിടെയുണ്ട് എന്നറിയുക, ഒരിക്കൽകൂടി കാണുക. പ്രകൃതിയുടെ മധ്യത്തിൽ വനദേവതയുടെ മുഖശ്രീയോടെ പുഞ്ചിരിതൂകുന്ന ചിത്രയെ അതിലേറെ ഭംഗിയോടെ മറ്റെങ്ങും ഞാൻ കണ്ടിട്ടില്ലല്ലോ! 

 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com