സംഗീതസാഗരം വിടവാങ്ങിയിട്ട് 9 വർഷം; മായാതെ മനസ്സിലിന്നുമാ ഈണങ്ങൾ!

dakshinamoorthy
SHARE

സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത അപൂർവ വ്യക്തിത്വം വി.ദക്ഷിണാമൂർത്തി സ്വാമി വിട വാങ്ങിയിട്ട് ഇന്ന് ഒൻപത് വർഷം തികയുന്നു. എത്ര കേട്ടാലും മതിവരാത്ത ഈണവും താളവും ആസ്വാദകർക്ക് സമ്മാനിച്ചതിനു ശേഷമാണ് സ്വാമി യാത്രയായത്. ആ സംഗീത ഇതിഹാസം കയ്യൊപ്പ് ചാർത്തിയ ഗാനങ്ങൾ എക്കാലത്തെയും മികച്ചവയായി നില കൊള്ളുന്നു. ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന ഗാനങ്ങൾ ഭൂരിഭാഗവും ആലപിച്ചത് കെ.ജെ.യേശുദാസ് ആണ്. സ്വാമി ഇല്ലായിരുന്നെങ്കിൽ തന്നിലെ ഗായകൻ ഉണ്ടാകില്ലായിരുന്നുവെന്ന് യേശുദാസ് തന്നെ പറഞ്ഞിട്ടുണ്ട്.

1919 ഡിസംബർ 9-ന് ആലപ്പുഴയിൽ ഡി. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും എഴുമക്കളിൽ ഏറ്റവും മൂത്തയാളായി ദക്ഷിണാമൂർത്തി ജനിച്ചു. ചെറുപ്പം മുതൽ സംഗീതാഭിരുചി ഉണ്ടായിരുന്ന സ്വാമി സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് അമ്മയിൽ നിന്നാണ്. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. സംഗീതത്തിലുള്ള താൽപര്യത്താൽ പത്താം ക്ലാസിൽ വച്ചു പഠനം നിർത്തിയ ദക്ഷിണാമൂർത്തി കർണ്ണാടകസംഗീതം അഭ്യസിച്ചു. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി എന്ന ഗുരുവിന്റെ കീഴിൽ മൂന്നു വർഷം സംഗീതം അഭ്യസിച്ചു. പിന്നീട് കർണ്ണാടക സംഗീതത്തിൽ വിദഗ്ധനായി.

കെ.കെ പ്രൊഡക‌്ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച് 1950–ൽ പുറത്തിറങ്ങിയ ‘നല്ല തങ്ക’ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചത്. ചിത്രത്തിൽ നായകവേഷത്തിലെത്തിയത് യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ്. ‘നല്ല തങ്ക’യിൽ അദ്ദേഹം ഒരു ഗാനം ആലപിച്ചിരുന്നു.

ആദ്യകാലത്ത് ഗാനരചനയിൽ അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമായിരുന്നു ദക്ഷിണാമൂർത്തിയുടെ കൂടെയുണ്ടായിരുന്നത്. പിന്നീട് പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു. വിശ്വപ്രസിദ്ധ സംഗീതസംവിധായകൻ എ. ആർ.റഹ്മാന്റെ പിതാവ് ആർ.കെ.ശേഖർ കുറച്ച് ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പി. ലീല, പി. സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയവർ സ്വാമിയുടെ ശിഷ്യരാണ്. മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം, ജെ.സി ‍‍‍ഡാനിയേൽ പുരസ്കാരം, സ്വാതി തിരുനാൾ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ആ സംഗീത വിസ്മയത്തെ തേടിയെത്തി.

‘ശ്യാമരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ദക്ഷിണാമൂർത്തി സ്വാമി അവസാനമായി സംഗീതം പകർന്നത്. അതിൽ യേശുദാസിന്റെ കൊച്ചുമകള്‍ അമേയ ഗാനം ആലപിച്ചു. ഇതോടെ ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്രസംഗീതസംവിധായകൻ എന്ന പേരും സ്വാമി സ്വന്തമാക്കി. ശ്യാമരാഗത്തിന് ഈണം പകർന്ന് ഒരു മാസം പിന്നിട്ടപ്പോഴേക്കും സംഗീതലോകത്ത് ഒരിക്കലും നികത്താനാകാത്ത ശൂന്യത ബാക്കി വച്ച് ആ സംഗീതചക്രവർത്തി യാത്രയായി. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA