രാവിലെ കാലിച്ചായയും കുടിച്ച് ചാലക്കുടിയില്‍ നിന്ന് തൃശൂരിനുള്ള സ്വകാര്യ ബസ് കാത്തു നില്‍ക്കുകയാണ് ലോഹിതദാസ്. വന്നു പോകുന്ന ബസുകളിലൊക്കെയും നല്ല തിരക്ക്. അസ്വസ്ഥനായി നില്‍ക്കുന്നതിന് ഇടയിലാണ് നിര്‍ത്തിയിട്ടിരിക്കുന്ന ബസില്‍ നിന്ന് ഒരു ഗാനം കേള്‍ക്കുന്നത്, 'താളം മറന്ന താരാട്ടു കേട്ടെന്‍, തേങ്ങും മനസ്സിന്നൊരാന്ദോളനം...' കൊള്ളാമല്ലോ പാട്ട്! ശ്രദ്ധ മുഴുവന്‍ അവിടേക്കായി. ഓടിച്ചെന്ന് ആ ബസില്‍ കയറി സൈഡ് സീറ്റിലിരുന്നു. ബസ് പോകുന്നതിനേക്കാള്‍ വേഗത്തില്‍ ലോഹിതദാസിന്റെ മനസ്സ് ആ പാട്ടിനൊപ്പം ഡബിള്‍ ബെല്ലടിച്ച് നീങ്ങി. കണ്ടക്ടര്‍ ടിക്കറ്റു കൊടുക്കാന്‍ അടുത്തു വന്നപ്പോഴാണ് ബസ് തൃശൂരിനല്ലെന്ന് അറിയുന്നത്. അത്രമേല്‍ ആ താളവും വരികളും ലോഹിതദാസിന്റെ മനസ്സില്‍ പൂത്തുലഞ്ഞു. 'പ്രണാമ'-ത്തിലെ ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചനോടു ലോഹിതദാസ് വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞ അനുഭവമാണിത്. ഔസേപ്പച്ചന്റെ താരാട്ടിന്റെ സുഖമുള്ള സംഗീതത്തിനെ അത്രമേല്‍ പ്രിയപ്പെട്ടതാക്കിയത് ഭരതന്റെ വരികള്‍ കൂടിയായിരുന്നു.
ആട്ടവും പാട്ടും നടനവുമൊക്കെ ചേര്‍ന്ന വിവിധ കലകളുടെ സമ്മേളനമാണ് സിനിമ. ഇതില്‍ മിക്ക കലകളിലും ഭരതന് നല്ല പാടവമുള്ളതുകൊണ്ടാകാം 'ഭരതന്‍ ടച്ച്' മലയാളി അദ്ദേഹത്തിന്റെ സിനിമകളിലൂടെ അനുഭവിച്ചറിഞ്ഞത്. കടുംനിറങ്ങളില്‍ അഭ്രപാളിയില്‍ അദ്ദേഹം വരച്ചു ചേര്‍ത്ത സിനിമകള്‍ക്കും ഒരു താളമുണ്ടായിരുന്നു. അത് ഭരതനിലെ സംഗീതജ്ഞനില്‍ നിന്നു പകര്‍ന്നതാകാം. ഭരതനിലെ സംവിധായകനെ മലയാളി മലയോളം ആഘോഷിച്ചതുകൊണ്ടാകാം അദ്ദേഹത്തിലെ സംഗീതജ്ഞനേയും പാട്ടെഴുത്തുകാരനേയും വേണ്ടവിധം ചര്‍ച്ച ചെയ്യാതെ പോയത്.
'ഭരതന്‍ ഗംഭീര പാട്ടുകാരനായിരുന്നു. സൗഹൃദസദസിലൊക്കെ എല്ലാം മറന്ന് പാടും.' ഭരതന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ ജി.പി.വിജയകുമാര്‍ (സെവന്‍ ആര്‍ട്‌സ്) പറയുന്നു. 'ചിലമ്പ് സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ എന്നെ കാണാന്‍ വന്നു. ചിത്രത്തില്‍ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് നിരസിക്കാന്‍ തോന്നിയില്ല. ഭരതന്‍ മാഷ് എനിക്ക് അത്രത്തോളം പ്രിയപ്പെട്ട ഒരാളായിരുന്നു.' വിജയകുമാര്‍ പറയുന്നു.
ചെറിയ ബജറ്റില്‍ നല്ലൊരു ചിത്രം ഒരുക്കണമെന്നായിരുന്നു ഭരതന്. മദ്രാസിലാണ് അന്ന് ഭരതന്റെ സങ്കേതം. ഒരു ദിവസം സിനിമയുടെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വിജയകുമാറുമായി സംസാരങ്ങള്‍ നടക്കുന്നു. കഴിയുന്നിടത്തോളം ബജറ്റ് കുറയ്ക്കണമെന്നുള്ള തീരുമാനങ്ങള്‍ക്ക് ഇടയിലാണ് സംഗീതത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നത്. ഓസേപ്പച്ചനെ എന്തായാലും വിളിക്കണം എന്നുണ്ട് ഭരതന്. പുതിയ ഒരാളിനെ പാട്ടെഴുതാന്‍ കണ്ടെത്തിയാല്‍ ആ വകയിലും പണം ലാഭിക്കാം. 'അങ്ങനെയെങ്കില്‍ മാഷൊന്ന് എഴുതി നോക്കെ'ന്നായി വിജയകുമാര്‍. 'വേണ്ട, നമുക്ക് വേറൊരാളെ നോക്കാം' എന്ന് ഭരതന്‍ തീര്‍ത്തു പറഞ്ഞു. വിജയകുമാര്‍ ഭരതനെ നിര്‍ബന്ധിച്ചില്ല. നിര്‍ബന്ധിച്ചാലും അങ്ങനെ വഴങ്ങില്ല. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്ന് ഭരതനെ തിരികെ വീട്ടിലേക്കു കൊണ്ടുവിട്ടത് വിജയകുമാറാണ്. വണ്ടിയില്‍ നിന്നിറങ്ങി നടന്ന ഭരതന്‍ കുറച്ചുദൂരം നടന്ന ശേഷം തിരികെ വിജയകുമാറിന്റെ അടുത്തെത്തി, 'ഞാന്‍ പാട്ടെഴുതാം. ഇത്രയും കാലം എന്നോട് ഒന്നും ആവശ്യപ്പെടാത്ത ഒരാളല്ലേ.' എന്നു പറഞ്ഞു. വിജയകുമാര്‍ അപ്പോഴും അത് കാര്യമായി എടുത്തില്ല.
'ചിലമ്പി'ല്‍ ഔസേപ്പച്ചന്റെ സംഗീതത്തില്‍ 'താരും തളിരും മിഴിപൂട്ടി,' 'പുടമുറി കല്യാണം ദേവീ' എന്നീ ഗാനങ്ങള്‍ എഴുതിയത് ഭരതനായിരുന്നു. ഈ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 'ചിലമ്പില്‍ പാട്ടെഴുതുമെന്ന് ഭരതന്‍ മാഷ് പറയുമ്പോഴും എനിക്ക് വിശ്വാസമില്ലായിരുന്നു. റെക്കോഡിങ് കഴിഞ്ഞ് ഞാനാദ്യമായി ഈ ഗാനങ്ങള്‍ കേട്ട ദിവസം ഇന്നും ഓര്‍മയുണ്ട്. പ്രതീക്ഷിച്ച പോലെ പാട്ടുകള്‍ കിട്ടിയ സംതൃപ്തി ആ മുഖത്തുമുണ്ടായിരുന്നു.' ജി.പി.വിജയകുമാര്‍ പറയുന്നു.
ഔസേപ്പച്ചന്റെ സംഗീതത്തില്‍ 'പ്രണാമ'ത്തിലെ ഗാനങ്ങളെഴുതിയതും ഭരതനായിരുന്നു. 'ഈണ'ത്തില്‍ ഭരതന്റെ തന്നെ സംഗീതത്തില്‍ പിറന്ന 'മാലേയ ലേപനം' എന്ന ഗാനമാണ് ആദ്യമായി രചിക്കുന്നത്. 'കേളി,' 'കാതോടു കാതോരം' ('കാതോടു കാതോരം'), 'താഴ്‌വാരം' എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഭരതനാണ്.