ADVERTISEMENT

ഘടത്തിൽ സുരേഷ് വൈദ്യനാഥന്റെ തനിയാവർത്തനം പൂർത്തിയായാലുടൻ കാതടപ്പിച്ചു കരഘോഷമുയരും. ആ നേരത്തും അമ്മ ബാലാംബാളുടെ നേർത്ത ശബ്ദം സുരേഷിന്റെ കാതുകളിൽ പതിക്കും, ‘മോനേ, ഇന്നു കളിയാക്കുന്നവർ ഒരിക്കൽ നിന്നെ ആദരിക്കാൻ എഴുന്നേറ്റുനിന്നു കയ്യടിക്കും.’ സുരേഷിന്റെ കണ്ണുകൾ ഈറനണിയും. അത് ആസ്വാദകരുടെ അംഗീകാരമേകിയ സന്തോഷത്താലാകാം, തന്നെ താനാക്കിയ അമ്മയുടെ ഓർമയിലാകാം. പോളിയോ ബാധിച്ചു നാലാം വയസ്സുവരെ എഴുന്നേൽക്കാനാകാതെ കിടന്ന ബാലൻ. ശസ്ത്രക്രിയ വിജയിച്ചെങ്കിലും നടക്കാൻ പിന്നെയും മാസങ്ങൾ വേണ്ടിവന്നു. പ്ലാസ്റ്ററിട്ട് അനങ്ങാതെയുള്ള കിടപ്പ്. പിന്നെ മാസങ്ങളോളം ഫിസിയോതെറപ്പി. ഗർഭിണിയായ അമ്മ നാലുവയസ്സുകാരനെ ഒ‌ക്കത്തേറ്റി ചെന്നൈയിലെ റോഡിലൂടെ രണ്ടു കിലോമീറ്റർ നടക്കും. റെയിൽവേ ആശുപത്രിയിലേക്ക്. ആ നടപ്പിനിടെ അമ്മ മകനോടു പറഞ്ഞു, ‘ഒരിക്കൽ നീയും മറ്റുള്ളവരെപ്പോലെ നടക്കും. അവരെത്തുന്നിടത്തെല്ലാം നിനക്കുമെത്താനാകും, ഒരുപക്ഷേ, അൽപം വൈകുമെന്നുമാത്രം’. ആ വാക്കുകളുടെ ഊർജത്തിൽ എവിടെയും മുന്നിൽ നിൽക്കുന്ന വ്യക്തിത്വത്തിലേക്കു സുരേഷ് മാറി. ഇന്നു ഭൂഖണ്ഡാന്തര സംഗീതവുമായി ഘടനാദത്തെ സമന്വയിപ്പിക്കുന്ന മഹാപ്രതിഭ. പതിനഞ്ചു ഘടങ്ങൾവരെ വച്ചു ഘടതരംഗത്തിന്റെ നാദവിസ്മയം തീർക്കുന്ന സംഗീതജ്ഞൻ. വിഖ്യാത യുഎസ് സംഗീതജ്ഞൻ പോൾ സൈമൺസിന്റെ ‘ഡാസ്‌ലിങ് ബ്ലൂ’ എന്ന ആൽബത്തിലെ ഘടനാദം സുരേഷിന്റേതാണ്. മൃദംഗവാദനത്തിലെ വിസ്മയ കലാകാരൻ കാരൈക്കുടി മണിയോടും സുരേഷിനോടുമുള്ള ആരാധനയ്ക്കു സൈമൺസ് നൽകിയ ആദരം. ലോകമെങ്ങുമായി പരസഹസ്രം ആരാധകർ. നൂറുകണക്കിനു ശിഷ്യർ. ഘടവാദനത്തിലെ മാന്ത്രികൻ ഡോ.വി.സുരേഷ് കഥ പറയുകയാണ്.

 

സംഗീതവഴിയിലേക്ക്...

 

അമ്മയും മുത്തച്ഛനുമാണു സംഗീതത്തിലേക്കു വഴിതിരിച്ചുവിട്ടത്. ഒരു കാലിനു പോളിയോ ബാധിച്ചെന്നതുകൊണ്ടു നിന്റേത് ഒരു പാഴ്ജന്മമാണെന്ന് ഒരിക്കലും കരുതരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച അമ്മ ബാലാംബാൾ കൺകണ്ട ദൈവമായി.

വിഖ്യാത ഘടംവിദ്വാൻ വിക്കു വിനായക്റാമിന്റെ പിതാവ് ടി.ആർ.ഹരിഹരശർമയാണ് ആദ്യ ഗുരുനാഥൻ. ആറാം വയസ്സിൽ ആദ്യപഠനം മൃദംഗത്തിൽ. ഒപ്പം ഘടവും ഗഞ്ചിറയും. പിന്നീടു വിക്കു വിനായക്റാമും പഠിപ്പിച്ചു.

 

ടിവിജിയെന്ന മഹാഗുരു

 

തൃപ്പൂണിത്തുറ വിശ്വനാഥൻ ഗോപാലകൃഷ്ണൻ (ടിവിജി) എന്ന മഹാഗുരുവിലേക്കെത്താനായിരുന്നു അടുത്ത യോഗം. മൃദംഗവിദ്വാനും മികച്ച സംഗീതജ്ഞനുമെല്ലാമായ (വായ്പാട്ട്) ടി.വി.ഗോപാലകൃഷ്ണൻ. ബന്ധുവഴി ആദ്യം സമീപിച്ചപ്പോൾതന്നെ അച്ഛനോട് അദ്ദേഹം പറഞ്ഞു ‘എന്നാലെന്ന മുടിയുമോ ശെയ്റേൻ. അവൻ ഒഴൈക്കണം’ (എനിക്കാവുന്നതു ചെയ്യാം. അവൻ അധ്വാനിക്കണം.) നാലു പതിറ്റാണ്ടിലേറെയായി എന്റെ വ്യക്തിജീവിതത്തിലും സംഗീതജീവിതത്തിലും വിളക്കായി ടിവിജിയുണ്ട്. 90 പിന്നിട്ട അദ്ദേഹം ചെന്നൈയിൽ വിശ്രമജീവിത്തിലാണ്. പ്രോൽസാഹനവും സ്ഥിരോത്സാഹവുമാണു ടിവിജിയുടെ മുഖമുദ്ര. ‘അടിച്ചുപൊളിടാ, നീ ആരാണെന്നു കാണിച്ചുകൊട്’ എന്ന് ഓരോ കച്ചേരിക്കും മുൻപേ പറയും. അതു പറഞ്ഞു ടിവിജി ചിരിക്കും. അദ്ദേഹത്തിനും ഉമയാൾപുരം ശിവരാമനുമെല്ലാമിടയിൽ അതു തമാശയാണ്. സമ്മർദത്തിലാകുന്ന ഞാൻ മികവും ഊർജവും പൂർണമായി പുറത്തെടുക്കാൻ നിർബന്ധിതനാകും. അതാണു ടിവിജി ഉദ്ദേശിക്കുന്നതും.

 

‘എന്ന, മണിയെ പാത്ത് ഭയമാ?’

 

മൃദംഗത്തിൽ സൂപ്പർ സ്റ്റാർ പരിവേഷമുണ്ടു കാരൈക്കുടി മണിസാറിന്. അദ്ദേഹത്തോടൊപ്പം ആദ്യം വായിച്ച വേദി ഇന്നും മറക്കാനാകില്ല. വർഷം 1989. എനിക്കന്ന് 24 വയസ്സ്. വിഖ്യാത സംഗീതജ്ഞൻ ഡി.കെ.ജയരാമന്റെ കച്ചേരി. ടിവിജിയാണു മൃദംഗം വായിക്കാൻ മണിസാറിനെ വിളിച്ചത്. ‘എന്റെ ശിഷ്യൻ സുരേഷാകും ഘടത്തിൽ’ എന്നു ടിവിജി പറഞ്ഞപ്പോൾ മണിസാർ പറഞ്ഞു, ‘വേണ്ട, വാസൻ മതി’ (ടിവിജിയുടെ സഹോദരൻ ടി.വി.വാസൻ). എന്നാൽ ടിവിജിയുടെ നിർബന്ധത്തിനു മുന്നിൽ മണിസാറിന് അനിഷ്ടത്തോടെ വഴങ്ങേണ്ടിവന്നു.

ചെന്നൈയിലെ വിഖ്യാതമായ നാരദഗാനസഭയാണു വേദി. നിറഞ്ഞ സദസ്സ്. ഞാൻ പിരിമുറുക്കത്തിലായിരുന്നു. ടിവിജി ചോദിച്ചു, ‘എന്നഡാ, മണിയെ പാത്ത് ഭയമാ?’. ഞാൻ മുൻനിരയിൽതന്നെയുണ്ടെന്നു പറഞ്ഞു ധൈര്യം നൽകി.

കച്ചേരി തുടങ്ങി. മണിസാർ അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ സങ്കീർണനട വായിച്ചു. കാരൈക്കുടിയുടെ സങ്കീർണനട കേൾക്കാനായി മാത്രം ആരാധകർ കൂട്ടമായെത്തുന്ന കാലം. കാതടപ്പിക്കുന്ന കരഘോഷം. എന്റെ ഊഴം.

ഞാൻ സങ്കീർണം തനിയാവർത്തനത്തിൽ വായിക്കുമെന്നു മണിസാർ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നട വായിച്ച് ഉടനെ സങ്കീർണത്തിലേക്കു തിരിഞ്ഞു. ആ നിമിഷം അവിസ്മരണീയമായി. വിശ്വസിക്കാനാകാതെ ഡി.കെ.ജയരാമൻ എന്റെ നേർക്കു തിരിഞ്ഞു. മുൻനിരയിലെ ഇരിപ്പിടത്തിൽനിന്നു ടിവിജി ‘ബലേ...’ എന്ന് ഉച്ചത്തിൽ പറഞ്ഞു ചാടിയുയർന്നു. ഡി.കെ.ജയരാമനും സബാഷ് പറഞ്ഞു താളം പിടിച്ചു. അവർ പ്രോൽസാഹിപ്പിക്കുന്നതു നോക്കിക്കാണുകയായിരുന്നു മണി സാർ. ഞാൻ അവസാനിപ്പിച്ചപ്പോൾ വൻ കരഘോഷം.

 

അന്നു രാവിലെ നാലു മണിക്കൂറിലേറെ ഞാനും മൃദംഗത്തിൽ സഹോദരൻ രാജശേഖറും നടത്തിയ പരിശീലനമാണ് അതിനെന്നെ പ്രാപ്തനാക്കിയത്. മണിയുടെ സങ്കീർണരീതികൾ ഞങ്ങൾ ആവർത്തിച്ചു പരിശീലിച്ചു. ആ പ്രകടനത്തോടെ ശരിക്കുമൊരു സൂപ്പർ സ്റ്റാറായെന്ന തോന്നലാണ് എന്നിലുണ്ടായത്. അന്നുമുതൽ കാരൈക്കുടി മണി അദ്ദേഹത്തിന്റെ എല്ലാ കച്ചേരികൾക്കും എന്നെ വിളിച്ചുതുടങ്ങി. അതു വലിയ അംഗീകാരമായി. എത്രയോ വിദേശയാത്രകൾ അദ്ദേഹത്തോടൊപ്പം ചെയ്തു. 1998 മുതൽ ഞാൻ സഹകരിക്കുന്ന ഒരു ഓസ്ട്രേലിയൻ മ്യൂസിക് ബാൻഡുണ്ട്. 20 ഓസ്ട്രേലിയൻ സംഗീതജ്ഞരും മണിസാറടക്കം ഞങ്ങൾ 4 പേരും. യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലുമെല്ലാം ഈ സംഘത്തിന്റെ പരിപാടികളുണ്ടാകും. 2007ൽ ‘ഷിഫ്റ്റിങ് ഗ്രൗണ്ട്സ്’ എന്ന പേരിൽ നടത്തിയ മ്യൂസിക് ടൂർ ഏറെ ശ്രദ്ധേയമായി.

കഴിഞ്ഞ ഡിസംബറിൽ ഗോവയിൽ വിഖ്യാത തബലിസ്റ്റ് വിക്രം ഘോഷിന്റെ ‘റിഥം സ്കേപ്പിലാണ്’ 15 ഘടങ്ങളുമായി ഘടതരംഗ് ചെയ്തത്. 2018ൽ യൂറോപ്യൻ പര്യടനത്തിൽ 13 ഘടങ്ങൾ വച്ചായിരുന്നു പ്രകടനം.

 

എങ്ങനെ വ്യത്യസ്തനാകുന്നു?

 

മറ്റു ഘടം വിദ്വാന്മാരിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണു പരമ്പരാഗത വഴിവിട്ടു ഘടത്തിൽ പരീക്ഷണങ്ങൾക്കു പ്രചോദനമാകുന്നത്. ഓരോ വിദ്വാന്റെയും വാദനശൈലിയും അതുണ്ടാക്കുന്ന അനുഭവവും വ്യത്യസ്തമാണ്.

എനിക്കിപ്പോൾ 58 വയസ്സായി. ഈ പ്രായത്തിലുള്ള ഘടം വിദ്വാന്മാരിൽ പലരും കണ്ടിട്ടുപോലുമില്ലാത്ത മധുരൈ എസ്.സോമസുന്ദറിനെപ്പോലെ എത്രയോ പേർക്കായി ഘടം വായിക്കാൻ സാധിച്ചു. ഡി.കെ.ജയരാമൻ, കെ.വി.നാരായണസ്വാമി, ടി.എൻ.കൃഷ്ണൻ, ലാൽഗുഡി ജയരാമൻ, എസ്.കല്യാണരാമൻ, എം.എസ്.ഗോപാലകൃഷ്ണൻ, ടി.വി.ഗോപാലകൃഷ്ണൻ തുടങ്ങി എത്രയോ പ്രതിഭാധനന്മാർക്കൊപ്പം വായിക്കാനായി.

ഘടത്തിലെ ഉമയാൾപുരം–പഴനി ധാരകളെക്കുറിച്ചു പഠിച്ച് അവയെ ഒരുമിച്ചു കൊണ്ടുപോകുകയാണു ഞാൻ. ഘടത്തെക്കുറിച്ചുള്ള പഠനത്തിനു കേന്ദ്രസർക്കാരിന്റെ രണ്ടു വർഷത്തെ ഫെലോഷിപ്പ് കിട്ടി. പിഎച്ച്ഡിക്ക് ‘ഘടത്തിന്റെ പരിണാമം, കാലങ്ങളിലൂടെ’ ആയിരുന്നു വിഷയം.

ശബ്ദനാളിയുടെ പ്രവർത്തനം നടക്കാത്ത 20 കുട്ടികളെ സംഗീതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചതാണു സമീപകാലത്തെ ഏറ്റവും സാർഥകമായ പ്രവർത്തനം. ചെന്നൈയിലെ സിഎസ്ഐ സ്കൂൾ ഫോർ ഡഫ് ആൻഡ് ഡംപിൽനിന്നുള്ള 20 കുട്ടികളാണു സംഘത്തിലുള്ളത്. ഈ സംഘത്തിന്റെ ഒരു സംഗീതപരിപാടി കഴിഞ്ഞ നവംബറിൽ ബെംഗളൂരുവിലും പിന്നീടു ചെന്നൈയിലും നടത്തി.

 

കേരളത്തെപ്പറ്റി...

 

വളരെ ഇഷ്ടമാണു കേരളം. ഇവിടുത്തെ കുട്ടികൾ ഏറെ ഭാഗ്യവാന്മാരാണ്. നിറയെ ഉത്സവങ്ങൾ, മേളങ്ങൾ, ഗാനമേളകളടക്കമുള്ള സംഗീതപരിപാടികൾ.. സംഗീതത്തിലേക്കു ചെറുപ്രായത്തിൽതന്നെ ആകൃഷ്ടരാകാൻ ഒരുപാടു കാര്യങ്ങളുണ്ട്. ചെറുപ്രായത്തിൽതന്നെ കേരളത്തിലേക്കു ഞാൻ കച്ചേരികൾക്കായി വരാറുണ്ട്. 14 വയസ്സുള്ളപ്പോൾ ചെങ്ങന്നൂരിലെ ഒരു കച്ചേരിക്കു ചെന്നൈയിൽനിന്നു ട്രെയിനിൽ കയറ്റിവിട്ടതും കൊച്ചിയിൽ വന്നിറങ്ങി ഘടവും ഒരു മൃദംഗവും പിടിച്ചു വയ്യാത്ത കാലുമായി അലഞ്ഞതും മറക്കാനാകാത്ത അനുഭവമാണ്. ഒടുവിൽ ടാക്സി പിടിച്ചാണു സമയത്തു കച്ചേരിക്കെത്തിയത്.

 

പുതിയ തലമുറയോട്

 

ധൃതിയാണു പുതിയ തലമുറയുടെ പ്രശ്നം. എത്രയും വേഗം പ്രശസ്തരാകണം. സംഗീതത്തിൽ വിജയിച്ചുനിൽക്കുന്നവരുടെ നേട്ടങ്ങളേ പലരും കാണുന്നുള്ളൂ. അവരുടെ ത്യാഗങ്ങളും മനസ്സിലാക്കണം. സംഗീതം ബിസിനസ് അല്ല. ദൈവികതയുള്ള കലയാണത്. ഓരോ ദിവസവും പുതിയ പാഠങ്ങൾ ഉൾക്കൊണ്ടുള്ള മുന്നേറ്റത്തിനു ബഹുദൂരം പോകാനാകും. അച്ചടക്കവും ആത്മാർപ്പണവുമാകണം കൈമുതൽ. വ്യക്തിത്വം സൂക്ഷിക്കാത്ത സംഗീതജ്ഞർ ഒന്നുമല്ലാതാകുന്ന കാഴ്ച മലയാള സിനിമകളിൽതന്നെ കണ്ടിട്ടില്ലേ. ഭരതം പോലുള്ള സിനിമകൾ എങ്ങനെ മറക്കാനാകും.

 

ജീവിതമെന്ന പോരാട്ടം

 

ശാരീരിക ബുദ്ധിമുട്ടുമായാണു ഞാൻ ജീവിതത്തിലുടനീളം പോരാടിയത്. പത്താം വയസ്സു മുതൽ അച്ഛനോ ജ്യേഷ്ഠനോ ആണ് എനിക്കായി ഘടമേന്തി ഒപ്പം വന്നിരുന്നത്. പിന്നീടു സ്വയം യാത്രചെയ്തു തുടങ്ങി. ഭിന്നശേഷിക്കാർക്ക് എന്തെങ്കിലും സാധിക്കില്ല എന്നു സമൂഹം വിധികൽപിക്കേണ്ടതില്ല. പ്രോൽസാഹനമാണ് അവർ ആഗ്രഹിക്കുന്നത്. എനിക്ക് എന്റെ അമ്മ നൽകിയതുപോലെ. അമ്മയുടെ ത്യാഗമാണ് എന്റെ ജീവിതം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com