വിമോചനത്തിന്റെ പടവാളേന്തിയ ആ പാട്ടുകളിനിയും സിരകളിലൊഴുകും

HIGHLIGHTS
  • വിമോചനത്തിന്റെ പടവാളേന്തിയ ആ പാട്ടുകളിനിയും തെലങ്കാനയുടെ സിരകളിലൊഴുകും.
INDIA-POLITICS-NAXALITE
Indian Folk Artist and Revolutionary vocal Naxalite leader Gummadi Vittal Rao popularly known as 'Gaddar' performs during media conference at the press club of India in New Delhi on February 23, 2008. Gaddar (born as and also known as Gummadi Vittal Rao), is a pseudonym of a revolutionary Telugu language balladeer and vocal Naxalite activist from the state of Andhra Pradesh, India. The name Gaddar was adopted as a tribute to the pre-independence Gadar party which opposed British colonial rule in Punjab during 1910s. AFP PHOTO/ Prakash SINGH
SHARE

ഗദ്ദര്‍ വെറുമൊരു കവിയായിരുന്നില്ല. സമരപ്രഖ്യാപനത്തിന്റെ ചുടുരക്തം ചീന്തിയ വിപ്ലവ കവിയായിരുന്നു. ആ പാട്ടുകളാകട്ടെ തീ തുപ്പുന്ന ആവേശവും. ഗുമ്മുഡി വിറ്റല്‍ റാവു എന്ന ഗദ്ദറിന്റെ വിടവാങ്ങലോടെ അവസാനിക്കുന്നത് തെലങ്കാനയുടെ ഒരു കാലഘട്ടം കൂടിയാണ്. അത്രമേല്‍ അദ്ദേഹത്തിന്റെ കവിതയും പാട്ടും ആ നാടിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്നു. വിമോചനത്തിന്റെ പടവാളേന്തിയ ആ പാട്ടുകളിനിയും തെലങ്കാനയുടെ സിരകളിലൊഴുകും. കാരണം, ആ വരികളിലൊക്കെ മനുഷ്യജീവിതത്തിന്റെ അടിച്ചമര്‍ത്തലിന്റെ വേദനയും ഉയര്‍ത്തെഴുന്നേല്‍പിന്റെ പ്രതീക്ഷകളുമുണ്ടായിരുന്നു.

‘സമ്പദ്‌സമൃദ്ധമായ ഇന്ത്യ, എന്നിട്ടും ഇവിടെ ഭരിക്കുന്നത് ദാരിദ്ര്യം,’ ഗദ്ദറിന്റെ പ്രശസ്തമായ പാട്ടിലെ വരികളാണിത്. ജന്മനാടിന്റെ വിളര്‍ച്ചയില്‍ ആര്‍ത്തിരമ്പുന്ന കടലായി ആ ഭാഷ പലപ്പോഴും പരിണമിച്ചു. ഗദ്ദര്‍ എപ്പോഴും അങ്ങനെയായിരുന്നു. പേരിനൊപ്പമുള്ള റാവു തുടച്ചു മാറ്റി വിപ്ലവത്തിന്റെ ആദ്യ കാവ്യം കുട്ടിക്കാലത്തു തന്നെ രചിച്ചു. പിതാവില്‍നിന്നു ലഭിച്ച ദലിത് ബോധവും ചിന്തകളും ആ ബാലനെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചത്. സാമൂഹിക മുന്നേറ്റത്തിന് അടിച്ചമര്‍ത്തപ്പെടുന്നവന്റെ സായുധവിപ്ലവം തന്നെ വേണമെന്ന ചിന്ത ഗദ്ദറിന്റെ യാത്രകള്‍ക്കു വേഗം കൂട്ടി. മാര്‍ക്‌സിന്റെയും മാവോയുടെയുമൊക്കെ ചിന്തകള്‍ ആ മനുഷ്യനെ  കരുത്തുള്ളവനാക്കി. അത് വരികളിലേക്ക് പടര്‍ത്താനുള്ള സമൃദ്ധമായ പാടവവും അദ്ദേഹത്തിനുണ്ടായിരുന്നു.

നക്‌സല്‍ പ്രസ്ഥാനത്തിലെ ചുവടുകള്‍ ഗദ്ദറിന്റെ പ്രതീക്ഷകളുടെ പുത്തന്‍ അധ്യായമായിരുന്നു. അപ്പോഴും തന്റെ അക്ഷരങ്ങളെ അദ്ദേഹം ആയുധമാക്കി. കലയെ സാമൂഹിക മുന്നേറ്റത്തിനുള്ള ഉപാധിയായി ലോകത്താകമാനം കമ്യൂണിസ്റ്റ് പാര്‍ട്ടി വിനിയോഗിച്ചപ്പോള്‍ ഇന്ത്യയില്‍ അതിന്റെ പ്രധാന വക്താക്കളില്‍ ഒരാളായിരുന്നു ഗദ്ദര്‍. പാട്ടിലൂടെയും കവിതയിലൂടെയും തന്റെ ആശയങ്ങളെ അദ്ദേഹം സാധാരണക്കാരിലേക്ക് എത്തിച്ചു. തെലങ്കാനയുടെ നാടന്‍ വാമൊഴികളുടെ വഴക്കം ആ പാട്ടുകളുടെയെല്ലാം സവിശേഷതയായിരുന്നു. അതുകൊണ്ടുതന്നെ  സാധാരണക്കാര്‍ക്കിടയില്‍ ആ വിപ്ലവഗാനങ്ങള്‍ വലിയ സ്വാധീനമുണ്ടാക്കി. തെലുങ്ക് ഭാഷയുടെ പാരമ്പര്യരീതി പിന്തുടര്‍ന്നാണ് അദ്ദേഹം എഴുതിയത്. പൊതുവെ തെലുങ്ക് ഭാഷയില്‍ കണ്ടുവരുന്ന സംസ്‌കൃത സ്വാധീനത്തെ അദ്ദേഹം തന്റെ പാട്ടില്‍നിന്നു മാറ്റി നിര്‍ത്തി. തന്റെ ഭാഷ സാധാരണക്കാരിലേക്ക് എത്തുന്നതിനുവേണ്ടിയായിരുന്നു അത്.

അർധനഗ്നനായി, കാലില്‍ ചിലങ്ക കെട്ടി, ചുവപ്പു കൊടി കെട്ടിയ മുളവടിയുമേന്തി ഗദ്ദര്‍ സഞ്ചരിച്ച വഴികളില്‍ ആയിരങ്ങള്‍ കാത്തുനിന്നു. ഗദ്ദറെന്ന പാട്ടുകാരന്‍ അത്രമേല്‍ തെലുങ്കു മണ്ണിന്റെ ജീവനാഡിയായി. ഉറക്കെ പാടിയും ആടിയും തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയും സാമൂഹിക വിപ്ലവത്തിന്റെ നല്ലകാലം സ്വപ്‌നം കണ്ടു. വിവേചനങ്ങള്‍ക്കെതിരെയും അന്ധമായ മതബോധത്തിനെതിരെയും പിന്നെയും പിന്നെയും പാടിയത് ചിലരെയൊക്കെ അസ്വസ്ഥരാക്കി. അപ്പോഴേക്കും ഗദ്ദര്‍ തന്റെ വാക്കുകളുടെ മൂര്‍ച്ച കൂട്ടി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ച കാലം. അതിനെതിരേ മുന്നാക്ക വിഭാഗങ്ങള്‍ ആന്ധ്രയുടെ മണ്ണില്‍ സമരവുമായി അണിനിരന്നു. ‘വിശപ്പിനെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം?’ എന്ന ഗദ്ദറിന്റെ പാട്ട് അക്കാലത്ത് പലരുടേയും മനസ്സലിയിച്ചു.

തെലങ്കാന സംസ്ഥാനത്തിനായുള്ള പോരാട്ടങ്ങളില്‍ തന്റെ പാട്ടുമായി അദ്ദേഹം അലഞ്ഞത് കുറച്ചൊന്നുമല്ല. സാംസ്‌കാരിക പ്രതിഭാസമായി അതിവേഗത്തില്‍ വളര്‍ന്ന അദ്ദേഹത്തിനു കീഴിലന്ന് അണിനിരന്നത് പതിനായിരങ്ങളായിരുന്നു. ഗദ്ദറിന്റെ ഇടിമുഴക്കമുള്ള ശബ്ദവും മിന്നല്‍പിണറായ വരികളും ജനങ്ങളില്‍ പ്രതീക്ഷകളുടെ പേമാരിയായി പെയ്തു നിന്നു. ആ മഴ നനഞ്ഞവര്‍ക്കറിയാം ഗദ്ദര്‍ ആരായിരുന്നുവെന്ന്.  ജനകീയ യുദ്ധങ്ങളെക്കുറിച്ചുള്ള പാട്ടുകള്‍ക്ക് മരണമില്ല എന്ന് ഗദ്ദര്‍ പറഞ്ഞത് വെറുതേയാകില്ല എന്ന് ആ വരികള്‍ തന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കും.

English Summary: A poet, activist and revolutionary balladeer, Gaddar was celebrated for turning his powerful words into inspirational songs.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS