ADVERTISEMENT

‘ബോണിയെമ്മി’ന്റെ ‘റിവേഴ്സ് ഓഫ് ബാബിലോൺ’ എന്ന പാട്ട് ഗിറ്റാറിൽ വായിക്കുകയാണ് ചന്ദ്രൻ. അതേസമയം മുന്നിലെ സ്റ്റാൻഡിലുറപ്പിച്ച മൗത്ത് ഓർഗൺ പാട്ടിന്റെ ഈണത്തിനൊത്ത് വായിക്കുന്നുണ്ട്. വലത്തേ കാൽ കൊണ്ട് പെഡലുകളിൽ ചവിട്ടി കീബോർഡും അതിനൊപ്പം വായിക്കുന്നു. മൂന്ന് ഉപകരണങ്ങൾ ഒരേ സമയം വായിച്ച് ഒറ്റയ്ക്കൊരു സിംഫണി നടത്തുന്ന ഈ കലാകാരനെ അറിയാത്ത സംഗീതപ്രേമികൾ വളരെക്കുറവായിരിക്കും. 

അലസമായി പാറിപ്പറക്കുന്ന നീണ്ട മുടിയൊതുക്കി, നരച്ചൊരു ജീൻസുമിട്ട് തോളിലൊരു ഗിറ്റാറും തൂക്കി മിഠായിത്തെരുവിലൂടെയും അശോകപുരത്തുകൂടെയുമൊക്കെ ഒരുകാലത്ത് ഈ മനുഷ്യൻ നടന്നുനീങ്ങുമ്പോൾ കോഴിക്കോട്ടുകാർ ഒരിത്തിരി സ്നേഹത്തോടെ, ആദരവോടെ പറയുമായിരുന്നു...‘ ഞമ്മടെ ഹിപ്പി ചന്ദ്രനല്ലേ, ആ പോവുന്നത്! ’’

 

കോഴിക്കോടിന്റെ സംഗീതപ്രതാപങ്ങളുടെ ചരിത്രം ഗിറ്റാറിലേക്ക് ആവാഹിച്ചാണ് ഈ മനുഷ്യൻ നടന്നുനീങ്ങുന്നത്.അത് നമ്മളിന്ന് പാടിപ്പുകഴ്ത്തുന്നതുപോലെ ഗസലിന്റെ മാത്രം മധുരമുള്ള സംഗീതചരിത്രമല്ല. സത്യത്തിൽ കോഴിക്കോടിന്റെ സംഗീതം ഗസലാണെന്ന കെട്ടുകഥ ആരോ പറഞ്ഞുണ്ടാക്കിയതു മാത്രമാണ്. ഈ നഗരത്തിലൂടെ ഒഴുകുന്ന സംഗീതപ്പുഴകളിൽ ഒന്നുമാത്രമാണ് ഗസൽ. മഹാറാണിയിലും ക്വീൻസിലും ഉയർന്നുകേട്ടിരുന്ന പാശ്ചാത്യസംഗീതം. സിഎസ്ഐ കോംപൗണ്ടിലെ കോൺകോർഡിൽനിന്ന് സന്ധ്യ മയങ്ങിയാൽ ഉയർന്നുകേൾക്കുന്ന കാബറേ നൃത്തത്തിന്റെ സംഗീതം. അങ്ങനെ പലതരം സംഗീതപ്പുഴകളാണ് ഈ നഗരത്തിലൂടെ ഒഴുകിയിരുന്നത്. പിൽക്കാലത്ത് ചലച്ചിത്രതാരമായി മാറിയ സീമ കോൺകോർഡിൽ കാബറേ നൃത്തം അവതരിപ്പിച്ചിരുന്ന കാലത്ത് ഗിറ്റാർ വായിച്ചിരുന്നയാളാണ് ചന്ദ്രൻ. 

 

ഗിറ്റാറിന്റെ സ്വന്തം ഹിപ്പി ചന്ദ്രൻ

 

എരഞ്ഞിപ്പാലം വടക്കേകച്ചേരി വയൽ സി.കെ.ചന്ദ്രനെന്ന കൗമാരക്കാരന് സംഗീതമായിരുന്നു ഭ്രമം. അര വരെ നീണ്ടുകിടക്കുന്ന മുടിയാണ് അക്കാലത്ത് ചന്ദ്രനുണ്ടായിരുന്നത്. ഹിപ്പി തരംഗത്തിന്റെ കാലമാണല്ലോ. വെറും ചന്ദ്രനിൽനിന്ന് ഹിപ്പി ചന്ദ്രനിലേക്കുള്ള വളർച്ചയും സംഗീതഭ്രാന്തിന്റെ ബാക്കിയാണ്. മുതലക്കുളത്ത് ചന്ദ്രന്റെ അച്ഛനു റേഡിയോ നന്നാക്കുന്ന കടയുണ്ട്. അക്കാലത്തെ മുതലക്കുളം മൈതാനം ഇന്നുകാണുന്നതു പോലെയല്ല. മലബാർ പാലസ് ഹോട്ടൽ വരുന്നതിനുമുൻ‍‍പുള്ള കാലമാണ്. ഗ്രാമഫോണും റെക്കോർഡ് പ്ലയറുകളുമൊക്കെ നന്നാക്കിക്കൊടുക്കും. അത്യാവശ്യം ആശാരിപ്പണിയൊക്കെ അറിയാവുന്ന ചന്ദ്രനും ജ്യേഷ്ഠനും എപ്പോഴും കടയിലുണ്ടാവും.

 

അങ്ങനെ കടയിലിരിക്കുന്ന ഒരു ദിവസമാണ് ഡാനി മോങ് എന്ന സായിപ്പ് കടയിൽ വന്നത്. മൂപ്പർ ഗിറ്റാറിസ്റ്റാണ്. ചന്ദ്രൻ സായിപ്പിനെ പരിചയപ്പെട്ടു. സായിപ്പിനൊപ്പം മിഠായിത്തെരുവിൽ സാധനങ്ങള്‍ വാങ്ങാൻ ചന്ദ്രനെയാണ് ജ്യേഷ്ഠൻ പറഞ്ഞുവിട്ടത്. ആര്യഭവനിൽപ്പോയി ഇരുവരും ഒരു ചായ കുടിച്ചപ്പോഴേക്ക് ചന്ദ്രനെ ശിഷ്യനാക്കാൻ സായിപ്പ് തീരുമാനിച്ചു. ചെമ്പോട്ടി ലൈനിൽ അക്കാലത്തൊരു ഇന്ത്യൻ കോഫിഹൗസുണ്ട്. അതിനുമുകളിലാണ് സായിപ്പിന്റെ മുറി. അടുത്ത ദിവസം ഗിറ്റാർ പഠിക്കാൻ അങ്ങോട്ടുവരാൻ സായിപ്പ് പറഞ്ഞു. ചന്ദ്രൻ അങ്ങനെ ഗിറ്റാറിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. സായിപ്പ് തിരുവണ്ണൂർ കോട്ടൺമില്ലിലാണ് ജോലി ചെയ്തിരുന്നത്. പകൽ ചന്ദ്രൻ സൈക്കിളുമെടുത്ത് സായിപ്പിനടുത്ത് പോവും. സായിപ്പിനടുത്തിരുന്ന് ഗിറ്റാർ പ്രാക്ടീസ് ചെയ്യും. അങ്ങനെ അഞ്ചാറു ക്ലാസ് കഴിഞ്ഞപ്പോഴേക്ക് ചന്ദ്രൻ സ്വയംഗിറ്റാർ പഠനം തുടങ്ങി. ഊണും ഉറക്കവുമില്ലാതെ 24 മണിക്കൂറും പരിശീലനം.

 

പാട്ടിൽ പൂവിട്ട സന്ധ്യകൾ

 

അത്യാവശ്യം ഗിറ്റാർ വായിക്കാനായതോടെ മഹാറാണി ഹോട്ടലിലെ മാനേജരുടെ മുന്നിൽ അവസരം തേടി ചന്ദ്രനെത്തി. ആ സന്ധ്യക്ക് ഹോട്ടലിലെ സംഗീതബാൻഡിന്റെ പരിപാടിയുടെ ഇടവേളയിൽ ഒരു പാട്ടുവായിക്കാൻ ചന്ദ്രനോട് മാനേജർ ആവശ്യപ്പെട്ടു. ഇംഗ്ലിഷ് പാട്ടുകൾക്കിടയിൽ കദളി ചെങ്കദളി പൊൻകദളിപ്പൂവേണോ എന്ന പാട്ട് ഗിറ്റാറിൽ വായിച്ചതോടെ കേൾവിക്കാർ ചന്ദ്രനെ ശ്രദ്ധിച്ചു. 

 

ചന്ദ്രൻ ഈസ്റ്റേൺ ടൂറിസ്റ്റ് ഹോമിലാണ് അക്കാലത്ത് സ്ഥിരമായി ഗിറ്റാർ വായിച്ചുതുടങ്ങിയത്. പതിയെ സീക്വീൻ‍സിലെ പാട്ടരങ്ങുകളിലെ ലീഡ് ഗിറ്റാറിസ്റ്റായി മാറി. അന്ധനായ ഗിറ്റാറിസ്റ്റ് യാഡ്‌ലിക്കൊപ്പം ഗിറ്റാർ വായിച്ച് നഗരത്തിൽ ഹിപ്പി ചന്ദ്രൻ താരമായി മാറിത്തുടങ്ങി.

അക്കാലത്താണ് നഗരത്തിലെ ബാർഹോട്ടലുകളിൽ കാബറേ നൃത്തം സജീവമായിരുന്നത്. ബാർ ഹോട്ടലുകൾക്കുപുറമേ സിഎച്ച് ഓവർബ്രിഡ്ജിനുതാഴെ ഹസ്തിനപുരി, സിഎസ്ഐ ബിൽഡിങ്ങിനു പിറകിലെ കോൺകോഡ് തുടങ്ങി കാബറേയ്ക്കു മാത്രമായി അക്കാലത്ത് പല സ്ഥാപനങ്ങളുമുണ്ടായിരുന്നു. 

ആദ്യകാലത്ത് സീമയും സലീം–സുരയ്യ ദമ്പതികളുമൊക്കെയായിരുന്നു നഗരത്തിൽ കാബറേ നൃത്തം അവതരിപ്പിച്ചിരുന്നത്. കാബറേ നർത്തകർ താമസിച്ചിരുന്ന അതേ ഹോട്ടലിലാണ് നൃത്തസംഗീത പരിശീലനത്തിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നത്. മിഠായിത്തെരുവിലെ ലോഡ്ജിൽ ഉച്ച കഴിയുമ്പോൾത്തന്നെയെത്തി ഗിറ്റാർ വായിച്ച് പരിശീലനം നടത്തിയാണ് സലീം സുരയ്യ ദമ്പതികൾ ആദ്യമായി വേദിയിലെത്തിയതെന്ന് ഇന്നും ചന്ദ്രന് ഓർമയുണ്ട്. ലീഡ് ഗിറ്റാറിസ്റ്റായ ചന്ദ്രനൊപ്പം പ്രകാശനാണ് ഡ്രംസ് വായിച്ചിരുന്നത്. പിൽക്കാലത്ത് ജനകീയപ്രതിഷേധങ്ങൾ ഉയർന്നതോടെ കാബറേ നൃത്തം നിരോധിക്കുകയായിരുന്നു.

 

ജീവിതം സർക്കസ് തമ്പിൽ 

 

ചന്ദ്രൻ അക്കാലത്തെ പ്രശസ്തമായ അമർ സർക്കസിൽ ഗിറ്റാറിസ്റ്റായി ചേർന്നു. രാജസ്ഥാനിലെയും ഗുജറാത്തിലെയും നഗരങ്ങളിലും ഗ്രാമങ്ങളിലും കറങ്ങി. മുംബൈ പോലുള്ള മഹാനഗരങ്ങളിലും കറങ്ങി. സർക്കസ് തമ്പിലെ ജീവിതകാലത്താണ് ഹിപ്പി ചന്ദ്രൻ ഒരേ സമയം പല സംഗീതോപകരണങ്ങൾ വായിക്കുകയെന്ന കല സ്വന്തമാക്കിയത്.

 

സർക്കസിൽ സംഗീതോപകരണം വായിക്കുന്നവർ പലരും കൊഴിഞ്ഞുപോവുന്നതു പതിവാണ്. മൗത്ത് ഓർഗൺ വായിക്കുന്ന ആൾ ഇതുപോലെ മുങ്ങിയ കാലം. ഒരു ദിവസം റോഡിലൂടെ നടക്കുമ്പോഴാണ് തെരുവോരത്ത് ഒരു ഹിന്ദിവാല 20 രൂപയ്ക്ക് മൗത്ത് ഓർഗൺ വിൽക്കുന്നതു കണ്ടത്. അതൊരെണ്ണം വാങ്ങി വായിച്ചുവായിച്ചു പഠിച്ചു. മൗത്ത് ഓർഗൺ ശരീരത്തോടു ഘടിപ്പിച്ച് വായയ്ക്കുനേരെ ക്രമീകരിക്കാവുന്ന രീതിയിൽ ഒരു ഉപകരണം ഹിന്ദിക്കാരനായ പണിക്കാരന്റെ സഹായത്തോടെ നിർമിച്ചു. ഒന്നുരണ്ടു വട്ടം വായിച്ചുനോക്കിയപ്പോൾ സംഗതി ക്ലിക്കായി. അങ്ങനെ വർഷങ്ങളോളം കടന്നുപോയി. വിവിധ സർക്കസുകളിൽ ഗിറ്റാറും മൗത്ത് ഓർഗണും വായിച്ചു ജീവിച്ചു.അലച്ചിലും കഷ്ടപ്പാടും കാരണം അസുഖബാധിതനായ ചന്ദ്രൻ പിന്നീട് സർക്കസിലെ ദുരിതജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി. നാട്ടിലെ സംഗീതട്രൂപ്പുകൾക്കൊപ്പം പരിപാടികൾക്കുപോയിത്തുടങ്ങി. അക്കാലത്ത് എം.എസ്.ബാബുരാജും സി.എം.വാടിയിലും അടക്കമുള്ളവർക്കൊപ്പം വേദി പങ്കിട്ട ചരിത്രവും ചന്ദ്രനുണ്ട്. 

 

മൂന്നുപകരണങ്ങൾ ഒരേ സമയം

 

കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കീബോർഡ് കൂടി വായിച്ചാലോ എന്ന ചിന്ത ചന്ദ്രന്റെ തലയിലുദിച്ചത്. ഇതിനായി നാലു പെഡലുകൾ ക്രമീകരിച്ചു. കീബോർഡിന്റെ കീകളിൽ ക്ലിപ്പു പിടിപ്പിച്ച് ഇത് പെഡലുമായി നൂലൂകൊണ്ട് ബന്ധിച്ചു. ആ പരീക്ഷണവും ക്ലിക്കായി. അങ്ങനെ ചന്ദ്രൻ ഒരേ സമയം മൂന്നുപകരണങ്ങൾ വായിക്കാൻ തുടങ്ങി. ഒരു ലോകറെക്കോർഡ് സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം നടന്നില്ലെങ്കിലും ചന്ദ്രൻ സംഗീതോപകരണങ്ങളിൽ വിദഗ്ധനായി മാറി. സമീപകാലത്ത് മൗത്ത് ഓർഗണും കീ ബോർഡുമൊക്കെ ഒരു കലാകാരന് ഒരേ സമയം വായിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങൾ വിപണിയിൽ വാങ്ങാൻ കിട്ടുന്നുണ്ട്. എന്നാൽ ഇതൊക്കെ കേട്ടുകേൾവി മാത്രമായിരുന്ന കാലത്താണ് ചന്ദ്രൻ സ്വന്തമായി ഉപകരണങ്ങൾ നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്തത്.

 

തലമുറകളുടെ പരിശീലകൻ

 

ഗിറ്റാർ പരിശീലനത്തിൽ തന്റേതായ ഒരു ലോകം ചന്ദ്രൻ സൃഷ്ടിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ ബി സോൺ, ഇന്റർസോൺ മത്സരങ്ങളിൽ പലതവണ വിജയികളായത് ചന്ദ്രൻ പരിശീലിപ്പിച്ച കുട്ടികളാണ്. ക്രിസ്ത്യൻ കോളജിനും മെഡിക്കൽ‍കോളജിനും ദേവഗിരി കോളജിനുമൊക്കെ പതിവായി ഗിറ്റാർ പരിശീലിപ്പിക്കാനും ഡ്രംസ് നിർമിച്ചു നൽകാനുമൊക്കെ ചന്ദ്രൻ എത്താറുണ്ടായിരുന്നു. സരോജിനിയാണ് ചന്ദ്രന്റെ ഭാര്യ. നിതിനും ഷിജിനുമാണ് ചന്ദ്രന്റെ മക്കൾ. സംഗീതജ്ഞനായ മകൻ ഷിജിനൊപ്പം പല വേദികളിലും ചന്ദ്രൻ എത്താറുണ്ട്. എ.ആർ.റഹ്മാൻ കോഴിക്കോട്ടെത്തിയ അവസരത്തിൽ മകനൊപ്പം വേദിയിൽ ബാൻഡ് വായിക്കാൻ ചന്ദ്രനും അവസരം ലഭിച്ചിരുന്നു. ലോക്ഡൗൺ കാലത്തിനുശേഷം വീണ്ടും വേദികൾ സജീവമാവുകയാണ്, കൂടെ ചന്ദ്രനും. നടക്കാവ് പി.എംകുട്ടി റോഡിനു സമീപത്ത് മകന്റെ സംഗീത വിദ്യാലയത്തിൽ ചന്ദ്രൻ ഗിറ്റാർ പരിശീലനവുമായി തിരക്കിലാണ്. എരഞ്ഞിപ്പാലം പോസ്റ്റോഫീസിനു എതിർവശത്ത് കോൺവന്റിനു സമീപത്താണ് ചന്ദ്രനും കുടുംബവും താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com