കൈകൂപ്പി നില്‍ക്കുമ്പോള്‍ മൂര്‍ദ്ധാവില്‍ ചുംബിച്ച് മാറോട് ചേര്‍ക്കണമെന്ന ഓരോ ഭക്തതന്റെയും പ്രാര്‍ത്ഥന. മൂകാംബികയുടെ കൃപയും കുടജാദ്രിയുടെ കുളിരും കൊല്ലൂരിന്റെ കാന്തിയും ആ പാട്ടിലുണ്ടായിരുന്നു. മുന്നിലെത്തേണ്ട നേരങ്ങളില്‍ മാത്രം, എന്നെ ആ കോവില്‍നടയില്‍ വരുത്തുന്നൊരംബികേ... എന്ന വരിയില്‍ 'അമ്മേ മൂകാംബികേ' എന്നു ഉള്ളുതുറന്നു വിളിക്കാത്ത ഭക്തനുണ്ടോ? സൗപര്‍ണ്ണികാ തീർഥത്തില്‍ കുളിച്ചുതൊഴുത ഭക്തന്റെ നിര്‍വൃതിയുടെ നിവേദ്യമധുരവുമുണ്ടീ പാട്ടില്‍. അപൂര്‍വമായി സിനിമാഗാനങ്ങളില്‍ വിരുന്നെത്തുന്ന മൂകാംബികയുടെ ചിത്രം അക്ഷരങ്ങളായി പാട്ടില്‍ വരച്ചിടാന്‍ മനു മഞ്ജിത്തിനും സംഗീതമായി പകരാന്‍ ഷാന്‍ റഹ്‌മാനും ഭാഗ്യം സിദ്ധിച്ച പാട്ട്. ഈ പാട്ടുകേട്ട് മൂകാംബികയില്‍ പോകാന്‍ കൊതിച്ചവരും പോയവരുടെ കണ്ണുനിറഞ്ഞതുമൊക്കെ പാട്ടിന്റെ മാന്ത്രികത എന്നല്ലാതെ എന്തു പറയാന്‍. ''കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി'യും' ''സൗപര്‍ണ്ണികാമൃത വീചികള്‍' പോലെയും' മൂകാംബിയുടെ പാട്ടായി വാക്കെല്ലാം പൂക്കുന്ന ദിക്കായ ദിക്കിലും കാലം ഓര്‍ത്തെടുക്കുന്നു.
മലയാളിക്ക് മൂകാംബികയോടുള്ള വൈകാരികമായ അടുപ്പത്തിന്റെ കണ്ണാടിയായിരുന്നു മിഥുന്‍ ജയരാജിലൂടെ നാം കേട്ട ഈ പാട്ട്. ഏകാഗ്രമായി കേട്ടാല്‍ മൂകാംബികയിലെത്തി കുങ്കുമപ്പൊട്ടിട്ട സുഖമുണ്ട്. പക്ഷേ അത്ര ഏകാഗ്രമായ മനസ്സോടെ മനു മഞ്ജിത്ത് എഴുതിയ പാട്ടൊന്നുമല്ല ഇത്. മുന്നിലെത്തേണ്ട നേരങ്ങളില്‍ മാത്രം വിളിക്കുന്ന അമ്മയെക്കുറിച്ച് എഴുതിയ മനുവിന് പാട്ടെഴുതാനുള്ള വിളി എത്തുന്നതും തീര്‍ത്തും അപ്രതീക്ഷിതമായ നേരത്ത്. ഡോക്ടറുദ്യോഗത്തിന്റെ തിരക്കിനിടയില്‍ പാട്ടെഴുതിയ കഥ പറയുകയാണ് മനു, 'ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് എഴുതേണ്ടി വന്ന പാട്ടാണ് വാക്കെല്ലാം പൂക്കുന്ന ദിക്കില്‍... ഒരിക്കല്‍ വിനീത് ശ്രീനിവാസനെ കണ്ടപ്പോള്‍ മൂകാംബികയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ വരുന്നുണ്ടെന്നും അതില്‍ പാട്ടെഴുതണമെന്നും ഒരു സൂചന തന്നിരുന്നു. മൂകാംബികയും അവിടുത്തെ ഭക്തിയും അന്തരീക്ഷവുമൊക്കെ നമുക്ക് പാട്ടിലാക്കാന്‍ കിട്ടുന്ന അപൂര്‍വമായ അവസരമല്ലേ അത്. കുറച്ച് മുന്നൊരുക്കങ്ങളൊക്കെ നടത്തി വേണം ആ ചിത്രത്തിലെ പാട്ടുകള്‍ എഴുതേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല എന്നതാണ് സത്യം.'
'ഒരു ദിവസം രാവിലത്തെ റൗണ്ട്‌സ് എല്ലാം കഴിഞ്ഞ് വന്നിരിക്കുമ്പോഴാണ് എനിക്ക് ഷാനിന്റെ വിളി എത്തുന്നത്. ട്യൂണ്‍ അയച്ചിട്ടുണ്ട്, ഉച്ചയ്ക്ക് മുന്‍പ് പാട്ടെഴുതി തരണമെന്നു പറഞ്ഞു. സത്യത്തില്‍ ഞാനൊന്നു ഞെട്ടി. കുറച്ചുകൂടി സമയം ചോദിച്ചു. എങ്കില്‍ രണ്ടുമണിയ്ക്ക് തരണം എന്നു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. മൂകാംബികയിലേക്ക് എത്തുന്ന ഭക്തനെ സ്വീകരിക്കുന്ന ഒരു പാട്ട് എന്ന് സംവിധായകന്‍ എം. മോഹനനും വിനീത് ശ്രീനിവാസനും ചേർന്ന് സന്ദര്‍ഭവവും പറഞ്ഞു തന്നു. ആശുപത്രിയിലെ തിരക്കു പിടിച്ച അന്തരീക്ഷത്തില്‍ ഇരുന്ന് എഴുതണമല്ലോ എന്ന ചിന്ത അസ്വസ്ഥമാക്കിയെങ്കിലും ട്യൂണുമായി എത്തിയ മെയില്‍ ഞാന്‍ തുറന്നു. വെല്‍കം ടൂ മൂകാംബിക എന്നാണ് അതിലെ സബ്ജക്ട് തന്നെ എഴുതിയിരിക്കുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ ട്യൂണ്‍ നല്ല രസമായി തോന്നി. അതുകൊണ്ടാകാം, അതിവേഗത്തില്‍ എനിക്കാ പാട്ടെഴുതാന്‍ കഴിഞ്ഞു. ഷാനിക്ക പറഞ്ഞതിലും നേരത്തേ പാട്ട് ഞാന്‍ എഴുതി. പിന്നീട് റെക്കോര്‍ഡിങ് കഴിഞ്ഞ് ഞാനീ പാട്ട് ആദ്യമായി കേള്‍ക്കുന്നതും ഇതേപോലൊരു ഒപിയില്‍ ഇരുന്നാണ്. എനിക്ക് കിട്ടിയ മഹാഭാഗ്യം തന്നെയാണ് ഈ പാട്ട്,' മനു മഞ്ജിത്ത് പറയുന്നു.