മേൽശാന്തിയുടെ വീട്ടില്‍ ഭക്ഷണം, തിണ്ണയിൽ പായ വിരിച്ച് ഉറക്കം; യേശുദാസിന്റെ മൂകാംബിക ദിനങ്ങൾ!

yesudas-adige
പരമേശ്വര അഡിഗ, ഗോവിന്ദ അഡിഗ, കെ.ജെ.യേശുദാസ്
SHARE

കലയുടെ കുങ്കുമപ്പൊട്ടണിഞ്ഞ മൂകാംബിക. കുടാജാദ്രിയെ തഴുകിയെത്തുന്ന കാറ്റും സൗപര്‍ണികാ തീർഥവുമൊക്കെ കലകളായി മാറുന്നതും അതുകൊണ്ടാണ്. കലാനായികയുടെ കാല്‍ക്കല്‍ നമസ്‌ക്കരിക്കുമ്പോള്‍ തന്റെയുള്ളിലെ കലകള്‍ക്കൊക്കെ മാറ്റുകൂടുമെന്നാണ് കലാകാരന്മാരുടെ വിശ്വാസം. സരസ്വതി മണ്ഡപം മനസ്സായി മാറുന്നതും അതുകൊണ്ടാകാം. ഇവിടെ വിരിയാത്ത കലകളും നമസ്‌ക്കരിക്കാത്ത കലാകാരന്മാരുമില്ല. വിശ്വനായികയെ തൊഴാന്‍ ഗന്ധര്‍വഗായകന്‍ മുടക്കം വരാതെ വന്നു പോയതും ഈ ഭക്തികൊണ്ടു തന്നെ. യേശുദാസിന്റെ മൂകാംബികയിലേക്കുള്ള യാത്രയ്ക്കു പറയാനുള്ളത് ഭക്തിയുടെ മാത്രം കഥകളല്ല. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ തപസ്സിന്റെ അധ്യായങ്ങള്‍ കൂടിയാണ്.

യേശുദാസിനു പാട്ടിനോളം പ്രിയപ്പെട്ടതാണ് മുകാംബിക. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി ഇവിടവുമായുള്ള പരിശുദ്ധി ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നു. ആ സ്വരത്തിന്റെ മധുരവും സംഗീതത്തിന്റെ ജീവനും അമ്മയാണെന്നാണു വിശ്വാസവും. ജനുവരി 10ന് എല്ലാ പിറന്നാള്‍ ദിനത്തിലും മുടക്കം വരാതെ ആ തിരുനടയില്‍ എത്തുന്നതും അതുകൊണ്ടു തന്നെ.

യേശുദാസിന്റെ സംഗീതജീവിതത്തിലെ വളര്‍ച്ചയുടെ പ്രധാനഘട്ടമാണ് അറുപതുകള്‍. ആ ശബ്ദം ചലച്ചിത്രഗാനങ്ങളിലേക്ക് എത്തുന്നതും ശ്രദ്ധേയനാകുന്നതുമായ കാലം. ഇക്കാലത്തു തന്നെയാണ് യേശുദാസ് മൂകാംബികയിലേക്ക് എത്തുന്നത്. കലാദേവതയായ സരസ്വതി ദേവിയോടുള്ള ഇഷ്ടവും ആരാധനയുമായിരുന്നു അതിന്റെ പ്രധാന കാരണം. ഗുരുവായ ചെമ്പൈയുടെ നിര്‍ദേശവും മൂകാംബികയിലേക്ക് അടുപ്പിച്ചു. 

യാത്രാസൗകര്യങ്ങളും താമസസൗകര്യവുമൊക്കെ കുറഞ്ഞ പ്രദേശമാണ് അന്ന് മൂകാംബിക. ക്ഷേത്രം മേല്‍ശാന്തിയായിരുന്ന കൃഷ്ണ അഡിഗയുടെ വീട്ടിലാണ് അന്ന് യേശുദാസിന്റെ താമസവും ഭക്ഷണവുമൊക്കെ. അഡിഗ ആദ്യകാലത്ത് തന്റെ തറവാട്ടില്‍ താമസമൊരുക്കിയും ഭക്ഷണമൊരുക്കിയുമൊക്കെ യേശുദാസിനെ പരിചരിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകന്‍ ഗോവിന്ദ അഡിഗ ആ നിയോഗം ഏറ്റെടുത്തു. അക്കാലത്തെ യേശുദാസിനെ ഓര്‍ത്തെടുക്കുകയാണ് ഗോവിന്ദ അഡിഗ, '60കളുടെ പകുതിയോടെയാണ് യേശുദാസ് മൂകാംബികയിലേക്ക് എത്തി തുടങ്ങിയത്. അന്ന്  ഇവിടെ താമസസൗകര്യങ്ങളൊക്കെ കുറവാണ്. അതുകൊണ്ട് താമസം എന്റെ കുടുംബവീട്ടിലാണ് ഒരുക്കിയിരുന്നത്. പിന്നീട് 1972 മുതലാണ് മുടങ്ങാതെ അമ്മയെ കാണാന്‍ എത്തി തുടങ്ങിയത്. അന്ന് ഒരു ചെറിയ ഗസ്റ്റ് ഹൗസ് ഇവിടെയുണ്ട്. വരുമ്പോഴൊക്കെ മിക്കവാറും എന്റെ തറവാട്ടിലോ അല്ലെങ്കില്‍ ഈ ഗസ്റ്റ് ഹൗസിലോ ആണ് താമസം.

തിരുവനന്തപുരത്തു നിന്നുള്ള മിത്രന്‍ തിരുമേനിയാണ് ആദ്യമായി അദ്ദേഹത്തെ ഇവിടെ എത്തിക്കുന്നത്. അദ്ദേഹത്തിന് എന്റെ പിതാവുമായി നല്ല ബന്ധമാണ്. മിത്രന്‍ തിരുമേനി യേശുദാസിന് അച്ഛനെ പരിചയപ്പെടുത്തി. എവിടെ താമസിച്ചാലും ഭക്ഷണം മൂന്നു നേരവും തറവാട്ടില്‍ നിന്നായിരുന്നു. അതിന്നും തുടരുന്നു എന്നത് വലിയ സന്തോഷമാണ്. ഇപ്പോള്‍ വന്നാലും ഭക്ഷണം ഈ തറവാട്ടില്‍ തന്നെ ഒരുക്കും. ഞങ്ങള്‍ കഴിക്കുന്നതെന്തോ അത് മതി എന്നാണ് അദ്ദേഹം പറയുന്നത്.

രാവിലെ പിതാവിനൊപ്പം ക്ഷേത്രത്തിലേക്കു പോകും. പൂജാകാര്യങ്ങളിലെല്ലാം പങ്കാളിയാകും. പിന്നെ സരസ്വതി മണ്ഡപത്തിലിരുന്ന് ആസ്വദിച്ച് പാടും. ആദ്യകാലത്തൊക്കെ അദ്ദേഹം അവിടെയിരുന്ന് സാധകം ചെയ്യുന്നത് കേട്ടിട്ടുണ്ട് ഞാന്‍. എന്റെ തറവാട്ടില്‍ കിടന്നുറങ്ങുന്ന രാത്രികളില്‍ മുന്നിലെ തിണ്ണയില്‍ പായിട്ട് അവിടെ മാത്രമേ കിടന്നുറങ്ങൂ. എത്രയോ രാത്രികളില്‍ അദ്ദേഹം അങ്ങനെ ഉറങ്ങിയിരിക്കുന്നു. അച്ഛനോടു വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. ഇടയ്ക്കൊക്കെ അച്ഛന്‍ പാടാന്‍ പറയുമ്പോള്‍ അദ്ദേഹം അമ്മയുടെ കീര്‍ത്തനങ്ങള്‍ മനോഹരമായി പാടി തുടങ്ങും. കണ്ണടച്ച് അത് കേട്ടിരിക്കാന്‍ കഴിയുന്നതു തന്നെ ഒരു ഭാഗ്യമാണ്. അച്ഛന്റെ മരണത്തിനു ശേഷം അദ്ദേഹം എപ്പോള്‍ ഇവിടേക്കു വന്നാലും ആദ്യം വിളിക്കുക എന്നെയാണ്. ഈ തറവാടുമായി അത്രമേല്‍ ആത്മബന്ധമാണ് അദ്ദേഹത്തിന്, 'ഗോവിന്ദ അഡിഗ പറയുന്നു

1993ല്‍ കൃഷ്ണ അഡിഗയുടെ തറവാടിനോടു ചേര്‍ന്ന് ഭഗീരഥി ലോഡ്‌ജെത്തി. പിന്നീടങ്ങോട്ട് യേശുദാസിന്റെ മൂകാംബിക സന്ദര്‍ശനവേളയിലെ താമസം അവിടെയായിരുന്നു. അപ്പോഴും ഭക്ഷണം കൃഷ്ണ അഡിഗയുടെ വീട്ടില്‍ നിന്നു തന്നെ. ഭഗീരഥി ലോഡ്ജിന്റെ ഉടമസ്ഥനും കൃഷ്ണ അഡിഗയുടെ സഹോദരപുത്രനുമായ പരമേശ്വര അഡിഗയ്ക്ക് യേശുദാസിനെക്കുറിച്ച് പറയാന്‍ നൂറു നാവാണ്, 'അദ്ദേഹത്തെ ആദ്യകാലം മുതല്‍ തന്നെ നന്നായി അറിയാം. അന്ന് തറവാട്ടു വീട്ടിലാണ് ഞാനും താമസം. യേശുദാസ് അവിടെ വരുമ്പോള്‍ പെരുമാറ്റം കൊണ്ട് എല്ലാവരേയും അതിശയിപ്പിച്ചിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഞങ്ങള്‍ക്കും അത്ര പരിചിതമായിരുന്നില്ല. ഒരു ഗായകന്‍ മാത്രം. പിന്നീടാണ് അദ്ദേഹത്തിന്റെ ശബ്ദം എല്ലാ ഭാഷകളിലേക്കും എത്തുന്നത്. അതോടെ ആ മഹാഗായകന്റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. ക്ഷേത്രത്തില്‍ നിന്നു കൊണ്ടുവരുന്ന നേദ്യചോറും പായസവുമൊക്കെ ഞങ്ങളെല്ലാവരും പങ്കിട്ടു കഴിക്കുന്നത് ഇന്നും ഓര്‍മയുണ്ട്. 

ഭഗീരഥി ലോഡ്ജ് വന്നതോടെ അദ്ദേഹം താമസം അവിടേക്കു മാറ്റി. വര്‍ഷങ്ങളോളം അവിടുത്തെ ഇരുപത്തി മൂന്നാം നമ്പര്‍ മുറിയിലായിരുന്നു ക്ഷേത്രത്തില്‍ വരുമ്പോഴൊക്കെ താമസം. ഇപ്പോള്‍ സൗകര്യാര്‍ഥം ക്ഷേത്രത്തിനോടു ചേര്‍ന്നൊരു ഹോട്ടലിലാണ് താമസം. 

അദ്ദേഹം ഒറ്റയ്‌ക്കൊക്കെ ഇരുന്ന് സരസ്വതി മണ്ഡപത്തില്‍ പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതൊരു സുഖമുള്ള അനുഭവമല്ലേ. അമ്മയെ തൊഴുതു നില്‍ക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദം കേള്‍ക്കുക...' പരമേശ്വര അഡിഗ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS