ADVERTISEMENT

കല്യാണപ്പെണ്ണിനോളം ചന്തമുള്ള കല്യാണപ്പാട്ടുകള്‍. സിനിമകളില്‍ ഓളമുണ്ടാക്കുന്ന ഇത്തരം ഗാനങ്ങള്‍ മലയാളിക്ക് അങ്ങനെ പാടി നടക്കാന്‍ മാത്രമുള്ളതായിരുന്നില്ല. ഓരോ കാലഘട്ടത്തിലും ഈ ഗാനങ്ങള്‍ നാട്ടിലെ കല്യാണ വിഡിയോകളിലെയും മുഖ്യആകര്‍ഷണമായിരുന്നു. പാട്ട് പൊളിയാണെന്നു തോന്നിയാല്‍ പിന്നെ ഒരു ഗുമ്മിന് വിഡിയോയിലേക്ക് ചേര്‍ത്തു വയ്ക്കും. അപ്പോഴും അർഥമൊന്നും കാര്യമായി ശ്രദ്ധിക്കാറുമില്ല. മൊത്തത്തില്‍ ഒരു ആനച്ചന്തം വേണമെന്നു മാത്രം. എന്നാല്‍ ബാംഗ്ലൂര്‍ ഡേയ്സിലെ തുടക്കം മാംഗല്യം തന്തുനാനേനാ എന്ന ഗാനത്തിന്റെ അർഥമൊന്നും നോക്കാതെ വിവാഹ വിഡിയോകളില്‍ ചേര്‍ത്തുവച്ച് പണി വാങ്ങിയവരും ഇപ്പോഴും ആ വരികളിലെ അർഥമൊന്നും ശ്രദ്ധിക്കാതെ വിവാഹ വിഡിയോ കണ്ട് ആസ്വദിക്കുന്നവരും ഏറെയാണ്. കല്യാണം, മെഹന്തി, നിശ്ചയം എന്നുവേണ്ട വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങിനും ഇന്നും മാംഗല്യം തന്തുനാനേനാ ഉണ്ട്... പാട്ടെഴുതിയ സന്തോഷ് വര്‍മ്മ തന്നെ പല വിവാഹ വിഡിയോകളിലും ഈ ഗാനം കണ്ട് ചോദിച്ചിട്ടുണ്ട്, നിങ്ങളീ പാട്ടിന്റെ അർഥമൊക്കെ അറിഞ്ഞിട്ടാണോ എടുത്തുവച്ചതെന്ന്...

santhosh-varma
ഗാനരചയിതാവ് സന്തോഷ് വർമ

 

പച്ചക്കിളിക്കൊരു കൂട് എന്ന വരികളിലാണ് പാട്ട് തുടങ്ങുന്നതെങ്കിലും മലയാളിക്കീ ഗാനം തുടക്കം മാംഗല്യം തന്തുന്നാനേനാ പിന്നെ ജീവിതം ധും ത നാനേ നായാണ്. അതിവേഗത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഗാനം ഹിറ്റായി. എന്നാല്‍ ചിത്രീകരണത്തിന്റെ തലേന്ന് പിറന്ന ഈ ഗാനത്തിനു പിന്നിലെ  ധും ത നാനേ നാ അനുഭവം പങ്കുവയ്ക്കുകയാണ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മ, 'ഓര്‍ക്കുമ്പോള്‍ രസകരമായ ഓര്‍മയാണ് ബാംഗ്ലൂര്‍ ഡേയ്‌സിലെ പാട്ടുകള്‍ക്ക്, നമ്മ ഊരു ബാംഗലൂരു, തുമ്പി പെണ്ണേ എന്നീ ഗാനങ്ങള്‍ നേരത്തെ എഴുതി പൂര്‍ത്തിയാക്കി റെക്കോര്‍ഡും ചെയ്തു. അതോടെ ഞാന്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കിലേക്കും കടന്നു. ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നതിന് ഇടയില്‍ ഒരു ദിവസം സംവിധായിക അഞ്ജലി മേനോന്‍ എന്നെ വിളിച്ചു. അത്യാവശ്യമായി ഒരു പാട്ടെഴുതണം എന്നു മാത്രം പറഞ്ഞു. പിന്നീടാണ് ഞാനറിഞ്ഞത് ആ ഗാനരംഗത്തിന്റെ ഷൂട്ടിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പാട്ട് ശരിയായി കിട്ടിയാല്‍ ഉടനെ ഷൂട്ടു ചെയ്യാനുള്ള ഒരുക്കത്തിലാണ് അവര്‍. പക്ഷേ പാട്ടുമാത്രമില്ല. മറ്റു ചിലരൊക്കെ ഈ ട്യൂണിന് അനുസരിച്ച് പാട്ടെഴുതിയത് ഇഷ്ടപ്പെട്ടിട്ടുമില്ല. അതുകൊണ്ടാണ് അടിയന്തരമായി എന്നെ വിളിച്ചിരിക്കുന്നത്. എന്തായാലും അഞ്ജലി കൃത്യമായി സന്ദര്‍ഭം വിവരിച്ചു തന്നത് വലിയ സഹായമായി. പിന്നാലെ ട്യൂണും കേട്ടപ്പോള്‍ തന്നെ ഒരു ഹിറ്റ് മണത്തു. അങ്ങനെ വീട്ടിലെത്തി അന്ന് രാത്രി തന്നെ വലിയ ആലോചനകള്‍ ഒന്നും ഇല്ലാതെ പാട്ടെഴുതി. പക്ഷേ തുടക്കം മാംഗല്യം തന്തുനാനേനാ പിന്നെ ജീവിതം ധും ത നാനേ നാ... എന്ന വരികള്‍ക്ക് പകരം ഞാനന്ന് എഴുതിയത് മറ്റു ചില വരികളാണ്. പാട്ടെല്ലാം എഴുതി പൂര്‍ത്തിയാക്കിയപ്പോഴും എനിക്കാ വരികള്‍ മാത്രം അത്ര സംതൃപ്തി നല്‍കിയില്ല.

 

എന്തായാലും അടുത്ത ദിവസം ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലെത്തി. വരികള്‍ വായിക്കുന്നതിന് ഇടയില്‍ ഞാനെന്റെ അസംതൃപ്തി പറഞ്ഞു. ചേട്ടാ ഞാനത് ട്യൂണ്‍ ചെയ്യുമ്പോള്‍ മാംഗല്യം തന്തുനാനേനാ... എന്നൊരു സംഭവം മനസ്സില്‍ വന്നു പോയിരുന്നുവെന്ന് ഗോപി വെറുതേ പറഞ്ഞു... പക്ഷേ ആ പറച്ചില്‍ എനിക്ക് വെറുതെ തോന്നിയില്ല. അങ്ങനെ ഞാന്‍ തുടക്കം മാംഗല്യം തന്തുനാനേനാ പിന്നെ ജീവിതം ധും ത നാനേ നാ.. എന്ന് വരികള്‍ തിരുത്തി എഴുതി. അത് പാടി നോക്കിയ ഗോപിയ്ക്കും ഇഷ്ടപ്പെട്ടു. ആ പാട്ടിന്റെ മൊത്ത സ്വഭാവവും ആ രണ്ടു വരികളില്‍ ഉണ്ടല്ലോ. വരികള്‍ അഞ്ജലിയെ പാടി കേള്‍പ്പിച്ചപ്പോള്‍ ആദ്യം തന്നെ ചില ആശങ്കകള്‍ പങ്കുവച്ചു. ഇതെന്താവും എന്നതായിരുന്നു പ്രധാന ടെന്‍ഷന്‍. പക്ഷേ ഈ പാട്ട് ഹിറ്റാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അതോടെ സംവിധായികയ്ക്കും കാര്യങ്ങള്‍ മനസ്സിലായി. അടുത്ത ദിവസം പാട്ട് റെക്കോര്‍ഡ് നടന്നു, അതിനു അടുത്ത ദിവസം ഷൂട്ടിങ്ങും. അങ്ങനെ വളരെ വേഗത്തില്‍ പൂര്‍ത്തിയായ ഒരു പാട്ടായിരുന്നു ഇത്. ചിലരൊക്കെ ധുംതനാനേനാ, തുംതനാനേനാ എന്നൊക്കെ തെറ്റിപ്പാടി കേള്‍ക്കാറുണ്ട്. ധും ത നാനേ നാ എന്നാണ് ഞാന്‍ എഴുതിയത്. കുട്ടികളൊക്കെ ഇപ്പോഴും വിവാഹ വീടുകളില്‍ ഈ ഗാനം പാടി നടക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നും, സന്തോഷ് വര്‍മ്മ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com