ഭക്തിഗാനങ്ങൾ രചിക്കാനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഒന്നര വർഷത്തോളം തീർഥാടനത്തിനുപോയ എഴുത്തുകാരനുണ്ട് മലപ്പുറത്ത്. അങ്ങാടിപ്പുറത്തെ പി.സി.അരവിന്ദൻ. പ്രതീക്ഷയും സങ്കടവും ഇടകലർന്ന നീണ്ട കാത്തിരിപ്പിനൊടുവിലാണ്, മുഴുവൻ പാട്ടുകളും യേശുദാസ് പാടിയ, അരവിന്ദന്റെ തലവര തന്നെ മാറ്റിയ "ഗംഗാതീർഥ"മെന്ന ആൽബത്തിന്റെ പിറവി. വടക്കുംനാഥാ സർവം നടത്തും നാഥാ, പ്രഭാതമായ് തൃക്കണിയേകിയാലും, തിരുനക്കരത്തേവരേ, തൃപ്രങ്ങോട്ടപ്പാ, ഋഷിനാഗകുളത്തപ്പാ ശരണം, ദക്ഷിണ കാശിയാം കൊട്ടിയൂർ തുടങ്ങിയ അതിലെ 10 പാട്ടുകൾ 30 വർഷം കഴിഞ്ഞിട്ടും ചൈതന്യവും യൗവനവും കൈവിടാതെ ഭക്തരുടെ നാവിൻത്തുമ്പിൽ കളിയാടി നിൽക്കുന്നു.
അധ്യാപകനാവാൻ മോഹിച്ച ബാല്യമാണ് അരവിന്ദന്റേത്. അണിയേണ്ടി വന്നത് ഏവറി ഇന്ത്യ ലിമിറ്റഡിലെ സർവീസ് എൻജിനീയറുടെ കുപ്പായം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭജനപ്പാട്ടുകൾ പാടി രംഗത്ത് തുടക്കമിട്ടു. 1986ൽ മങ്കട ദാമോദരന്റെ സംഗീത സംവിധാനത്തിൽ "പ്രസാദ"മെന്ന ആദ്യ ആൽബം പുറത്തിറങ്ങി. പി.ലീല, കൃഷ്ണചന്ദ്രൻ, കല്യാണി മേനോൻ, മണ്ണൂർ രാജകുമാരനുണ്ണി എന്നിവരായിരുന്നു ഗായകർ. ബി.എ.ചിദംബരനാഥ് സംഗീതം ചെയ്ത "പൊന്നോണം" എന്ന ആൽബത്തിനു വേണ്ടിയായിരുന്നു പിന്നീടുള്ള രചന. കോഴിക്കോട് ആകാശവാണിക്കു വേണ്ടി ലളിത ഗാനങ്ങളുമെഴുതി.
ഭക്തിഗാനങ്ങൾക്കു നല്ല മാർക്കറ്റുള്ള കാലം. ശിവഭക്തി ഗാനങ്ങൾ കുറവാണെന്ന അറിവിൽനിന്നാണ് ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് പാട്ടുകൾ എഴുതാമെന്ന ചിന്തയുണ്ടായത്. 13 ക്ഷേത്രങ്ങളിൽ ദീർഘനാൾ തങ്ങി അത്രയും എണ്ണം പാട്ടുകളെഴുതി. അന്നത്തെ തിരക്കുള്ള സംഗീതസംവിധായകൻ ടി.എസ്.രാധാകൃഷ്ണൻ ചിട്ടപ്പെടുത്താമെന്നേറ്റു. യേശുദാസിനെ കണ്ട് ടി.എസ്. കാര്യമവതരിപ്പിച്ചു. വരികളും സംഗീതവും ഇഷ്ടപ്പെട്ട യേശുദാസ് ട്രാക്ക് പാടി അയയ്ക്കാൻ നിർദേശിച്ചു. ടി.എസ്.രാധാകൃഷ്ണൻ തന്നെ ട്രാക്ക് പാടി 10 പാട്ടുകൾ അയച്ചുകൊടുത്തു. പാട്ടുകൾ തരംഗിണിയിലെത്തിയിട്ടും തിരക്കുകൾ മൂലം കേൾക്കാൻ ദീർഘനാൾ യേശുദാസിനു സാധിച്ചില്ല. ഒടുവിൽ യേശുദാസ് പാലക്കാട്ടെത്തിയപ്പോൾ പാട്ടുകൾ കേൾക്കണമെന്ന് ടി.എസ്.രാധാകൃഷ്ണൻ വീണ്ടും അദ്ദേഹത്തെ നിർബന്ധിച്ചു.
പാട്ടുകൾ കേട്ട യേശുദാസ് വൈകിപോയല്ലോ എന്ന തോന്നലിൽ ഇരുവരെയും ചെന്നൈയിലേക്ക് ഉടൻ വിളിച്ചുവരുത്തി. "ടിക്കറ്റ് പോലുമില്ലാത്തതിനാൽ ട്രെയിനിൽ നിന്നാണ് പോയത്. ദാസേട്ടൻ പാടുന്നത് നിറകണ്ണുകളോടെ കേട്ടിരുന്നു. ഗംഗാതീർഥമെന്ന പേര് ഞാൻ നിർദേശിച്ചപ്പോൾ അദ്ദേഹമത് സന്തോഷത്തോടെ സമ്മതിച്ചു. ഇതൊക്കെ വലിയ അംഗീകാരങ്ങൾ തന്നെയല്ലേ." പി.സി. അരവിന്ദൻ അഭിമാനത്തോടെ ചോദിക്കുന്നു.
5 വർഷത്തെ കാത്തിരിപ്പിനുശേഷം 1989ൽ ഇറങ്ങിയ ആൽബം വിപണിയിലെ സർവകാല റെക്കോർഡാണ് ഭേദിച്ചത്. ശരണ തരംഗിണി (1992), പാഞ്ചജന്യം (1992), ശ്രുതിലയ തരംഗിണി (1993), ദേവീഗീതം (1994), തുളസിമാല (1994), പ്രണവം (1995), സുദർശനം (1997), പഞ്ചാമൃതം (1997), വിഷ്ണുഗീതം (1997), അയ്യപ്പതൃപ്പാദം (1999), സത്യം ശിവം (2000), രുദ്രതീർഥം (2002), അഖിലാണ്ഡേശ്വരാ അയ്യപ്പാ (2002), അർച്ചന (2005), കാണിപ്പൊന്ന് (2006), ശാസ്താഗീതങ്ങൾ (2008) തുടങ്ങിയ ആൽബങ്ങളിലായി അഞ്ഞൂറിലധികം പാട്ടുകൾ പിന്നീട് വെളിച്ചം കണ്ടു. യേശുദാസ്, പി.ജയചന്ദ്രൻ, എസ്.പി. ബാലസുബ്രഹ്മണ്യം, ഹരിഹരൻ, കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ, ഉണ്ണിമേനോൻ, ജി.വേണുഗോപാൽ, കെ.ജി.ജയൻ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, മനോജ് കെ.ജയൻ, രാധിക തിലക്, ബിജു നാരായണൻ, കാവാലം ശ്രീകുമാർ, ദേവാനന്ദ്, ഗണേഷ് സുന്ദരം, ശങ്കർ വിനായക് തുടങ്ങിയ പാട്ടുകാരുടെ നാവിൻത്തുമ്പിലൂടെയാണ് ഇവ ആളുകൾ കേട്ടത്.
പി.സി.അരവിന്ദൻ-ടി.എസ്.രാധാകൃഷ്ണൻ കൂട്ടുകെട്ടിൽ 45 ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ, വി.ദക്ഷിണാമൂർത്തി, രവീന്ദ്രൻ, കൈതപ്രം വിശ്വനാഥൻ, ഗംഗൈ അമരൻ, എസ്.പി.വെങ്കിടേഷ്, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, കണ്ണൂർ രാജൻ, വിദ്യാധരൻ, പി.കെ.കേശവൻനമ്പൂതിരി, ബാലഭാസ്കർ, കെ.വി.ശിവദാസ് വാരിയർ, കെ.എം.ഉദയൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. 2006ൽ ഇറങ്ങിയ ജയരാജിന്റെ "ആനച്ചന്തം" എന്ന ചിത്രത്തിനുവേണ്ടി ജയ്സൺ ജെ. നായരുടെ സംഗീതത്തിൽ ശ്യാമവാനിലേതോ എന്ന പാട്ടെഴുതി. സിനിമയിൽനിന്നു പിന്നീട് അവസരങ്ങൾ വന്നെങ്കിലും അദ്ദേഹം ഏറ്റെടുത്തില്ല. എന്നാൽ, ഭക്തിഗാന ലോകത്ത് എഴുപതിന്റെ നിറവിലും സജീവമാണ്.