ADVERTISEMENT

കാവല്‍ മാലാഖമാരുടെ പാട്ടുകളാണ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍. ഭക്തിയും വിശ്വാസവും മാത്രമല്ല അതിന്റെ ചേരുവകള്‍. അതില്‍ നിറയുന്ന സ്നേഹത്തിന്റെ വീഞ്ഞുകൂടിയാണ് ആ പാട്ടുകളുടെ  ലഹരി. ഇടയ്ക്കൊക്കെ അത് കണ്ണു നനച്ചാലും കേക്കു പോലെ മധുരിക്കും. അങ്ങനെ നാം പാടി നടന്ന എത്രയെത്ര ഗാനങ്ങള്‍. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ നമുക്ക് ഏറെയുണ്ടെങ്കിലും 1995ല്‍ പുറത്തിറങ്ങിയ ‘വചന’ത്തിലെ ഗാനങ്ങള്‍ ഒരു പുതിയ തുടക്കമായിരുന്നു. അതുവരെ കേട്ടുശീലിച്ച ഗ്രിഗോറിയന്‍ സംഗീതത്തിന് ഇടവേള നല്‍കി ഈണങ്ങള്‍ പുതുവഴിയില്‍ സഞ്ചരിച്ചു. വരികളും അതിനൊപ്പം ചേര്‍ന്നു നിന്നതോടെ അത് അവിശ്വാസിയുടെ പോലും കണ്ണുനിറച്ചു. രക്ഷകാ, എന്റെ പാപഭാരമെല്ലാം, കാല്‍വരിക്കുന്നിലെ കാരുണ്യമേ, ഒരിക്കല്‍ യേശുനാഥന്‍, അത്യുന്നതങ്ങളിൽ ദൈവമഹത്വം തുടങ്ങിയ ഗാനങ്ങള്‍ കാലവും തലമുറകളും കടന്നു പാടി. ടോമിന്‍ തച്ചങ്കരി ചിട്ടപ്പെടുത്തിയ സംഗീതത്തിന് പി.കെ.ഗോപിയായിരുന്നു വരികളെഴുതിയത്. സാഹിത്യവും സംഗീതവും പരസ്പരം ലയിച്ച അനുഭവം.

 

നെറ്റിതൊട്ട് ഹൃദയത്തില്‍ പതിച്ച കുരിശിന്റെ ആര്‍ദ്രതയുണ്ടായിരുന്നു പി.കെ. ഗോപിയുടെ വരികള്‍ക്ക്. വിശ്വാസിയുടെ പ്രാർഥനയും പ്രതീക്ഷയും അതിനേക്കാളേറെ. വ്യത്യസ്തങ്ങളായ ക്രിസ്തീയ ഭക്തിഗാനങ്ങളൊരുക്കാന്‍ തയാറായ ടോമിന്‍ തച്ചങ്കരിയോട് പി.കെ. ഗോപിയുടെ പേരു നിര്‍ദേശിക്കുന്നത് സംവിധായകൻ ഫാസിലാണ്. അതിവേഗത്തില്‍ എഴുതി തയാറാക്കി അതിലും വേഗത്തില്‍ ഹിറ്റായി മാറിയ വചനത്തിലെ പാട്ടുകള്‍ പിറന്ന കഥ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ കവി പി.കെ.ഗോപി.

yesudas-favorite-songs

 

‘‘ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച ഗാനങ്ങളാണ് വചനത്തിലേത്. എനിക്കന്ന് കോഴിക്കോട്ട് ജോലിയുള്ള കാലമാണ്. കോഴിക്കോട്ടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വഴിയാണ് എന്നെ ടോമിന്‍ തച്ചങ്കരി അന്വേഷിച്ചു കണ്ടെത്തുന്നത്. അത്യാവശ്യമായി കോട്ടയത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹമന്ന് കോട്ടയത്ത് ജോലി ചെയ്യുന്നു. ക്രൈംബ്രാഞ്ച് എസ്.പി. എന്നാണോർമ.

kannur-tomin-j-thachankari
Tomin Thachankary

 

അടുത്ത ദിവസം വൈകുന്നേരം ഞാന്‍ കോട്ടയത്തെത്തി. എന്നെയും പ്രതീക്ഷിച്ച് റയിൽവേ സ്റ്റേഷനിൽ ഒരാൾ വാഹനവുമായി വന്നിരുന്നു. അദ്ദേഹം എന്നെ തച്ചങ്കരിയുടെ വീട്ടിലെത്തിച്ചു. ചുറുചുറുക്കുള്ള പൊലീസ് ഓഫിസറാണ് ടോമിൻ തച്ചങ്കരി. അന്ന് അദ്ദേഹത്തിന് ഔദ്യോഗികത്തിരക്കുകളുള്ള സമയം. ട്യൂണ്‍ റെക്കോര്‍ഡ് ചെയ്ത കാസറ്റ് എന്നെ ഏല്‍പിച്ചു. അന്നു രാത്രി തന്നെ പാട്ടെഴുതാനായിരുന്നു  തീരുമാനം. അടുത്ത ദിവസം എനിക്കു കോഴിക്കോട്ടേക്കു മടങ്ങണം. അവധിയെടുക്കാനുള്ള പ്രയാസം. തച്ചങ്കരി ഉടനെ സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. പാട്ടെഴുതാനുള്ള എല്ലാ സൗകര്യങ്ങളും ആ വീട്ടില്‍ത്തന്നെ ഒരുക്കിത്തന്നു. നിശ്ശബ്ദത. പുറത്തു മഞ്ഞുണ്ട്. ജനൽപാളി തുറന്നപ്പോൾ കാറ്റിൽ പൂക്കളുടെ സുഗന്ധം. അനുഗൃഹീതമായ ആ  രാത്രിയിൽ യേശുവിന്റെ ദിവ്യജീവിതം എന്റെ ഓർമയിൽ അലയടിച്ചു കൊണ്ടിരുന്നു. വായിച്ചതും അനുഭവിച്ചതും ബാല്യത്തിൽ വീണുകിട്ടിയ ബൈബിൾ പകർന്ന അറിവുകളും എന്നെ ഒട്ടൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. അവ വാക്കുകളിൽ പകർത്തണം. അതൊരു പ്രാർഥന പോലെ ഏകാഗ്രമായിരുന്നു. ട്യൂൺ ആവർത്തിച്ചു കേട്ട്  അന്നെഴുതിയ ഗാനങ്ങളാണ് പ്രശസ്തമായ ‘വചനം’ എന്ന കാസറ്റിലൂടെ മലയാളി കേട്ടത്. ആദ്യ കേള്‍വിയില്‍ത്തന്നെ ഓരോ ട്യൂണും വളരെ പ്രത്യേകതയുള്ളതായി തോന്നി. അന്ന് എനിക്കൊപ്പം സഹായത്തിന് വയലിനിസ്റ്റ് ജേക്കബ് ഉണ്ടായിരുന്നു. ഓരോ പാട്ടെഴുതിക്കഴിഞ്ഞും അദ്ദേഹം മീറ്ററിനൊത്ത് ആ വരികള്‍ കൃത്യമായി ചേരുമോ എന്ന് പാടി നോക്കും. അതെനിക്ക് വലിയ സൗകര്യമായിരുന്നു.’’

 

വചനത്തിലെ ഗാനങ്ങള്‍ അതുവരെയുണ്ടായിരുന്ന കാസറ്റ് വിപണനചരിത്രം തിരുത്തിയെഴുതി. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോൻ തുടങ്ങിയ ഗായകര്‍ ഒരു ഭക്തിഗാന കാസറ്റില്‍ ഒന്നിച്ചതു തന്നെ പലര്‍ക്കും അതിശയമായി. വചനത്തിലെ ആമുഖ വിരുത്തം ആലപിച്ചത് സാക്ഷാൽ ഇളയരാജ. വിശുദ്ധമായ പ്രാർഥനാഗീതങ്ങൾ പോലെ വചനത്തിലെ ഗാനങ്ങള്‍ പള്ളികളില്‍ മുഴങ്ങിക്കേട്ടു. രക്ഷകാ എന്റെ പാപഭാരമെല്ലാം...എന്ന ഗാനം യേശുദാസിന്റെ ദിവ്യനാദത്തിൽ സവിശേഷമായൊരു സ്ഥാനം നേടി. ഗാനമേളകളില്‍ ദാസേട്ടൻ ആദ്യഗാനമായി രക്ഷകനെ വാഴിച്ചു. അദ്ദേഹത്തിന്റെ ആരാധകർക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഗാനമായി അതു മാറി. ചിത്രയുടെ വേറിട്ട ശബ്ദത്തിലും രക്ഷകാ ആലേഖനം ചെയ്യപ്പെട്ടു.

 

പാട്ടിന്റെ ദൃശ്യാവിഷ്‌കാരം കൂടിയെത്തിയതോടെ അത് പുത്തന്‍ ക്രിസ്തീയ ഗാനസംസ്‌കാരത്തിനു തുടക്കം കുറിച്ചു എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. ആ ദ്യശ്യാവിഷ്ക്കാരത്തിന് സ്ക്രിപ്റ്റ് തയാറാക്കാനും പി. കെ. ഗോപിക്കാണ് നിയോഗമുണ്ടായത്. അപ്പോഴും നിർഭാഗ്യവശാൽ പലരും ഗാനരചയിതാവ് പി. കെ. ഗോപിയാണെന്ന് മനസ്സിലാക്കിയില്ല. തച്ചങ്കരി തന്നെ എഴുതിയ ഗാനങ്ങളാണ് ഇതെന്നു പലരും ധരിച്ചു. ‘‘കാസറ്റിന്റെ മുൻകവറിൽ ടോമിൻ തച്ചങ്കരിയുടെ വലിയ പടവും പേരുമുണ്ട്. രചയിതാവായ എന്റെ പേര് മറുപുറത്ത് ഫോട്ടോയില്ലാതെ ചെറുതായി കൊടുത്തതാവാം കാരണമെന്നു കരുതാനേ കഴിയൂ.

 

അതുകൊണ്ടുതന്നെ വചനത്തിലെ പാട്ടുകള്‍ ഞാനാണ് എഴുതിയതെന്ന് അറിയാതെ എന്നെ അവ പാടിക്കേള്‍പ്പിച്ചവ ര്‍പോലുമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ അടുത്തൊരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ രക്ഷകാ എന്ന പാട്ടു കേള്‍പ്പിച്ച് അവിടുത്തെ പ്രായമായ അപ്പച്ചന്‍ എന്നോടു പറഞ്ഞത്, സാറേ പാട്ടെഴുതുന്നെങ്കില്‍ ഇങ്ങനെ എഴുതണം എന്നാണ്. ഞാനാണെഴുതിയതെന്നു പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് അദ്ഭുതമായി. എന്റെ പേര്, അച്ഛന്റെ പേര് എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. ഹിന്ദുവായ സാറെങ്ങനെ ഇത്രയും ഭംഗിയായി ക്രിസ്ത്യാനിപ്പാട്ടെഴുതി എന്നായിരുന്നു ആ അപ്പച്ചന്റെ വിസ്മയം! ടോമിൻ തച്ചങ്കരിയുടെ പേരായിരുന്നു അദ്ദേഹത്തിന്റെയും മനസ്സില്‍. കസേരയില്‍നിന്ന് അദ്ദേഹം എഴുന്നേറ്റു വന്ന് എന്നെ കെട്ടിപ്പിടിച്ചു. പാട്ടെഴുത്തില്‍ കിട്ടിയ വലിയ അംഗീകാരങ്ങളാണ് അത്തരം നിമിഷങ്ങള്‍.

 

കോഴിക്കോട്ടെ നല്ല ഡ്രൈവറായിരുന്ന റോബര്‍ട്ട് എന്ന ചെറുപ്പക്കാരന്‍ ഒരുപാടു കാലം രോഗശയ്യയില്‍ കിടന്നു. അപ്പോഴൊക്കെ അയാൾ ആവശ്യപ്പെട്ടത് വചനത്തിലെ പാട്ടുകേട്ട് കിടക്കണം എന്നാണ്. ഒടുവില്‍ അവന്‍ മരിച്ചതറിഞ്ഞ് ഞാൻ ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ റോബർട്ടിന്റെ മാതാവ് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്‍ കേട്ടതൊക്കെയും കര്‍ത്താവിന്റെ പാട്ടുകളാണെന്നും അവന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുമെന്നും എന്നോടു പറഞ്ഞ് ആ മാതാവ് വിതുമ്പി. സത്യത്തില്‍ അന്നെന്റെ കണ്ണുകളും നനഞ്ഞു. ദുബായില്‍വച്ചും ഇതേ പോലൊരനുഭവമുണ്ടായി. അവിടെയൊരു പള്ളി സന്ദര്‍ശിക്കാന്‍ ഇടയായി. എന്റെ ആതിഥേയരോടൊപ്പം പോയതാണ്. പള്ളിയിലെ ചാനൽ സിസ്റ്റത്തിൽ അലൗകിക നാദം പോലെ വചനത്തിലെ പാട്ടുകള്‍ കേട്ടുകൊണ്ടിരുന്നു. ഈ ഗാനങ്ങൾ ഞാനെഴുതിയതാണെന്നു പറഞ്ഞപ്പോള്‍ അവിടുത്തെ പുരോഹിതൻ എന്നെ അഭിനന്ദിച്ചു കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ ധാരണ തച്ചങ്കരിയാണ് ഈ ഗാനങ്ങളെല്ലാം എഴുതിയതെന്നാണ്. പച്ചക്കല്ലുവച്ച ഒരു കുരിശുമോതിരം അദ്ദേഹം എന്റെ വിരലിൽ അണിയിച്ചു തന്നു. ഇതു പോലെ ഇനിയുമെഴുതണമെന്ന് പ്രാർഥിച്ചു. അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍’’ – പി. കെ. ഗോപി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT