ഓണം വന്നാലും ഉണ്ണി പിറന്നാലും ട്രോളില്ലാതെ മലയാളിക്കെന്താഘോഷം? മൂളി നടന്ന് ഒടുവിൽ ട്രോളിലായ ഓണപ്പാട്ടുകൾ!
Mail This Article
ഓണക്കാലമായെന്നറിയാൻ ‘ന്യൂജെൻ പിള്ളേർക്ക്’ കലണ്ടർ നോക്കേണ്ട. അതൊക്കെ സമയാസമയത്ത് ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമുമെല്ലാം ഓർമിപ്പിച്ചോളും, ചില സംഗീതശകലങ്ങളിലൂടെ. ചിങ്ങമാസം പിറക്കുന്നതു മുതൽ മലയാളിക്കൊപ്പം കൂടുന്ന ചില ഈണങ്ങളുണ്ട്. ഓണക്കാലത്തിലേക്കുള്ള പലരുടെയും യാത്ര തുടങ്ങുന്നതു തന്നെ മൂളിപ്പാട്ടിൽ നിറയുന്ന ആ ഈണങ്ങളിലൂടെയാണ്. മൂളി നടന്ന് ഒടുവിൽ ട്രോളിലും നിറഞ്ഞിരിക്കുകയാണ് ഓണത്തിന്റെ അടയാളപ്പെടുത്തലായ ആ ഗാനങ്ങള്‍. ജഗതി ശ്രീകുമാറിന്റേയും സിദ്ദീഖിന്റേയും കലാഭവൻ മണിയുടേയുമെല്ലാം ചില അഭിനയ മുഹൂർത്തങ്ങൾക്ക് അകമ്പടിയായി ഓണപ്പാട്ടുകൾ കൂടി ചേർന്നപ്പോൾ അതെല്ലാം മലയാളിക്ക് ചിരിക്കാഴ്ചകളുടെ നിറവേദികളായി. നാട്ടിൽ എന്തു സംഭവിച്ചാലും ഉടനടി ട്രോളുണ്ടാക്കാനോടുന്ന ‘വിരുതന്മാർ’ ഓണപ്പാട്ടുകളെയും ട്രോളിലാക്കിയെന്നത് രസിപ്പിക്കുന്ന കാര്യം തന്നെ. ട്രോളിൽ നിറയുന്ന ചില ഓണപ്പാട്ടുകളും പിന്നണിയും:
കൈനീട്ടമായി കിട്ടിയ ആ ബിജിഎം
കഴിഞ്ഞ 24 വർഷമായി ഈ സംഗീതം ഇവിടെത്തന്നെയുണ്ട്. ആദ്യം കസെറ്റിൽ, പിന്നീട് സിഡിയിൽ. അതു കഴിഞ്ഞ് ഇപ്പോൾ യൂട്യൂബിൽ. ‘തിരുവോണക്കൈനീട്ടം’ എന്ന ഓണപ്പാട്ട് ആൽബത്തിലെ പശ്ചാത്തല സംഗീതമാണിത്.
സിനിമാപ്പാട്ടിൽ വിദ്യാസാഗർ എന്ന വസന്തകാലം തളിരിട്ടു തുടങ്ങിയ കാലം. അക്കാലത്ത് തരംഗിണിക്കു വേണ്ടി ഒരു ഓണപ്പാട്ട് ആൽബം ഒരുക്കാമോയെന്ന് യേശുദാസാണ് അദ്ദേഹത്തോടു ചോദിച്ചത്. സമ്മതം പറഞ്ഞതിനൊപ്പം എഴുത്തുകാരനായി ഗിരീഷ് പുത്തഞ്ചേരി തന്നെ വേണമെന്നും വിദ്യാജി ആവശ്യപ്പെട്ടു. സിനിമകളുമായി തിരക്കിലായിരുന്നതുകൊണ്ടു തന്നെ ആൽബത്തിനു മാത്രമായി മാറ്റി വയ്ക്കാൻ വിദ്യാജിക്കു സമയം കിട്ടിയില്ല. അങ്ങനെ സിനിമാപ്പാട്ടുകളുടെ കമ്പോസിങ്ങിനിടെ കിട്ടുന്ന ചെറിയ ഇടവേളകൾ പ്രയോജനപ്പെടുത്തി ‘തിരുവോണക്കൈനീട്ടം’ എന്ന ആൽബം അദ്ദേഹം പൂർത്തീകരിച്ചു. ആൽബത്തിനു വേണ്ടിയൊരുക്കിയത് ഒന്നും രണ്ടുമല്ല, പത്ത് പാട്ടുകൾ. വിശ്രമവേളകൾ ‘ആനന്ദകരമാക്കി’ അദ്ദേഹമൊരുക്കിയ ഈ പത്ത് ഗാനങ്ങളും ഇന്നുമുണ്ട് മലയാളിയുടെ ഹൃദയത്താളുകളിൽ. ഓണക്കാലത്ത് അവയോരോന്നും നാവിൻ തുമ്പിലേക്ക് ഒഴുകിയെത്തും. ട്രോളുകളിൽ രസം പിടിച്ച മലയാളിക്കിന്ന് ഈ ഈണം കേട്ടാൽ ഓർമ വരിക ജഗതി ശ്രീകുമാറിന്റെ തളർന്നാടിയുള്ള ആ നടത്തവും സിദ്ദീഖിന്റെ ബസിൽ തൂങ്ങിയേറിയുള്ള പോക്കുമൊക്കെയാണ്. പല സിനിമകളിലെയും പല രംഗങ്ങളുടെയും അകമ്പടിയായി ഈ ഈണത്തെ ട്രോളൻമാർ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നു. അത് നൽകുന്ന രസക്കാഴ്ച വിദ്യാജിയേയും ചിരിപ്പിക്കുന്നുവെന്നതാണ് സത്യം. ഏകദേശം രണ്ടര പതിറ്റാണ്ടു മുന്നേ താൻ ഒരുക്കിയ ആ ഈണത്തിന് അന്നത്തേതിനേക്കാൾ സ്വീകാര്യത ഇന്ന് ലഭിക്കുന്നതിൽ മലയാളികളോട് നിറഞ്ഞ സ്നേഹം അറിയിക്കുകയാണ് പ്രിയപ്പെട്ട വിദ്യാജി.
ഓണപ്പാട്ടിൽ താളം തുള്ളിച്ച സബീഷ്
‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ് കുളിര്‍ക്കാറ്റിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരിക്കാറും.....’
കേരളം മുഴുവൻ ഈ ഓണപ്പാട്ടിന്റെ താളത്തിനൊപ്പം തുള്ളിയിട്ടുണ്ട്. പാട്ട് മനഃപാഠമാണെങ്കിലും പാട്ടുകാരനെ അധികമാർക്കുമറിയില്ലെന്നതാണ് യാഥാർഥ്യം. 2004ൽ പുറത്തിറങ്ങിയ ‘ക്വട്ടേഷൻ’ എന്ന ചിത്രത്തിനു വേണ്ടി സബീഷ് ജോർജ് സംഗീതം പകർന്നാലപിച്ചതാണ് ‘ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ’ എന്ന ഗാനം. സബീഷിന്റെ പ്രിയ സുഹൃത്തായ ബ്രജീഷ് രാമചന്ദ്രൻ ആണ് ലാളിത്യം തുളുമ്പുന്ന വരികളുടെ ഉടമ. കഴിഞ്ഞ 18 വർഷമായി പാട്ട് ഇവിടെത്തന്നെയുണ്ടെങ്കിലും ന്യൂജനറേഷനാണ് ഓണത്തിനു കൂട്ടായി ഈ പാട്ടിനെ വിഡിയോകളിലും ട്രോളുകളിലും നിറച്ചത്. ചാന്തുപൊട്ട് എന്ന സിനിമയിലെ ദിലീപിന്റെ താളം തുള്ളിയുള്ള വരവിന്റെ ദൃശ്യങ്ങൾക്കൊപ്പം ഈ പാട്ട് കോർത്തിണക്കി വരുന്ന ട്രോൾ വിഡിയോകൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നത് ചെറുതായൊന്നുമല്ല. പാട്ട് തരംഗമായപ്പോൾ പാട്ടുകാരനെ പലരും അന്വേഷിച്ചുതുടങ്ങി. ഇത്രയും മികച്ച ഈണമൊരുക്കിയ ആൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാൻ ആസ്വാദകർ തിടുക്കം കൂട്ടി. എന്നാല്‍ താൻ എവിടെയും പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നും പറയുകയാണ് സബീഷ്. സംഗീതസാഗരത്തിന്റെ ഓരം ചേർന്ന് അദ്ദേഹം ഇപ്പോഴും പാട്ടുമായി ഒഴുകി നീങ്ങുന്നുണ്ട്, അന്യഭാഷയിൽ ഉൾപ്പെടെ.
‘ക്വട്ടേഷൻ’ സിനിമയുടെ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ സബീഷും ബ്രജീഷും തമ്മിലുള്ള സൗഹൃദച്ചർച്ചകളിൽ നിന്നാണ് ഈ ഓണപ്പാട്ടിന്റെ ആശയം ഉരുത്തിരിഞ്ഞു വന്നത്. കൂട്ടുകാർ കൈകോർത്തതോടെ ഞൊടിയിടയിൽ പാട്ട് റെഡി! സംവിധായകൻ വിനോദ് വിജയനെ കേൾപ്പിച്ചപ്പോൾ ഓണത്തോടനുബന്ധിച്ചുള്ള സിറ്റുവേഷൻ ചിത്രത്തിലുണ്ടെന്നും പാട്ട് അവിടെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഓണപ്പാട്ടിൻ താളം തുള്ളുന്ന പാട്ട് മലയാളിക്കരികിലെത്തിയത്. സാന്ദ്ര, റാണി, ബിന്ദു എന്നീ പെൺസ്വരങ്ങളാണ് താളം മുറിയാതെ പാട്ട് പാടി മുഴുമിപ്പിച്ചത്. പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം പ്രതീക്ഷിക്കാതെ ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യത കാണുമ്പോൾ സബീഷിന് ഒന്നേ പറയാനുള്ളൂ: ‘നന്ദി, എല്ലാവരോടും’.
തിരുവാവണി രാവ്, മനസ്സാകെ നിലാവ്: വിഷുവിന് റിലീസ്, ഓണത്തിന് ഹിറ്റ്
‘തിരുവാവണി രാവ് മനസാകെ നിലാവ്
മലയാളച്ചുണ്ടില്‍ മലരോണ പാട്ട്
തിരുവാവണി രാവ് മനസാകെ നിലാവ്
മലയാള്ചുണ്ടില്‍ മലരോണ പാട്ട്....’
പ്രവാസലോകത്തെ ഓണക്കാഴ്ചകളുമായി പ്രേക്ഷകർക്കരികിലെത്തിയതാണ് ‘ജേക്കബിന്റെ സ്വർഗരാജ്യ’മെന്ന ചിത്രത്തിലെ ഈ ഗാനം. ഓണപ്പാട്ടൊരുക്കുകയെന്ന ദൗത്യം സംഗീതസംവിധായകൻ ഷാൻ റഹ്മാന് പുതുമയായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ ഓണപ്പാട്ട് ആവശ്യപ്പെട്ടതോടെ ഷാൻ പാട്ടെഴുത്തുകാരൻ മനു മഞ്ജിത്തിനെ വിളിച്ചു. വരികൾ എത്തരത്തിൽ വേണമെന്നു പറഞ്ഞതും മനു കുറച്ചധികം വരികളെഴുതി അയച്ചു. അതിനിടയിൽനിന്നു ഷാനും വിനീതും കൂടി ആവശ്യമായ വരികൾ തിരഞ്ഞെടുത്തു. മനു മഞ്ജിത്ത് എഴുതിയ വരികളെല്ലാം പ്രവാസലോകത്തെ ഓണത്തിന്റെ ചിത്രം വരച്ചുകാണിക്കുന്നതായിരുന്നു. വരികൾ കിട്ടിയ ശേഷം ഷാൻ ഈണമിട്ടു. ഉണ്ണി മേനോനും സിതാരയും ചേർന്ന് ഗാനം ആലപിച്ചു. വിഷുവിന് റിലീസ് ചെയ്ത ഗാനം ഹിറ്റായത് ഓണത്തിനാണെന്നും പിന്നീടിങ്ങോട്ടുള്ള ഓരോ ഓണക്കാലത്തും മലയാളിക്കൊപ്പം കൂടാന്‍ തിരുവാവണി രാവും ഉണ്ടെന്നുമുള്ള കാര്യം അഭിമാനത്തോടെ പറയുകയാണ് ഷാൻ റഹ്മാൻ.
വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും മലയാളമനസ്സില്‍ തിരുവാവണി രാവ് തെളിഞ്ഞു നിൽക്കുന്നതിന്റെ സന്തോഷത്തിലാണ് മനു മഞ്ജിത്. പ്രവാസികളുടെ ഓണാഘോഷം എല്ലാവർക്കും ഒത്തുകൂടാൻ പറ്റുന്ന ഏതെങ്കിലുമൊരു സമയത്തായിരിക്കും. അതു ചിലപ്പോൾ വൈകുന്നേരമായിരിക്കാം, അല്ലെങ്കില്‍ രാത്രിയിലായിരിക്കാം. സിനിമയിലെ സാഹചര്യമനുസരിച്ച് രാത്രിയിലെ ഓണാഘോഷത്തിനു വേണ്ടിയായിരുന്നു പാട്ട് വേണ്ടത്. സാഹചര്യം കേട്ടപ്പോൾ തന്നെ മനുവിന് പുതുമയുള്ളതായി തോന്നി. അങ്ങനെ നിലാവിനെയും രാവിനെയും കൂട്ടുപിടിച്ച് വരികളെഴുതി. കേട്ടപ്പോൾ വിനീതിനും ഷാനിനും ഇഷ്ടമായി. അങ്ങനെ പാട്ട് സിനിമയിൽ വന്നു. പിന്നീടിങ്ങോട്ടുള്ള ഓരോ ഓണക്കാലത്തും ഈ പാട്ട് പാടി നടക്കുന്ന പ്രേക്ഷകരെ കാണുമ്പോൾ മനു മഞ്ജിത്തിന് മനം നിറയെ സന്തോഷം, സംതൃപ്തിയും.
ട്രോളന്മാർ പാട്ട് ഏറ്റെടുത്തതോടെ പല തരത്തിലുള്ള വിഡിയോകളാണ് തിരുവാവണി രാവിന്റെ അകമ്പടിയോടെ പ്രചരിക്കുന്നത്. ദോസ്ത് എന്ന ചിത്രത്തിൽ കലാഭവൻ മണി അഭിനയിച്ചു ചിരിപ്പിച്ച ദൃശ്യങ്ങളോടെയും പാട്ട് ട്രോളുകളിൽ നിറഞ്ഞുകഴിഞ്ഞു. ബാഗും തൂക്കി നിറചിരിയോടെ വീടിന്റെ ഗേറ്റ് തുറന്നു കയറിവരുന്ന മണിയുടെ ദൃശ്യങ്ങൾക്കൊപ്പം ഈ പാട്ട് കൂടെ ചേർത്ത് ഓണത്തിന്റെ വരവറിയിച്ച ട്രോളന്മാർ അതിവേഗത്തിലാണ് പ്രേക്ഷകഹൃദയങ്ങളെ പാട്ടിലാക്കിയത്.
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ....: ഹൃദയം തൊട്ട ‘കുഞ്ഞോണപ്പാട്ട്’
‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലോ
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ....’
സുരാജ് വെഞ്ഞാറമൂടിന്റെ ജനപ്രിയ വേഷമായ ദശമൂലം ദാമുവിന്റെ ചിരിപ്പിക്കും രംഗങ്ങളുടെ അകമ്പടിയോടെയാണ് ഈ പാട്ട് ട്രോൾ പേജുകളിൽ നിറയുന്നത്. ഗുണ്ടയാണെന്നു സ്വയം പറഞ്ഞു നടക്കുന്ന ദാമുവിന്റെ ദൃശ്യങ്ങൾക്കൊപ്പം കുസൃതിപ്പാട്ടിന്റെ ഈരടികളും ഈണവും ഉയർന്നു കേട്ടാൽ ചിരിക്കാതിരിക്കുവതെങ്ങനെ?
കുട്ടിത്തത്തിന്റെ കളിക്കൊഞ്ചൽ നിറച്ച് 2014ലെ ഓണക്കാലത്ത് പുറത്തിറങ്ങിയതാണ് ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ....’ . ഈണപ്പെരുമഴ കൊണ്ട് മലയാള മനസ്സിനെ കുളിർപ്പിച്ച ബിജിബാലിന്റെ മകൾ ദയയാണ് ഈ ഗാനം ആലപിച്ചത്. പ്ലേസ്കൂളിൽ വച്ച് ദയ കൂട്ടുകാർക്കൊപ്പം താളത്തിൽ പാടിനടന്നതാണ് ഈ ഗാനം. ഓണപ്പാട്ടൊരുക്കാമെന്ന് ബിജിബാലിന്റെ സുഹൃത്ത് നന്ദു പറഞ്ഞപ്പോൾ ശാന്തി ബിജിബാൽ ആണ് മകളുടെ പ്ലേസ്കൂളിലെ പാട്ട് പാടിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്ന് ബിജിബാലിന്റെ സ്റ്റുഡിയോയിൽ വച്ച് ദയയെക്കൊണ്ടു പാടിപ്പിച്ചു റെക്കോർഡ് ചെയ്തു. വിഡിയോ ചിത്രീകരണത്തിനായി ശാന്തി മകളെ പട്ടുപാവാടയും ബ്ലൗസും അണിയിച്ച് ഒരുക്കി. അച്ഛമ്മ ഊഞ്ഞാൽ കെട്ടിക്കൊടുത്തു. അച്ചാച്ചൻ ഓലപ്പന്തുണ്ടാക്കി. കുസൃതിയും കുറുമ്പും നിറച്ച് ‘ഓണക്കുട്ടി’യായി ദയ പാട്ടിൽ തിളങ്ങി. ശാന്തിയും മകൻ ദേവദത്തുമാണ് ക്യാമറയ്ക്കു പിന്നില്‍ നിന്ന് ആക്‌ഷൻസ് കാണിച്ചുകൊടുത്ത് ദയയെക്കൊണ്ട് അഭിനയിപ്പിച്ചത്. ബിജിബാലിന്റെ സുഹൃത്ത് പ്രയാഗ് ഗാനരംഗങ്ങൾ ചിത്രീകരിച്ചു. അങ്ങനെ ആ വർഷം ഓണത്തിന് ‘കുഞ്ഞോണപ്പാട്ട്’ പ്രേക്ഷകർക്കരികിലെത്തി.
പാട്ട് പുറത്തിറക്കി 5 വർഷത്തിനിപ്പുറം സഹോദരൻ ദേവദത്തിന്റെ ഗിറ്റാർ ഈണത്തിനൊപ്പം ദയ ഇതേ ഗാനം ആലപിച്ചതിന്റെ വിഡിയോയും ശ്രദ്ധ നേടിയിരുന്നു.