നരബലിയുടെ കാലത്തിരുന്ന് ഈ ഗാനം കേള്‍ക്കുമ്പോള്‍ ഉള്ളു പൊള്ളാതിരിക്കുന്നത് എങ്ങനെ?
Mail This Article
ഒരു കാലഘട്ടത്തിന്റെ മടുപ്പിക്കുന്ന മണവും വേദനയുടെ എരിവുമുള്ള ചില പാട്ടുകളുണ്ട്. എല്ലാ കാലവും കണ്ണുനിറയ്ക്കുന്ന വൈകാരികതയുടെ സംഗീതമാകും അതിന്റെ തെളിച്ചം. എന്നാല്‍ ശപിക്കപ്പെടേണ്ട അത്തരം പ്രമേയങ്ങളാകട്ടെ ആ കാലഘട്ടത്തില്‍ തന്നെ കുഴിച്ചുമൂടപ്പെടേണ്ടവയുമാകും. നിര്‍ഭാഗ്യമെന്നു പറയട്ടെ, അത്തരം വിഷയങ്ങളെ ഓര്‍മപ്പെടുത്തുന്ന ചില വര്‍ത്തമാന സംഭവങ്ങളെത്തും. പാട്ടിന്റെ ചോരത്തിളപ്പുളള സംഗീതം പോലെ അതു നമ്മെ വല്ലാതെ മുറിവേല്‍പ്പിക്കും. അതിലെ ജീവിതക്കാഴ്ചകള്‍ പിന്നെയും നമ്മുടെ കണ്ണീരുപ്പു തുടയ്ക്കും.
പോയ കാലഘട്ടത്തിന്റെ ഭാരമുള്ള ചില കേള്‍വിയിലേക്ക് തന്റെ ഭാവന കലര്‍ത്തി ജിതേഷ് കക്കടിപ്പുറം എഴുതിയ പാലോം പാലോം എന്ന നാടന്‍ശീല്. അത് പുതുകേള്‍വിയില്‍ നമ്മെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയേക്കാം. ഐശ്വര്യലബ്ധിക്കായി നരബലി നടന്നൊരു കാലത്തിലിരുന്ന് നാം കേള്‍ക്കുമ്പോള്‍ പിന്നെ ഉള്ളു പൊള്ളാതിരിക്കുന്നത് എങ്ങനെ? പാലോം പാലോം കേള്‍ക്കുമ്പോള്‍ അതിന്റെ പ്രമേയം ഭാവനെയെന്നും അസാധ്യമെന്നുമൊക്കെ വിലയിരുത്തിയവരുണ്ട്. വിശ്വസിച്ചവരൊക്കെ ആ കാലം പടിയ്ക്ക് പുറത്താകട്ടെ എന്ന് പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്. പക്ഷേ ചില കാലങ്ങള്‍ അങ്ങനെയാണ്. അതിന് ഒരിക്കലും വിട്ടുമാറാത്ത മനുഷ്യമാംസത്തിന്റെ ഗന്ധവും ചുടുചോരയുടെ നിറവുമാണ്.
ജിതേഷിന്റെ കൈപിടിച്ച് ആ പാലത്തില്‍ കയറിയവരുടെയൊക്കെ ഹൃദയം വിങ്ങിയിട്ടുണ്ടാകും. പൊന്നുന്റെ കണ്ണീരിന്റെ ചൂടും ഉണ്ണീടമ്മേടെ നിലവിളിയും കേട്ടിട്ടുണ്ടാവും. പെണ്ണിന്റെ ചോരവീണ പാലം പൊളിഞ്ഞുവീഴാന്‍ തലേല്‍ കൈവച്ചു പിരാകിയിട്ടുണ്ടാകും. അത്രമേല്‍ നിലവിളിയുടെ സംഗീതം ആ പാട്ടിലുണ്ടായിരുന്നു.
കുറ്റിപ്പുറം പാലത്തിനു സമീപമുള്ള ഷാപ്പിലിരുന്ന് രണ്ടെണ്ണം വിടുമ്പോള്‍ ജിതേഷ് കേട്ടൊരു കഥ. സമീപത്തിരുന്ന് അന്തിക്കള്ളില്‍ ചാറ് തൊട്ടുനക്കിയാണ് അയാളത് പറഞ്ഞത്, കുറ്റിപ്പുറം പാലം നിര്‍മിക്കുന്ന കാലത്ത് ഒരാളെ കരു നിര്‍ത്തിയത്രെ. പാലം പണിയ്ക്കിടയില്‍ ചില വിഘ്നങ്ങള്‍ കണ്ടപ്പോള്‍ ആ തടസ്സങ്ങള്‍ മാറാന്‍ ബലി തന്നെ വേണമെന്ന് ആരോ വിധിയെഴുതി. അങ്ങനെ വെള്ളാഞ്ചേരി തറവാട്ടില്‍ നിന്ന് ഒത്തൊരു മനുഷ്യന്‍ പാലത്തിലേക്ക് തന്റെ ജീവിതം ചേര്‍ത്തുവച്ചു. ഒന്‍പതാം തൂണിലേക്ക് അലിഞ്ഞു ചേര്‍ന്ന അയാളുടെ ജീവന്‍ നിമിത്തം പാലം നിര്‍മാണത്തിലെ തടസ്സങ്ങളെല്ലാം മാറിനിന്നു പോലും... പാലോം പാലോം എന്ന പാട്ടിന്റെ പിറവി അവിടെ നിന്നുമായിരുന്നു. പിന്നെ അവിടേക്ക് അച്ഛനെയും അമ്മയെയും പൊന്നുവിനെയുമൊക്കെ ചേര്‍ത്തുവച്ചപ്പോഴത് ഇമ്പമുള്ളൊരു പാട്ടായി. ഒന്‍പതാം തൂണിലെ പ്രകമ്പനം കേള്‍ക്കാന്‍ പാതിരാത്രികളില്‍ താന്‍ കാതോര്‍ത്തിരുന്നിട്ടുണ്ടെന്ന് ജിതേഷ് തന്നെ പറഞ്ഞിട്ടുണ്ട്.
ചില ദുരാചാരങ്ങള്‍ ബാക്കിവയ്ക്കുന്ന വേദനയുടെ ഭാരം ഈ പാട്ടില്‍ നിറഞ്ഞു തുളുമ്പുകയാണ്. അത് തലമുറകളും കടന്ന് സഞ്ചരിക്കുമെന്നത് നിത്യസത്യം. പൊന്നുവിന്റെ അമ്മയുടെ കണ്ണീരിനിന്ന് തീയുടെ തിളക്കമാണ്. കര്‍ക്കടകത്തിലെ വറുതിക്കാലത്ത് കണ്ണീരായി പെയ്ത ജീവിതം. നീന്തി നടന്ന പൊന്നുവിന് അമ്മിഞ്ഞപ്പാല്‍ ബാക്കിയാക്കി പോകുമ്പോള്‍ ആ അമ്മ കരഞ്ഞ കണ്ണീരോളം വരുമോ കാലവര്‍ഷം! ആ അമ്മയുടെ സ്വപ്നങ്ങളോളം വരുമോ തമ്പ്രാന്റെ കല്‍പ്പന!
അമ്മമാറില്‍ പൊന്നുവിന്റെ കുഞ്ഞിളം പാദം പുണരുമ്പോള്‍ അമ്മ കോരിത്തരിപ്പുകൊണ്ട് അവളെ വിളിച്ചതാകും. പ്രപഞ്ചത്തിനാകട്ടെ ആ വിളി പൊന്നുവിന്റെ കാതില്‍ പകരുവാനുള്ള കടമയുമുണ്ട്. മണ്ണോടു മണ്ണായ പൊന്നുവിന്റെ അമ്മയുടെ കഥ ആ അച്ഛന്‍ പറഞ്ഞത് എല്ലാ കാലത്തിനോടും ലോകത്തിനോടുമാണ്. കരുനില്‍ക്കാന്‍ വിധിക്കപ്പെട്ട പെണ്ണിന്റെ കഥ... ഇനിയാര്‍ക്കും ഈ വിധി വരാതിരിക്കാനുള്ള കരുത്തുണ്ടായിരുന്നു ആ കഥ പറച്ചിലിന്.
പൊന്നുവിന്റെ ഒരു തുള്ളി കണ്ണീരിനോളം കരുത്തില്ല ഇന്ന് തമ്പ്രാന്‍ പാലത്തിനു പകര്‍ന്ന ചോരയ്ക്ക്. നല്ല നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നവരെ... ഇനി ഈ ദുര്‍വിധി ആര്‍ക്കും വരാതിരിക്കട്ടേ...