ADVERTISEMENT

ക്ലാസിക്കല്‍ ഗാനങ്ങളുടെ ക്ലാസ് കാലം. അത്തരം ഗാനങ്ങളൊരുക്കുന്ന സംഗീതപ്രതിഭകളും ഏറെ. എന്നിട്ടും ഹരികൃഷ്ണന്‍സിലെ ക്ലാസിക്കല്‍ ടച്ചുള്ള ഗാനമൊരുക്കാന്‍ എന്തുകൊണ്ടാകും ഫാസില്‍ ഔസേപ്പച്ചനെ തിരഞ്ഞെടുത്തത്? ഈ ചോദ്യം സ്വയം ചോദിച്ചതുകൊണ്ടാകാം, ഔസേപ്പച്ചനുമത് വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. പൂപോലെ മൃദുലവും പൂക്കാലം പോലെ പരിമളവും പടര്‍ത്തുന്ന പാട്ടുകളാണ് ഔസേപ്പച്ചന്റെ പാട്ടുപൂവാടിയില്‍ വിടര്‍ന്നവയില്‍ ഏറേയും. അപ്പോഴും പതിവ് െൈശലികളെ പൊളിച്ചടുക്കാന്‍ തയാറായി. അതുകൊണ്ടുതന്നെ കാലമെത്ര കഴിഞ്ഞാലും 'സമയമിതപൂര്‍വ സായാഹ്നം' ഔസേപ്പച്ചന്റെ അപൂര്‍വ ഗാനങ്ങളില്‍ ഒന്നു തന്നെയാണ്. ക്ലാസിക്കല്‍ ഗാനങ്ങളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചപ്പോള്‍ അതൊരു ഒന്നൊന്നര പാട്ടായി. കൈതപ്രത്തിന്റെ വരികളിലെ കവിത കൂടി അലിഞ്ഞപ്പോള്‍ കേട്ടവര്‍ക്കൊക്കയും 'ഈ ജന്മം സമ്പൂര്‍ണം.' രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും സംഗീതപ്രേമികള്‍ക്കുള്ളില്‍ ശോഭയുള്ള ചന്ദ്രക്കലയായി ഈ ഗാനം ജീവിക്കുന്നതിനും കാരണം ഇതൊക്കെത്തന്നെ.  

 

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെയാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതും. ആലപ്പുഴയിലെ പ്രിന്‍സ് ഹോട്ടലില്‍ ഔസേപ്പച്ചനൊപ്പം കൈതപ്രവുമുണ്ട്. ഹരികൃഷ്ണന്‍സിന്റെ കഥാഗതിയിലെ തന്നെ നിര്‍ണായക സന്ദര്‍ഭത്തില്‍ വന്നു പോകുന്ന ഗാനമായിരുന്നു 'സമയമിതപൂര്‍വ സായാഹ്നം.' രാത്രിയില്‍ മുഖമണ്ഡപത്തിലിരുന്ന് ആലപിക്കാന്‍ കൊതിച്ച് ഗുപ്തന്‍ വീണയ്ക്കരികില്‍ സൂക്ഷിച്ചിരിക്കുന്ന ദേവീസ്തുതി. എന്നാല്‍ ആ പാട്ടുപാടാനിന്ന് നിയോഗിക്കപ്പെട്ടത് പാട്ടെഴുതിയ സുദര്‍ശനനാണ്. ദീപങ്ങളെ സാക്ഷിയാക്കി സായാഹ്നത്തില്‍ സുദര്‍ശനന്‍ മതിമറന്ന് പാടിത്തുടങ്ങി. എന്നാല്‍ ദേവി എഴുന്നെള്ളുന്നുവെന്നറിഞ്ഞതോടെ ആ കണ്ഠം ഇടറി. ശബ്ദം പുറത്തേക്കു വരാത്തപോലെ... ആ നിശബ്ദതയിലേക്ക് സംഗീതം പടര്‍ത്തി ഹരികൃഷ്ണന്‍മാര്‍ പാടിത്തുടങ്ങിയതോടെ പാട്ട് വേറൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. ഫാസിലില്‍ നിന്ന് സന്ദര്‍ഭം കേട്ടതോടെ ഔസേപ്പച്ചന് ആവേശമായി. ക്ലാസിക്കല്‍ സംഗീതം കലര്‍ന്ന പാട്ടൊരുക്കുന്ന സന്തോഷം വേറെ. എന്തായാലും അത്തരമൊരു സംഗീതം ഒരുക്കുമ്പോഴും അതിലൊരു പുതുമ കണ്ടെത്തണമെന്ന് നിര്‍ബന്ധം ആദ്യം മുതല്‍തന്നെ വച്ചുപുലര്‍ത്തി.

 

കമ്പോസിങ്ങിന്റെ ഇടവേളകളില്‍ ഷൂട്ട് നടക്കുന്ന വീട്ടിലേക്ക് പോകുന്ന പതിവ് ഔസേപ്പച്ചനും കൈതപ്രത്തിനുമുണ്ട്. ഒരു ദിവസം മമ്മൂട്ടി കുശലാന്വേഷണങ്ങള്‍ക്കിടയില്‍ പാട്ടുകളെക്കുറിച്ച് തിരക്കുന്നു. പ്രത്യേകിച്ച് അവസാനഭാഗത്തു വരുന്ന ക്ലാസിക്കല്‍ ഗാനത്തെക്കുറിച്ച്. അത് ഗംഭീരമാകണം, സംഗതികളൊക്കെ കലര്‍ത്തി ആളുകളെ ഞെട്ടിക്കണം എന്നു പറഞ്ഞതോടെ ഔസേപ്പച്ചന്‍ ഒന്നു പുഞ്ചിരിച്ചു. 'മമ്മൂട്ടിയുടെ സ്‌നേഹത്തോടെയുള്ള ആ പറച്ചില്‍ ഒരു ആവേശം തന്നെയാണുണ്ടാക്കിയത്. അങ്ങനെ ഞാനിരുന്ന് ഉണ്ടാക്കിയ പാട്ടാണ് സമയമിതപൂര്‍വസായാഹ്നം,' ഔസേപ്പച്ചന്‍ പറയുന്നു. 'നവരസ കന്നഡയില്‍ അങ്ങനെ പരീക്ഷണങ്ങളൊന്നും മലയാളത്തില്‍ അതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടു ഞാന്‍ നവരസ കന്നഡ തന്നെ പിടിച്ചു. സ്വരങ്ങളും ജതികളും കൂട്ടിക്കലര്‍ത്തിയുള്ള പരീക്ഷണങ്ങളും അതുവരെയുണ്ടായിട്ടില്ല. അതും പാട്ടിന് പുത്തന്‍ അനുഭവമായി. എന്തായാലും ആ പരീക്ഷണങ്ങളൊക്കെ വിജയിച്ചു. ട്യൂണ്‍ കേട്ടതോടെ ഫാസില്‍ ഓക്കെ പറഞ്ഞു. പിന്നീട് പാട്ടെഴുതുമ്പോള്‍ കൈതപ്രത്തിനോടു പറഞ്ഞത് സ്വരങ്ങളിലെ ഏതെങ്കിലും അക്ഷരംവച്ചു തുടങ്ങണം എന്നു മാത്രമാണ്. അങ്ങനെ സ..മ.. എന്നിങ്ങനെ ചേര്‍ത്ത് സമയമിത് അപൂര്‍വ സായാഹ്നം എന്നെഴുതി. റെക്കോര്‍ഡിങ്ങിന് എത്തുമ്പോള്‍ ദാസേട്ടനും വലിയ ആവേശത്തോടെ പാടിയ എന്റെ പാട്ടുകളില്‍ ഒന്നാണത്. പിന്നീട് ഈ പാട്ടിന്റെ ചിത്രീകരണ സമയത്ത് ഞാനും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. സ്വരങ്ങളൊക്കെ ലിപ്പ് കൊടുക്കുമ്പോള്‍ നിര്‍ദേശം നല്‍കാനായിരുന്നു ഞാനവിടെ പോയത്. അത്യാവശ്യം കുഴയ്ക്കുന്ന ഭാഗങ്ങളൊക്കെ ഉണ്ടെങ്കിലും മമ്മുക്കയും ലാലും നന്നായി തന്നെ അതിന് ലിപ്പ് നല്‍കി. അന്നവിടെ രസകരമായ ഒരു സംഭവം ഉണ്ടായി. ഷൂട്ടിനിടിയില്‍ മമ്മുക്ക എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു, ഇത്രയ്‌ക്കൊരു പണി തരണ്ടായിരുന്നു കേട്ടോ... ഞാന്‍ ചിരിക്കും മുന്‍പ് മമ്മുക്കയും എന്റെ തോളില്‍ തട്ടി ചിരിച്ചു. ഔസേപ്പച്ചന്‍ ചിരിയടക്കാതെ പറയുന്നു. 

 

'എനിക്ക് അത്ഭുതമായി തോന്നിയ പാട്ടാണിത്. ഞങ്ങളുടെയൊക്കെ ബന്ധങ്ങളുടെ ആഴവും ആ പാട്ടിലുണ്ട്. കൈതപ്രം പാട്ടിനെ ഓര്‍ത്തെടുത്തു. ചേര്‍ത്തലയില്‍ ഒരു വീട്ടില്‍ ഷൂട്ട് നടക്കുമ്പോഴാണ് ഔസേപ്പച്ചനീ ട്യൂണ്‍ കേള്‍പ്പിക്കുന്നത്. ഇങ്ങനൊരു ട്യൂണിന് പാട്ടെഴുതുക അത്ര എളുപ്പമല്ല. എങ്കിലും ഞാനവിടെ വച്ചു തന്നെ എഴുതിത്തുടങ്ങി. പിന്നീട് മുറിയിലെത്തിയാണ് പൂര്‍ത്തിയാക്കിയത്. പാട്ടിലേക്ക് ഹരികൃഷ്ണന്‍മാരുടെ ശബ്ദം എത്തുന്നതോടെ വേറൊരു തലത്തിലേക്ക് അത് പോകുകയാണ്. കവിതപോലെ അത് ഒഴുകിവരണം എന്ന നിര്‍ബന്ധത്തോടെ തന്നെയാണ് ഞാനീ പാട്ട് എഴുതിയത്. അതുകൊണ്ടാണ് 'ഇനിയീ കണ്ണീര്‍ കണിമലരാകും,' 'പാഥേയമാകും പുണ്യങ്ങള്‍'എന്നൊക്കെ എഴുതിയത്, ആദ്യ വരി കിട്ടിയതോടെ ഞാനറിയാതെ എഴുതി പോകുകയായിരുന്നു ഈ പാട്ട്.' കൈതപ്രം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com