കൂട്ടുകാരന്റെ മൃതദേഹം ഏറ്റുവാങ്ങവേ മനസ്സിൽ ആ വരികൾ തെളിഞ്ഞു; ‘പോകുന്നേ ഞാനും എന്‍ ഗൃഹം തേടി’, നോവോർമ!
Mail This Article
മരണത്തിന്റെ സത്യവും ആഴവും അത്രമേല്‍ നിറഞ്ഞ വരികളും ഈണവും. അതുകൊണ്ടാകാം ആ പാട്ടിന്റെ വിഷാദരാഗം ചിലപ്പോഴൊക്കെ മരണത്തെ ഓര്‍മപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും. കേവലമായ ഒരു വികാരത്തെ ഉണര്‍ത്തുക മാത്രമായിരുന്നില്ല, മരണത്തിന്റെ പ്രതീക്ഷകള്‍ നല്‍കുന്ന വഴികളിലൂടെ സഞ്ചരിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസവും മരണപ്പെട്ടവര്‍ക്ക് പ്രാര്‍ത്ഥനയുമായി ആ ഗാനം. അപൂര്‍വമായൊരു പാട്ടായിരുന്നു ചിറ്റൂര്‍ ഗോപി - ടോമിന്‍ ജെ. തച്ചങ്കരി കൂട്ടുകെട്ടില്‍ പിറന്ന 'പോകുന്നേ ഞാനും എന്‍ ഗൃഹം തേടി' എന്ന ഗാനം. ഇന്നും ക്രിസ്ത്യന്‍ സംസ്‌കാര ശുശ്രൂഷകളില്‍ ഈ പാട്ടൊഴിവാക്കി ഒരു മടക്കയാത്രയില്ല. മരണംപോലും മഹത്വമെന്ന് ഓര്‍മപ്പെടുത്തുകയും ആശ്വാസം പകരുകയുമാണ് എം. ജി. ശ്രീകുമാര്‍ ആലപിച്ച 'വാഗ്ദാനം' എന്ന ആൽബത്തിലെ ഈ ഗാനം.
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍ ...
എത്തുന്നേ ഞാനും നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
മൗനം പുതച്ച ഇരുട്ടാണ് പുറത്ത്. ജനാലയിലൂടെ പതിയെ ഒഴുകിയെത്തിയ കാറ്റും മുഖം കുനിച്ചാണ് കടന്നു വരുന്നത്. ടോമിന്‍ ജെ. തച്ചങ്കരിയുടെ തമ്മനത്തെ വീട്ടിൽ പാട്ടെഴുതാനുള്ള ധ്യാനത്തിലാണ് ചിറ്റൂര്‍ ഗോപി. ക്രിസ്തീയഭക്തിഗാനത്തിനും അപ്പുറം ചിലതൊക്കെ എഴുതാനുള്ള സന്ദര്‍ഭം. ട്യൂണ്‍ മുന്‍കൂട്ടി നല്‍കിയത് വീണ്ടും വീണ്ടും കേട്ടു. മരണത്തില്‍ നിന്നുള്ള യാത്ര ദൈവസവിധത്തിലേക്കാണ്. ആ യാത്രയില്‍ ഒന്നും ഭയപ്പെടാനില്ല. ട്യൂണിനൊപ്പം സന്ദര്‍ഭവും ടോമിന്‍ തച്ചങ്കരി പങ്കുവച്ചു. ആദ്യവരിയില്‍ നിന്ന് അവസാനവരിയിലേക്ക് ഒറ്റ ഇരുപ്പില്‍ തന്നെ എത്താന്‍ ചിറ്റൂര്‍ ഗോപിയ്ക്കായി. പാട്ട് പൂര്‍ത്തിയാക്കി ടോമിന്‍ തച്ചങ്കരിക്ക് നല്‍കുമ്പോള്‍ നിറഞ്ഞ പുഞ്ചിരി. ട്യൂണിനൊത്ത് എഴുതിയ പാട്ടെന്ന് ആര്‍ക്കും തോന്നില്ല.
"ആ പാട്ടെഴുത്ത് എനിക്കൊരു ദൈവനിയോഗമാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം," ചിറ്റൂര്‍ ഗോപി ഓർക്കുന്നു. "അത്രയും വേഗത്തില്‍ എഴുതി പൂര്‍ത്തിയാക്കി. പാട്ടെഴുത്തില്‍ നമുക്ക് കിട്ടുന്ന വലിയ ഭാഗ്യമാണ് ഇത്തരം സന്ദര്‍ഭങ്ങളും ട്യൂണുമൊക്കെ. കാലമിത്രയൊക്കെ കടന്നിട്ടും ഇന്നും ഈ പാട്ട് കേള്‍ക്കാം." ചിറ്റൂര്‍ ഗോപി പറയുന്നു.
ഭക്തിഗാനമെന്ന വിശേഷണത്തില്‍ നിന്ന് എല്ലാകാലത്തും ഈ ഗാനം മാറി സഞ്ചരിച്ചു. മരണവീടുകളിലെ ഒഴിവാക്കാന്‍ കഴിയാത്ത ഗാനമായി. മരണത്തിന്റെ ഘനീഭവിച്ച നിശബ്ദതയിലേക്ക് ഈ ഗാനം എത്തിയപ്പോഴൊക്കെ കേള്‍വിക്കാരുടെ കണ്ണുകള്‍ നിറച്ചു. ഇത്തരം നിരവധി അനുഭവങ്ങള്‍ ചിറ്റൂര്‍ ഗോപിയുടെ ജീവിതത്തിലും കടന്നെത്തി. സ്വന്തം വരികളുടെ ആഴത്തില്‍ ഹൃദയം പൊള്ളിനീറുക... "വയലിന്‍ ജേക്കബ് എന്റെ അടുത്ത സുഹൃത്തായിരുന്നു. എപ്പോഴും എന്തിനും കൂടെ നിന്നൊരാള്‍. അപ്രതീക്ഷിതമായിരുന്നു അവന്റെ മരണം. എറണാകുളം അമൃത ഹോസ്പിറ്റലില്‍ നിന്ന് പ്രിയപ്പെട്ട കൂട്ടുകാരന്റെ മൃതദേഹം പുറത്തേക്ക് എത്തിക്കുമ്പോള്‍ എന്നില്‍ നിറഞ്ഞത് ഞാനെഴുതിയ വരികള്‍ തന്നെയായിരുന്നു. ദേഹമൊന്നൊരാ വസ്ത്രമൂരി ആറടി മണ്ണിലേക്ക് അവന്‍ പോകുകയാണ്. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി... ഞാനെഴുതിയ വരികള്‍ എന്നെ നുള്ളിനോവിക്കുന്നപോലെ...."
ദേഹമെന്നോരാ വസ്ത്രമൂരി ഞാന്‍ ആറടി മണ്ണിലാഴ്ത്തവേ...
ഭൂമിയെന്നോരാ കൂട് വിട്ടു ഞാന്‍ സ്വര്‍ഗമാം വീട്ടില്‍ ചെല്ലവേ...
മരണത്തിനുമേല്‍ എഴുതിയ ഭംഗിയുള്ള കവിതയായിരുന്നു ചിറ്റൂര്‍ ഗോപിയുടെ വരികള്‍. ഈ വരികള്‍ ആലപിക്കുമ്പോള്‍ ഗായകനായ എം.ജി.ശ്രീകുമാറിനു വല്ലാതെ ഭയം തോന്നിയിരുന്നതായി ടോമിന്‍ ജെ. തച്ചങ്കരി പങ്കുവച്ചിരുന്നു. ഭാര്യ അനിതയുടെ മരണവേളയില്‍ ഈ പാട്ടുകേള്‍ക്കുമ്പോള്‍ താന്‍ തകര്‍ന്നുപോയെന്നും തന്റെ സംഗീതജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച പാട്ട് പോകുന്നേ ഞാനും എന്‍ ഗൃഹം തേടി എന്നതാണെന്നും തച്ചങ്കരി പറയുന്നു.
മലയാളികളില്‍ പലര്‍ക്കും പ്രിയപ്പെട്ടവരുടെ മരണകാലത്തിന്റെ സംഗീതമാണ് ഇന്നും ഈ പാട്ട്. എന്നിട്ടും പാട്ടെഴുതിയ ചിറ്റൂര്‍ ഗോപിയെ തിരിച്ചറിഞ്ഞില്ല. പാട്ടുകളെഴുതുന്ന ചില വൈദികരാണ് ഈ ഗാനവും രചിച്ചതെന്ന് കരുതുന്നവരും ഏറെയാണ്. ചിറ്റൂര്‍ ഗോപിയാണെന്ന് അറിഞ്ഞവര്‍ക്കാകട്ടെ ഹിന്ദുമത സംസ്‌കാരത്തില്‍ വളര്‍ന്ന ഗോപി ഈ പാട്ട് എങ്ങനെ എഴുതി എന്ന അതിശയവും. "എന്നോട് പലരും ചോദിക്കുന്ന സംശയമാണിത്. എനിക്കിന്നും അതിന് ഒരു ഉത്തരമില്ല. സംഭവിച്ചുപോയതാണ്. ദൈവം എന്റെ കൈപിടിച്ച് എഴുതിച്ച അവസ്ഥയായിരുന്നു ഇതെഴുതുമ്പോള്‍," ചിറ്റൂര്‍ ഗോപി പറയുന്നു.
English Summary: P.K.Gopi opens up about the song Pokunne Njnanum