സത്യഭാമ ഇല്ലാതെ എന്ത് റീല്‍സ്? പക്ഷേ ആരാണ് ഈ സത്യഭാമ? ‌‌‌പാട്ടുവഴിയിലെ അപൂര്‍വമായ ആ ചരിത്രം ഇങ്ങനെ!

sathyabhame-sanjith
സഞ്ജിത്ത് ഹെഗ്ഡേ, സത്യഭാമേ ഗാനരംഗത്തിൽ നിന്ന്.
SHARE

കന്നടനാട് ഒരു കാലത്ത് പാടി നടന്ന പാട്ട്. അക്കാലത്ത് പോലും മലയാളനാട് ഏറ്റെടുക്കാതെ പോയ പാട്ട്. എന്നാല്‍ ആ പാട്ടിനെ കാത്തിരുന്നൊരു വിധിയുണ്ട്. കാലമേറെ കടന്നപ്പോഴിന്നിതാ ആ പാട്ടിനൊപ്പം സഞ്ചരിക്കുകയാണ് മലയാളിയും. പാട്ടുവഴിയിലെ അപൂര്‍വമായ ചരിത്രത്തിന്റെ കഥ പറയുകയാണ് സത്യഭാമേ... എന്ന കന്നടഗാനം. പൊതുവേ കന്നടഗാനങ്ങള്‍ക്ക് അത്രമേല്‍ സ്വീകാര്യത കിട്ടാത്ത കേരളത്തിലാണ് ഇന്ന് സത്യഭാമേ എന്ന റീമിക്സ് ഗാനം ഇടം പിടിച്ചിരിക്കുന്നത്. ഇന്‍സ്റ്റയിലെ നമ്മുടെ പിള്ളേര്‍ക്കൊക്കെ ഇന്ന് സത്യഭാമ ഇല്ലാതെ എന്ത് റീല്‍സ് എന്ന അവസ്ഥ വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. കന്നട ഗായകന്‍ സഞ്ജിത്ത് ഹെഗ്ഡേ പാടി റീല്‍സായി ഇട്ടതോടെയാണ് പാട്ടിന്റെ പുനര്‍ജ്ജന്മം.

കര്‍ണാടകയില്‍ ഒരു കാലഘട്ടത്തിന്റെ തന്നെ പാട്ടായിരുന്നു സത്യഭാമേ എന്നത്. കന്നട സിനിമാഗാനങ്ങളുടെ പുതിയൊരു ഘട്ടത്തിന്റെ തുടക്കവും. പാട്ടിന്റെ ചരിത്രം തിരയും മുന്‍പ് പാട്ടുകാരന്റെയും ആ സിനിമയുടേയും ചരിത്രം അറിയണം. അത്രമേല്‍ ആ നാടുമായി ചേര്‍ന്നു നില്‍ക്കുന്നു ഈ പാട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. 1980ല്‍ പുറത്തിറങ്ങിയ എ.വി.ശേഷഗിരി റാവു സംവിധാനം ചെയ്ത രവിചന്ദ്ര അതുവരെയുള്ള ബോക്സോഫീസ് ചരിത്രങ്ങളെല്ലാം തിരുത്തിയെഴുതി. സിനിമയുടെ മുഖ്യ ആകര്‍ഷണം സൂപ്പര്‍സ്റ്റാര്‍ സിംഗനല്ലൂരു പുട്ടുസ്വാമയ്യ മുത്തുരാജ് എന്ന രാജ്കുമാര്‍ തന്നെയായിരുന്നു. അഭിനയത്തിലും ആലാപനത്തിലുമൊക്കെ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്കുമാറിന് ആരാധകരും ഏറെയായിരുന്നു. രാജ്കുമാര്‍ തന്നെ പാടി അഭിനയിക്കുമ്പോള്‍ പിന്നെ പറയാനുണ്ടോ?

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ആ സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയതാകട്ടെ ചീ ഉദയശങ്കര്‍ - ഉപേന്ദ്രകുമാര്‍ കൂട്ടുകെട്ടായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിന്റെ മിക്ക ചിത്രങ്ങളുടേയും മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് ഈ കൂട്ടുകെട്ടു തന്നെയായിരുന്നു. ഗാനരചയിതാവും എഴുത്തുകാരനുമായ ചീ ഉദയശങ്കര്‍ അക്കാലത്ത് എഴുതിയ ഗാനങ്ങളൊക്കെയും ലളിതസുന്ദരങ്ങളാണ്. കന്നടയുടെ നാട്ടുഭാഷാ വഴക്കവും ശൈലിയുമൊക്കെ തന്റെ ഗാനങ്ങളില്‍ ഇഴചേര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ നല്‍കി. സംഗീതസംവിധായകന്‍ ഉപേന്ദ്രകുമാറാകട്ടെ ഒഡിയ സിനിമകളിലെ ഗാനങ്ങളൊരുക്കിയും ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ തായ് വേരുകള്‍ ഒഡീഷയിലേക്കും പടര്‍ന്നു നില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഒഡിയ നാടോടിപ്പാട്ടുകളുടെ ലാളിത്യവും കന്നഡയുടെ പാരമ്പര്യസംഗീതത്തിന്റെ ചേരുവകളും സംയോജിപ്പിച്ച് പാട്ടുകളൊരുക്കുന്നതില്‍ പ്രത്യേകം താല്‍പര്യം കാണിച്ചു. സത്യഭാമേ എന്ന ഗാനവും അതിന് ഒരു ഉദാഹരണം തന്നെയാണ്. ചീ ഉദയശങ്കര്‍ ഉപേന്ദ്രകുമാര്‍ കൂട്ടുകെട്ടിന്റെ ഹിറ്റുകളുടെ തുടര്‍ച്ച ഇഷ്ടപ്പെട്ട രാജ്കുമാര്‍ തന്റെ ചിത്രങ്ങളിലൊക്കെയും ഇരുവരേയും ചേര്‍ത്തു നിര്‍ത്തി. പ്രണയവും സംഗീതവും നിറയുന്ന രവിചന്ദ്ര എന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കുമ്പോഴും രാജ്കുമാറിനു മാറി ചിന്തിക്കുവാന്‍ തോന്നിയില്ല. സംവിധായകനും അത് അംഗീകരിച്ചതോടെ രവിചന്ദ്രയിലെ പാട്ടുകളൊരുക്കാന്‍ ഇരുവരുമെത്തി. രാജ്കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി രവിചന്ദ്ര മാറുമെന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ആദ്യം മുതല്‍ തന്നെ ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിലെ ഗാനങ്ങളെല്ലാം രാജ്കുമാര്‍ തന്നെ ആലപിക്കട്ടെ എന്ന നിര്‍ദേശവും സംഗീതസംവിധായകന്‍ ഉപേന്ദ്രകുമാര്‍ മുന്നോട്ടുവച്ചു.

രവിചന്ദ്ര സിനിമയ്ക്കൊപ്പം രാജ്കുമാര്‍ പാടിയ അഞ്ചു ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. സത്യഭാമേ എന്ന ഗാനം അപ്പോഴും സവിശേഷമായൊരു സ്ഥാനം ആസ്വാദകര്‍ക്കിടയില്‍ കണ്ടെത്തി. നായകനായ രാജ്കുമാറിനൊപ്പം ഈ പാട്ടില്‍ ക്യാമറയ്ക്കു മുന്നിലെത്തിയത് മലയാളികള്‍ക്കും പ്രിയപ്പെട്ട സുമലതയാണ്. സുമലതയുടെ ആദ്യ കന്നടചിത്രവും ഇതുതന്നെ.

പ്രിയപ്പെട്ടവള്‍ പിണങ്ങി ഇരിക്കുമ്പോള്‍ അവളുടെ അടുത്തേക്ക് ഓടിയെത്തുന്ന കാമുകന്‍. എന്നോട് ദേഷ്യമാണോ എന്നു ചോദിച്ചുകൊണ്ട് അയാള്‍ അവളെ പാടി പുകഴ്ത്താന്‍ ശ്രമിക്കുകയാണ്. സന്ദര്‍ഭത്തിലെ കൗതുകവും പാട്ടിലെ ലാളിത്യവുമാണ് ആസ്വാദകരെ കീഴടക്കിയത്. കൊട്ടകകള്‍ വിട്ടിറങ്ങിയവര്‍ക്കൊപ്പം ആ പാട്ടും മനസ്സില്‍ ഇടം പിടിച്ചു. അക്കാലത്ത് രാജ്കുമാര്‍ പങ്കെടുക്കുന്ന പരിപാടികളിലൊക്കെ ആസ്വാദകര്‍ സത്യഭാമേ പാടി വരവേറ്റത് മറ്റൊരു കൗതുകം. ഗാനമേളകളില്‍ ഈ ഗാനം ഒന്നിലേറെ തവണ പാടി കേട്ടു. എങ്ങും സത്യഭാമേ മയം. ആരാധന ഒരുപടി കൂടി കടന്നപ്പോള്‍ ചിലരൊക്കെയും തങ്ങളുടെ മകളുടെ പേര് സത്യഭാമ എന്നുവരെയാക്കി. സത്യഭാമ എല്ലാ കാലത്തേക്കുമുള്ള പാട്ടെന്ന് രാജ്കുമാര്‍ പറഞ്ഞത് വെറുതേയായില്ല. നൂറ്റാണ്ടുകളെത്ര കഴിഞ്ഞു, എന്നിട്ടും മാറാത്ത സത്യഭാമ...

കേരളത്തിലേക്കും സത്യഭാമയുടെ സൗന്ദര്യം പുതിയ കാലത്ത് എത്തിയത് സഞ്ജിത്ത് ഹെഗ്ഡേയിലൂടയാണ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ യുവഗായകനാണ് ഹെഗ്ഡേ. റീമിക്സ് രൂപത്തില്‍ പാടി റീല്‍സായി ഇന്‍സ്റ്റാഗ്രാമിലെത്തിയതോടെയാണ് പാട്ട് ശ്രദ്ധ നേടിയത്. ഇതുവരെ ഏകദേശം അഞ്ച് മില്യൻ കടന്നു ഈ പാട്ടിന്റെ കാഴ്ചക്കാര്‍. രണ്ടുവരികള്‍ മാത്രം പാടിയ പാട്ടിന്റെ പൂര്‍ണരൂപം എവിടെ എന്ന ചോദ്യമാണ് ഏവരും ചോദിക്കുന്നത്. എന്നാല്‍ റീമിക്‌സ് ഗാനത്തെ എതിര്‍ത്തും ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS