ADVERTISEMENT

കൃഷ്ണൻ അല്ലെങ്കിൽ കണ്ണൻ എനിക്കാരാണെന്നു ചോദിച്ചാൽ എല്ലാമാണ്. എപ്പോഴും സന്തോഷവും സങ്കടവും പങ്കുവയ്ക്കാവുന്ന കൂട്ടുകാരനാണ്. സംഗീതം പറഞ്ഞു തരുന്ന ഗുരുവാണ്. ഏതു പ്രതിസന്ധിയിലും താങ്ങാവുന്ന രക്ഷകനാണ്. ജീവിതത്തിൽ എന്നെ ഒറ്റയ്ക്കാക്കാത്ത ഒരാളുണ്ടെങ്കിൽ അതും കണ്ണനാണ്. കൃഷ്ണനിൽ അർപ്പിച്ച ജീവിതമാണ് എന്റേതും. ഭഗവാനുമായി ആത്മഭാഷണം നടത്താറുണ്ട്. സങ്കടങ്ങൾ വരുമ്പോഴാണു കൂടുതൽ സംസാരിക്കുക. കിട്ടിയ ഉത്തരങ്ങളെല്ലാം ജീവിതത്തിൽ ശരിയായി വന്നിട്ടുമുണ്ട്. സർവം സമർപ്പിക്കുകയാണെങ്കിൽ ഭഗവാൻ കൂടെയുണ്ടാകും. കാര്യങ്ങൾ നടത്തിത്തരാനല്ല, വഴി നടത്താൻ. 

 

സർവം കൃഷ്ണാർപ്പണമസ്തു’

ചെറുപ്പത്തിൽ തുടങ്ങിയതാണ് അടിയുറച്ച ഈ കൃഷ്ണഭക്തി. തൃശൂർ പഴയന്നൂർ സ്വദേശിയായ അമ്മ എന്തിനും ‘ഗുരുവായൂരപ്പാ....’ എന്നാണു വിളിക്കുക. ആ വിശ്വാസം പിന്നെ ശ്വാസംപോലെ എന്റെയും ജീവിതത്തിന്റെ ഭാഗമായി. ഒട്ടേറെ കൃഷ്ണാനുഭവങ്ങളുമുണ്ട്. 

കോട്ടയം മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ ഒരിക്കൽ കച്ചേരിക്കു ക്ഷണം ലഭിച്ചു. ഭാഗവതഹംസം ശങ്കരൻ നമ്പൂതിരിയുണ്ടായിരുന്ന കാലത്താണ്. തിരുമേനിയുടെ കൃഷ്ണഭക്തി പ്രസിദ്ധമാണല്ലോ? പല വർണങ്ങളിലും വലുപ്പത്തിലുമുള്ള കൃഷ്ണ ശിൽപങ്ങൾ നിറഞ്ഞ, മനം നിറയ്ക്കുന്ന വേദിയായിരുന്നു അവിടെ. നൂറെണ്ണമെങ്കിലും വരും. അവയ്ക്കു നടുവിലിരുന്നാണ് പാടിയത്. വല്ലാത്തൊരു അനുഭവമായിരുന്നു. അതിലൊരു ശിൽപം കിട്ടിയിരുന്നെങ്കിലെന്ന് അന്നേരം ആഗ്രഹം തോന്നി. പാടിക്കഴി‍ഞ്ഞ് മള്ളിയൂർ തിരുമേനിയുടെ ക്ഷണം അനുസരിച്ച് ഇല്ലത്ത് എത്തിയപ്പോൾ ഒരു കവർ വരുത്തിത്തന്നു. പ്രതിഫലമായിരിക്കണം. അതു വേണ്ടെന്നും ഭഗവാനും അങ്ങേക്കും മുന്നിൽ പാടാനുള്ള ആഗ്രഹം കൊണ്ടെത്തിയ എനിക്ക് അനുഗ്രഹവും സ്നേഹവും മാത്രം മതിയെന്നും പറഞ്ഞു. വേദിയിലെ ശിൽപങ്ങളിലൊന്നു വേണമെന്ന ആഗ്രഹം പറയാൻ തോന്നിയില്ല. തിരികെപ്പോകാൻ കാറിൽ കയറുമ്പോഴും ‘ഒരെണ്ണം മാത്രം ആഗ്രഹിച്ചിട്ടും കൂടെ വന്നില്ലല്ലോ കണ്ണാ’ എന്ന സങ്കടമായിരുന്നു മനസ്സിൽ. മൂന്നു മാസത്തിനുശേഷം വീണ്ടും അവിടെ ദർശനത്തിനു പോയി മടങ്ങാൻ നേരം തിരുമേനിയുടെ കൊച്ചുമകൻ ഒരു നിമിഷം നിൽക്കണേ എന്നു പറഞ്ഞ് അകത്തേക്കു പോയി. മടങ്ങി വരുമ്പോൾ മുൻപു വേദിയിൽ കണ്ട കൃഷ്ണ വിഗ്രഹങ്ങളിലൊന്ന് കയ്യിലുണ്ടായിരുന്നു. ‘അന്നു തരണമെന്നു വിചാരിച്ചതാണ്; വിട്ടുപോയി’ എന്നു പറഞ്ഞുകൊണ്ട് സമ്മാനിച്ചു. ആ നിമിഷത്തിന്റെ നിർവൃതിയെന്തെന്നു പറഞ്ഞറിയിക്കാനാകില്ല.

 

യാദൃച്ഛികമെന്നു പറയുന്നവരുണ്ടാകും. ഒരേ കാര്യം മാത്രം ആലോചിച്ചിരുന്നാൽ സംഭവിക്കുന്നതെല്ലാം അതു തന്നെയെന്നു തോന്നുന്നതാകും എന്നും പറയാം. പക്ഷേ, ഞാൻ ചിന്തിക്കുന്നത് കണ്ണൻ എന്റെ കൂടെ വന്നു എന്നാണ്. പൂജപ്പുരയിലെ വീട്ടിൽ ആ ശിൽപം പാവനമായി സൂക്ഷിക്കുന്നു.  

5–6 വയസ്സുള്ളപ്പോഴാണ് വീട്ടുകാർക്കൊപ്പം ആദ്യമായി ഗുരുവായൂരിൽ പോയത്. 2002 മുതൽ എല്ലാ മലയാളമാസവും  ഒരു ദിവസം മുടങ്ങാതെ അവിടെ ദർശനം നടത്താറുണ്ട്. നമ്മുടെ ബാറ്ററി ചാർജ് ചെയ്യും പോലെയാണത്. ഓരോ ഘട്ടത്തിലും വേണ്ട ‘പോസിറ്റിവിറ്റി’ അവിടെനിന്നു കിട്ടും. 11–ാം വയസ്സിലാണ് ആ തിരുനടയിൽ ആദ്യമായി പാടാൻ അവസരം ലഭിക്കുന്നത്. പിൽക്കാലത്ത് എത്രയോ തവണ ദേവസ്വത്തിന്റെ ക്ഷണമനുസരിച്ചുതന്നെ അവിടെ ചെമ്പൈ സംഗീതോത്സവത്തിൽ പാടാൻ അവസരം കൈവന്നിട്ടുമുണ്ട്.  സംഗീതമയമാണ് കൃഷ്ണ സങ്കൽപം. എല്ലാ രാഗങ്ങളിലുമുണ്ട് ഭഗവാൻ. പക്ഷേ, അതിൽ ഏറ്റവും ചേർന്നു നിൽക്കുന്നതായി തോന്നിയിട്ടുള്ള രാഗം ‘യദുകുല കാംബോജി’ആണ്. 

 

ഏറ്റവും ലയിച്ചു പോകുന്ന കീർത്തനം കാനഡ രാഗത്തിലുള്ള ‘അലൈ പായുതേ കണ്ണാ’ ആണ്. യമുന കല്യാണി രാഗത്തിലുള്ള ‘കൃഷ്ണാ നീ ബേഗനേ ബാരോ...’ ഏവർക്കും ഏറെ പ്രിയങ്കരം. ഇരയിമ്മൻ തമ്പിയുടെ വിഖ്യാതമായ ‘കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണ...’ ചെമ്പൈ സ്വാമി യദുകുല കാംബോജി രാഗത്തിൽ പാടിയ പോലെയാണ് ഞാനും പാടാറുള്ളത്. ശ്രീരാഗത്തിലും പാടുന്നവരുണ്ട്. 

സിനിമകളിലെ കൃഷ്ണഗാനങ്ങളിൽ ‘ചെത്തി മന്ദാരം തുളസി...’, ‘കൃഷ്ണകൃപാ സാഗരം...’, ‘എന്തേ കണ്ണനു കറുപ്പു നിറം...’, ഞാൻ തന്നെ ഈണമിട്ട ‘കോലക്കുഴൽ വിളി കേട്ടോ...’ എന്നിവ ഏറെ പ്രിയപ്പെട്ടവ.

 

ഭക്തിഗാനങ്ങളിൽ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ...’ തന്നെയാണ് ഏറ്റവും ഇഷ്ടം. വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഗംഭീരസൃഷ്ടി. ‘ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായി..’ എന്ന പാട്ടും ഏറെയിഷ്ടം. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറിന്റെ വരികൾക്ക് ഞാൻ ഈണമിട്ട് ചിത്ര ചേച്ചി പാടിയ ‘ഗുരുവായൂർ ഓമന കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം...’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയതാണ്. ഗുരുവായൂർ ദേവസ്വം ആദ്യമായി പുറത്തിറക്കിയ ഭക്തിഗാന ആൽബത്തിനു സംഗീതം നൽകാൻ അവസരം ലഭിച്ചതും ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com