ADVERTISEMENT

കോഴിക്കോട്ടെ സിനിമാപ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന സംഗീതസംവിധായകനും ചലച്ചിത്ര നിർമാതാവുമായ ഒരാൾ. ബഹുരാഷ്ട്രകമ്പനിയുടെ എച്ച്ആർ മാനേജർ പദവിയിൽനിന്ന് മലയാളസിനിമയിലേക്ക് ചുവടുമാറ്റിച്ചവിട്ടിയ രാജേഷ് ബാബു ശൂരനാടിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്.  

 

ശൂരനാട്ടുനിന്ന് കോഴിക്കോട്ടേക്ക്

 

കൊല്ലം ജില്ലയിൽ ജനിച്ചു വളർന്ന് കോഴിക്കോട്ടുകാരനായി മാറിയയാളാണ് രാജേഷ് ബാബു. കൊല്ലം ശൂരനാട് സ്വദേശിയായ എൻ.കെ.നായരുടെയും വിജയലക്ഷ്മിയുടെയും മൂന്നുമക്കളിൽ ഒരാളായാണ് രാജേഷ് ബാബുവിന്റെ ജനനം. കുട്ടിക്കാലം മുതൽ പാട്ട് ഏറെ ഇഷ്ടമായിരുന്നു. നാട്ടിലെ സംഗീതജ്ഞനായ ശൂരനാട് ഗംഗാധരന്റെ ശിഷ്യനായി സംഗീതപഠനവും തുടങ്ങി. ശാസ്താംകോട്ട ഡിബി കോളജിൽ ബിഎസ്‌സി ഫിസിക്സ് വിദ്യാർഥിയായിരിക്കെ 1994–95 കാലഘട്ടങ്ങളിൽ കച്ചേരിയും ഗാനമേളയുമൊക്കെയായി സജീവമായിരുന്നു. ഉപരിപഠനത്തിനായി നാഗ്പൂരിലേക്ക് പോയതോടെ സംഗീതപഠനത്തിനു താൽക്കാലികവിരാമമിട്ടു.

 

നാഗ്പൂരിൽനിന്നാണ് രാജേഷ് ബാബു എംബിഎ പൂർത്തിയാക്കിയത്. തുടർന്ന് മൾട്ടിനാഷനൽ കമ്പനിയിൽ എച്ച്ആർ മാനേേജരായി ജോലി തുടങ്ങി. അഗാപേ അടക്കമുള്ള ഏഴോളം മൾടി നാഷനൽ കമ്പനികളിൽ എച്ച്ആർ മാനേജരായി. 2002ൽ കോഴിക്കോട്ടെത്തിയ രാജേഷ് ബാബു പുതിയപാലത്ത് സ്ഥിരതാമസമാക്കി. സ്വന്തം ബിസിനസ് സ്ഥാപനവും തുടങ്ങി. എന്നാൽ 2015 ആവുമ്പോഴേക്ക് ജീവിതത്തിൽ പലതരം പ്രശ്നങ്ങളുണ്ടായി. അതുവരെ തുടർന്നുവന്ന എല്ലാ ജോലികളിൽനിന്നും തൽക്കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു.

 

സിനിമയിലേക്കുള്ള വരവ്

 

അക്കാലത്താണ് കോഴിക്കോട്ടുകാരനായ പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കര വഴി മട്ടാഞ്ചേരി എന്ന സിനിമയിലേക്ക് പാട്ടൊരുക്കാൻ അവസരം ലഭിച്ചത്. ഇതിനിടെ ടേക്ക് ഇറ്റ് ഈസി എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കി. ഇതോടെ ചെറുബജറ്റിലൊരുങ്ങുന്ന സിനിമകളിലേക്ക് രാജേഷ്ബാബു സജീവമായി. 

 

ശ്രീഹള്ളി, വെള്ളരിപ്രാവുകൾ തുടങ്ങിയ അനേകം സിനിമകളിൽ സംഗീതസംവിധാനവും മറ്റുമായി രാജേഷ്ബാബു തിരക്കിലായി. ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്മ നിർമിച്ച പുള്ള് എന്നസിനിമയുടെ സംഗീതസംവിധാനം ഷിംജിത്തെന്ന പുതുമുഖത്തിനൊപ്പം രാജേഷ് ബാബു നിർവഹിച്ചു.

 

കോഴിക്കോട്ടെ സിനിമാലോകം

 

എച്ച്ആർ മാനേജർ ജോലിയിലെ അനുഭവസമ്പത്തുള്ള ഒരാൾക്ക് സിനിമാമേഖലയിൽ എന്തുചെയ്യാൻകഴിയുമെന്നതായിരുന്നു രാജേഷ് ബാബു ചിന്തിച്ചത്. അടിസ്ഥാനപരമായി സംരംഭകനാണ്. സംഗീതം കയ്യിലുണ്ട്. ഇതെല്ലാം ഒരുമിപ്പിച്ച് മനുഷ്യശേഷി സംഘടിപ്പിച്ചാൽ സിനിമയിൽ തനിക്കും തന്റേതായൊരു വഴി കണ്ടെത്താമെന്ന് രാജേഷ് ബാബു തിരിച്ചറിഞ്ഞു.

 

ഒരു കാലത്ത് മലയാളസിനിമ മലബാർ കേന്ദ്രീകരിച്ചാണ് വളർന്നുവന്നത്. കോഴിക്കോട്ടുകാരായ അനേകം പേരാണ് മലയാളസിനിമയെ വളർത്തിക്കൊണ്ടുവന്നത്. എന്നാൽ രണ്ടു ദശാബ്ദത്തോളമായി കൊച്ചി കേന്ദ്രീകരിച്ചാണ് മലയാളസിനിമ ചുറ്റിക്കറങ്ങുന്നത്. കോഴിക്കോട്ടും വയനാട്ടിലും കണ്ണൂരുമൊക്കെ സിനിമാപ്രേമികളായ അനേകം പേർ ഒരു സിനിമയെങ്കിലുമെടുക്കണമെന്ന സ്വപ്നവുമായി ജീവിക്കുന്നുണ്ട്. അനേകം പേർ സിനിമകൾ ചിത്രീകരിച്ചുതുടങ്ങുകയും പണമില്ലാതെ പാതിവഴിയിൽ ചിത്രീകരണം ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.

 

ഇത്തരത്തിൽ പാതിവഴിയിൽ നിർത്തിവയ്ക്കപ്പെട്ട സിനിമകൾ ഏറ്റെടുത്ത് പൂർത്തിയാക്കി തിയറ്ററുകളിലെത്തിക്കുകയെന്ന ആശയം അങ്ങനെയാണ് രാജേഷ് ബാബുവിന്റെ മനസ്സിൽ വന്നത്. വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ വഴിയൊക്കെ സഹനിർമാതാക്കളെ കണ്ടെത്തി ഇത്തരം ചിത്രങ്ങളിലേക്ക് പുതിയ സംരംഭകരെ എത്തിച്ചു. അങ്ങനെ രാജേഷ് ബാബുവും കൂട്ടുകാരും സിനിമകൾ ഏറ്റെടുത്ത് പൂർത്തിയാക്കി തിയറ്ററുകളിലെത്തിക്കാൻ തുടങ്ങി. ഏഴോളം സ്റ്റുഡിയോകളുമായി ബന്ധമുള്ളതിനാൽ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്‌ഷനും റീറെക്കോർഡിങ്ങുമടക്കമുള്ള ജോലികൾ രാജേഷ് ബാബുവിന് അതിവേഗം പൂർത്തിയാക്കാനും കഴിഞ്ഞു. എട്ടോളം സിനിമകളുടെ നിർമാണത്തിൽ രാജേഷ് ബാബു പങ്കാളിയായി. പതിനഞ്ചോളം സിനിമകൾക്കു പാട്ടുകളൊരുക്കാനും  പശ്ചാത്തലസംഗീതമൊരുക്കാനും കഴിഞ്ഞു.

 

പാട്ടുവഴിയിലെ ചുവട്

 

സംവിധായകൻ ഹരിദാസ് കനിഹയെ നായികയാക്കി ഒരുക്കിയ പെർഫ്യൂം എന്ന സിനിമയ്ക്ക് സംഗീതമൊരുക്കാനുള്ള അവസരവും രാജേഷ് ബാബുവിന് ലഭിച്ചു. ഈ ചിത്രത്തിൽ കെ.എസ്.ചിത്രയും കെ.സുനിൽകുമാറും പാടിയ പാട്ടിന് കഴിഞ്ഞ വർഷത്തെ ഫിലിംക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു. 

ഗായിക സന മൊയ്തൂട്ടി ആദ്യമായി മലയാളസിനിമയിൽ പാടിയത് രാജേഷ് ബാബുവിന്റെ സംഗീതസംവിധാനത്തിലാണ്. അഷ്കർസൗദാൻ നായകനായെത്തിയ ആനന്ദകല്യാണം എന്ന ചിത്രത്തിലാണ് സന മൊയ്തൂട്ടി പാടിയിരിക്കുന്നത്. ഈ ചിത്രത്തിൽ രണ്ട് വനിതാ ഗാനരചയിതാക്കൾക്ക് അവസരം നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു. കോഴിക്കോട്ടും സമീപപ്രദേശങ്ങളിലുമുള്ള പുതുമുഖ ഗാനരചയിതാക്കളും തിരക്കഥാകൃത്തുക്കളും സംവിധായകരുമടക്കം അൻപതോളം പുതുമുഖങ്ങൾക്ക് ആദ്യഅവസരമൊരുക്കിയിട്ടുണ്ട് രാജേഷ് ബാബു.

 

വരുന്നു, ‘ഴ’

 

കോഴിക്കോടൻ നാടകവേദികളിലൂടെ ശ്രദ്ധേയനായ ഗിരീഷ്.പി.സി.പാലം സംവിധാനം ചെയ്യുന്ന ‘ഴ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായത് ഏതാനും ദിവസങ്ങൾക്കുമുൻപാണ്. ഈ സിനിമയുടെ നിർമാണം പൂർണമായും രാജേഷ് ബാബു ശൂരനാടാണ് നിർവഹിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com