ADVERTISEMENT

പന്ത്രണ്ടു മണിയോടെ എണാകുളം നോർത്തിൽ വന്നുചേരേണ്ട മലബാർ എക്സ്പ്രസ് പ്ലാറ്റുഫോമിലേക്കു കടന്നപ്പോൾ ഒരു മണി കഴിഞ്ഞു. ബർത്ത് മുകളിലാണ്. സുഖമായി ഉറങ്ങണമെന്നു കരുതിയെങ്കിലും ഉറക്കം ദൂരെ മാറിപ്പോയി. വാട്ട്സാപ്പ് തുറന്നു, ഉറക്കം കെട്ടുകിടക്കുന്ന ചങ്ങാതിമാരെയൊന്നും കണ്ടു കിട്ടിയില്ല. പാട്ടുപ്രേമികളുടെ ഗ്രൂപ്പിൽ എത്തിനോക്കിയതും ഏതാനും വരികൾ മിന്നിമറഞ്ഞു,

 

'രമണീയ രാവിൽ നാം വിടർത്തും 

നീഹാര ദീപ്‌തികൾ

അനുരാഗമോ ഏകാന്തമൗനമോ'?

 

പ്രിയപ്പെട്ട പാട്ടിലെ വരികൾ. ഒരു പുഞ്ചിരി ഇട്ടുകൊടുത്തതിനു പിന്നാലെ പാട്ടും എത്തി - 'ഒരു പോക്കുവെയിലേറ്റ താഴ്‌വാരം'. അതു കേട്ടു തീർന്നതേ വേറൊനായി. ഇങ്ങനെ പല ഭാഷകളിലുള്ള ഏഴെട്ടു പാട്ടുകൾ തുടർച്ചയായി വന്നുവീണു. എല്ലാം ഒരാളുടെതന്നെ ഗാനസൃഷ്ടികൾ. ആരപ്പാ ഈ നട്ടപ്പാതിരാത്രിയിൽ കീരവാണിയെ ഉപാസിക്കുവാൻ? മറുപടിയായി ഒരു ചുവന്ന ഹൃദയം ഉടനേ തെളിഞ്ഞു, പുറകേ ശുഭരാത്രിയും. രാവിലെ ഉണർന്നപാടേ ഞാൻ ആലോചിച്ചു നോക്കി, നേരംകെട്ട നേരത്ത് ഇത്ര തീവ്രമായി കീരവാണിയെ സ്നേഹിക്കുന്നയാൾ ആരാണാവോ? കണ്ടുപിടിക്കാൻ അൽപവും പ്രയാസമില്ല. ഒരു ഫോൺകോൾ മതി. പക്ഷേ വേണ്ടെന്നു വച്ചു. കാരണം മനുഷ്യമനസ്സുകളെ മൃദുലമായി തൊട്ടുണർത്താൻപോന്ന നൂറു നൂറു ഗാനങ്ങൾ സമ്മാനിച്ച പ്രതിഭാശാലിയായ കീരവാണിയെ സ്നേഹിക്കുവാൻ നാളും നേരവും നോക്കണമെന്നുണ്ടോ?

 

കീരവാണി ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയപ്പോൾ അദ്ദേഹവുമായി ബന്ധപ്പെട്ട പഴയ ചില പത്രവാർത്തകളും ഓർമയിൽ തെളിഞ്ഞു. അവയൊന്നിൽ കീരവാണി പറയുന്നു - 'ഇന്ത്യൻ സംഗീതം വലിയൊരു  സാധ്യതയാണ്. ഏതു വെല്ലുവിളിയെ നേരിടാനും നമ്മുടെ സംഗീതപദ്ധതിയിൽ മാർഗങ്ങളുണ്ട്. ഏതു മാനസികഭാവത്തെയും കൊണ്ടുവരാൻ കഴിയുന്ന രാഗവൈവിധ്യം ഇന്ത്യൻ സംഗീതത്തിൽ മാത്രമേ ഞാൻ കാണുന്നുള്ളൂ. അതിൽ വെസ്റ്റേൺ മ്യുസിക്കിൽനിന്നുള്ള ചില ചിന്തകൾ സർഗാത്മകമായി കൂട്ടിച്ചേർത്താൽ പുതിയ മ്യുസിക്കൽ പാറ്റേണുകളുണ്ടാകും. ബോളിവുഡ് ഉൾപ്പെടെ, പഴയ തലമുറയിലെ സംഗീതസംവിധായകർ എല്ലാവരും ഇങ്ങനെ പുതിയ ട്യൂണുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഞാനും പാശ്ചാത്യസംഗീതത്തിൽനിന്നു പ്രചോദനം സ്വീകരിക്കുന്നുണ്ട്. പക്ഷേ ഒരു കാര്യത്തിൽ എനിക്കു വളരെ നിർബന്ധമാണ്. ഏതു ഘടകങ്ങൾ ഉൾപ്പെടുത്തിയാലും ഞാൻ സൃഷ്ടിക്കുന്ന ഗാനം ഒരു തികഞ്ഞ ഇന്ത്യൻ ഗാനമായിരിക്കണം. അതിൽ വിദേശികളുടെ അവകാശം അൽപവും ഉണ്ടാകാൻ പാടില്ല.'. ഓസ്കർ ജേതാവായ എം.എം.കീരവാണി സിനിമാസംഗീതത്തിൽ പടിഞ്ഞാറൻ സംഗീതം ചെലുത്തുന്ന ആധിപത്യത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾക്കു നൽകിയ മറുപടി സ്വന്തം സംഗീതസങ്കൽപങ്ങളുടെയും സാക്ഷിമൊഴിയായി.

 

പാശ്ചാത്യസംഗീതവുമായി വച്ചുപുലർത്തുന്ന സൗഹൃദത്തെ കൃത്യമായി നിർവചിച്ച കീരവാണി വർഷങ്ങൾക്കുശേഷം ഓസ്കർ വേദിയിൽ കയറിനിന്നപ്പോൾ തീർച്ചയായും അഭിമാനിച്ചിട്ടുണ്ടാകും, ഭാരതീയസംഗീതത്തെ ലോകോത്തര പുരസ്കാരത്തിനു പ്രാപ്തമാക്കിയ ഒരു ഇന്ത്യൻ  ഗാനം ഇതാ ഞാൻ സൃഷ്ടിച്ചിരിക്കുന്നു! കീരവാണിയുടെ ഈ അഭിമാനം ഭാരതീയരുടെ മുഴുവൻ അഭിമാനമാണ്. കാരണം ‘നാട്ടു നാട്ടു ‘ എല്ലാ അർഥത്തിലും ഒരു ഇന്ത്യൻ ഗാനമാണ്. ഇത്രമേൽ കഥാസന്ദർഭത്തോടു ചേർന്നുപോകുന്ന ഒരു ചലച്ചിത്രഗാനസങ്കൽപം സമീപകാലത്തൊന്നും നമ്മൾ പരിചയപ്പെട്ടിട്ടില്ല. പാട്ടിനെ സിനിമയിൽനിന്നു പറഞ്ഞുവിടാനുള്ള ശ്രമങ്ങൾ വിജയത്തിലേക്കടുക്കുന്ന വേളയിൽ ഒരു ഗാനം സിനിമയെക്കാൾ വളർന്നുപൊങ്ങുന്ന മനോഹരദൃശ്യം പാട്ടുപ്രേമികളെ വളരെ സന്തോഷിപ്പിക്കുന്നു.

 

സംഗീതസംവിധായകനെന്നനിലയിൽ മുപ്പതിലേറെ വർഷത്തെ അനുഭവപരിചയമുള്ള കീരവാണി ഈണം നൽകിയ പാട്ടുകളൊന്നും നാളിതുവരെ ജനശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല. ഓരോ പാട്ടിലും അദ്ദേഹം നൽകുന്ന ആത്മാർപ്പണം അത്രമേൽ  അഗാധമാണ്. ‘നാട്ടു നാട്ടു‘ ഈ പരമ്പരയിലെ പ്രധാന കണ്ണിയായി നിൽക്കുന്നു. സംഗീതജീവിതത്തിലെ ഏറ്റവും സംഘർഷം നിറഞ്ഞ കാലമായി ‘നാട്ടു നാട്ടു’വിനു വേണ്ടി ചിലവിട്ട നാളുകളെ കീരവാണി വിശേഷിക്കുന്നു. ഉറക്കം മാറിനിന്ന മാസങ്ങളുടെ കഠിനാധ്വാനത്തിൽനിന്നു വിടർന്നുവന്ന ഗാനം ലോകത്തിനു മുന്നിൽ കൊടി പാറിനിൽക്കുമ്പോൾ ഇന്ത്യൻ സംഗീതത്തിൽ അദ്ദേഹം ഉറപ്പിച്ചുവച്ചിട്ടുള്ള വിശ്വാസം പിന്നെയും തെളിയിക്കപ്പെടുന്നു.

 

സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ചവരുടെ ഓർമകൾ ഉൾക്കൊള്ളുന്ന ‘ആർആർആർ’ അടിമ ഭാരതത്തിലെ ധീരന്മാരുടെ സഹനങ്ങൾ കാണിച്ചു തരുന്നു. അവരുടെ ദേശീയബോധവും സ്വാതന്ത്ര്യബോധവും ഒരേസമയം അവതരിപ്പിക്കുന്ന കഥാസന്ദർഭത്തിലേക്കുള്ള ഗാനം ഏതു സംഗീത സംവിധായകനെയും ഒട്ടു ഭയപ്പെടുത്തും. ഈ ഭയപ്പാടോടെ ഈണമിട്ട ഗാനം തുടക്കത്തിൽ രാജമൗലിയുടെ സങ്കൽപ്പത്തോടു ചേർന്നുവന്നില്ല. സംവിധായകസംതൃപ്തിയെ സർവപ്രധാനമായി കാണുന്ന കീരവാണിയുടെ ഭാവന പുതിയ ശാദ്വലതകളിൽ അലഞ്ഞു. വൈകാതെ രാജമൗലി ആഗ്രഹിച്ച രണ്ടു ഘടകങ്ങളായ ധീരതയും ദേശാഭിമാനവും പാട്ടിൽ കൊണ്ടുവരാൻ സാധിച്ചെങ്കിലും അതിൽനിന്നു പിന്നെയും കീരവാണി മുന്നോട്ടുപോയി, നാടോടി സംഗീതത്തിന്റെ ചടുലതയും ജൈവസ്വഭാവവും അതിൽ കൂട്ടിച്ചേർത്തു. അങ്ങനെ അടിസ്ഥാനപരമായി ഇന്ത്യൻ സംഗീതത്തിനു രൂപം നൽകിയ ഘടകങ്ങൾ ‘നാട്ടു നാട്ടി’ൽ പുനർജനിച്ചു. ഇങ്ങനെ ഇലകളിൽനിന്നു തായ്‌വേരിലേക്കു സംഗീതസഞ്ചാരം ഭാരതീയ സംഗീതത്തിന്റെ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന ഒരു ഗാനത്തിനു കാരണമായി.

 

പുറകോട്ടുനോക്കിയാൽ ഓസ്കർ തരമാകാതെപോയ നിരവധി മഹത്തരങ്ങളായ സിനിമകളെ ഓരോ കാലത്തും നമുക്കു കാണാൻ സാധിക്കും. ഗാനങ്ങളും അത്രതന്നെയുണ്ട്. ഇളയരാജയും എം.എസ്.വിശ്വനാഥനും ഒർജിനൽ സൗണ്ട് ട്രാക്ക് വിഭാഗത്തിൽ മത്സരിച്ചു വിജയിക്കാൻതക്ക യോഗ്യതയുള്ള നിരവധി ഗാനങ്ങൾ നിർമിച്ചിട്ടുണ്ട്. എന്നാൽ ഏഷ്യൻ രാജ്യങ്ങളുടെ സംഗീതമൂല്യങ്ങളിലേക്കു ചെവി തുറന്നുകൊടുക്കാൻ വിദേശികൾ പലപ്പോഴും തയാറാവുന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ സംഗീതപദ്ധതിയും അവയിലൂടെ നിർമിക്കപ്പെടുന്ന മെലഡികളും പരദേശികളുടെ സംഗീതശീലങ്ങൾക്കു പരിചയമുള്ളതല്ല. ഈ സങ്കുചിതസ്ഥിതിയെ മാറ്റിയെടുക്കാൻ എ.ആർ.റഹ്മാനു സാധിച്ചു, ഇപ്പോൾ കീരവാണിക്കും. ഇവർക്കു ലഭിച്ച വിശ്വവിഖ്യാത പുരസ്കാരം പുതിയ സംഗീതസംവിധായകരുടെ രചനകളെ ആഗോളശ്രദ്ധയിൽ കൊണ്ടുവരാൻ എന്തുകൊണ്ടും സഹായകമാകും.. 

 

സർവതന്ത്ര സ്വതന്ത്രമായ സംഗീത കൽപ്പനകളിൽ രൂപംകൊള്ളുന്ന നാടോടിസംഗീതത്തിൽ അടിസ്ഥാനപ്പെടുത്തിയ ‘നാട്ടു നാട്ടു’ ഗാനം സംഗീതപണ്ഡിതർക്കും രസിക്കാൻ വക നൽകുന്നുണ്ട്. നട്ടുവഴക്കങ്ങളിലൂടെ ഊർജ്വസ്വലതയോടെ മുന്നോട്ടുപോകുന്ന ഗാനം രാഗഭാവങ്ങളെയും പതിയെ തൊട്ടുരുമ്മുന്നു. ശാസ്ത്രീയരാഗങ്ങളുടെ ഛായകൾ അവിടവിടെയായി അതിനുള്ളിലും തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ നാട്ടു നാട്ടിനെ സമീപിച്ചാൽ അതിൽ മധ്യമാവതി രാഗത്തിൽ പൊതുവേ പ്രയോഗിക്കുന്ന ചില സ്വരസ്ഥാനങ്ങൾ പരിചയപ്പെട്ടുവെന്നുവരാം. ചതുർശ്രുതി ഋഷഭം, കൈശികി നിഷാദം, ശുദ്ധ മധ്യമം, പഞ്ചമം എന്നിവയുടെ സംയോഗത്തിൽ നിർമിക്കപ്പെടുന്ന കേൾവിസുഖം ‘നാട്ടു നാട്ടി’ലും അനുഭവപ്പെടുന്നു. ചതുരശ്രജാതി ഏകതാളത്തിൽ തിസ്രനടയിൽ ചിട്ടപ്പെടുത്തിയതുവഴി ഗാനം എളുപ്പത്തിൽ ജനപ്രിയവുമായി. ഇങ്ങനെ ഭാരതീയസംഗീത പദ്ധതികൾക്കു യോജിച്ച സംഗീത കൽപ്പനകൾക്കുവേണ്ടിയുള്ള കീരവാണിയുടെ സംഗീതസപര്യ ‘നാട്ടു നാട്ടി’ൽ സഫലമാകുന്നതായി ഞാൻ മനസ്സിലാക്കുന്നു.

 

ചലച്ചിത്രഗാനങ്ങളുടെ നിർമിതിയിൽ സംഗീത സംവിധായകരോടൊപ്പം ഗാനരചയിതാക്കൾക്കും കൃത്യമായ പങ്കാളിത്തമുണ്ട്. ഒസ്കർ പുരസ്കാരം സത്യത്തിൽ രണ്ടുപേർക്കുമായി നൽകുന്നതാണ്. മികച്ച ഗായികയ്ക്കുള്ള ഒസ്കാർ പുരസ്കാരം നേടിയ അഡേൽ, ലേഡി ഗാഗ എന്നിവർ  അവരുടെ ഗാനങ്ങൾ ജനപ്രിയമായതിനു പിന്നിൽ ഗാനരചയിതാക്കൾക്കുള്ള പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. പോൾ എപ് വർത് ആൻഡ്രൂ വൈറ്റ്, മാർക്ക് റോൺസൺ എന്നിങ്ങനെ ചില പേരുകളും അവർ പറഞ്ഞു. അതുല്യപ്രതിഭയായ എ.ആർ.റഹ്മാൻ അവതരിപ്പിച്ച അതിനൂതനങ്ങളായ സംഗീതഭാവനകൾ, വൈരമുത്തു നൽകിയ  വരികളുടെ അഭാവത്തിൽ ഇത്രയേറെ ജനപ്രിയമാകുമായിരുന്നില്ല. കീരവാണിയുടെ വിഷയത്തിലും ഈ നിരീക്ഷണം ശരിയായി വരുന്നു. കാൽ നൂറ്റാണ്ടുകാലമായി ഗാനരചനയിൽ സജീവമായി പ്രവർത്തിക്കുന്ന ചന്ദ്രബോസ് എഴുതിയ ലളിതവും  അർഥപൂർണവുമായ വരികൾ നാട്ടു നാട്ടുവിനെ ജനങ്ങളുമായി പരമാവധി അടുപ്പിച്ചു. കീരവാണിയുടെ മകനായ കാലഭൈരവ, ഫോക് റാപ് ഗായകനായ രാഹുൽ സിപ്ലി ഗുഞ്ജ് എന്നിവരിലൂടെ ഈ ഗാനം   ഓരോ വീട്ടുമുറ്റത്തും എത്തിച്ചേർന്നിരിക്കുന്നു.

 

ഇന്ത്യൻ സിനിമയുടെ സംഗീതപാരമ്പര്യത്തെ വീണ്ടും ഉറപ്പിച്ചു കൊടുക്കുന്ന ‘നാട്ടു നാട്ടg’ പലതലങ്ങളിലും  ചരിത്രപ്രാധാന്യം അർഹിക്കുന്നുണ്ട്. ഈണത്തിലെ നാട്ടുവഴക്കംകൊണ്ടും വരികളിൽ ഉപയോഗിച്ചിട്ടുള്ള ബിംബങ്ങളുടെ ഗ്രാമീണതകൊണ്ടും. ഇന്ത്യൻ ഫോക് സംഗീതശ്രേണിയിൽ ഇതും ഇടംപിടിക്കുന്നു. പുതിയ കാലത്തിനു യോജിച്ചതരത്തിൽ ഇന്ത്യൻ ചലച്ചിത്ര സംഗീതം എങ്ങനെ വഴിമാറി ഒഴുകണമെന്നുള്ള സൂചന ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അഥവാ ഇന്ത്യൻ ചലച്ചിത്രസംഗീതം ഇനി മുന്നോട്ടുപോകേണ്ട പാതയുടെ കൃത്യമായ ദിശാനിർദേശം  ഇതിലൂടെ വ്യക്‌തമാകുന്നു. ലോകമെമ്പാടും സംഗീതം ഫോക് പൈതൃകത്തിലേക്കു തിരിച്ചുപോകുന്ന യുഗസന്ധിയിൽ ‘നാട്ടു നാട്ടി’ലൂടെ പ്രകടമാകുന്ന ഗതിമാറ്റം സർവഥാ സ്വീകരിക്കപ്പെട്ടതിനുള്ള ഉയർന്ന തെളിവായി 'നാട്ടു നാട്ടി'നു ലഭിക്കുന്ന രാജ്യാന്തര അംഗീകാരത്തെ ഞാൻ തിരിച്ചറിയുന്നു. അതോടൊപ്പം അടിമ ഭാരതം കെടാതെ സൂക്ഷിച്ച കലാപാരമ്പര്യത്തെ സ്വാതന്ത്ര്യസമരം എങ്ങനെയെല്ലാം ഉപകാരപ്പെടുത്തിയെന്നും ഈ ഗാനരംഗം നമ്മെ ഓർമപ്പെടുത്തുന്നു. ഇതിങ്ങനെ എഴുതി നിർത്തുമ്പോൾ ഒന്നരവർഷം മുമ്പത്തെ രാത്രിയാത്രയിൽ കീരവാണിയുടെ അജ്ഞാതയായ ആരാധിക അയച്ചുതന്ന ചുവന്ന ഹൃദയം എന്നിൽ പിന്നെയും മിടിക്കുന്നതുപോലെയും തോന്നിപ്പോകുന്നു. 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com