ADVERTISEMENT

സന്നിധാനത്ത് തൊഴുതു നിന്ന നിര്‍വൃതിയായിരുന്നു തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക്. കാനനവും പതിനെട്ടാം പടിയും അയ്യനയ്യനും ദീപാരാധനയുമൊക്കെ അതില്‍ നിറഞ്ഞു നിന്നതുകൊണ്ടു മാത്രമല്ല അത്. ഭക്തിയുടെ പമ്പ അവിടേക്ക് ആര്‍ത്തിരമ്പി വന്നതുകൊണ്ടുമല്ല. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ചിലതൊക്കെ കേള്‍വിക്കാരുടെ കാതുകളിലേക്ക് വരികളായും ഈണമായും പതിഞ്ഞു. അതുകൊണ്ടുതന്നെ തലമുറകള്‍ക്കിന്നും ഈ പാട്ടുകള്‍ക്ക് അരവണ മധുരമുണ്ട്. കര്‍പ്പൂരഗന്ധം പോലെ അതിന്നും നമ്മിലേക്ക് അലിഞ്ഞുചേരുകയാണ്.

 

ഓരോ മണ്ഡലകാലത്തിന്റെയും വരവറിയിച്ചാണ് തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ വന്നുപോയത്. യേശുദാസിന്റെ ശബ്ദത്തിലെ കാനനഭംഗി ആസ്വാദകന്റെ മനസ്സിനെ പച്ചപ്പണിയിച്ചു. അയ്യപ്പഭക്തിഗാനങ്ങളുടെ ഓരോ വോളിയവും മത്സരിച്ചത് അതിനോടു തന്നെ. എങ്കിലും വോളിയം ആറിലെ ഗാനങ്ങള്‍ അതിനിടയില്‍ സവിശേഷമായ സ്ഥാനം നേടി. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി - ഗംഗൈ അമരന്‍ കൂട്ടുകെട്ടിലെ പാട്ടുകള്‍ക്കിന്നും മകരനക്ഷത്രത്തിന്റെ ശോഭയാണ്. ഉദിച്ചുയര്‍ന്നു മാമലമേലെ, കാനനവാസാ കലിയുഗവരദ, മഹാപ്രഭോ, മന്ദാരം മലര്‍മഴ തുടങ്ങിയ പാട്ടുകളിന്നും പാടാത്ത മലയാളിയുണ്ടോ? അയ്യപ്പഭക്തിഗാനങ്ങളെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നതും ഈ പാട്ടുകളായിരിക്കും.

 

തുളസീതീർഥത്തിലെ പാട്ടുകള്‍ നന്നായി വന്നതോടെ തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ എഴുതാന്‍ യേശുദാസ് ചൊവ്വല്ലൂരിനെ തന്നെ ഏല്‍പ്പിച്ചു. പ്രത്യേകിച്ചു നിര്‍ദേശങ്ങളൊന്നുമില്ല. ഇഷ്ടമുള്ള പാട്ടുകള്‍, ഇഷ്ടമുള്ള ശൈലിയില്‍ എഴുതാം. പക്ഷേ ഓരോ പാട്ടിലും പുതുമയും ചടുലതയുമൊക്കെ വേണമെന്നു മാത്രം. അയ്യപ്പനില്‍ മനസ്സര്‍പ്പിച്ച ചൊവ്വല്ലൂരിന് അതൊരു നിയോഗമായിരുന്നു. നിറഞ്ഞ കണ്ണുകളോടെ പ്രിയപ്പെട്ട ഗായകനെ തൊഴുതു നിന്നു. ഭക്തിയുടെ പതിനെട്ടാം പടിയിലേറി അക്ഷരങ്ങളുടെ ഇരുമുടിയുമായി നില്‍ക്കുന്ന മനസ്സാണ് ചൊവ്വല്ലൂരിന്റേത്. നന്നാവുമെന്ന ഉറപ്പ് യേശുദാസിനുമുണ്ട്. പാട്ടിന് സംഗീതമൊരുക്കുന്നത് ഗംഗൈ അമരനാണെന്നു കേട്ടതോടെ ഉള്ളില്‍ നടതുറന്ന ഭയം മറച്ചുവച്ച് ചൊവ്വല്ലൂര്‍ ചിരിച്ചു.

 

ഗുരുവായൂരപ്പനെ തൊഴുത് അയ്യപ്പനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നെ വീട്ടിലും ജോലി സ്ഥലത്തുമൊക്കെയിരുന്ന് പാട്ടിന്റെ നെയ്ത്തേങ്ങ നിറച്ചു. മനസ്സിലേക്ക് ആര്‍ത്തിരമ്പി എത്തിയ ഈണത്തിനൊത്ത് വരികളെഴുതി. പറഞ്ഞതിലും വേഗത്തില്‍ പാട്ടുകള്‍ പൂര്‍ത്തിയായതോടെ യേശുദാസിനെ കണ്ട് പാട്ടുനിവേദ്യം സമര്‍പ്പിച്ചു. ഇങ്ങനെയൊക്കെ മതിയാകുമോ എന്ന ചൊവ്വല്ലൂരിന്റെ എളിമ നിറഞ്ഞ ചോദ്യത്തിന് യേശുദാസ് തലകുലുക്കി. സ്നേഹത്തോടെ മോനെ എന്നു വിളിച്ച് തോളില്‍ തട്ടി. ചില വരികള്‍ യേശുദാസ് വീണ്ടും വീണ്ടും വായിച്ചു നോക്കി.

 

ചില പഴയ തമിഴ്പാട്ടുകള്‍ മൂളി ഗംഗൈ അമരന്‍ അടുത്ത മുറിയിലുണ്ട്. വരികളുമായി എത്തിയ യേശുദാസിനെ കണ്ടതോടെ മുഖം തെളിഞ്ഞു. ശരണം വിളിച്ച് വരികള്‍ ഏറ്റുവാങ്ങി. ചൊവ്വല്ലൂരിനിപ്പോള്‍ കരിമല കയറുന്ന അവസ്ഥയാണ്. പാദങ്ങളും മെയ്യും തളരുന്നു. മോശമെന്ന് അദ്ദേഹത്തിനു തോന്നിയാല്‍ എല്ലാം തീര്‍ന്നു. വരികള്‍ വായിക്കും മുന്‍പ് ഗംഗൈ അമരന്‍ സ്നേഹത്തോടെ ചൊവ്വല്ലൂരിന് അരികിലെത്തി. കൃഷ്ണന്‍കുട്ടി ഇവിടെ ഇരിക്കൂ എന്ന് നിര്‍ദേശവും നല്‍കി. പിന്നെ ചില കുശലങ്ങളും പാട്ടുവര്‍ത്തമാനവും.

 

ശരണം വിളിയോടെ ഗംഗൈ അമരന്‍ പാട്ടുപുസ്തകം തുറന്നു. ചൊവ്വല്ലൂര്‍ വരികള്‍ ഓരോന്നായി വായിച്ചു തുടങ്ങി. കാനനവാസ കലിയുഗവരദ, കാല്‍ത്തളിരിണ കൈതൊഴുന്നേന്‍... ഗംഗൈ അമരന്‍ അതിവേഗത്തില്‍ എഴുതി തീര്‍ത്തു. ഓരോ വരിയുടേയും അർഥം ചോദിച്ചറിഞ്ഞു. വരികളുടെ അർഥം തെളിഞ്ഞു വന്നതോടെ സംഗീതപ്രതിഭയുടെ കണ്ണുകള്‍ തിളങ്ങി. നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് ചൊവ്വല്ലൂരിന്റെ കൈചേര്‍ത്തു പിടിച്ചു. അതിനിടയില്‍ കൃഷ്ണന്‍കുട്ടി പാടുമോ എന്ന അപ്രതീക്ഷിതമായ ചോദ്യം ചൊവ്വല്ലൂരിനെ തളര്‍ത്തി. പാടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ മറിച്ചൊന്നും ചിന്തിക്കാനില്ല, ഇല്ലാ എന്നു തീര്‍ത്തു പറഞ്ഞു. ഗംഗൈ അമരന്റെ പൊട്ടിച്ചിരിയായിരുന്നു അതിനുള്ള  മറുപടി. എന്നാലും ഈ പാട്ടുകള്‍ എഴുതിയപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു സംഗീതമില്ലേ ആ താളത്തില്‍ ഈ പാട്ടുകളൊന്നു പാടൂ... ഗംഗൈ അമരന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. കള്ളം പറയാന്‍ വയ്യ. എഴുതിയപ്പോള്‍ ഒരു സംഗീതമൊക്കെ തോന്നിയിരുന്നു. പക്ഷേ അതിപ്പോള്‍ പാടുക എന്നതാണ് പ്രയാസം, ചൊവ്വല്ലൂര്‍ നിഷ്‌കളങ്കമായി തുറന്നു പറഞ്ഞു. ഗംഗൈ അമരന്‍ അതൊന്നും കേട്ട ഭാവമില്ല. പതിയെ ശ്രുതിമീട്ടി. പാടൂ കൃഷ്ണന്‍കുട്ടി.... 

 

ആ നിര്‍ബന്ധത്തിന് വഴങ്ങാതെ വഴിയില്ല. ചൊവ്വല്ലൂര്‍ പാടി തുടങ്ങി. ഓരോ പാട്ടും അങ്ങനെ മൂന്നു തവണ ചൊവ്വല്ലൂരിനെകൊണ്ട് വായിപ്പിക്കും. വരികളും ഭാവവവുമൊക്കെ കൃത്യമായി മനസ്സിലാക്കുക എന്ന ഉദ്ദേശമായിരുന്നു ഗംഗൈ അമരന്. ഒരു വലിയ അനുഭവമായിരുന്നു ഗംഗൈ അമരനെന്ന് ചൊവ്വല്ലൂരും ഓര്‍ത്തെടുത്തിട്ടുണ്ട്. 'ഇങ്ങനെ പാട്ടൊക്കെ കേട്ടുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം കണ്ണടച്ചിരിക്കും. ഒരു ധ്യാനം തന്നെയാണത്. ഉള്ളിലെ സംഗീതത്തെ വരികളിലേക്ക് കൊണ്ടുവരികയാണെന്നു തോന്നുന്നു. പിന്നെ കണ്ണുതുറക്കുന്നത് തന്നെ ട്യൂണുമായാണ്. അങ്ങനെ ഒറ്റയിരുപ്പില്‍ ഓരോ പാട്ടും പൂര്‍ത്തിയാക്കും. എന്തൊരു അതിശയമായിരുന്നു അതൊക്കെ. ഉദിച്ചുയര്‍ന്നു മാമലമേലെ എന്ന പാട്ടൊക്കെ ഞാനൊരു ഫാസ്റ്റ് നമ്പറായി പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ അദ്ദേഹം അതൊക്കെ എന്തു മനോഹരമായാണ് ചെയ്തുവച്ചത്. വരികള്‍ക്ക് ട്യൂണിടാന്‍ തന്നെയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. അപ്പോഴും അതിലെ ഒരു വാക്കു മാറ്റണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ,' ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com